ഇന്ന് തുടങ്ങുന്ന സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിക്കുന്ന വിഷയം പരിഗണനക്ക് എടുക്കുന്നു എന്നതാണ് സമ്മേളനത്തിന്റെ പ്രത്യേകത. 81 രാജ്യങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുകയോ നിരോധന നടപടികളുമായി നീങ്ങുകയോ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഡോ സള്‍ഫാന്‍ ആഗോള നിരോധനത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എല്ലാ ഭാഗത്തും പ്രകടമാവുന്നത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ നിലപാട് എന്തായിരിക്കും ?. അതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിട്ടുള്ളത്. കഴിഞ്ഞ ഒക്‌ടോബറില്‍ ചേര്‍ന്ന സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ പി.ഒ.പി (Persistent Organic Pollutant) റിവ്യൂ കമ്മിറ്റിയില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധത്തിനെതിരെ നിലകൊണ്ട ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ വിഷയം വ്യാപകമായ ചര്‍ച്ചക്ക് ഇടവരുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ശക്തമായ പൊതുജനാഭിപ്രായം എന്‍ഡോ സള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായി ദേശവ്യാപകമായി തന്നെ ഉയര്‍ന്നുവന്നു. എന്‍ഡോ സള്‍ഫാന്റെ ഉല്‍പാദനവും വിപണനവും ഉപയോഗവും ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യം വളരെ ശക്തമായി.
കേരളീയ സമൂഹമാകട്ടെ ഒറ്റക്കെട്ടായി തന്നെ ഈ ആവശ്യം ഉന്നയിച്ചു. എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനങ്ങള്‍ ഒന്നിച്ച് അണിനിരന്ന ഇതുപോലെയുള്ള സാഹചര്യം അപൂര്‍വമായിട്ടാണ് സംഭവിക്കുക. പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകര്‍ കൊളുത്തിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹം അപ്പാടെ ഏറ്റെടുത്തു. ആര്‍ക്കും അവഗണിക്കാനാകാത്ത വന്‍ പ്രതിഷേധ കൊടുങ്കാറ്റാണ് എന്‍ഡോ സള്‍ഫാനെതിരെ ഉയര്‍ന്നുവന്നത്. കാസര്‍കോട്ടെ ജന ജീവിതത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തിയ കെടുതികള്‍ അപരിഹാര്യവും അതീവ ഗുരുതരവുമാണ്. ആയിരത്തോളം പേര്‍ ഈ ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞു. പതിനായിരത്തോളം പേര്‍ ഇതിന്റെ ഫലമായി ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലുമായി. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ പോലും ദുരിതം അനുഭവിക്കുന്ന വിപത്തിന് സമൂഹം സാക്ഷിയായി. ഇതുമായി ബന്ധപ്പെട്ട പതിനാറോളം പഠനങ്ങളിലെല്ലാം ഈ മാരക വിഷം വരുത്തിവെക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. മനുഷ്യര്‍ക്കും പ്രകൃതിക്കും വരുത്തുന്ന ദുരിതങ്ങളെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷനല്‍ ഹെല്‍ത്ത് ആഴ്ചകളോളം സമയമെടുത്ത് എല്ലാവിധ പരിശോധനകളും നടത്തിയ തയാറാക്കിയ റിപ്പോര്‍ട്ടും കേരള ആരോഗ്യ വകുപ്പിന്റെ ഡോക്ടര്‍ ശിവരാമന്‍ നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടും ഏറെ ശ്രദ്ധേയമാണ്. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കുന്നതിന് ഇതിലധികം എന്ത് തെളിവാണ് വേണ്ടത്. തന്നെയുമല്ല, ലോകത്തില്‍ 81 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനെ നിരോധിച്ചത് വെറുതെയല്ലല്ലോ. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആ രാജ്യങ്ങള്‍ നിരോധനത്തിന് തയാറായത്. ആ പഠനങ്ങളുടെ വിവരങ്ങളും ലഭ്യമാണല്ലോ. പക്ഷേ, നിര്‍ഭാഗ്യവശാല്‍ കേന്ദ്ര കൃഷിമന്ത്രാലയം ഈ റിപ്പോര്‍ട്ടുകള്‍ അപ്പാടെ അവഗണിക്കുന്ന സമീപനം സ്വീകരിച്ചുപോരുകയാണ്. അവര്‍ ആകെ ഉയര്‍ത്തിപ്പിടിക്കുന്നത് രണ്ടോ മൂന്നോ പഠനങ്ങളാണ്. ഒ.പി. ദുബെ കമ്മിറ്റി, ഡോ. സി.ഡി. മായി കമ്മിറ്റി, കേരള പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ ഫിപ്പാറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് തുടങ്ങിയവയാണിവ. ഇതെല്ലാം എന്‍ഡോ സള്‍ഫാനെ അനുകൂലിക്കുന്നതാണ്. വിചിത്രമായി തോന്നുന്നത് എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കണമെന്ന് ആദ്യമായി ശിപാര്‍ശ ചെയ്ത ദുബെ തന്നെ അധ്യക്ഷനായ ഈ കമ്മിറ്റിയില്‍ എന്‍ഡോ സള്‍ഫാന്‍ കമ്പനി പ്രതിനിധികളുമുണ്ടായിരുന്നു എന്നതാണ്. ഇതില്‍ മൂന്ന് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്‍ഡോ സള്‍ഫാനെ അനുകൂലിച്ച ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡോ. മായി കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. ആ റിപ്പോര്‍ട്ട് തയാറാക്കിയതാകട്ടെ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനോ അവിടുത്തെ ജനങ്ങളുടെ അവസ്ഥ മനസിലാക്കാതെയോ ആണ്. നിയമ വിരുദ്ധമായി തന്നെ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ നടത്തിയ എന്‍ഡോ സള്‍ഫാന്‍ ഉപയോഗം ശക്തമായ എതിര്‍പ്പ് വരുത്തിയതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടി അവര്‍ തന്നെ സൃഷ്ടിച്ചതാണ് ഫിപ്പാറ്റ് റിപ്പോര്‍ട്ട്. യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത ഇത്തരം റിപ്പോര്‍ട്ടുകളെ മാത്രം ആശ്രയിക്കുന്ന കൃഷി മന്ത്രാലയം സ്വീകരിക്കുന്ന നിലപാടിനെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്‍ഡോ സള്‍ഫാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇതുവരെ തെളിവുകളില്ല എന്ന് പറയുന്ന കേന്ദ്ര കൃഷി മന്ത്രാലയവും മന്ത്രി ശരത് പവാറും എന്‍ഡോ സള്‍ഫാന്‍ ലോബിയുടെ വക്താക്കളെപ്പോലെയാണ് പെരുമാറുന്നത്.
സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്റെ നോഡല്‍ ഏജന്‍സിയായ കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയമാണ്. ഈ കീടനാശിനി അതിഗുരുതരമായ പരിസ്ഥിതി നാശത്തിനും കൂടി കാരണമാകുന്നു എന്നുള്ളതിനാല്‍ ഈ വിഷയത്തില്‍ തങ്ങളില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ബന്ധപ്പെട്ട മന്ത്രാലയവും ഇതിന്റെ ചുമതലയുള്ള മന്ത്രി ജയറാം രമേശും വീഴ്ച വരുത്തി എന്നത് യാഥാര്‍ഥ്യമാണ്. പല പാരിസ്ഥിതിക വിഷയത്തിലും ശക്തമായ നിലപാട് സ്വീകരിച്ച് പരിസ്ഥിതി പ്രവര്‍ത്തകരില്‍ വളരെ പ്രതീക്ഷ വളര്‍ത്തിയ ജയറാം രമേശിനും ഇക്കാര്യത്തില്‍ പാളിച്ച സംഭവിച്ചു എന്ന് പറയാതെ വയ്യ. കാസര്‍ഗോഡും അതിനപ്പുറം കര്‍ണാടകത്തിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നിര്‍വികാരമായി നോക്കിനില്‍ക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. സംസ്ഥാനത്തിന് അതിനിര്‍ണായകവും. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കുന്നതിനും സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ആഗോള നിരോധനത്തെ ഇന്ത്യ പിന്തുണക്കുന്നതിനും കേന്ദ്ര സര്‍ക്കാറിന് മേല്‍ കുറെയേറെ സമ്മര്‍ദങ്ങളുണ്ടായിട്ടുണ്ട്. കേരള സര്‍ക്കാറും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ പ്രസ്ഥാനങ്ങളും ശക്തമായ വികാരം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ, കുറെക്കൂടി ഫലപ്രദമായി ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അത് ഏറെ നന്നായേനെ. കേരളത്തിന് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ് സര്‍വകക്ഷി സംഘത്തെ അയക്കുകയെന്നത്. 2010 നവംബര്‍ 23-ന് തന്നെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതുമായിരുന്നു. സംഗതിവശാല്‍ സര്‍വകക്ഷി സംഘം ദല്‍ഹിയിലേക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലല്ലാതെയായിപ്പോയി. ഇതൊരു പോരായ്മ തന്നെയാണ്. മറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സംഘം പോകുന്നതെങ്കില്‍ സ്വാഭാവികമായും പ്രതിപക്ഷ നേതാവും മറ്റ് മുന്‍നിര നേതാക്കളും സംഘത്തിലുണ്ടാകുമായിരുന്നു. കേരളത്തിലെ സീനിയര്‍ നേതാക്കളുടെ ഒരു നിരതന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തല്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നെങ്കില്‍ അതിന് കിട്ടുന്ന ഗൗരവം ഒന്നുവേറെ തന്നെയല്ലേ ?. അതുപോലെ നമ്മുടെ എം.പിമാരും ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിന്ന് പ്രധാനമന്ത്രിയെ ഇപ്പോള്‍ കണ്ടിരുന്നുവെങ്കില്‍ അതും ഏറെ ഗുണകരമായേനെ. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും അവരില്‍ അര്‍പ്പിതമായ ചുമതല നിറവേറ്റാനുള്ള ബാധ്യതയുണ്ട്. ഇനിയും ഇക്കാര്യത്തില്‍ ഒരു ശ്രമത്തിന് അവസരം ഉണ്ടെന്നാണ് തോന്നുന്നത്. സ്‌റ്റോക്ക്‌ഹോം സമ്മേളനം ഇന്ന് തുടങ്ങുമെങ്കിലും വിഷയം ചര്‍ച്ചക്കെടുക്കുന്നത് ഒരുപക്ഷേ അടുത്ത ദിവസങ്ങളിലാകാം. നയപരമായ ഒരു തീരുമാനമെടുത്ത് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ഈ ചുരുങ്ങിയ സമയത്തിനകവും സാധ്യമാണ്. അതിനാല്‍ നിര്‍ണായകമായ ഈ അവസാന മണിക്കൂറുകളിലെങ്കിലും വേണ്ടതുപോലെ പ്രവര്‍ത്തിക്കാന്‍ നമുക്കാകണം.
തയാറാക്കിയത്:
വി.ആര്‍. രാജമോഹന്‍ (മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
തയാറാക്കിയത്:
വി.ആര്‍. രാജമോഹന്‍ (മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
1 comment:
എന്‍ഡോസള്‍ഫാന്‍മൂലം കാസര്‍കോട് ജില്ലയില്‍ ആളുകള്‍ രോഗബാധിതരായതിന് തെളിവില്ലെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ വാദിക്കുന്നത് ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിച്ച്. കൃഷിമന്ത്രി ശരത്പവാറിന്റെ അടിസ്ഥാനരഹിത വാദം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ആവര്‍ത്തിക്കുകയാണ്. ഐസിഎംആര്‍ നിയോഗിച്ച സമിതി 2001ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടുവര്‍ഷം കേന്ദ്രം പൂഴ്ത്തിവച്ച റിപ്പോര്‍ട്ട് 2003ലാണ് പുറത്തു വിട്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തി (എന്‍ഐഒഎച്ച്)നെയാണ് പഠനത്തിന് നിയോഗിച്ചത്. ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ എപ്പിഡെമോളജി സര്‍വേയാണ് നടത്തിയത്. ഈ റിപ്പോര്‍ട്ടില്‍ കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കാണുന്ന രോഗങ്ങള്‍ക്കുകാരണം ഇവിടെ 22 വര്‍ഷത്തോളം തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമായി പറയുന്നുണ്ട്. രോഗബാധിത പ്രദേശങ്ങളിലെത്തി സംഘം നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രോഗബാധിതപ്രദേശമായ വാണിനഗറിലെ 150 കുട്ടികളെയും ഇവിടെനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മീഞ്ച പ്രദേശത്തെ 150 കുട്ടികളെയും പ്രത്യേക പഠനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്‍ഡോസള്‍ഫാന്‍ രോഗങ്ങള്‍ ഈ രണ്ടു സ്ഥലത്തെയും കുട്ടികളില്‍ വ്യത്യസ്ത നിലയിലാണ് കണ്ടെത്തിയത്. വാണിനഗറിലെ കുട്ടികളില്‍ നാലിരട്ടി അധികമാണ് രോഗലക്ഷണം. എന്‍ഡോസള്‍ഫാനല്ലാതെ മറ്റൊരു കാരണവും ഇതിന് കാണാനുമില്ല. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന ആവശ്യം എട്ടു വര്‍ഷംമുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡോ. പ്രജേന്ദ്രസിങ്, ഡോ. വൈ കെ ഗുപ്ത, ഡോ. എ ദിവാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു വിദഗ്ധര്‍.
കൃഷിശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ പിന്നീട് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രം അടിസ്ഥാനമാക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ കാസര്‍കോട്ട് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍മൂലമാണെന്നതിന് തെളിവില്ലെന്നാണ് പറയുന്നത്. എന്നാല്‍ ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാല് അംഗങ്ങളും വിയോജനക്കുറിപ്പ് എഴുതിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഡോ. അച്യുതന്‍ കമ്മിറ്റിയുടെ നിഗമനവും എന്‍ഡോസള്‍ഫാനാണ് രോഗകാരണമെന്നാണ്. വിവിധ എന്‍ജിഒകള്‍ നടത്തിയ പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ദുരന്തം വിതച്ചതെന്ന് പറഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല. ഏറ്റവും ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനവും ഐസിഎംആര്‍ പഠനം ശരിവയ്ക്കുന്നു.
Post a Comment