Wednesday, November 24, 2010

അമേരിക്ക തിരിച്ചുകയറാന്‍ സമയമെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ്

സാമ്പത്തിക സ്ഥിതി പൂര്‍ണതോതില്‍ മെച്ചപ്പെടണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ്. രാജ്യത്ത് സാമ്പത്തിക രംഗത്തിന് ഭീഷണിയാവുന്ന തൊഴിലില്ലായ്മാ നിരക്ക് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ എട്ട് ശതമാനത്തിന് മുകളിലെത്താന്‍ സാധ്യതയുണ്ടെന്നും ഫെഡറല്‍ റിസര്‍വ് നിരീക്ഷിക്കുന്നു.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാധാരണ സ്ഥിതിയിലെത്തണമെങ്കില്‍ അഞ്ചോ ആറോ വര്‍ഷങ്ങളെടുക്കുമെന്നാണ് ഫെഡറല്‍ റിസര്‍വ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുമെന്ന് ചില നയപ്രതിനിധികള്‍ അഭിപ്രായപ്പെടുന്നുണ്ട്. നടപ്പു വര്‍ഷം സമ്പദ്‌രംഗം രണ്ടര ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. മുന്‍പ് 3-3.5 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്.

2011
ല്‍ മൂന്നിനും മൂന്നര ശതമാനത്തിനുമിടയില്‍ വളര്‍ച്ചയാണ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിക്കുന്നത്. നേരത്തേയിത് മൂന്നര ശതമാനത്തിനും നാല് ശതമാനത്തിനുമിടയിലായിരുന്നു. നടപ്പ് വര്‍ഷത്തിലെ ശരാശരി തൊഴിലില്ലായ്മാ നിരക്ക് ഒമ്പതര ശതമാനത്തോളമായിരിക്കുമെന്നും ഫെഡ് അഭിപ്രായപ്പെട്ടു. ഒക്ടോബറില്‍ ഇത് 9.6 ശതമാനമായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന് മുന്‍പ് അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് 4.6 ശതമാനമായിരുന്നു.

അതേസമയം, സമീപ ഭാവിയില്‍ പണപ്പെരുപ്പം വലിയ പ്രതിസന്ധിയാവില്ലെന്ന് ഫെഡ് അഭിപ്രായപ്പെട്ടു. ഉപഭോക്തൃ വസ്തുക്കളുടെ വില വര്‍ധന 2012ല്‍ രണ്ട് ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ അനുമാനം.

No comments: