Sunday, May 15, 2011

ജനവിധിയുടെ അര്‍ത്ഥതലങ്ങള്‍ 1

സി കെ ചന്ദ്രപ്പന്‍ ജനയുഗം 15.05.11 

''കേരളത്തില്‍ യു ഡി എഫ് ഏറ്റവും കുറഞ്ഞത് നൂറു സീറ്റുകള്‍ നേടും''- എ കെ ആന്റണി. ഒട്ടും കുറയരുതല്ലോ എന്നു കരുതിയായിരിക്കും വയലാര്‍ രവി പറഞ്ഞു ''യു ഡി എഫ് കേരളത്തില്‍ സെന്‍ച്വറി നേടും''.

മലയാളത്തിലും ഇംഗ്ലീഷിലും അവര്‍ പറഞ്ഞത് ഒരേ കാര്യമായിരുന്നു. അവരുടെ സ്വപ്നങ്ങളും മോഹങ്ങളും ഒന്നുതന്നെ- ''ഒരു തകര്‍പ്പന്‍ വിജയം''. ആ അട്ടിമറി വിജയമെന്ന അവരുടെ സ്വപ്നം കേരളത്തിലെ ജനങ്ങള്‍ തകര്‍ത്തു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നപ്പോള്‍ യു ഡി എഫിന് 72 സീറ്റുകള്‍. എല്‍ ഡി എഫിന് 68 സീറ്റുകള്‍. കഷ്ടിച്ചു കടന്നുകൂടി യു ഡി എഫ് അധികാരത്തിലേയ്ക്ക്. രണ്ടു പേരുടെ ഭൂരിപക്ഷമാണുള്ളത്. രണ്ടു പേര്‍ക്കു പനിപിടിച്ചു സഭയില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ പഴയ കാസ്റ്റിംഗ് വോട്ടു ചെയ്തു സ്പീക്കറുടെ ദയനീയമായ കഥ ഇനിയും ഇവിടെ ആവര്‍ത്തിക്കുമെന്നുറപ്പ്.
 
വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ ചിലപ്പോഴൊക്കെ 70-70 എന്നതായിരുന്നു എല്‍ ഡി എഫ് -യു ഡി എഫ് ലീഡിന്റെ അനുപാതം. കഷ്ടിച്ചു രക്ഷപ്പെട്ടു അത്രമാത്രം.
 
യു ഡി എഫിന്റെ ഈ തിളക്കമില്ലാത്ത വിജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ഒന്നു പ്രത്യേകമായി നോക്കുന്നതു നന്നായിരിക്കും. കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, കൊല്ലം എന്നീ ജില്ലകളില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റുപോലുമില്ല. തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ മാത്രമാണ് യു ഡി എഫിന് നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞത്.

യു ഡി എഫ് ഭരണം നടക്കുന്ന പുതിയ നിയമസഭയിലെ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസല്ല; മറിച്ച് സി പി ഐ (എം). സ്വതന്ത്രരുള്‍പ്പെടെ സി പി ഐ (എം) ബഞ്ചില്‍ 47 പേര്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് കേവലം 38 പേരുടെ പിന്തുണയേ ഉണ്ടാകൂ.

ഇനി യു ഡി എഫിന്റെ മറ്റ് ഘടകകക്ഷികളെ അല്‍പംകൂടി വിശകലനം ചെയ്താല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. നിരന്തരം പിളര്‍ക്കുകയും പിളര്‍ക്കുംതോറും വളരുകയും ചെയ്യുന്ന മാണി കേരള കോണ്‍്രഗസിന് ഒമ്പത് എം എല്‍ മാരുണ്ട്. മന്ത്രിസഭാ രൂപീകരണമെന്ന കരിമ്പാറക്കെട്ടില്‍ത്തട്ടി ''പിളര്‍ന്ന് വളരാന്‍'' മാണി കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ യു ഡി എഫ് ഭരണം തകരും. ഒറ്റയാന്‍ എം എല്‍ എമാരുടെ മൂന്നു പാര്‍ട്ടികളുണ്ട് യു ഡി എഫില്‍. ഷിബു ബേബിജോണിന്റെ ആര്‍ എസ് പി (ബി), ഗണേഷ്‌കുമാറിന്റെ കേരള കോണ്‍ഗ്രസ് (ബി), പിന്നെ ജേക്കബിന്റെ കേരള കോണ്‍ഗ്രസ്. ഇവരെയൊക്കെ തൃപ്തിപ്പെടുത്തിക്കൊണ്ടേ മന്ത്രിസഭാ രൂപീകരണത്തില്‍ ഒരു ചുവടെങ്കിലും കോണ്‍ഗ്രസിന് മുന്നോട്ടുവെയ്ക്കാന്‍ കഴിയൂ.

ഇതിനു പുറമെയാണ് രണ്ട് അംഗങ്ങളുള്ള വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാദള്‍. മന്ത്രിസഭാ രൂപീകരണ ശ്രമങ്ങളില്‍ ആ പാര്‍ട്ടി പിളര്‍ന്നേക്കാം. അതൊഴിവാക്കാനൊരുപക്ഷെ ഒരു നല്ലവഴി മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന് പിന്തുണക്കുക എന്നതാകാം. കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ നമ്പാന്‍ പോകുന്നത് യു ഡി എഫിന്റെ വിജയത്തിന്റെ സൂത്രധാരകള്‍ എന്നവകാശപ്പെടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെയാവാം. 20 അംഗങ്ങളുള്ള ആ പാര്‍ട്ടി അവരുടെ പിന്തുണക്കുള്ള വിലപേശുന്നത് ''ഷൈലോക്കിനെ''പ്പോലും തോല്‍പ്പിക്കുംവിധമായിരിക്കും. ഈ സാഹചര്യത്തില്‍ യു ഡി എഫിന്റെ മുഖ്യമന്ത്രിപദമെന്ന കുരിശ് ആരു പേറും എന്നത് ചെറിയ പ്രശ്‌നമല്ല. ഈ പാനപാത്രം എന്നില്‍നിന്നെടുക്കേണമേ എന്ന പ്രാര്‍ഥനയോടെയാണ് ഉമ്മന്‍ചാണ്ടി യു ഡി എഫിന്റെ തിളക്കം കുറഞ്ഞ വിജയത്തെ സ്വാഗതം ചെയ്തത്.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിനു ഒരു മിനി പൊതു തിരഞ്ഞെടുപ്പിന്റെ പ്രാധാന്യമുണ്ട്. അതിന്റെ ഫലം കോണ്‍ഗ്രസിന്റെയും അവര്‍ നയിക്കുന്ന യു പി എ കേന്ദ്രസര്‍ക്കാരിന്റെയും ഭാവിയെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ്. ഇതില്‍ കോണ്‍ഗ്രസിനാകെ സന്തോഷിക്കാന്‍ ഒന്നേയുള്ളൂ. ആസാമില്‍ 54 സീറ്റു നേടി സ്വന്തം ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് തൂത്തുനീക്കപ്പെട്ടു. 234 സീറ്റുള്ള തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും അഞ്ച് സീറ്റ്. പുതുച്ചേരിയില്‍ ആകെ 30 സീറ്റ്; കോണ്‍ഗ്രസിന് കേവലം 7 സീറ്റ് മാത്രം. മമത ബാനര്‍ജിയുടെ സുനാമി ആഞ്ഞടിച്ച പശ്ചിമബംഗാളില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തു. അവിടെ ആകെയുള്ള 294 സീറ്റില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 42 സീറ്റുകള്‍ മാത്രം. കേരളത്തിന്റെ സ്ഥിതി നാം നേരത്തെ കണ്ടുവല്ലോ. ഈ മിനി പൊതു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനു സമ്മാനിച്ചത് തീര്‍ച്ചയായും വിജയമല്ല.

കേരളത്തിലെ ജനവിധി തമിഴ്‌നാട്ടില്‍ ഭരണം നഷ്ടപ്പെട്ട ഡി എം കെയും ബംഗാളില്‍ കരുത്തുതെളിയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സും യു പി എ സര്‍ക്കാരിന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കുമെന്നതില്‍ സംശയം വേണ്ട. അതിന്റെ രൂപങ്ങള്‍ വരുംനാളുകളില്‍ പ്രകടമാകും. എല്‍ ഡി എഫിനോടാവശ്യപ്പെടുന്നത് പ്രതിപക്ഷത്തിരിക്കുവാനാണ്. ആ ജനവിധി എല്ലാ അര്‍ഥത്തിലും മാനിക്കപ്പെടുക തന്നെ ചെയ്യും.

പാര്‍ലമെന്റിലേയ്ക്കും തുടര്‍ന്ന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ നേരിട്ട  വന്‍ പരാജയങ്ങളില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട്, എല്‍ ഡി എഫിന്റെ പ്രവര്‍ത്തനം ആകെ പരിശോധിച്ച്, കോട്ടങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് എല്‍ ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

എല്‍ ഡി എഫ് എല്ലാ തലങ്ങളിലും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു, ശക്തമാക്കി. പരിപൂര്‍ണ ഐക്യത്തോടെ ഏറ്റവും താഴെതലം മുതല്‍ സംസ്ഥാന വ്യാപകമായി വരെ തുടര്‍ച്ചയായ ക്യാമ്പയിനുകള്‍ നടത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് രംഗത്ത് എല്‍ ഡി എഫ് എത്തിയത്.എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍, വിവിധ മേഖലകളില്‍ എല്‍ ഡി എഫ് കൈവരിച്ച ജനോപകാരപ്രദമായ നേട്ടങ്ങള്‍, അവ ഓരോ ജനവിഭാഗത്തിനും എത്ര ഗുണം ചെയ്തു; അതുപോലെ നാടിനും. ഈ പ്രശ്‌നങ്ങളൊക്കെ യോജിച്ച ബഹുജന ജാഥകളിലൂടെ എല്‍ ഡി എഫ് ജനങ്ങളിലെത്തിച്ചു. കേന്ദ്രം തുടരുന്ന നിയോലിബറല്‍ സാമ്പത്തികനയങ്ങള്‍ എത്ര ജനവിരുദ്ധമാണെന്നും, അതുവഴി വളര്‍ന്ന അസഹനീയമായ വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ജനം അനുഭവിക്കുന്ന കഷ്ടതകള്‍, പ്രയാസങ്ങള്‍ ഇവയൊക്കെ ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി നടത്തിയ വിലക്കയറ്റ-അഴിമതിവിരുദ്ധ ക്യാമ്പയിനുകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. അവിശ്വസനീയമാംവിധം വളരുന്ന അഴിമതി കേവലം ഒരു ധാര്‍മ്മിക പ്രശ്‌നമല്ലെന്നും, അത് കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നിയോലിബറല്‍ സാമ്പത്തികനയത്തിന്റെ അനിവാര്യമായ ഉപോല്‍പ്പന്നമാണ് എന്നും ജനങ്ങളെ ധരിപ്പിക്കാന്‍ എല്‍ ഡി എഫ് ശ്രമിച്ചു. അതോടൊപ്പം കേന്ദ്രം കേരളത്തിനെതിരെ തുടര്‍ച്ചയായി അനുവര്‍ത്തിക്കുന്ന വിവേചനാപരമായ നയങ്ങള്‍ തുറന്നുകാണിച്ചു. കൂടെ ഈ പ്രശ്‌നങ്ങളിലൊക്കെ യു ഡി എഫ് നടത്തുന്ന കള്ളക്കളികളും.

ഒരുമിച്ച് എല്‍ ഡി എഫ് കക്ഷികള്‍ ജനങ്ങളെ സമീപിച്ചതുതന്നെ അവരില്‍ ആവേശം പകര്‍ത്തി. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ എല്‍ ഡി എഫിനൊപ്പം നിന്ന് പോരാടാന്‍ അവര്‍ക്ക് എന്നും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഈ ക്യാമ്പയിന്‍ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നടത്തി. തുടര്‍ന്ന് എല്‍ ഡി എഫിന്റെ മന്ത്രിമാരും നേതൃത്വവും ചേര്‍ന്ന് നടത്തിയ സംസ്ഥാന ജാഥ എല്ലാ അസംബ്ലി മണ്ഡലങ്ങളും സന്ദര്‍ശിച്ച് എല്‍ ഡി എഫിന്റെ സന്ദേശമെത്തിച്ചു. പിന്നീട് ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു.  അവര്‍ എല്ലാം മറന്ന് എല്‍ ഡി എഫിന്റെ വിജയത്തിനായി രംഗത്തിറങ്ങി. സ്ഥിതിയാകെ മാറി.

പാര്‍ലമെന്റിലേക്കും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫ് നേരിട്ട പരാജയം ആവര്‍ത്തിക്കുമെന്ന് സ്വപ്നം കണ്ടുകൊണ്ടാണ് ആന്റണിയും വയലാര്‍ രവിയും നൂറുസീറ്റ് ലഭിക്കുമെന്ന മനപ്പായസമുണ്ടത്. ഉയിര്‍ത്തെഴുന്നേറ്റ കേരളജനത ഒരു പുതിയ ചരിത്രം എഴുതി, എല്‍ ഡി എഫ് ഭരണത്തെ തുടര്‍ന്ന് അധികാരത്തില്‍ കൊണ്ടുവരുന്നതിന് മുന്നോട്ടു വന്നു.

ആ ലക്ഷ്യം പൂര്‍ണമായി നിറവേറ്റപ്പെട്ടില്ല. മൂന്നു സീറ്റിന്റെ കുറവ് കൊണ്ട് എല്‍ ഡി എഫിന് ഭരണം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് എല്‍ ഡി എഫ് ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കണം.

ജനങ്ങള്‍ കൈവരിച്ച ഒരു നേട്ടവും കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ല. പുതിയ നേട്ടങ്ങള്‍ക്കു വേണ്ടി സമരം തുടരും; ജനങ്ങള്‍ക്കും നാടിനും നല്ലൊരു ഭാവി കൈവരിക്കാന്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ പോരാട്ടം തുടരും. ആ പ്രശ്‌നത്തില്‍ യു ഡി എഫ് നടത്തുന്ന ഒളിച്ചുകളികള്‍ തുറന്നുകാട്ടപ്പെടും. യു ഡി എഫ് ഭരണം കേരളത്തിന് രാഷ്ട്രീയ അസ്ഥിരതയുടെ നാളുകള്‍ സംഭാവന ചെയ്യും. നിശ്ചയദാര്‍ഢ്യത്തോടെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ജനങ്ങളുടെ പ്രശ്‌നങ്ങളോ നാടിന്റെ പ്രശ്‌നങ്ങളോ കൈകാര്യം ചെയ്യാന്‍ കഴിയാത്ത, ദുര്‍ബ്ബലമായ, ലക്ഷ്യബോധമില്ലാത്ത ഒരു ഗവണ്‍മെന്റായിരിക്കും യു ഡി എഫ് കേരളത്തിന് നല്‍കുന്നത്.

ആ സാഹചര്യങ്ങള്‍ വമ്പിച്ച അഴിമതികള്‍ക്ക് വഴിവയ്ക്കും. ജനജീവിതം അവതാളത്തിലാക്കും; ഒപ്പം കേരളത്തിന്റെ ഭാവിയും. രാഷ്ട്രീയ അസ്ഥിരതയുടെ ഇരുണ്ട ഇടനാഴികളിലൂടെ കേരളം നയിക്കപ്പെടുമ്പോള്‍ നാടിന്റെയും ജനങ്ങളുടെയും ഭാവി സ്വാഭാവികമായും അപകടത്തിലാകും. ഇതിനെതിരെ ജനങ്ങളെ അണിനിരത്തുന്ന കടമ വീണ്ടും എല്‍ ഡി എഫിന് ഏറ്റെടുക്കേണ്ടി വരികയും ചെയ്യും.

No comments: