ക്രഡിറ്റ് റേറ്റിംഗ് ധനകാര്യ ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ് പുവര്‍) കഴിഞ്ഞ ദിവസം അമേരിക്കയുടെ ക്രഡിറ്റ് റേറ്റിംഗ് ‘എ എ എ’ യില്‍ നിന്നും ‘എ എ പ്ലസ്’ലേക്ക് താഴ്ത്തിയത് ചരിത്രത്തിലാദ്യമായാണ്. കഴിഞ്ഞ 70 വര്‍ഷമായി ഏജന്‍സിയുടെ മികച്ച റേറ്റിംഗ് കരസ്ഥമാക്കിയിരുന്നു അമേരിക്ക. ഈ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി എസ് ആന്‍ഡ് പി നടത്തിയ പരിശോധനകളുടെ ആധികാരികത ചോദ്യം ചെയ്ത് അമേരിക്കന്‍ ഭരണകൂടം രംഗത്തു വന്നിട്ടുണ്ട്. റേറ്റിംഗ് കുറയുന്നതോടെ അമേരിക്കക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ നിക്ഷേപകര്‍ മടിക്കുന്ന സ്ഥിതി വരും. ഇത് നിലവില്‍ കടത്തിലോടുന്ന ഭരണകൂടത്തിന് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
സാമ്പത്തിക നില ഭദ്രമാക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ കോണ്‍ഗ്രസ്സും ബരാക് ഒബാമ ഭരണകൂടവും അടുത്ത കാലത്ത് സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ കട ഭാരത്തെയും അതിന്റെ തിരിച്ചടവിനെയും സ്ഥിരമാക്കി നിര്‍ത്താന്‍ പര്യാപ്തമാണെന്ന് കരുതുന്നില്ലെന്ന് എസ് ആന്‍ഡ് പി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്് എന്ന മുന്നറിയിപ്പോടെയാണ് കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിന് അമേരിക്കയുടെ റേറ്റിംഗ് ‘എ എ എ’ യില്‍ നില നിര്‍ത്തിയത്. അതിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. നയരൂപവത്കരണത്തിന്റെ കാര്യത്തില്‍ കാര്യക്ഷമതയോ സ്ഥിരതയോ കുറഞ്ഞു പോകുന്നു. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള അകലം കുറച്ചു കൊണ്ടു വരിക എളുപ്പമല്ല. അത്‌കൊണ്ട് തന്നെ കടത്തിന്റെ പരിധി ഉയര്‍ത്തുന്ന കാര്യത്തിലും മറ്റും റിപബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ വിശാലമായ ധാരണ സ്ഥിരത കൈവരിക്കാന്‍ പര്യാപ്തമല്ലെന്നാണ്് തങ്ങളുടെ വിലയിരുത്തലെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കുന്നു. എന്നാല്‍, എസ് ആന്‍ഡ് പിയുടെ കണക്കുകളില്‍ രണ്ട് ലക്ഷം കോടി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് യു. എസ്. ധനവകുപ്പ് വാദിക്കുന്നത്. റേറ്റിംഗ് താഴ്ത്തിയ നടപടി അപലപനീയമാണെന്നും അവര്‍ പറയുന്നു.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ് എസ് ആന്‍ഡ് പിയുടെ തീരുമാനം. സാമ്പത്തിക രംഗത്ത് അമേരിക്കയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. ക്രെഡിറ്റ് റേറ്റിംഗ് രംഗത്ത് മറ്റ് രണ്ട് പ്രമുഖ ഏജന്‍സികളായ മൂഡീസ് ഇന്‍വസ്റ്റേഴ്‌സ് സര്‍വ്വീസും ഫിച്ച് റേറ്റിംഗ്‌സും ‘എ എ എ’ നിലവാരം നിലനിര്‍ത്തിയെന്നത് മാത്രമാണ് അമേരിക്കയ്ക്ക് അല്‍പം അശ്വാസമുള്ളത്. എന്നാല്‍ വളര്‍ച്ച താഴേക്കാണെന്ന് വ്യക്തമായി സൂചിപ്പിച്ചാണ് തത്കാലം ഈ് ഏജന്‍സികളും റേറ്റിംഗ് നിലനിര്‍ത്തിയിരിക്കുന്നത്.
വായ്പാ തിരിച്ചടവിനുള്ള ശേഷി വിലയിരുത്തി കടമെടുക്കലിന്റെ കാര്യത്തിലുള്ള നിലവാരം നിശ്ചയിക്കുന്നതാണ് ക്രഡിറ്റ് റേറ്റിംഗ്. ഈ നിലവാരത്തില്‍ ‘എ പ്ലസ്’ കാറ്റഗറിയിലാണ് അമേരിക്കയെ ചൈന ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ഒരു പടി താഴ്ത്താന്‍ ചൈന കഴിഞ്ഞ തീരുമാനിച്ചിരുന്നു. കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് അമേരിക്ക എന്ന മുന്നറിയിപ്പോടെ ‘എ’ ഗ്രേഡിലേക്ക് മാറ്റുകയാണ് ചെയ്തത്. ഈ തീരുമാനം തന്നെ അമേരിക്കക്ക് വലിയ തിരിച്ചടിയായിരുന്നു. അമേരിക്കന്‍ ട്രഷറി വകുപ്പ് പുറത്തിറക്കുന്ന ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ചൈനയാണ്. 1.15 ലക്ഷം കോടി രൂപ ചൈന കടമായി നല്‍കിയിട്ടുണ്ട്. ചൈനയുടെ തീരുമാനം സൃഷ്ടിച്ചതിനേക്കാള്‍ ഏറെ വലിയ ആഘാതമാണ് ആഭ്യന്തര ധനകാര്യ ഏജന്‍സിയായ എസ് ആന്‍ഡ് പിയുടെ തീരുമാനം അമേരിക്കക്ക് സൃഷ്ടിക്കുക.
No comments:
Post a Comment