Monday, May 16, 2011

യു.ഡി.എഫിനെ സഹായിക്കണമെന്ന എന്‍.എസ്.എസ് ആഹ്വാനം അണികള്‍ തള്ളി

സമദൂരം വെടിഞ്ഞ് യു.ഡി.എഫിനെ സഹായിക്കണമെന്ന എന്‍.എസ്.എസ് നേതാക്കളുടെ ആഹ്വാനം അണികള്‍ തള്ളി.എന്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുപോലും സമുദായാംഗങ്ങള്‍ വോട്ട് ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.
 
എന്‍.എസ്.എസ് പിന്തുണയോടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എഫ്. തോമസിന്  ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 2554 വോട്ടാണ് ഇത്തവണ ലഭിച്ചത്.വോട്ട് ചെയ്യാതെ മാറിനിന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുടെ സ്വന്തം ബൂത്തായ വാഴപ്പള്ളി  കോയിപ്രം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സി.എഫ്. തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.335 വോട്ട് നേടിയ ഇടത് സ്ഥാനാര്‍ഥി ഡോ.ബി. ഇക്ബാലാണ് ഇവിടെ ഒന്നാമതെത്തിയത്.262 വോട്ട് നേടിയ ബി.ജെ.പിയിലെ എം.ബി. രാജഗോപാല്‍ രണ്ടാംസ്ഥാനം നേടി.191 വോട്ട് മാത്രമാണ് സി.എഫിന് കിട്ടിയത്.

നായര്‍ വോട്ടുകള്‍ ഏറെയുള്ള മൂന്ന് ബൂത്തുകളാണ് കോയിപ്രം സ്‌കൂളില്‍ ഉണ്ടായിരുന്നത്.മൂന്നിടത്തും  എല്‍.ഡി.എഫിന് വ്യക്തമായ മൂന്‍തൂക്കമുണ്ട്.എന്‍.എസ്.എസ് ആസ്ഥാനം ഉള്‍പ്പെടുന്ന  പെരുന്ന എന്‍.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂളിലെ ബൂത്തിലും ബി. ഇക്ബാലാണ് ഒന്നാമത്.ഇവിടെ 364 വോട്ട് എല്‍.ഡി.എഫിനും 261 വോട്ട് യു.ഡി.എഫിനും കിട്ടി. സമുദായ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന എന്‍.എസ്.എസ് എല്‍.പി സ്‌കൂളിലും ഗവ.പെരുന്ന വെസ്റ്റ് സ്‌കൂളിലും യു.ഡി.എഫ് സ്ഥാനാര്‍ഥി ഏറെ പിന്നിലായി.ഹൈന്ദവവോട്ടുകള്‍ ഏറെയുള്ള വാഴപ്പള്ളി മേഖലയിലെ രണ്ട് ബൂത്തുകള്‍ പ്രവര്‍ത്തിച്ചിരുന്ന വാഴപ്പള്ളി വാര്യര്‍ സമാജം സ്‌കൂളിലും പുഴവാത് എന്‍.എസ്.എസ് യു.പി സ്‌കൂളിലെ 117,118 നമ്പര്‍ ബൂത്തുകളിലും എല്‍.ഡി.എഫ് ഒന്നാമതെത്തി.ഈ സ്‌കൂളിലെ 88ാം ബൂത്തില്‍ 213 ഉം 91ാം ബൂത്തില്‍ 508 ഉം വോട്ട് നേടിയാണ് ബി. ഇക്ബാല്‍ ഒന്നാമതെത്തിയത്.  നായര്‍ ഭൂരിപക്ഷമുള്ള വാഴപ്പള്ളി,പുഴവാത്, പെരുന്ന ഭാഗങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കാണ് മേല്‍ക്കൈ.

സമദൂരം കൈവെടിഞ്ഞതില്‍ അസ്വസ്ഥരായ സമുദായംഗങ്ങള്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരാതെ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ഇടതിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മാധ്യമം വാര്‍ത്ത  

No comments: