Monday, August 8, 2011

ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക്

സി പി ചന്ദ്രശേഖര്‍
ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ വായ്പാക്ഷമത നിരക്ക് പ്രതിസന്ധി സൂചിപ്പിക്കുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറുംമുമ്പേ മറ്റൊരു മാന്ദ്യം തുറിച്ചുനോക്കുകയാണ്. ഇരട്ടവീഴ്ചയിലേക്കാണ് (ഡബിള്‍ ഡിപ്പ്) ആഗോള സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ (എസ്ആന്റ്പി) എന്ന റേറ്റിങ്ങ് ഏജന്‍സി അമേരിക്കന്‍ വായ്പാക്ഷമതനിരക്ക് കുറച്ചതാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം. വായ്പാപ്രതിസന്ധി കുറയ്ക്കാന്‍ മൊത്തം ചെലവ് കുറക്കണമെന്നായിരുന്നു എസ്ആന്റ്പിയുടെ ആവശ്യം. ധനകമ്മി നാല് ലക്ഷം കോടി ഡോളറെങ്കിലും കുറക്കണമെന്നാണ് എസ്ആന്റ്പി അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2.5 ലക്ഷംകോടി ഡോളര്‍ കുറയ്ക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ തയ്യാറായത്. ഇതേ തുടര്‍ന്നാണ് വായ്പാക്ഷമത നിരക്കില്‍ അമേരിക്കയെ ഏജന്‍സി താഴ്ത്തിക്കെട്ടിയത്. ഇതോടെ അമേരിക്ക നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ലെന്ന സന്ദേശമാണ് പരക്കുന്നത്. എസ്ആന്റ്പി ആവശ്യപ്പെട്ടതുപോലെ ധനകമ്മി കുറയ്ക്കണമെങ്കില്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുള്ള പണം വകയിരുത്തുന്നത് കുറയ്ക്കുക മാത്രമേ ഒബാമ സര്‍ക്കാരിന് പോംവഴിയുള്ളൂ. ധനകമ്മി കുറക്കാനായി നികുതി വര്‍ധിപ്പിക്കാനോ, കടത്തിനുള്ള പലിശയടവ് മാറ്റിവെക്കാനോ, പ്രതിരോധ ചെലവ് കുറയ്ക്കാനോ കഴിയില്ല. ധനകമ്മി കുറയ്ക്കുന്നത് തൊഴിലവസരംസൃഷ്ടിക്കാത്ത വളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. നിലവില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കാന്‍ ഒബാമ സര്‍ക്കാര്‍ തയ്യാറായത്. വായ്പാ പരിധി 2.1 ലക്ഷം കോടി ഡോളര്‍ വര്‍ധിപ്പിക്കാനാണ് നിയമഭേദഗതി പാസാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെ കടപരിധി വര്‍ധിപ്പിക്കാന്‍ കഴിയില്ല. 1917 മുതലാണ് ഈ നിബന്ധന വന്നത്. അമേരിക്കയുടെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 72.4 ശതമാനവും കടമാണെന്നര്‍ഥം. എസ്ആന്റ്പിയുടെ തീരുമാനം അമേരിക്കന്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കമ്പനികളെയും വ്യക്തികളെയും പ്രേരിപ്പിക്കും. ഇത് ലോകവിപണിയെയും ബാധിക്കും. (പ്രമുഖ സാമ്പത്തികവിദഗ്ധനാണ് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അധ്യാപകനായ ചന്ദ്രശേഖര്‍)

No comments: