Sunday, February 5, 2012

യേശു, നബി, ബുദ്ധന്‍-മാറാട്, ദാവൂദ്, വെറുക്കപ്പെട്ടവര്‍: വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘മതേതര ജനാധിപത്യം’ സെമിനാര്‍ ഉദ്ഘാടനം ചെയ്യവെ വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

മതനിരപേക്ഷ ജനാധിപത്യസംസ്‌കാരം വളര്‍ന്നുവരുന്നത് തടയാന്‍ ആസൂത്രിത ശ്രമങ്ങള്‍ ലോകമെങ്ങും വളര്‍ന്നുവരുന്ന സന്ദര്‍ഭമാണിത്. അറബ് വസന്തം എന്നറിയപ്പെടുന്ന പ്രസ്ഥാനമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്തെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ ഒരു രാഷ്ട്രീയസമരം. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കും ദീര്‍ഘകാലം അധികാരത്തില്‍ പിടിച്ചുതൂങ്ങുകയായിരുന്ന ചക്രവര്‍ത്തി സമാന ഭരണാധികാരികള്‍ക്കുമെതിരെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ജനകോടികള്‍ തെരുവിലിറങ്ങുകയായിരുന്നു. ഈജിപ്തിലെ പ്രസിഡണ്ടിനും കുടുംബത്തിനും ഓടിപ്പോകണ്ടിവന്നതും ലിബിയയിലെ കേണല്‍ ഗദ്ദാഫി കൊല്ല െപ്പട്ടതും സിറിയയില്‍ രക്തരൂഷിതമായ പോരാട്ടം ഇപ്പോഴും തുടരുന്നതുമെല്ലാം അറബ് വസന്തത്തിന്റെ ഭാഗമാണ്.

എന്നാല്‍ ആ വസന്തം മുഴുവന്‍ യഥാര്‍ത്ഥ വസന്തമല്ല, ആ വസന്തത്തില്‍ വസൂരിയുടെ അണുക്കളുമുണ്ട് എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. മതനിരപേക്ഷ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടമായി വളരേണ്ട സേഛാധിപത്യ വിരുദ്ധസമരം മതമൗലികവാദത്തിലും വര്‍ഗീയതയിലും കടുത്ത യാഥാസ്ഥിതികതയിലും അധിഷ്ഠിതമായി പരിണമിച്ചുപോകുന്ന ദുരന്തം അറബ് നാടുകളിലെ സമീപകാല സമരങ്ങളില്‍ പ്രകടമാണ്.

ഒഴുകുന്ന സ്വര്‍ണമായ എണ്ണയുടെ സ്രോതസ്സുകള്‍ എന്ന നിലയില്‍ അമേരിക്കന്‍ സാമ്രാജ്യത്വം അറബ് വസന്തത്തെ റാഞ്ചുകയും ചെയ്യുന്നു. ലിബിയയില്‍ ജനാധിപത്യമുണ്ടാക്കാനല്ല, മറിച്ച് അമേരിക്കക്കെതിരെ നട്ടെല്ലുയര്‍ത്തി നിന്ന് പോരാടിയ കേണല്‍ ഗദ്ദാഫിയെ കശാപ്പ് ചെയ്തുകൊണ്ടും മതമൗലികവാദത്തിന് തിരികൊളുത്തിയും കൊണ്ട്  ലിബിയയില്‍ അരാജകത്വമുണ്ടാക്കാനാണ് പെന്റഗണ്‍ അവിടെ ഇടപെട്ടത്.

ഈജിപ്തില്‍ ഏകാധിപതിയായ ഹൊസ്‌നി മുബാരറക്കിനെ അട്ടിമറിച്ച ശേഷം ഉണ്ടാകുന്ന ഭരണകൂടം ജനാധിപത്യമാകുന്നില്ല; മതമൗലികവാദത്തിലും മതതീവ്രവാദത്തിലും ഊന്നല്‍നല്‍കുന്ന രാഷ്ട്രീയം ജനാധിപത്യപരമല്ല; അത് പിന്തിരിപ്പന്‍ തന്നെയാണ്. ഫുട്ബാള്‍ മൈതാനങ്ങള്‍ പോലും കൂട്ടക്കൊലയിടങ്ങളാവുകയും ആ രാജ്യത്ത് ഫുട്ബാള്‍ തന്നെ നിരോധിക്കുകയും ചെയ്യുന്നതിലേക്കെത്തിയിരിക്കുന്നു. സിറിയയില്‍  സമരരംഗത്തിറങ്ങിയ ജനങ്ങളെ ഭരണകൂടം കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുന്നു. ആ പ്രശ്‌നത്തില്‍ മധ്യസ്ഥശ്രമം നടത്താന്‍ പോലുമാകാതെ അറബ് ലീഗ് പിന്തിരിഞ്ഞിരിക്കുന്നു.

അറബ് നാടുകളിലുള്‍പ്പെടെ ജനാധിപത്യത്തിനുവേണ്ടി നടക്കുന്ന ജനകീയസമരങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവിടങ്ങളില്‍ ജനകീയ ഇച്ഛ രണ്ടുതരത്തില്‍ റാഞ്ചപ്പെടുന്നു എന്നതാണ് നിരാശജനകം. ഒന്ന് ആ മേഖലയില്‍ ശൈഥില്യമുണ്ടാക്കാനുള്ള അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ ശ്രമം കുറെയൊക്കെ വിജയിക്കുന്നു. രണ്ടാമതായി പലേടത്തും യഥാര്‍ത്ഥ ജനാധിപത്യത്തിലേക്കെത്താതെ സമരം മൗലികവാദത്തിലൂന്നുന്ന വ്യതിയാനത്തിലേക്കെത്തുന്നു.

1947ല്‍ ഇന്ത്യയോടൊപ്പം സ്വതന്ത്രമായ പാക്കിസ്ഥാനില്‍ ജനാധിപത്യത്തെ പരാജയപ്പെടുത്താന്‍ ഒരുഭാഗത്ത് മതതീവ്രവാദികളും വേറൊരു ഭാഗത്ത് സാമ്രാജ്യത്വവും നടത്തിക്കൊണ്ടിരിക്കുന്നത് തീക്കളിയാണ്.

ഇത്തരത്തില്‍ പല രാജ്യങ്ങളിലും യഥാര്‍ത്ഥ ജനാധിപത്യത്തിന് തടസ്സമായി നില്‍ക്കുന്നത് മതതീവ്രവാദവും സാമ്രാജ്യത്വവുമാണ്. മതതീവ്രവാദത്തെ വളര്‍ത്തുന്നതാകട്ടെ സാമ്രാജ്യത്വമാണ് താനും. താലിബാനെ വളര്‍ത്തിയവര്‍ ഒടുവില്‍ താലിബാനെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചു തകര്‍ക്കുകയും കൂട്ടക്കശാപ്പ് നടത്തുകയും ചെയ്തു. സദ്ദാംഹുസൈന്‍ ധിക്കാരിയാണെന്നും ഇറാഖില്‍ രാസായുധങ്ങളുണ്ടെന്നും ആരോപിച്ച് മനുഷ്യസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ആ നാടിനെ ചുട്ടുകരിച്ചു. ഇതെല്ലാം മതതീവ്രവാദത്തെ മറ്റൊരു തരത്തില്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്.

ഇന്നിവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ‘മതേതരജനാധിപത്യ സംസ്‌കാരത്തിനായി’ എന്നതാണ്. ഈ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചതിനെ അഭിനന്ദിക്കുന്നതിനുപകരം അതെന്തോ വലിയ അപരാധമായിപ്പോയെന്ന് ആക്ഷേപിക്കുകയാണ് രമേശ് ചെന്നിത്തലയെപ്പോലുള്ള ചിലര്‍.

തന്റെ കാലഘട്ടത്തിലെ ജീര്‍ണതകളെ ചോദ്യം ചെയ്തതിനാണ്, വ്യവസ്ഥതിയെ വെല്ലുവിളിച്ചതിനാണ് ഭരണകൂടം യേശുവിനെ കുരിശില്‍ തറച്ച് കൊലചെയ്തത്. അന്നത്തെ പൗരോഹിത്യത്തിന്റെ അധാര്‍മികതകള്‍ക്കെതിരെ ആഞ്ഞടിച്ച വിമോചന നായകനായിരുന്നു യേശു. അതുകൊണ്ടാണ് യേശുവിനെ നിഷ്ഠൂരമായി കൊലചെയ്യാന്‍ അന്നത്തെ പൗരോഹിത്യം കൂട്ടുനിന്നത്.
 
ആരാധനാലയങ്ങളില്‍ കച്ചവടം നടത്തിയവരെ അടിച്ചു പുറത്താക്കുകയാണ് യേശു ചെയ്തത്.  പിന്നീട്, നിങ്ങളാണ് ദൈവത്തിന്റെ ആലയങ്ങളെന്ന് പഠിപ്പിക്കുകയും ചെയ്തു.  ചുരുക്കത്തില്‍, നിങ്ങളാകുന്ന ആരാധനാലയങ്ങളില്‍നിന്ന് കച്ചവടത്തിന്റെയും വിപണിയുടെയും താല്‍പ്പര്യങ്ങളെ പുറത്താക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയാണ് യേശു ചെയ്തത്.  യേശുവിനെയും ക്രിസ്ത്യാനികളെയും അറിയാത്ത പള്ളിഭക്തര്‍ക്ക് ഇത് മനസ്സിലാവണമെന്നില്ല.  നഴ്‌സുമാര്‍ക്ക് ശമ്പളം നിഷേധിക്കുന്ന ആശുപത്രികളും സ്വാശ്രയ കോളേജുകളും മറ്റുമാണ് അവര്‍ക്ക് മതം.  ക്രിസ്തു നിങ്ങളെ സ്വാതന്ത്ര്യത്തിനായി സ്വതന്ത്രരാക്കി എന്ന ബൈബിള്‍ വാക്യത്തിന്റെ അര്‍ത്ഥം ഇനിയെങ്കിലും മനസ്സിലാക്കണം.  അല്ലാതെ യേശുവിനും ഏതെങ്കിലും ചിത്രങ്ങള്‍ക്കും പകര്‍പ്പവകാശം നേടാന്‍ ശ്രമിക്കുകയല്ല വേണ്ടത്.

മനുഷ്യസംസ്‌കാരത്തിന്റെ തുടക്കം മുതലുള്ള എല്ലാ നന്മകളെയും അംഗീകരിക്കുകയും അതെല്ലാം  പുരോഗതിക്കായി പ്രയോജനപ്പെടുത്തണമെന്ന ഉത്തമവിശ്വാസം പുലര്‍ത്തുകയും ചെയ്യുന്നവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. അറിയപ്പെട്ടിടത്തോളം ആദ്യകാലത്തെ ഏറ്റവും ശക്തമായ പോരാട്ടവും ഏറ്റവും മഹത്തായ ത്യാഗവുമാണ് യേശുക്രിസ്തുവിന്റേത്.

യേശുവിനുമുമ്പ് ശ്രീബുദ്ധനും യേശുവിനുശേഷം അതുപോലെതന്നെ മുഹമ്മദ് നബിയും ഉള്‍പ്പെടെയുള്ള മഹാന്മാര്‍ സമാനമായ പോരാട്ടങ്ങള്‍ നടത്തുകയും പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള മഹാത്യാഗികളെ, മാനവരാശിക്ക് നേര്‍വഴികാട്ടാന്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കാനും അവരുടെ മഹനീയമായ സംഭാവനകള്‍ സ്മരിക്കാനും ഞങ്ങള്‍ക്കവകാശമില്ല പോലും. യേശുക്രിസ്തുവിന്റെ ചിത്രം വെച്ച ഞങ്ങള്‍ എന്തുകൊണ്ട് ശ്രീരാമന്റെ ചിത്രം വെച്ചില്ല എന്നതാണ് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്റെ ചോദ്യം. ഈ ചോദ്യങ്ങളിലും ആക്ഷേപങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് സങ്കുചിതത്വമാണ്.

ഞങ്ങളുടെ പാര്‍ടിയുടെ പ്രചാരണത്തിന് വെച്ച ബോഡല്ല അത്. പൊലീസ് അസോസിയേഷന്‍ കെ. സുധാകരന്‍ സിന്ദാബാദ് വിളിച്ച് പതിച്ച ഫഌ്‌സ് ബോഡുപോലുള്ളതുമല്ല അത്. മാനവപുരോഗതിയുടെ ചരിത്രം പറയുന്ന, അതിലെ മഹാന്മാരായ രക്തസാക്ഷികളെ അനുസ്മരിക്കുന്ന പ്രാതിനിധ്യ സ്വഭാവമുള്ള പ്രദര്‍ശനമാണത്. യേശുവിനെ ഒഴിവാക്കികൊണ്ട് അത്തരമൊരു പ്രദര്‍ശനം തുടങ്ങാനാകുമെന്ന് പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യമുണ്ടായി? യേശുവിന്റെ ജീവിതം ഞങ്ങള്‍ക്കും വഴികാട്ടിയാണ്. മാനവരാശിക്കാകെ വഴികാട്ടിയാണ്. അതുപോലെ രാമായണവും മഹാഭാരതവുമെല്ലാം ഞങ്ങളുടെയും പൈതൃകസ്വത്താണ്. രാമന്റെ കാര്യത്തില്‍ ബി.ജെ.പിക്ക് പ്രത്യേകിച്ച് എന്തെങ്കിലും അവകാശമില്ല. പുരാണേതിഹാസങ്ങളും ചരിത്രവും സംസ്‌കാരവുമെല്ലാം മാനവരാശിയുടെ പൊതുസ്വത്താണെന്നാണ് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട്.

ഞങ്ങള്‍ മതത്തെ എതിര്‍ക്കുന്നവരല്ല. അതേസമയം മതമൗലികവാദം പ്രതിലോമകരമാണ്. മതതീവ്രവാദവും വര്‍ഗീയതയുമാകട്ടെ മാനവരാശിക്കാകെ ആപത്കരവുമാണ്. മതതീവ്രവാദത്തെയും വര്‍ഗീയതയെയുമാണ് ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നത്. മതവിശ്വാസികളുമായി ചേര്‍ന്നുകൊണ്ടാണ് ആ സമരം നടത്തുന്നത്. വര്‍ഗീയതയെയും മതതീവ്രവാദത്തെയും എതിര്‍ത്തു പരാജയപ്പെടുത്തേണ്ടത് മതവിശ്വാസികളുടെ തന്നെ പ്രഥമ ആവശ്യമാണ്.

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത് എന്നതാണ് മതനിരപേക്ഷതയുടെ അടിസ്ഥാനതത്വം. യഥാര്‍ത്ഥ ജനാധിപത്യം പുലരുന്നതിന് അതാവശ്യവുമാണ്. എന്നാല്‍ വലതുപക്ഷരാഷ്ട്രീയം തിരഞ്ഞെടുപ്പ്‌നേട്ടത്തിന് തരാതരം മതവികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയും സാമുദായികവര്‍ഗീയ ശക്തികളുമായി കൂട്ടുചേരുകയും ചെയ്യുന്നു. സാമുദായികശക്തികള്‍ തിരിച്ച് ഭരണത്തില്‍ ഇടപെടുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന്  സങ്കടത്തോടെ വിശേഷിപ്പിച്ച നാടാണ് കേരളം. നവോത്ഥാന പ്രസ്ഥാനത്തിലൂടെ, ജനകീയ സമരങ്ങളിലൂടെ ആ അവസ്ഥ ഏറെക്കുറെ മാറുകയും 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വരികയും ഒരു യഥാര്‍ത്ഥ മതേതര ജനാധിപത്യ ഭരണം ഉണ്ടാവുകയും ചെയ്തപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാം. വലതുപക്ഷ രാഷ്ട്രീയവും സാമുദായികവര്‍ഗീയശക്തികളും ചേര്‍ന്ന് സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ വിമോചനസമരാഭാസം നടത്തുകയായിരുന്നു. തുടര്‍ന്ന് ആ ഗവണ്‍മെണ്ടിനെ ഭരണഘടനയുടെ 356ാം വകുപ്പുപയോഗിച്ച് പിരിച്ചുവിട്ടു.

ജനാധിപത്യത്തിനും മതേതര ജനാധിപത്യസംസ്‌കാരത്തിനും എതിരായി നടന്ന ശക്തമായ ആക്രമണമായിരുന്നു അത്. അതിനുശേഷം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍വരെ വര്‍ഗീയസാമുദായിക ശക്തികളെ വലതുപക്ഷം എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും അത് നമ്മുടെ നാട്ടിലെ മതേതര ജനാധിപത്യ സംസ്‌കാരത്തെ എത്രമാത്രം പിറകോട്ടടിപ്പിച്ചുവെന്നും നമുക്കറിയാം.

ഉമ്മന്‍ചാണ്ടി  നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യമുന്നണി ഗവണ്‍മെണ്ട് വര്‍ഗീയസാമുദായിക ശക്തികളെ പ്രീണിപ്പിക്കുന്നതില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെയെല്ലാം റിക്കാഡ് തകര്‍ത്തിരിക്കുന്നു.  വര്‍ഗീയ സാമുദായിക ശക്തികള്‍ ഭരണത്തില്‍ നേരിട്ട് ഇടപെടുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ മാധ്യമങ്ങള്‍  ഇതിനകം തന്നെ പുറത്തുകൊണ്ടുവന്നു. യു.ഡി.എഫിന് 72 സീറ്റെങ്കിലും കിട്ടിയത് തങ്ങളുടെ കഴിവുകൊണ്ടാണെന്ന് സാമുദായികവര്‍ഗീയ ശക്തികള്‍ അവകാശപ്പെടുന്നുണ്ട്. വര്‍ഗീയസാമുദായിക വികാരമിളക്കിവിട്ടുകൊണ്ട് കഷ്ടിച്ചാണെങ്കിലും അധികാരത്തിലെത്തിയ യു.ഡി.എഫ് അത്തരം ശക്തികളുടെ ആജ്ഞാനുവര്‍ത്തികളാകുന്നുവെന്നതില്‍ അദ്ഭുതമില്ല.

മാറാട് കടപ്പുറത്ത് രണ്ടുഘട്ടങ്ങളിലായി നടന്ന അറുംകൊല കേരളത്തിലെ മതസൗഹാര്‍ദ്ധത്തിനേറ്റ കനത്ത ആഘാതമായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ നടക്കുകയാണല്ലോ.

രണ്ടാം മാറാട് വര്‍ഗീയ കൂട്ടക്കൊല സംബന്ധിച്ച് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷനായ തോമസ് ജോസഫ് ശുപാര്‍ശ ചെയ്തത് കൂട്ടക്കൊലയുടെ പിന്നിലെ ഗൂഢാലോചനയും വിദേശത്തുനിന്നുള്ള സാമ്പത്തിക സ്രോതസ്സുമൊക്കെ സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നാണ്. ആ ശുപാര്‍ശയനുസരിച്ചാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് പലതവണ കത്തെഴുതിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഗൂഢാലോചനയും സാമ്പത്തിക സ്‌ത്രോതസ്സും സംബന്ധിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ െ്രെകംബ്രാഞ്ചിന്റെ ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയത്.

ആ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്ത ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഘട്ടമെത്തിയപ്പോഴേക്കും ഇപ്പോഴത്തെ ഗവര്‍മെണ്ട് ഇടപെട്ടുവെന്നതാണ് പ്രശ്‌നം. അന്വേഷണ സംഘത്തലവനെ സ്ഥലംമാറ്റിക്കൊണ്ട് മാറാട് അന്വേഷണം അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

മാറാട് വര്‍ഗീയ കൂട്ടക്കൊല ആസൂത്രിതമായിരുന്നുവെന്നും മാറാട് ബീച്ച് സ്വന്തമാക്കാനുള്ള മാഫിയാശക്തികളുടെ താല്‍പര്യം അതിന് പിറകിലുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി വന്‍തോതില്‍ ഭൂമി കള്ളപ്പേരില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിരുന്നുവെന്നുമെല്ലാം അക്കാലത്ത് തന്നെ വാര്‍ത്ത വന്നതാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍  അത് തടയാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതായുള്ള ആരോപണവും ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ മുസ്ലീംലീഗിലെ ചിലര്‍ക്ക് ഇതില്‍ പ്രത്യേക താല്‍പര്യമുണ്ടെന്ന് കരുതേണ്ടിവരും.

കാസര്‍കോട് കുറെ മാസം മുമ്പ് നടന്ന വര്‍ഗീയാക്രമണ ശ്രമവും അത് തടയാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മുന്‍ ഗവര്‍മെണ്ടിന്റെ കാലത്ത് ജുഡീഷ്യല്‍  അന്വേഷണം ആരംഭിച്ചതാണ്. ആ കമ്മീഷന്റെ കാലപരിധി ആറുമാസം കൂടി നീട്ടി നല്‍കിയത് ഇപ്പോഴത്തെ ഗവര്‍മെണ്ടാണ്. എന്നാല്‍ അന്വേഷണം ലീഗ് നേതൃത്വത്തിലേക്ക് നീളുന്നു എന്നുവന്നപ്പോള്‍, നിര്‍ണായക തെളിവുകള്‍ കമ്മീഷന് ലഭിച്ചുവെന്ന് വ്യക്തമായപ്പോള്‍ നിയമവിരുദ്ധമായി ആ  കമ്മീഷനെ പിരിച്ചുവിട്ടവരാണ് ഈ സര്‍ക്കാര്‍.

ചില ശക്തികേന്ദ്രങ്ങളില്‍ ലീഗും മുസ്ലീം തീവ്രവാദിശക്തികളും തമ്മില്‍ വ്യത്യാസമില്ലാതാവുകയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിന് ലീഗ് നേതൃത്വം പിന്തുണയും പ്രോല്‍സാഹനവും നല്‍കുകയും ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളും കാസര്‍കോട് ജില്ലയിലെ ചില ഭാഗങ്ങളും അതിന്റെ ഉദാഹരണം. ഇത് നമ്മുടെ മതേതര ജനാധിപത്യത്തിന് കടകവിരുദ്ധമാണ്.

ഏറ്റവും ഒടുവില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടതാണ്. മുംബെയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍  വര്‍ഗീയാക്രമണങ്ങളും സ്‌ഫോടനങ്ങളുമുണ്ടാക്കാന്‍ ചരടുവലിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കയ്യാളുകളായ വെറുക്കപ്പെട്ടവര്‍ കേരളത്തിലുമുണ്ടെന്ന് തീവ്രവാദ വിരുദ്ധ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അതുസംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അന്വേഷണം തുടങ്ങിയിരിക്കുന്നുവെന്നുമാണ് വാര്‍ത്ത. ശരിയായ അന്വേഷണത്തിലൂടെ സത്യം അതിവേഗം കണ്ടെത്തുമെന്നു കരുതാം.

മതവിശ്വാസം അന്യമത വിരോധമായും അസഹിഷ്ണുതയായും വളരുമ്പോള്‍ വര്‍ഗീയ അസ്വാസ്ഥ്യവും അക്രമവുമുണ്ടാകുന്നു. എന്നാല്‍ അതിനേക്കാളെല്ലാമുപരി  ചില സ്ഥാപിത താല്‍പര്യക്കാരും മാഫിയാശക്തികളും മതവികാരം ചൂഷണം ചെയ്തും തെറ്റിദ്ധരിപ്പിച്ചും വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതും അത് യഥാര്‍ത്ഥ ജനാധിപത്യത്തിന് ഭീഷണിയാകുന്നുവെന്നതുമാണ് യാഥാര്‍ഥ്യം. രണ്ടാം മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ലഭിച്ച സൂചന ഭൂമിവാങ്ങിക്കൂട്ടലുമായി ബന്ധപ്പെട്ടതാണ്, അതിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചാണ്. വിദേശബന്ധങ്ങളെക്കുറിച്ചാണ്. കൊലയാളികളും ആരുടെയോ ഇരകളാണോ എന്നതാണ് പ്രശ്‌നം. അതന്വേഷിക്കാന്‍ സി.ബി.ഐയെപ്പോലുള്ള ഏജന്‍സികള്‍ തന്നെ വേണം.

മതസൗഹാര്‍ദം വളര്‍ത്തുകയും, മതതീവ്രവാദികളെ മതവിശ്വാസികള്‍ തന്നെ ഒറ്റപ്പെടുത്തുകയും, മതവിശ്വാസികളും അല്ലാത്തവരുമെല്ലാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് വര്‍ഗീയതയെ ചെറുത്തുതോല്‍പിക്കുകയും വേണം. മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരം വളര്‍ത്താന്‍ അതേ മാര്‍ഗമുള്ളൂ.

അഭിവാദ്യങ്ങള്‍

No comments: