Thursday, April 28, 2011

എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികള്‍ക്ക് ഇനി ആഘോഷിക്കാം....




ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയശതമാനം 91.37 ആണ്. തോറ്റ ആണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്. (ഉദ്ദേശം 20,000 പേര്‍ മാത്രം). എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികള്‍ക്ക്  കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തില്‍ സുവര്‍ണാവസരം...... നാലാംക്ലാസ് ജയിച്ചവര്‍ക്കും പക്ഷെ പത്താംക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാവുന്ന കെ.എസ്.ഇ.ബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയ്ക്ക് പി എസ്‌ സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച് 31 നാണ് 4990-7435  ശമ്പള സ്കേയിലില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. (പുതുക്കിയ ശമ്പള സ്കേയില്‍ 8200-12760 ആണ്) ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 4 രാത്രി 12 മണി വരെ . ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കണ്ട്ത് .

പോസ്റ്റുകള്‍ സ്ഥാപിച്ച്‌ 11 കെ.വി, എല്‍.ടി ലൈനുകള്‍ വലിക്കുക, ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുക, ദൈനംദിന അറ്റകുറ്റപണികള്‍ തീര്‍ക്കുക, പുതിയ കണക്ഷനുകള്‍ നല്‍കുക, ടച്ചിംഗ്‌സ്‌ വെട്ടുക, തുടങ്ങിയ ജോലികളെല്ലാം വര്‍ക്കര്‍ തൊഴിലാളികളെ ഉപയോഗിച്ചാണ്‌ ചെയ്യുന്നത്‌. വളരെയേറെ അപകടകരമായ ഈ മേഖലയില്‍ ജോലിക്കിടയില്‍ നിരവധി തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ട്‌. നൂറ്‌ കണക്കിന്‌ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട്‌ ജോലിചെയ്യാന്‍ പറ്റാത്തവരായി മാറിയിട്ടുണ്ട്‌. അടുത്ത കാലത്തായി അപകടങ്ങളുടെ എണ്ണം ഭയാനകമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

മസ്‌ദൂര്‍ നിയമനത്തിനുള്ള യോഗ്യത മുമ്പ്‌ എസ്‌.എസ്‌.എല്‍.സിയായിരുന്നു. 2000 മുതലാണ്‌ ഈ തസ്‌തിക എസ്‌.എസ്‌.എല്‍.സി. തോറ്റവര്‍ക്കു മാത്രമായി നിജപ്പെടുത്തിയത്‌. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്‌റ്റിലൂടെ ക്ലറിക്കല്‍ ജോലികളിലേക്കു മാറുന്നതിനാല്‍ മസ്‌ദൂര്‍ ഒഴിവുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായപ്പോഴാണു യോഗ്യത പുനര്‍നിര്‍ണയിച്ചത്‌. ആറായിരം മസ്‌ദൂര്‍മാര്‍ക്കാണ്‌ അഞ്ചു വര്‍ഷത്തിനിടെ നിയമനം നല്‍കിയത്‌. മസ്‌ദൂര്‍മാരായി കയറിയവര്‍ പലരും ഇപ്പോള്‍ ഗ്രേഡ്‌ ഒന്ന്‌ ലൈന്‍മാന്‍മാരായിട്ടുണ്ട്‌. ഓവര്‍സിയര്‍ തസ്‌തികയിലേക്കു വരെ ഇവര്‍ക്കു സ്‌ഥാനക്കയറ്റം കിട്ടാം.

കേന്ദ്ര വൈദ്യുതി അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപന പ്രകാരം സെക്ഷന്‍ ഏഴില്‍ പറയുന്നത്, വൈദ്യുതി വിതരണ ലൈനുകളില്‍ സഹായി ആയി ജോലി ചെയ്യണമെങ്കില്‍ പോലും ഐ.ടി.ഐ യോഗ്യത വേണമെന്നാണ്. അപകടങ്ങള്‍ കുറക്കുന്നതിനു വേണ്ടിയാണ്  കേന്ദ്ര വൈദ്യുതി അതോറിറ്റി സുരക്ഷാ മാനദണ്ടങ്ങള്‍ പുറപ്പെടുവിച്ചത്.  കേരളത്തിലെ വൈദ്യുതി അപകടങ്ങളെക്കുറിച്ച് അവലോകനം ചെയ്ത ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നതു അപകടങ്ങളുണ്ടാകുന്നതില്‍ ഒരു പ്രധാന പങ്കു, ജോലി ചെയ്യുന്നവരുടെ അജ്ഞത എന്നാണ്. മതിയായ യോഗ്യത ഇല്ലാത്തവര്‍ ബോര്‍ഡിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതാണ് ഇതിനു കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാലും കെ.എസ്.ഇ.ബി  ഇതൊന്നും കാര്യമാക്കിയിട്ടില്ല..... ഈ സുവര്‍ണാവസരം ഉപയോഗിക്കാന്‍ എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികളെ പ്രേരിപ്പിക്കെണ്ടതാണ് .....

വാല്‍ക്കഷ്ണം: ഒരുകാരണവശാലും ആണ്‍കുട്ടികളെകൊണ്ട് 'സേ' പരീക്ഷ എഴുതി എസ്.എസ്.എല്‍.സി ജയിപ്പിക്കരുത്. എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികളെ കെ.എസ്.ഇ.ബി സ്വാഗതം ചെയ്യുന്നു.... 

No comments: