Saturday, October 9, 2010

ഭൂരിപക്ഷം ഇടതിന്: എല്‍.ഡി.എഫ്- 721, യു.ഡി.എഫ് -261


സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഭരിക്കുന്നത്  ഇടതുമുന്നണി  ഭരണസമിതികള്‍. സംസ്ഥാനത്ത് നിലവില്‍ 999 ഗ്രാമപഞ്ചായത്തുകളാണുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം അതില്‍ 721 എണ്ണവും ഭരിക്കുന്നത് ഇടതു മുന്നണിയാണ് (രാഷ്ട്രീയത്തിലെ  മലക്കം മറിച്ചിലുകള്‍ ഉള്‍പ്പെടില്ല).

261
പഞ്ചായത്തുകള്‍ യു.ഡി.എഫും ആറെണ്ണം ബി.ജെ.പിയും 11 എണ്ണം സ്വതന്ത്രരും ഭരിക്കുന്നു.152 ബ്ലോക്കുകളില്‍ 123 എണ്ണവും ഇടതു മുന്നണിക്കാണ്. 29 സ്ഥലത്ത് യു.ഡി.എഫ്. 14 ജില്ലാ പഞ്ചായത്തുകളില്‍ 12 ഉം ഇടതുമുന്നണിക്കാണ്. യു.ഡി.എഫിന് രണ്ട്. നിലവിലെ 53 മുനിസിപ്പാലിറ്റികളില്‍ (ഇപ്പോള്‍ 60 ആയി) 33 എണ്ണം ഇടതുമുന്നണിയും 19 എണ്ണം യു.ഡി.എഫും ഭരിക്കുന്നു. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡന്റ്കോര്‍പറേഷനുകള്‍ അഞ്ചും ഭരിക്കുന്നത് ഇടതു മുന്നണിയാണ്.

ഇടതു മുന്നണി ഭരിക്കുന്ന 721 ഗ്രാമപഞ്ചായത്തുകളില്‍ 644 എണ്ണത്തിലും പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനാണ്. (തിരുവനന്തപുരം 58, കൊല്ലം 52, പത്തനംതിട്ട 35, ആലപ്പുഴ 52, കോട്ടയം 37, ഇടുക്കി 23, എറണാകുളം 58, തൃശൂര്‍ 72, പാലക്കാട് 67, മലപ്പുറം 30, കോഴിക്കോട് 63, വയനാട് 20, കണ്ണൂര്‍ 59, കാസര്‍കോട് 18).

44
ഗ്രാമപഞ്ചായത്തുകളില്‍  പ്രസിഡന്റ് സ്ഥാനം സി.പി.ഐക്കാണ് . ആര്‍.എസ്.പിക്ക് രണ്ടിലും ജനതാദളിന് മൂന്നിലും എന്‍.സി.പിക്ക് ഒരു പഞ്ചായത്തിലും പ്രസിഡന്റ് സ്ഥാനമുണ്ട്. ഇതിന് പുറമെ ഡി..സിക്ക് എട്ട് പഞ്ചായത്തിലും ജനതാദള്‍ എസിന് മൂന്ന് പഞ്ചായത്തിലും കേരളകോണ്‍ഗ്രസ് ജോസഫിന് 17 ഇടത്തും സെക്യുലറിന് രണ്ടിടത്തും പ്രസിഡന്റ് സ്ഥാനമുണ്ട്.

യു.ഡി.എഫിനുള്ള 261 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരില്‍ 166 എണ്ണം കോണ്‍ഗ്രസുകാരാണ്. മുസ്‌ലിം ലീഗിന് 85ഉം കേരള കോണ്‍ഗ്രസ് മാണിക്ക് ഒമ്പതും ജെ.എസ്.എസിന് ഒരു പ്രസിഡന്റുമുണ്ട്.

ഇടതു മുന്നണിക്കുള്ള 123 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ 107 ഉം സി.പി.എമ്മുകാരാണ്. സി.പി.ഐക്കാര്‍ക്ക് 10ഉം ജനതാദളിന് മൂന്നും കോണ്‍ഗ്രസ് എസിന് ഒന്നും കേരള കോണ്‍ഗ്രസ് ജെക്ക് രണ്ടും ബ്ലോക്ക് പ്രസിഡന്റുമാരുണ്ട്. യു.ഡി.എഫിനുള്ള 29 ബ്ലോക്ക് പ്രസിഡന്റുമാരില്‍ കോണ്‍ഗ്രസിന് 15ഉം മുസ്‌ലിം ലീഗിന് 10ഉം മാണിക്ക് നാലുമുണ്ട്.

എട്ട് ജില്ലാ പഞ്ചായത്തുകള്‍ ഭരിക്കുന്നത് സി.പി.എം പ്രസിഡന്റുമാരാണ്. കൊല്ലം തൃശൂര്‍ എന്നിവ മാത്രമേ സി.പി.ഐക്കുള്ളൂ. വയനാട് ഡി..സിക്കും ഇടുക്കി ജോസഫിനുമാണ്. യു.ഡി.എഫിന് ആകെയുള്ള രണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ കോട്ടയം മാണി ഗ്രൂപ്പിനും മലപ്പുറം മുസ്‌ലിം ലീഗിനുമാണ്. കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്ല.

53 മുസിസിപ്പാലിറ്റികളില്‍ 32 പ്രസിഡന്റുമാര്‍ സി.പി.എമ്മു കാരാണ്. സി.പി.ഐക്ക് ഒന്ന്യു.ഡി.എഫിന് 19 മുനിസിപ്പല്‍ ചെയര്‍മാന്‍മാരാണുള്ളത്. ഇതില്‍ 15 എണ്ണം കോണ്‍ഗ്രസുകാരും മൂന്ന് എണ്ണം ലീഗുകാരും ഒരെണ്ണം മാണിക്കുമാണ്. ഒരു സ്ഥാനം സ്വതന്ത്രനുണ്ട്.

ജനകീയ ബദലാകുന്ന ഇടതു സര്‍ക്കാര്‍



VOTE FOR

ഏറെ അഭിമാനത്തോടെയാകണം ഇത്തവണ ഇടതുപക്ഷമുന്നണി വോട്ടിനായി ജനത്തെ സമീപിക്കുന്നത്. കേരള ജനതയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമെത്താത്ത ഒരു വിഭാഗവും കാണില്ല. കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല.അവയെ മാധ്യമങ്ങള്‍ ഒന്നടങ്കം എത്ര പെരുപ്പിച്ചാലും ഈ സര്‍ക്കാരിന്റെ നേട്ടങ്ങളെ ചെറുതാക്കാന്‍ കഴിയില്ല.

പരിമിതമായ വിഭവശേഷിയാണ് ഒരു ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല അടിസ്ഥാന നയങ്ങള്‍ തീരുമാനിക്കുന്നത് കേന്ദ്രമാണ്.ഫെഡറലിസം വളരെ പരിമിതമാണ് നമ്മുടെ നാട്ടില്‍. ഉദാഹരണത്തിനു ഹൈവേ വികസിപ്പിക്കാന്‍ ടോള്‍ പിരിക്കണമെന്ന് കേന്ദ്രം പറഞ്ഞാല്‍ സംസ്ഥാനത്തിന് മറ്റ് വഴികളില്ല, ഒന്നുകില്‍ പദ്ധതിയേ വേണ്ടെന്നു വെയ്ക്കാം,അല്ലെങ്കില്‍ കേന്ദ്രം പറയുന്ന വഴി പോകാം.ഇങ്ങനെ ആണെങ്കിലും തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു ഒരേ സമയം ക്ഷേമ സര്‍ക്കാരാകാനും അതേ സമയം വികസന സര്‍ക്കാരാകാനും എല്‍ ഡി എഫ് ഗവണ്മെന്റിനു കഴിഞ്ഞു.മുന്‍ ഇടതു സര്‍ക്കാരുകള്‍ അടിസ്ഥാനപരമായി ക്ഷേമ സര്‍ക്കാരുകളായിരുന്നു. സാധാരണഗതിയില്‍ ക്ഷേമപദ്ധതികള്‍ നിയന്ത്രിച്ചാണ് സര്‍ക്കാരുകള്‍ വികസനത്തിനു വഴി കണ്ടെത്തുന്നത്. ഇക്കാര്യത്തില്‍ തോമസ് ഐസക്ക് എന്ന ധനകാര്യ വിചക്ഷണനു അഭിമാനിക്കാം. പുതിയ പദ്ധതികള്‍ വരുമ്പോഴും ക്ഷേമപദ്ധതികള്‍ ഒന്നു വെട്ടി കുറച്ചിലെന്നു മാത്രമല്ല, പലതിന്റെയും തുക ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നില്ല.

കര്‍ഷക ആത്മഹത്യയുടെ കഥകളിലേക്കാണ് നാലര വര്‍ഷം മുന്‍പ് വരെ കേരളത്തിലെ ഓരോ ദിനവും പുലര്‍ന്നിരുന്നത്. കൂടുതലും കൂട്ട ആത്മഹത്യകള്‍. വെറുങ്ങലിച്ച് കിടക്കുന്ന നിരപരാധികളും നിഷ്കളങ്കരുമായ കുട്ടികളുടെ ശരീരങ്ങള്‍ നമ്മുടെ പ്രഭാതങ്ങളെ അസ്വസ്ഥമാക്കി.ഇന്ന് നാം ആ കഥകള്‍ മറന്നു തുടങ്ങിയെങ്കില്‍ അതിന്റെ നല്ല ക്രഡിറ്റ് ഈ സര്‍ക്കാരിനു കൊടുക്കണം.വിദര്‍ഭയിലും ആന്ധ്രയിലും കര്‍ഷകര്‍ ഇന്നും ആത്മഹത്യ ചെയ്യുന്നുണ്ട് എന്നതും ഈ അവസരത്തില്‍ പറയേണ്ടതുണ്ട്.

41 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി നല്‍കുന്ന പദ്ധതി അടിസ്ഥാന ജനതയെ സ്പര്‍ശിക്കുന്ന ഒരു ക്ഷേമ പദ്ധതിയാണ്. ഇതിലൂടെ പട്ടികജാതി വര്‍ഗ്ഗങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍ എന്നിങ്ങനെ സകലമാന ജീവിത പിന്നാക്ക അവസ്ഥയുള്ള ആളുകളുടെയും വീട്ടില്‍ അടുപ്പെരിയുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു. കേരളത്തിലെ പൊതു വിതരണ ശ്രംഖല ഇന്ത്യക്ക് മാതൃകയാണെന്നാണ് ശരത് പവാര്‍ പറയുന്നത്. വിശേഷ അവസരങ്ങളിലെ കമ്പോള ചൂഷണത്തില്‍ നിന്നും ജനതയെ ഈ സര്‍ക്കാര്‍ പൊതിഞ്ഞു നിര്‍ത്തി.കഴിഞ്ഞ ഓണക്കാലം ആരുടെയും മനസ്സില്‍ നിന്ന് പോയിട്ടില്ല. പാലിനു ഇടക്കിടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നപ്പോഴും അതിന്റെ ഗുണം പരമാവധി ക്ഷീര കര്‍ഷകനു കിട്ടുമെന്ന് മില്‍മയെ കൊണ്ട് ഉറപ്പാക്കിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. 
ഏഴു രൂപ ആയിരുന്നു ഒരു കിലോ നെല്ലിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ താങ്ങുവില (സംഭരണ വില എന്നു പറ്യണമെങ്കില്‍ സംഭരണം ഉണ്ടാകേണ്ടേ). സംഭരണമെന്ന സംഭവമേ ഇല്ലായിരുന്നു. ഇപ്പോള്‍ ഏതാണ്ട് ഇരട്ടിയായി സംഭരണ വില.സര്‍ക്കാര്‍ സപ്ലൈകോ വഴി സംഭരിക്കുന്നു.പണം കര്‍ഷകന്റെ അക്കൌണ്ടില്‍ എത്തുന്നു.ചില്ലറ പാളിച്ചകളില്ലെന്നല്ല. എങ്കിലും കുട്ടനാട്ടില്‍ ഇന്നു പാടങ്ങള്‍ ഇരിപ്പൂ കൃഷി ചെയ്യുന്നു,നെല്ല് കളത്തില്‍ തന്നെ വില്‍ക്കാന്‍ സാധിക്കുന്നത് കൊണ്ട് സംഭരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചിലവുകള്‍ ഇല്ലാതായി. കൃഷി എന്നത് മെച്ചപ്പെട്ട ഒരു വ്യവസായമായി മാറി. ചുരുങ്ങിയത് മുടക്കുമുതലിന്റെ ഇരട്ടി കര്‍ഷകനു മൂന്നു മാസത്തില്‍ കിട്ടുന്നു. Return on Investment നോക്കുകയാണെങ്കില്‍ ഏതാണ്ട് 400 %. (കാലവസ്ഥയുടെ റിസ്ക്ക് എലമെന്റ് മറന്നിട്ടല്ല) എല്ലാവരെയും പാടത്തേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഏതായാലും കാര്‍ഷിക വിസ്തൃതി കുറച്ചെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെങ്കില്‍ ആശ്വാസകരമെന്നേ പറയേണ്ടൂ.കൃഷിഭൂമി കൃഷിഭൂ‍മിയായി നില നില്‍ക്കേണ്ട ഒരു ആഗോള സാഹചര്യത്തിലൂടെയാണ് നാം കടന്നു പോക്കുന്നത്. പച്ചക്കറി കൃഷി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുവന്നു.എല്ലാറ്റിലും ഉപരി പുതിയ തലമുറയിലെ കുറച്ചു പേർക്കിടയിലെങ്കിലും ഒരു കാര്‍ഷിക സംസ്ക്കാരത്തിനു വിത്തിടാന്‍ സൌമ്യനായ മുല്ലക്കരക്ക് കഴിഞ്ഞു.

കൃഷി പോലെ തന്നെ വന്‍ മുന്നേറ്റം നടത്തിയത് വ്യവസായ വകുപ്പാണ്.ഫലമുള്ള ആ മാവിലേക്ക് ഒളിച്ചും പതുങ്ങിയും എറിയപ്പെട്ട കമ്പും കല്ലും തന്നെ അതിന്റെ തെളിവ്. ഒരു തൊഴിലാളി വര്‍ഗ്ഗപ്രവര്‍ത്തകന്‍ എന്നത് ഒരു മന്ത്രിയെ സംബന്ധിച്ച് അതും ഒരു വ്യവസായ മന്ത്രിയെ സംബന്ധിച്ച് ഒരു പരിമിതിയാകാം. എന്നാല്‍ അത് ഒരു ഊര്‍ജ്ജമാണ് കരീമിന്.വ്യവസായവികസനത്തിന്റെ കാര്യത്തില്‍ പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ അദ്ദേഹത്തിനു തടസ്സമല്ല. ആന്റണിയുടെ കേന്ദ്രമന്ത്രി പദവി ഇത്രയും ഫലപ്രദമായി വിനിയോഗിച്ച മറ്റാരെങ്കിലുമിണ്ടോ എന്ന് സംശയമാണ്.ഭരണകാലവധിക്കുള്ളില്‍ മുഴുവന്‍ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.അത് നേടുമെന്നതിന് കഴിഞ്ഞ നാലര വര്‍ഷത്തെ വിജയഗാഥ സാക്ഷി. കരീം ലിബറല്‍ ആകുന്നിടത്ത് മനോരമ മാവോയിസ്റ്റാകുമെന്നത് കൊണ്ട് കരീമിനു കിടക്കപൊറുതിയില്ല.ജന്മനാ കിഷന്‍ജിയോ പ്രചണ്ഡയോ ഒക്കെ ആയ വീരന്റെ പത്രത്തെ കുറിച്ച് പറയാനുമില്ല.കൂടത്തില്‍ ഭൂലോക പുരോഗമനക്കാരായ ജമാ അത്തൈ ഇസ്ലാമിയും. സകലരും കൂടി കമ്മ്യൂണിസത്തിന്റെ പിറകേ അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞ് ഓട്ടമാണ്.പാവം കമ്മ്യൂണിസം
ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പവര്‍ കട്ടും ലോഡ് ഷെഡിങ്ങും തുടര്‍ച്ചയാകുമ്പോള്‍ കേരളം വളരെ വ്യക്തമായ പ്ലാനിങ്ങോടെയാണ് ഈ വിഷയത്തില്‍ മുന്നോട്ട് പോകുന്നത്. ഊര്‍ജ്ജ സ്വയം പര്യാപ്തതക്കായി സ്വന്തം മന്ത്രിസഭയിലെ അംഗമാകട്ടെ കേന്ദ്രമന്ത്രിയാകട്ടെ ആരുമായി മുട്ടാനും ബാലന്‍ തയ്യാര്‍.ഈ വിഷയത്തിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാന്‍ വയ്യാത്തതാണ്.അതേ വീറോടെ തന്നെ പരിസ്ഥിതിക്കായി ബാലനുമായി ഗുസ്തി പിടിക്കാന്‍ ബിനോയി വിശ്വവും തയ്യാറാണ്. ചന്ദനകൊള്ള വലിയൊരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നും വനഭൂമിയുടെ വിസ്തൃതി കൂടിയെന്നും കണക്കുകള്‍ പറയുന്നു.പ്രകൃതിസ്നേഹിയായ മന്ത്രിക്ക് അഭിമാനിക്കാം.

ഒരുപക്ഷെ ഏറ്റവും കല്ലെറിയപ്പെട്ട മന്ത്രി ശ്രീമതിടീച്ചറാണ്. അവരുടെ ആംഗലേയം പരിഹാസത്തിനുള്ള വിഷയമാക്കിയ സായിപ്പുമാര്‍ക്ക് പോലും ആരോഗ്യരംഗത്ത് വരുത്തിയ കാതലായ മാറ്റങ്ങളെ ശ്രദ്ധിക്കാതെ വയ്യ. റഫറല്‍ സംവിധാനം മുന്നോട്ട് കൊണ്ടു പോവുകയും പ്രാഥമിക ആരോഗ്യരംഗം ശക്തിപ്പെടുത്തികയും ചെയ്താല്‍ ഈ മേഖലയിലെ വെല്ലുവിളികളെ ഭാവിയിലും കേരളത്തിനു നേരിടാനാകും. 
സ്മാര്‍ട്ട് സിറ്റി നടപ്പാവതെ പോയതാണ് ഒരു വലിയ വിമര്‍ശനമായി കാണുന്നത്. അതിന്റെ കാരണങ്ങളിലേക്ക് പോകുന്നില്ല.എന്നാല്‍ ഇന്‍ഫോ പാര്‍ക്കിലും മറ്റ് ഐടി സെന്ററുകളിലും കാര്യമായ അടിസ്ഥാന സൌകര്യവികസനം നടക്കുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. 
ഒറ്റപ്പെട്ട സംഭവങ്ങള്‍ (പോള്‍ വധം, പാലക്കാട് ലോക്കപ്പ് മരണം തുടങ്ങിയവ) ഒഴിവാക്കിയാല്‍ ആഭ്യന്തരവകുപ്പും മെച്ചപ്പെട്ട ഒരു പ്രകടനമാണ് കാഴ്ച്ച വെച്ചത്. പോള്‍ വധത്തില്‍ പൊലീസിന്റെ അതേ കണ്ടെത്തലുകള്‍ സി ബി ഐ ശരി വെച്ചതോടെ മംഗളം തുടങ്ങിയ പത്രത്തിലെ ജയിംസ് ബോണ്ടുകള്‍ക്കും ഷെര്‍ലക്ക് ഹോംസുമാര്‍ക്കും മിണ്ടാട്ടം മുട്ടി.പൊതുവില്‍ പൊലീസില്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍, കൂടുതല്‍ മെച്ച പ്പെട്ട സൌകര്യങ്ങള്‍ ഒക്കെ കരുത്തുറ്റ ഒരു മന്ത്രിയുടെ സാന്നിധ്യം അറിയിച്ചു. ടൂറിസം രംഗത്തും കോടിയേരിയുടെ ഇടപെടലുകള്‍ ഫലപ്രദമായിരുന്നു. സാമ്പത്തിക മാന്ദ്യകാലത്തും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട ഇടമായി കേരളം. കെ ടി ഡി സിയുടെയും നിലവാരം ശ്രദ്ധേയമായ രീതിയില്‍ മെച്ചപ്പെട്ടു, 
സര്‍ക്കാറിനു മുന്നില്‍ വന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്ന് ചെങ്ങറ സമരമായിരുന്നു. സമരത്തിന്റെ ന്യായാന്യയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.അതിന്റെ നേതാവിന്റെ വഞ്ചന അണികള്‍ തന്നെ വിളിച്ചു പറഞ്ഞതാണ്,കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒറ്റാലുമായി ഇറങ്ങിയിട്ടുള്ള നീലകണ്ഠന്‍,സോളിഡാരിറ്റി തുടങ്ങിയവരെ നാട്ടുകാര്‍ക്ക് അറിയാവുന്നതുമാണ്.മുത്തങ്ങയോ നന്ദിഗ്രാമോ പ്രതീക്ഷീച്ചവരെ നിരാശരാക്കുന്ന വിധത്തില്‍ ശാന്തമായാണ് ആ സമരത്തെ സര്‍ക്കാര്‍ നേരിട്ടത്.പാവപ്പെട്ടവന്റെ നേരെ വെടിവെയ്ക്കാതെ മര്‍ദ്ദനമഴിച്ചുവിടാതെ സര്‍ക്കാര്‍ അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള തങ്ങളുടെ വിധേയത്വം കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിതാന്ത ജാഗ്രത പ്രേമചന്ദ്രന്റെ ഭരണമികവിനു അടിവരയിടുന്നു. ജനവുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന, എന്നാല്‍ പ്രത്യക്ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ അളക്കാന്‍ കഴിയാത്ത വകുപ്പാണ് റവന്യു എങ്കിലും മോശമല്ലാത്ത വിധം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ രാജേന്ദ്രനു കഴിഞ്ഞു. ഭൂവിതരണത്തിലും മറ്റും ഗണ്യമായ പുരോഗതി നേടാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ പരസ്പരം പോരടിക്കുന്ന വിവിധ താല്‍പ്പര്യങ്ങളെയും കോടതിയെയും തൃപ്തിപ്പെടുത്തി വേണം മുന്നോട്ട് പോകാന്‍ എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഗോള്‍ഫ് കോഴ്സിലും മറ്റും സര്‍ക്കാര്‍ പ്രകടിപ്പിച്ച നിശ്ചയദാർഢ്യത്തെ പരാമര്‍ശിക്കാതെ വയ്യ.

മാധ്യമ ഹോസ്റ്റിലിറ്റിയാണ് സര്‍ക്കാരും മുന്നണിയും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രഖ്യാപിത വലതുപക്ഷമായ മനോരമ, വീരേന്ദ്രകുമാറിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുന്ന മാതൃഭൂമി,തീവ്ര ഇടതു വേഷം കെട്ടുന്ന ജമാ അത്തിന്റെ മാധ്യമം,പൈങ്കിളി വാര്‍ത്തകളുടെ ചാണകക്കുഴികളില്‍ അഭിരമിക്കുന്ന മംഗളം, മുനീര്‍-രാഘവന്‍ താല്‍പ്പര്യങ്ങളുള്ള ഇന്ത്യാവിഷന്‍,ബിജെപി എം പിയും ആഗോളകുത്തകയും ചേര്‍ന്ന് നടത്തുന്ന ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ ഇടതുവിരുദ്ധതയുടെ കാര്യത്തില്‍ ഒത്തു പിടിച്ചു.മുഖ്യമന്ത്രിയും പത്രങ്ങളും സത്യസന്ധര്‍ ബാക്കിയുള്ള മന്ത്രിമാരെല്ലാം മാഫിയ എന്നൊരു മട്ട് തീര്‍ക്കുന്നതില്‍ അവര്‍ നല്ല ഒരു പരിധി വരെ വിജയിച്ചു. മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയത്തക്ക വണ്ണം ശക്തമായിരുന്നു അവരുടെ പ്രചരണം. സര്‍ക്കാരിന്റെ പല നല്ല കാര്യങ്ങളെയും തമസ്ക്കരിക്കാനും ചെറിയ ദോഷങ്ങളെ പര്‍വ്വതീകരിക്കാനും അവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വലതു വിജയം അക്ഷരം പ്രതി ഒരു മീഡിയ സബോട്ടാഷായിരുന്നു.

പഴമുറം കൊണ്ട് സൂര്യനെ മറക്കാനാകില്ലല്ലോ. സാധാരണക്കാരന്‍ അവരുടെ താല്‍പ്പര്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന മുന്നണിയെയും സര്‍ക്കാരിനെയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അടുത്ത അഞ്ചു കൊല്ലം കാര്‍ഷിക ആത്മഹത്യകള്‍ ആവര്‍ത്തിക്കാന്‍, പാടശേഖരങ്ങള്‍ തരിശിടാന്‍,പൊതുമേഖല വിറ്റു തുലയ്ക്കാന്‍ അവര്‍ കൂട്ടു നില്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം.വികസനമെന്നത് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടലാണ്,അംബരചുംബികളായ കെട്ടിടങ്ങളും പുത്തന്‍ കാറുകളുമല്ല എന്ന ഇടത് കാഴ്ച്ചപാടിനെ ഒരു പരിധിയെങ്കിലും മുന്നോട്ട് കൊണ്ടു പോകാന്‍ ഈ സര്‍ക്കാരിനായി.സുസ്ഥിരമായി ഈ മുന്നണിയെ മുന്നോട്ട് പോകാന്‍ അനുവദിക്കുക എന്നതാണ് വോട്ടര്‍മാര്‍ എന്ന നിലയില്‍ കേരള ജനത ചെയ്യേണ്ടത്.


kadappad
ജനകീയ ബദലാകുന്ന ഇടതു സര്‍ക്കാര്‍


Friday, October 8, 2010

ജനകീയ വികേന്ദ്രീകൃത വികസനം ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക.



കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തെരഞ്ഞെടുപ്പ് നിരവധി രാഷ്ട്രീയപ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്ന തെരഞ്ഞെടുപ്പാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യം കൂടുതല്‍ ദൃഢമാക്കുന്നതിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ 1957 മുതല്‍ ഇവിടെ അധികാരത്തിലിരുന്ന ഇടതുപക്ഷ ഗവമെന്റ് നടത്തിയിരുന്നു. എന്നാല്‍, അധികാരം കിട്ടുന്ന ഘട്ടങ്ങളിലെല്ലാം അത്തരം പ്രക്രിയയെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് യുഡിഎഫ്. 1990ല്‍ ജില്ലാ കൌസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും അവര്‍ക്ക് പണവും അധികാരവും നല്‍കുന്ന പ്രവര്‍ത്തനം എല്‍ഡിഎഫ് സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് ആ കൌസിലുകളെ പിരിച്ചുവിടുകയാണ് ചെയ്തത്. ലോകശ്രദ്ധയാകര്‍ഷിച്ച ജനകീയാസൂത്രണത്തെപ്പോലും തകര്‍ത്ത് കേരള വികസന പദ്ധതി നടപ്പാക്കി അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇപ്പോള്‍ കുടുംബശ്രീയെ ഇല്ലാതാക്കി ജനശ്രീയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തിലൂടെ ജനകീയമായ എല്ലാ വികസന കൂട്ടായ്മകളെയും ഇല്ലാതാക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോഗ്രസിന്റെ ഈ സമീപനം സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല. കര്‍ണാടകത്തിലും ഹരിയാനയിലും ഒക്കെ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് കോഗ്രസ് അധികാരത്തില്‍നിന്ന് പുറത്തുപോയതിനുശേഷമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് അധികാര വികേന്ദ്രീകരണ പ്രക്രിയ വീണ്ടും ശക്തിപ്പെട്ടത്. നാലുവര്‍ഷംകൊണ്ട് 6497 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ 75 ശതമാനവും ചെലവഴിക്കപ്പെടുകയുണ്ടായി. ഇതിനുപുറമെ പൊതുഗ്രാന്റായി 1390 കോടി രൂപയും ആസ്തി സംരക്ഷണത്തിന് 1624 കോടി രൂപയും ലഭ്യമാക്കുകയുണ്ടായി. ഇവയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വിഹിതവും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് ആഗോളവല്‍ക്കരണ നയങ്ങളാണ്. ഈ നയങ്ങള്‍ ജനങ്ങളുടെ ജീവിതം ഏറെ ദുരിതപൂര്‍ണമാക്കുന്നതുമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ സെപ്തംബര്‍ 7-ാം തീയതി ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്ന് നടത്തിയ പണിമുടക്ക് സമരം. കേന്ദ്രസര്‍ക്കാര്‍ ഈ നയം മുന്നോട്ടുവയ്ക്കുമ്പോള്‍ ആ നയത്തിന് ബദലുയര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഫലമായി സംസ്ഥാനത്ത് കാര്‍ഷിക-വ്യവസായ മേഖല ശക്തിപ്പെടുന്ന നിലയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാവുകയും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ച് ലാഭത്തിലേക്ക് കുതിക്കുന്ന നിലയും രൂപപ്പെട്ടിരിക്കുകയാണ്. എല്ലാ ക്ഷേമപെന്‍ഷനുകളും കുടിശ്ശികയാക്കി വയ്ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിനു ബദലായി അവ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനും ഈ സംഖ്യ ഉയര്‍ത്തുന്നതിനുമുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. അതിന്റെ ഫലമായി ക്ഷേമപെന്‍ഷനുകള്‍ 300 രൂപയായി വര്‍ധിപ്പിച്ചു. ഒരു ക്ഷേമപെന്‍ഷനും ലഭിക്കാത്ത 65 വയസ്സ് കഴിഞ്ഞവര്‍ക്ക് 100 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും നടപ്പാക്കി. പുതിയ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. സ്വര്‍ണത്തൊഴിലാളികള്‍, ഷോപ്പ് & എസ്റാബ്ളിഷ്മെന്റ് മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിലത്തെഴുത്താശാന്മാര്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് നേട്ടം സംഭാവന ചെയ്യുന്നവിധം സര്‍ക്കാര്‍ ഇടപെടുകയുമുണ്ടായി. എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തിച്ചേരാന്‍ പോവുകയാണ്. ഇ എം എസ് ഭവനനിര്‍മാണപദ്ധതിയിലൂടെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിനുള്ള പദ്ധതിയും നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയതിന്റെ ഭാഗമായി ഇതുവരെ 19 ലക്ഷം കുടുംബത്തിന് 549.7 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിക്കൊണ്ട് 806 കോടി രൂപയാണ് കേരളത്തില്‍ ചെലവഴിച്ചത്. നഗരത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്ന വിധത്തില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കിയിരിക്കുന്നു. രണ്ടുരൂപയ്ക്ക് 35 ലക്ഷം കുടുംബങ്ങള്‍ക്ക് അരി നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു. അത് 41 ലക്ഷമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പൊതുവിതരണത്തെ ശക്തിപ്പെടുത്തി വിലക്കയറ്റം തടയുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തി എന്നതിന്റെ തെളിവാണല്ലോ കഴിഞ്ഞ ഓണം, ബക്രീദ് നാളുകള്‍. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയാണ്. ഇതിന്റെ ഭാഗമായി 47 വന്‍കിട പദ്ധതിയും 190 ചെറുകിട പദ്ധതിയും പൂര്‍ത്തിയായിക്കഴിഞ്ഞു. അതുവഴി 10 ലക്ഷംപേര്‍ക്ക് പുതുതായി കുടിവെള്ളം ലഭിക്കും. 823 ശുദ്ധജല പദ്ധതിയും 57 സുനാമി പദ്ധതിയും നബാര്‍ഡിന്റെ സഹായത്തോടെ 670 കോടി രൂപ ചെലവില്‍ 36 പദ്ധതിയും ആരംഭിച്ചു. മുടങ്ങിക്കിടന്ന 37 നഗര ശുദ്ധജല വിതരണ പദ്ധതിക്ക് 139 കോടി രൂപ നല്‍കി. ഗ്രാമീണ മേഖലയില്‍ ശുദ്ധജല വിതരണത്തിനായി വിവിധ പദ്ധതികള്‍ക്ക് നല്‍കിയതാവട്ടെ 300 കോടി രൂപയാണ്. എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, വെള്ളം, വൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്താന്‍ പോവുകയാണ്. അതോടൊപ്പംതന്നെ യുഡിഎഫ് വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. നിയമന നിരോധനം പിന്‍വലിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു. ഡിഎ യഥാസമയം വിതരണംചെയ്തു എന്നു മാത്രമല്ല, ശമ്പളകമീഷനെ നിയമിക്കുകയുംചെയ്തു. ഇന്ത്യയിലെ മികച്ച ക്രമസമാധാനനില പുലര്‍ത്തുന്ന സംസ്ഥാനമായി കേരളം മാറി. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന തരത്തില്‍ വിദ്യാഭ്യാസത്തെ പുനഃക്രമീകരിച്ചു. പൊതു ആരോഗ്യസമ്പ്രദായം ശക്തിപ്പെടുത്തി. ഇത്തരത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നേരിടാനാവില്ലെന്ന് യുഡിഎഫിന് മനസിലായിരിക്കുകയാണ്. അതിനാല്‍ ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കി നേട്ടം കൊയ്യാനാകുമോ എന്ന പരിശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് ഇപ്പോള്‍ ജാതി-മത ശക്തികളുടെ കൂടാരമായിത്തീര്‍ന്നിരിക്കുകയാണ്. ന്യൂനപക്ഷ ഭീകരവാദത്തിന്റെ വക്താക്കളായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള സഖ്യം ഇപ്പോഴും യുഡിഎഫ് തുടരുകയാണ്. അധ്യാപകന്റെ കൈവെട്ടി മാറ്റിയ പോപ്പുലര്‍ ഫ്രണ്ടിലുള്ളവര്‍ക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ കോഗ്രസ് ആവശ്യപ്പെട്ട കാര്യം ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത് മുസ്ളിം ലീഗിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് സലിം ആണെന്ന കാര്യം ഇവിടെ നാം ഓര്‍ക്കേണ്ടതുണ്ട്. ശത്രുവിന്റെ ശത്രു മിത്രമാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനം യുഡിഎഫുമായുള്ള സഖ്യത്തിന്റെ പ്രഖ്യാപനമാണ്. അല്ലാതെയുള്ള പ്രചാരവേലകളെല്ലാം എല്‍ഡിഎഫിന്റെ വിശ്വാസ്യതയെ ജനങ്ങളുടെ മുമ്പില്‍ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസിലാക്കേണ്ടതുണ്ട്. ബിജെപിയുമായി വടകരയിലും ബേപ്പൂരിലുമുണ്ടാക്കിയ യുഡിഎഫിന്റെ സഖ്യം കേരളീയര്‍ ഒരിക്കലും മറക്കുകയുമില്ല. ഇപ്പോള്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി പരസ്യമായ സഖ്യം യുഡിഎഫ് സ്ഥാപിച്ചിട്ടുണ്ട്. ഉദാഹരണമായി, കാസര്‍കോട് ജില്ലയിലെ കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 19 സീറ്റില്‍ നാലിടത്ത് ബിജെപി മത്സരിക്കുന്നു; പതിനഞ്ചിടത്ത് യുഡിഎഫും. പനത്തടി പഞ്ചായത്തിലാകട്ടെ ബിജെപി മത്സരിക്കുന്നത് മൂന്ന് സീറ്റിലാണ്. ബാക്കിയിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നു; യുഡിഎഫ് തിരിച്ചും. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ ബിജെപി മത്സരിക്കുകയും ബാക്കിയുള്ളിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി സഖ്യങ്ങള്‍ സംസ്ഥാനത്തുണ്ട്. പോപ്പുലര്‍ ഫ്രണ്ട് അധ്യാപകന്റെ കൈവെട്ടിയ സംഭവം കേരളത്തിലെ മനുഷ്യസ്നേഹികളെല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടുള്ളതാണ്. അതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന പൊതു അഭിപ്രായവും കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ അവസരത്തിലാണ് അധ്യാപകനെത്തന്നെ കോളേജില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി മാനേജ്മെന്റ് സ്വീകരിച്ചത്. ഇത് കാണിക്കുന്നത് മാനേജ്മെന്റും പോപ്പുലര്‍ ഫ്രണ്ടുകാരും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. ഈ പ്രവണത മാനേജ്മെന്റ് കാണിച്ചിട്ടും അതിനെതിരായി ഒരക്ഷരം ഉരിയാടാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല എന്നതും വസ്തുതയാണ്. വര്‍ഗീയ-ഭീകരവാദശക്തികള്‍ക്ക് നാടിനെ രാഷ്ട്രീയ ലാഭത്തിനായി പകുത്തുനല്‍കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കേണ്ടതുണ്ട്. കേരളാ കോഗ്രസിന്റെ ലയനം സുറിയാനി ക്രിസ്ത്യാനികളിലെ ചില വൈദികരുടെ പരിശ്രമത്തിന്റെ ഫലമാണ് എന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഇത്തരം ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ക്രൈസ്തവ വിശ്വാസത്തില്‍പ്പെട്ടവര്‍ അവരുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ മാത്രമേ പഠിക്കാന്‍ പാടുള്ളൂ എന്ന പ്രഖ്യാപനം ഈ ദിശയിലേക്കുള്ള നീക്കമല്ലാതെ മറ്റൊന്നല്ലതന്നെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടപെടുന്ന രീതിയില്‍ ഇടയലേഖനം ഇറക്കുന്ന നടപടിയും ഈ തെറ്റായ സമീപനത്തിന്റെ തുടര്‍ച്ചയാണ്. ഇലക്ഷന്‍ കമീഷന്‍തന്നെ ഇത്തരം നടപടികള്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ കാര്യം നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇങ്ങനെ ജാതി-മത ശക്തികളുടെ കേന്ദ്രമായി യുഡിഎഫ് മാറുകയും മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്ന നിലയിലേക്ക് നാടിനെ കൊണ്ടുപോകാനുള്ള പരിശ്രമവുമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ശക്തികളെ മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഉജ്വലമായ മതനിരപേക്ഷതയുടെ പാരമ്പര്യം നമുക്ക് മുന്നോട്ടുവയ്ക്കാനാകൂ. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാനുള്ള ഇത്തരം പരിശ്രമങ്ങള്‍ക്കെതിരായി ജാഗ്രത പുലര്‍ത്താന്‍ ജനാധിപത്യബോധമുള്ള മുഴുവന്‍ ജനങ്ങള്‍ക്കും കഴിയേണ്ടതുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയണം. ഒപ്പം, ജനകീയ വികേന്ദ്രീകൃത വികസനം ശക്തിപ്പെടുത്താന്‍വേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണം.


വൈക്കം വിശ്വന്‍


Thursday, October 7, 2010

മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അംഗീകൃത ഏജന്‍സിയാണെന്നു കേന്ദ്ര ആഭ്യന്തര വകുപ്പ്


ഭൂട്ടാന്‍ സര്‍ക്കാരിന്റെ ലോട്ടറികളുടെ കേരളത്തിലെ അംഗീകൃത മൊത്തവിതരണക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് കേരളത്തെ അറിയിച്ചു. കേരളം കേന്ദ്രത്തിന് നല്കിയ കത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോട്ടറി വിവാദം ശക്തമായതിനെത്തുടര്‍ന്നാണു മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്‍റെ അംഗീകൃത വിതരണാവകാശം സംബന്ധിച്ച സംശയങ്ങള്‍ നീക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനു സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയത്.
പ്രധാനമായും ആറു ചോദ്യങ്ങള്‍ ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചത്. ഇതില്‍ അഞ്ചു ചോദ്യങ്ങള്‍ക്ക് മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഉത്തരം നല്കിയിരുന്നുള്ളൂ. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നു ശേഖരിച്ചു നല്‍കണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം.

  1. മേഘ തന്നെയാണോ ഭൂട്ടാന്‍ ലോട്ടറിയുടെ അംഗീകൃത വിതരണക്കാര്‍?
  2. മേഘയുമായി ഭൂട്ടാന്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള കരാര്‍ ഉണ്ടോ?
  3. മോണിക്ക എന്‍റര്‍പ്രൈസസുമായി ഭൂട്ടാന്‍ സര്‍ക്കാരിനുള്ള ബന്ധം?
  4. മോണിക്ക ഏജന്‍സീസുമായി ഭൂട്ടാന്‍ സര്‍ക്കാരിനു കരാര്‍ ഉണ്ടെങ്കില്‍ കാലാവധി എത്ര?
  5. ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ കേരളത്തിലെ പ്രമോട്ടര്‍മാരായി മേഘയെ അംഗീകരിക്കാമോ?
  6. സെക്യൂരിറ്റി പ്രസിലാണോ ലോട്ടറി അച്ചടിക്കുന്നത്? തുടങ്ങിയവയായിരുന്നു സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ചോദിച്ച ആറു ചോദ്യങ്ങള്‍.

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി 2005 മുതല്‍ കേരളത്തില്‍ ഭൂട്ടാന്‍ ലോട്ടറിയുടെ വിതരണാവകാശം മേഘയ്ക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇതു ഭൂട്ടാന്‍ സര്‍ക്കാരും അംഗീകരിക്കുന്നുണ്ടെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കുന്നു. മൊത്ത വിതരണക്കാരില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും 2005 മുതല്‍ മേഘയ്ക്കാണു കേരളത്തിലെ ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ ലോട്ടറിയുടെ വില്‍പ്പനാവകാശം.

മോണിക്ക എന്‍റര്‍പ്രൈസസും ഭൂട്ടാന്‍ സര്‍ക്കാരുമായി വിതരണ അവകാശ കരാര്‍ ഉണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് ഈ കരാര്‍. മോണിക്ക എന്‍റര്‍പ്രൈസസാണു മേഘയ്ക്കു സബ് ഏജന്‍സി നല്‍കിയിരിക്കുന്നത്. ഇതിനും വ്യക്തമായ കരാറുണ്ടെന്നും കേന്ദ്രം കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അവസാന ചോദ്യത്തിനു കേന്ദ്രം മറുപടി നല്‍കിയില്ല. സെക്യൂരിറ്റി പ്രസിലാണോ ഭൂട്ടാന്‍ ലോട്ടറി അടിക്കുന്നത് എന്ന ചോദ്യത്തിനാണ് കേന്ദ്രം മറുപടി നല്കാത്തത്. അന്യസംസ്ഥാന ലോട്ടറികള്‍ അടിക്കുന്നത് സെക്യൂരിറ്റി പ്രസിലാണോ എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ‘അല്ല’ എന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഈ വെളിപ്പെടുത്തലുകള്‍ ഹൈക്കോടതിയില്‍ മേഘ ആയുധമായി ഉപയോഗിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി ആയി, അടുത്തകാലം വരെ ലോട്ടറി മാഫിയയുടെ വക്കീലായിരുന്ന ചിദംബരവും മറ്റൊരു ലോട്ടറി വീരനായ മണി കുമാര്‍ സുബ്ബയും, അഭിഷേക് സിംഗ് വിയും എല്ലാമുള്ളപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പിന്നെ എന്ത് മറുപടിയാണ് തരിക? 

ചെന്നിതലയനും ചാണ്ടിയും സതീശനും ഇനിയെങ്കിലും ജനവഞ്ചന അവസാനിപ്പിച്ചാല്‍ അവര്‍ക്ക് നല്ലത്.