Tuesday, November 30, 2010

വിധിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ജയരാജന്‍


പൊതുനിരത്തുകളിലും പാതയോരങ്ങളിലും പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിച്ച ഹൈകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതും അപ്രായോഗികവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍. കോടതി നിര്‍ദേശപ്രകാരം കോടതിയലക്ഷ്യകേസില്‍ നേരിട്ട് ഹാജരായ ജയരാജന്‍ കേസിനെക്കുറിച്ച് ആമുഖമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ച് തുറന്ന കോടതിയിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്.

വിധിക്കെതിരായ വിമര്‍ശം കോടതിയെയും ജുഡീഷ്യല്‍ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. കോടതിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. കോടതി വിധി ലംഘിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും ജയരാജന്‍ ബോധിപ്പിച്ചു. ഡിസംബര്‍  എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.കെ. ബഷീര്‍, ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന് നിര്‍ദേശം നല്‍കി. ഹൈകോടതി സ്വമേധയയാണ് ജയരാജനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

പെട്രോളിയം വില വര്‍ധനക്കെതിരെ കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തിലെ പ്രസംഗമാണ് കോടതിയലക്ഷ്യകേസിന് ആധാരം. കോടതി വിധിയിലെ തെറ്റുകള്‍ സാധാരണക്കാര്‍ മുമ്പാകെ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഹൈകോടതി വിധി പൗര സമൂഹത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്നതാണ്.പ്രസംഗത്തിലെ സദുദ്ദേശ്യം കോടതി അംഗീകരിക്കണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് കോടതിയെയും നീതിന്യായ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മുതിര്‍ന്ന ന്യായാധിപന്മാര്‍ പറഞ്ഞിട്ടുണ്ട്.ഈ വിധിയെക്കുറിച്ച് പല വിമര്‍ശനങ്ങളും വന്നിട്ടുണ്ടെങ്കിലും അവ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം.ഹരജിക്കാര്‍  കാര്യങ്ങള്‍ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് കോടതിയലക്ഷ്യമെന്ന് വ്യാഖ്യാനിക്കുന്നു.വിമര്‍ശനങ്ങള്‍ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. മാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടുള്ളതാണ്. ഏത് സംവിധാനത്തിനെതിരെയും ഇത്തരം വിമര്‍ശനങ്ങളാകാം. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ അരാജകത്വമാകും ഫലം.ഒട്ടേറെ കോടതി വിധികള്‍ വരുന്നുണ്ടെങ്കിലും ചിലത് മാത്രമാണ് വിമര്‍ശന വിധേയമാകുന്നത്. പൗരസമൂഹത്തിനും ജനാധിപത്യ സംവിധാനത്തിനും എതിരായതിനാലാണിത്.

പാതയോരത്തെ യോഗവും ധര്‍ണയും പതിറ്റാണ്ടുകളായുള്ള സമ്പ്രദായമാണ്. ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. കോടതി വിധിയിലൂടെ ഇത് നിരോധിച്ചപ്പോള്‍ ഭരണഘടനക്കും നിയമത്തിനും വിധേയമായി  നാട്ടിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യം അനുവദിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് വിമര്‍ശിച്ചത്.ഇത് ഭരണഘടനാ ബാധ്യതയുള്ള പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ചെയ്തത്.സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പൗരന്മാര്‍ക്ക് ഒരേപോലെ അവകാശപ്പെട്ടതാണ്്.എന്നാല്‍, സഞ്ചാര സ്വാതന്ത്ര്യത്തിനായി അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ചെയ്തത്. കോടതി കക്ഷിചേര്‍ത്തവരെയടക്കം ആരെയും കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല.പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറിക്കാണ് ഏറ്റവും ബാധ്യത എന്നാണ് വിശ്വസിക്കുന്നതെന്നും  ജയരാജന്‍ ബോധിപ്പിച്ചു.കേസ് വീണ്ടും ഡിസംബര്‍ എട്ടിന് പരിഗണിക്കും.

Thursday, November 25, 2010

ബിഹാര്‍: ലാലുവിനും രാഹുലിനും വന്‍തിരിച്ചടി


ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍(യു)-ബി.ജെ.പി. സഖ്യത്തിന്‌ നാലില്‍ മൂന്നു ഭൂരിപക്ഷം.

243
അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന്‌ 206 സീറ്റുണ്ട്‌. 141 സീറ്റില്‍ മത്സരിച്ച ജെഡി(യു) 115 സീറ്റും 102 സീറ്റില്‍ മത്സരിച്ച ബി.ജെ.പി. 91 സീറ്റും നേടി. ലാലു പ്രസാദ്‌ യാദവും രാംവിലാസ്‌ പസ്വാനും നേതൃത്വം നല്‍കിയ ആര്‍.ജെ.ഡി-എല്‍.ജെ.പി. സഖ്യത്തിന്‌ 25 സീറ്റേ നേടാനായുള്ളൂ.
ലാലുവിന്റെ ആര്‍.ജെ.ഡി-22. പസ്വാന്റെ എല്‍.ജെ.പി. മൂന്ന്‌. കോണ്‍ഗ്രസ്‌ നാലു സീറ്റിലൊതുങ്ങി. സി.പി.. ഒരിടത്തും സ്വതന്ത്രര്‍ ആറിടത്തും ജയിച്ചു. ജെ.എം.എം. അക്കൗണ്ട്‌ തുറന്നു. സി.പി.എമ്മിനു സീറ്റില്ല. 2005ല്‍ 143 സീറ്റ്‌ നേടിയാണ്‌ ജനതാദള്‍(യു)-ബി.ജെ.പി. സഖ്യം അധികാരത്തിലെത്തിയത്‌. അന്ന്‌ ആര്‍.ജെ.ഡി. 54 സീറ്റും എല്‍.ജെ.പി. 10 സീറ്റും കോണ്‍ഗ്രസ്‌ ഒമ്പതു സീറ്റും നേടിയിരുന്നു. യു.പിയില്‍ നടത്തിയ തിരിച്ചുവരവു പോലെ ബിഹാറിലും ഒരു തിരിച്ചുവരവു സ്വപ്‌നം കണ്ടിരുന്ന കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി നിതീഷ്‌ കുമാറിന്റെ ഏകപക്ഷീയ ജയം. ലാലുവും രാഹുല്‍ ഗാന്ധിയുമാണ്‌ ബിഹാര്‍ തെരഞ്ഞെടുപ്പിലെ രണ്ടു ദുരന്ത നക്ഷത്രങ്ങള്‍.

ബിഹാറില്‍ കോണ്‍ഗ്രസിന്റെ എക്കാലത്തേയും വലിയ തെരഞ്ഞെടുപ്പു തോല്‍വിക്കാണ്‌ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചത്‌. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയിട്ടും നിതീഷ്‌ തരംഗത്തില്‍ അതൊന്നും ഏശിയില്ല. 19 നിയമസഭാ മണ്ഡലങ്ങളില്‍ രാഹുല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ എത്തിയപ്പോള്‍ രണ്ടു തവണ സോണിയ ബിഹാറിലെത്തി വിവിധ മണ്ഡലങ്ങളില്‍ പ്രചരണം നടത്തി. യു.പിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ്‌ നേടിയതുപോലെ രാഹുലിന്റെ ചിറകിലേറി നല്ലകാലം വരുന്നതും നോക്കിയിരിക്കുകയായിരുന്നു ബിഹാറിലെ കോണ്‍ഗ്രസുകാര്‍. കേവലം അഞ്ചു സീറ്റുമായി ഒതുങ്ങാനായിരുന്നു കോണ്‍ഗ്രസിന്റെ വിധി.

2005-
ലെ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റ്‌ ഉണ്ടായിരുന്നെങ്കില്‍ അത്‌ ഇത്തവണ അഞ്ചായി കുറഞ്ഞു. സംസ്‌ഥാനത്ത്‌ ആകെയുള്ള 230 സീറ്റില്‍ 196 സീറ്റു നേടി 1985ല്‍ ഭരണത്തിലെത്തിയ പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. പിന്നീടങ്ങോട്ട്‌ തകര്‍ച്ചയുടെ കാലമായിരുന്നു. 1990 ആയപ്പോള്‍ ഇത്‌ 71 സീറ്റായി കുറഞ്ഞു. ലാലുവിന്റെ ആര്‍.ജെ.ഡിയായിരുന്നു അന്ന്‌ ഭരണത്തിലെത്തിയത്‌. 1995ല്‍ ആകട്ടെ ഇത്‌ 29 സീറ്റായി കുറഞ്ഞു. 2000ത്തില്‍ 23 സീറ്റായി കുറഞ്ഞ കോണ്‍ഗ്രസ്‌ പിന്നീട്‌ തലപൊക്കിയില്ല. 2005ല്‍ കേവലം ഒമ്പതു സീറ്റിലേക്ക്‌ കോണ്‍ഗ്രസ്‌ പതിച്ചു.

ഇപ്പോള്‍ അത്‌ നാലു സീറ്റിലേക്കും. ബിഹാറില്‍ നിതീഷിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും കോണ്‍ഗ്രസിനു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ്‌ ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ വാദം. മണ്ഡലത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സ്‌ഥാനാര്‍ഥികള്‍ക്കു സീറ്റ്‌ നല്‍കിയതും കേന്ദ്ര നേതാക്കള്‍ ഉയര്‍ത്തി വിട്ട തരംഗം വോട്ടാക്കി മാറ്റാന്‍ സംസ്‌ഥാന നേതൃത്വത്തിനു കഴിയാതെ പോയതുമാണ്‌ പരാജയത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍.

ഭരണം തിരിച്ചു പിടിക്കുമെന്ന അവകാശ വാദത്തോടെയാണ്‌ ലാലുവിന്റെ ആര്‍.ജെ.ഡിയും രാംവിലാസ്‌ പാസ്വാന്റെ എല്‍.ജെ.പിയും ചേര്‍ന്ന സഖ്യകക്ഷി ഇത്തവണ മത്സരിച്ചത്‌. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ലാലു കക്ഷികളുടെ നില 25 സീറ്റിലേക്കു താണു.

കഴിഞ്ഞ തവണ 64 സീറ്റ്‌ ഉണ്ടായിരുന്നിടത്തു നിന്നാണ്‌ ഈ തകര്‍ച്ചയുടെ ആഴം മനസിലാക്കേണ്ടത്‌. ലാലുവിനെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന്‌ പറയുമ്പോഴും ഇനിയൊരു തിരിച്ചു വരവ്‌ ലാലുവിന്‌ സാധ്യമല്ല എന്നു വിശ്വസിക്കുന്നവരാണ്‌ കൂടുതലും.

ദേശീയതലത്തിലും ഇതിനു പിന്നാലെ സംസ്‌ഥാന തലത്തിലും കോണ്‍ഗ്രസില്‍നിന്നു വിട്ടുമാറി ഒറ്റയ്‌ക്കു മത്സരിക്കാനുള്ള ലാലുവിന്റെ തീരുമാനം തിരിച്ചടിച്ചിട്ടുണ്ട്‌. അതോടൊപ്പം ദേശീയതലത്തിലും ലാലുവിന്റെ പ്രസക്‌തിക്ക്‌ ഇടിയാനാണ്‌ വിധി.

ലാലുവിന്റെ ഭാര്യയും അളിയന്‍മാരും തോറ്റു          

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടിക്കൊപ്പം നിലംപരിശായവരില്‍ ഭാര്യയും അളിയന്മാരും. നിതീഷ്‌ തരംഗമായി ആഞ്ഞടിച്ച രാഷ്‌ട്രീയ സുനാമിയില്‍ ലാലു പ്രസാദിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവി, അവരുടെ സഹോദരന്‍മാരായ സാധു യാദവ്‌, സുഭാഷ്‌ യാദവ്‌ എന്നിവരാണ്‌ തോല്‍വി ഏറ്റുവാങ്ങിയത്‌. രാഘോപ്പൂര്‍, സോനേപ്പൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ച റാബറി ദേവി രണ്ടിടത്തും തോറ്റത്‌ ആര്‍.ജെ.ഡിക്കും ലാലുവിനും തീര്‍ത്താല്‍ തീരാത്ത മാനക്കേടായി. രാഘോപ്പൂരില്‍ ജെ.ഡി.യുവിലെ സതീഷ്‌ കുമാര്‍ 1,300 വോട്ടുകള്‍ക്കാണ്‌ റാബറിയെ പരാജയപ്പെടുത്തിയത്‌. ഗോപാല്‍ഗഞ്ചില്‍നിന്നു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചാണ്‌ റാബറിയുടെ സഹോദരന്‍ സാധു യാദവ്‌ തോറ്റത്‌. അനിരുദ്ധ്‌ പ്രസാദ്‌ യാദവ്‌ എന്ന സാധു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

സാധു ലോക്‌സഭയിലേക്കും മത്സരിച്ചു തോറ്റിരുന്നു. ആര്‍.ജെ.ഡി. തഴയുന്നെന്ന്‌ ആരോപിച്ചു തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ ലാലുവിന്റെ ഇളയ അളിയന്‍ സുഭാഷ്‌ യാദവ്‌ പാര്‍ട്ടി വിട്ടത്‌. ബിക്രം മണ്ഡലത്തില്‍നിന്നു സ്വതന്ത്രനായി മത്സരിച്ചാണു സുഭാഷിന്റെ തോല്‍വി.

Wednesday, November 24, 2010

അമേരിക്ക തിരിച്ചുകയറാന്‍ സമയമെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ്

സാമ്പത്തിക സ്ഥിതി പൂര്‍ണതോതില്‍ മെച്ചപ്പെടണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ്. രാജ്യത്ത് സാമ്പത്തിക രംഗത്തിന് ഭീഷണിയാവുന്ന തൊഴിലില്ലായ്മാ നിരക്ക് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ എട്ട് ശതമാനത്തിന് മുകളിലെത്താന്‍ സാധ്യതയുണ്ടെന്നും ഫെഡറല്‍ റിസര്‍വ് നിരീക്ഷിക്കുന്നു.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാധാരണ സ്ഥിതിയിലെത്തണമെങ്കില്‍ അഞ്ചോ ആറോ വര്‍ഷങ്ങളെടുക്കുമെന്നാണ് ഫെഡറല്‍ റിസര്‍വ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുമെന്ന് ചില നയപ്രതിനിധികള്‍ അഭിപ്രായപ്പെടുന്നുണ്ട്. നടപ്പു വര്‍ഷം സമ്പദ്‌രംഗം രണ്ടര ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. മുന്‍പ് 3-3.5 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്.

2011
ല്‍ മൂന്നിനും മൂന്നര ശതമാനത്തിനുമിടയില്‍ വളര്‍ച്ചയാണ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിക്കുന്നത്. നേരത്തേയിത് മൂന്നര ശതമാനത്തിനും നാല് ശതമാനത്തിനുമിടയിലായിരുന്നു. നടപ്പ് വര്‍ഷത്തിലെ ശരാശരി തൊഴിലില്ലായ്മാ നിരക്ക് ഒമ്പതര ശതമാനത്തോളമായിരിക്കുമെന്നും ഫെഡ് അഭിപ്രായപ്പെട്ടു. ഒക്ടോബറില്‍ ഇത് 9.6 ശതമാനമായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന് മുന്‍പ് അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് 4.6 ശതമാനമായിരുന്നു.

അതേസമയം, സമീപ ഭാവിയില്‍ പണപ്പെരുപ്പം വലിയ പ്രതിസന്ധിയാവില്ലെന്ന് ഫെഡ് അഭിപ്രായപ്പെട്ടു. ഉപഭോക്തൃ വസ്തുക്കളുടെ വില വര്‍ധന 2012ല്‍ രണ്ട് ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ അനുമാനം.