Monday, November 22, 2010

ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളെ കൈപ്പിടിയിലൊതുക്കിയ നീര റാഡിയ


ആരാണീ നീര റാഡിയ?

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തി ദല്‍ഹിയുടെ അധികാര കേന്ദ്രങ്ങളെ കൈപ്പിടിയിലൊതുക്കിയ കഥയാണ് നീരയുടേത്. ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബിസിനസുകാരി ടാറ്റ മുതല്‍ റെയ്മണ്ട്‌സ് വരെയുള്ള എണ്ണമറ്റ കുത്തകകളുടെ ഇടപാടുകള്‍ നടപ്പാക്കികൊടുക്കുന്ന ഇടനിലക്കാരിയായി പതിറ്റാണ്ടു കാലമായി ദല്‍ഹിയിലുണ്ട്. ഇന്ദ്രപ്രസ്ഥം അടക്കിവാഴുന്ന രാഷ്ട്രീയക്കാരുമായും മന്ത്രിമാരുമായും പത്രപ്രവര്‍ത്തകരുമായും നീരക്കുള്ളത് അഗാധ ബന്ധങ്ങള്‍. 1971ല്‍ ഇദിഅമീന്റെ ഭരണകാലത്ത് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട വിട്ടോടി നൈജീരിയയില്‍ എത്തിയതാണ് നീരയുടെ കുടുംബം. പിന്നീടവര്‍ ബ്രിട്ടനിലേക്ക് കുടിയേറി.

നീരയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും ബാല്യംചെലവഴിച്ചത് ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിയില്‍. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ഹെലികോപ്ടര്‍ കച്ചവടങ്ങളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന പിതാവില്‍നിന്ന് നീര വ്യാപാര ബാലപാഠങ്ങള്‍ പഠിച്ചെടുത്തു. ഇന്ത്യയില്‍നിന്നുള്ള കച്ചി വംശജനായ ജനക് റാഡിയയെയാണ് നീര വിവാഹം കഴിച്ചത്. മൂന്നു ആണ്‍ മക്കള്‍ പിറന്നതോടെ വിവാഹ ബന്ധം തല്ലിപ്പിരിഞ്ഞെങ്കിലും പേരിനൊപ്പമുള്ള റാഡിയയെന്ന പേര് നീര പറിച്ചെറിഞ്ഞില്ല. അവര്‍ നേരേ ഇന്ത്യയിലേക്ക് പറന്നു. നീരയുടെ ഇന്ത്യയിലെ വളര്‍ച്ച അതിവേഗമായിരുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കോടികളുടെ ബിസിനസ് ഇടപാടുകള്‍ ഒപ്പിച്ചുകൊടുക്കുന്ന സാമ്രാജ്യത്തെകുറിച്ച് സൂചന ലഭിച്ചതോടെ ആദായനികുതി വകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങി നീരയുടെ ഫോണുകള്‍ ചോര്‍ത്താന്‍ തുടങ്ങി. ഫോണ്‍ സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ വകുപ്പുതന്നെ നടുങ്ങി. കേന്ദ്രത്തില്‍ ആരു മന്ത്രിയാകണം എന്നുപോലും നിശ്ചയിക്കുന്നത് നീര!

 

വഴിവിട്ട് സ്‌പെക്ട്രം നേടാന്‍ കമ്പനികളെ തുണച്ചത് നീര

വഴിവിട്ട് 2ജി സ്‌പെക്ട്രം അനുമതി നേടിയ കമ്പനികളില്‍ ഒമ്പതില്‍ നാലും നീര റാഡിയയുടെ 'സേവന' പരിധിയില്‍ വരുന്നത്.

സ്വാധീനത്തിന്റെ പുറത്ത് അരുതായ്മകള്‍ നടക്കുന്നതായി തിരിച്ചറിഞ്ഞ ആദായനികുതി വകുപ്പ് നീരയുടെ ടെലിഫോണ്‍ ചോര്‍ത്താന്‍ അനുമതി തേടിയത് 2009 ലാണ്. ഡി..ജി വിനീത് അഗര്‍വാള്‍ 2009 നവംബര്‍ 16ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന്റെ(ഇന്‍വെസ്റ്റിഗേഷന്‍) മിലന്‍ ജയിന് കത്തെഴുതി. അതീവ രഹസ്യമായിരിക്കണം ചോര്‍ത്തലെന്ന നിബന്ധനയില്‍ അദ്ദേഹം അനുമതി നല്‍കി.റാഡിയയുടെ മൊബൈല്‍ ഉള്‍പ്പെടെ ഒമ്പതു ഫോണുകളാണ് ചോര്‍ത്തിയത്ആഗസ്റ്റ് 20ന് ആദ്യഘട്ട ചോര്‍ത്തല്‍. 2009 മേയ് 11ന് രണ്ടാം ഘട്ടം. മൊത്തം 180 ദിവസങ്ങളിലെ ടെലിഫോണ്‍ സംഭാഷണ രേഖകളാണ് ലഭിച്ചത്.


പ്രമുഖ ബിസിനസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നേതാക്കള്‍, മന്ത്രിമാര്‍ എല്ലാവരും ഇതില്‍ ഉള്‍പ്പെടുന്നു. അഹ്മദ് പട്ടേല്‍, എം. കരുണാനിധി, ഗുലാം നബി ആസാദ്, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്‍, ദയാനിധി മാരന്‍, ടി.ആര്‍. ബാലു, ദയാലു അമ്മാള്‍, രാജാത്തി അമ്മാള്‍, അമര്‍സിങ് എന്നിവര്‍ക്കു പുറമെ മാധ്യമ പ്രവര്‍ത്തകരായ ബര്‍ഖ ദത്ത, വീര്‍ സാങ്‌വി, പ്രഭു ചാവ്‌ല, എം.കെ വേണു, രാജ്ദീപ്‌സര്‍ദേശായി തുടങ്ങി നീണ്ട നിര. എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും വേറെ. ഇന്ത്യ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ശക്തമായ വെളിപ്പെടുത്തലാണ് ഈ ടെലിഫോണ്‍ സംഭാഷണ രേഖകള്‍. സര്‍ക്കാര്‍ നയരൂപവത്കരണം മുതല്‍ കോടതി വിധികളെ വരെ എങ്ങനെ മാറ്റിമറിക്കാന്‍ ഇടനിലക്കാര്‍ക്കും ലോബികള്‍ക്കും സാധിക്കുന്നു എന്ന ഓര്‍മപ്പെടുത്തലും. പിന്നാലെ സി.ബി.ഐ ഉണ്ടെന്ന വിവരം റാഡിയക്ക് ചോര്‍ത്തി നല്‍കിയതും ഭരിക്കുന്നവര്‍ തന്നെ. അതോടെ ലണ്ടനിലേക്ക് മുങ്ങി.


എന്നാല്‍, സ്വന്തം പേരിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ നിലനില്‍പ് കുളംതോണ്ടുമെന്നു കണ്ടതോടെ തിരിച്ചെത്തി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ആദായനികുതിവകുപ്പും ഇവരെ ചോദ്യംചെയ്തിരുന്നു. നവംബര്‍ 15ന് സുപ്രീം കോടതിയില്‍ ഈ ടെലിഫോണ്‍ രേഖ സമര്‍പ്പിച്ചു. ടാറ്റക്കും മുകേഷ് അംബാനിക്കും വേണ്ടിയാണ് റാഡിയ മുഖ്യമായും പ്രവര്‍ത്തിച്ചത്. ടെലികോം വകുപ്പില്‍ വിവരംകെട്ട ഒരു കളിപ്പാവയാണ് ആവശ്യമെന്നും അതിന് എ. രാജയോളം പോന്ന മറ്റൊരാള്‍ വേറെയില്ലെന്നും കോര്‍പറേറ്റ് പ്രമുഖര്‍ റാഡിയയോട് പറയുന്നുണ്ട്. പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് രേഖ കോടതിയിലെത്തിയത്.


ശക്തമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ സ്‌പെക്ട്രം അഴിമതി സംഭവം സുപ്രീംകോടതി തന്നെ നിരീക്ഷിക്കണമെന്ന് സീനിയന്‍ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ നിര്‍ദേശിക്കുകയായിരുന്നു. രാജയുടെ മന്ത്രിസ്ഥാനം മുതല്‍ മുംബൈ കോടതി വിധി വരെ നിരവധി വിഷയങ്ങളില്‍ ലോബി ചെലുത്തുന്ന സ്വാധീനംവ്യക്തം.

റാഡിയ അറസ്റ്റിലായേക്കും

സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ ഉടന്‍ അറസ്റ്റിലായേക്കും. മന്ത്രിമാരും മാധ്യമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരുമായി രൂപപ്പെടുത്തിയ അടുത്ത ബന്ധം ഉപയോഗിച്ച് രത്തന്‍ ടാറ്റക്കും മുകേഷ് അംബാനിക്കും അനുകൂലമായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറ്റിക്കാന്‍ റാഡിയക്ക് സാധിച്ചതായ ഒട്ടേറെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചുറാഡിയ കുടുങ്ങുന്നതോടെ നിരവധി ഉന്നതരുടെ മുഖംമൂടി കൂടി അഴിഞ്ഞുവീഴുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചുറാഡിയയെ പിടികൂടാന്‍ നേരത്തേ നീക്കം നടന്നെങ്കിലും  ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും തെളിഞ്ഞു.

വിദേശ ഇന്ത്യക്കാരിയായ നീര റാഡിയ രണ്ടായിരത്തിലാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. വ്യോമയാനരംഗത്തെ ലയ്‌സണ്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ചായിരുന്നു മടക്കം. എന്നാല്‍, നിറസൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും തുറന്ന പ്രകൃതവും കൂടുതല്‍ മികച്ച അവസരങ്ങള്‍ തനിക്ക് നല്‍കുമെന്ന് റാഡിയ തിരിച്ചറിഞ്ഞു. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കു വേണ്ടി പബ്ലിക് റിലേഷന്‍സ് ജോലികള്‍ ഏറ്റെടുത്തു ചെയ്യാന്‍ നിരവധി കമ്പനികള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. വൈഷ്ണവി കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റ്‌സ്, നോസിസ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടേഷന്‍ സര്‍വീസസ്, വിറ്റ്‌കോണ്‍ കണ്‍സള്‍ട്ടിങ്, ന്യൂകോം കണ്‍സള്‍ട്ടിങ് എന്നിങ്ങനെ.

ടെലികോമിനു പുറമെ ഊര്‍ജം, വ്യോമയാനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലാണ് സ്വാധീനം ഉറപ്പിച്ചത്. എല്ലാ കമ്പനികളുടെയും തലപ്പത്ത് സുപ്രധാന മന്ത്രാലയങ്ങളില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ചു. ടെലികോം റഗുലേറ്റി അതോറിറ്റിയുടെ മുന്‍ ചെയര്‍മാന്‍, ഊര്‍ജ മന്ത്രാലയത്തിന്റെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി, മുന്‍ ധനകാര്യ സെക്രട്ടറി തുടങ്ങി ബ്യൂറോക്രസിയുടെ തലപ്പത്തുനിന്ന് വിരമിച്ച ഉന്നതരില്‍ ഒരുപാടുപേര്‍ ലക്ഷങ്ങള്‍ ശമ്പളംപറ്റി നീരയുടെ കൂലിക്കാരായി. കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാറില്‍ ലോബിയിങ് നടത്തുകയായിരുന്നു ഇവരുടെ ചുമതല.

No comments: