Monday, November 22, 2010

സ്പെക്ട്രം ഇടപാടിന്റെ പങ്കുപറ്റാത്തത് സി.പി.എം മാത്രം


മാധ്യമം വാര്‍ത്ത 19/11/2010
സ്‌പെക്ട്രം ഇടപാടില്‍ മറിഞ്ഞ കോടികളുടെ ഗുണഫലം ലഭിക്കാത്ത ആരുണ്ട്? എല്ലാം അറിഞ്ഞിട്ടും മാധ്യമങ്ങളും ജുഡീഷ്യറിയും മൗനംപാലിച്ചത് എന്തുകൊണ്ട്?- തിരുവനന്തപുരം സ്വദേശി ജെ.ഗോപികൃഷ്ണന്റെ ഉള്ളില്‍ ചോദ്യങ്ങള്‍ ഇരമ്പുന്നു.

1.76
ലക്ഷം കോടി രൂപയുടെ പകല്‍കൊള്ള പുറത്തുകൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനായതിന്റെ സംതൃപ്തിക്കിടയിലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകുമോ എന്ന ആശങ്ക ഈ മാധ്യമ പ്രവര്‍ത്തകന്‍ മറച്ചുപിടിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റ് സ്ഥാപനങ്ങളും ജുഡീഷ്യറിയും മാധ്യമ നേതൃത്വവും അത്രമാത്രം ഇറങ്ങിക്കളിച്ച മറ്റൊരു കുംഭകോണം ഇന്ത്യയില്‍ വേറെ ഉണ്ടായിരിക്കില്ലെന്നും ഗോപികൃഷ്ണന്‍ ഉറച്ചു വിശ്വസിക്കുന്നു. അതേസമയം, രാജയുടെ മന്ത്രിസ്ഥാനം തെറിക്കുകയും സുപ്രീം കോടതി പ്രധാനമന്ത്രിയുടെ കുറ്റകരമായ നിസ്സംഗതയെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഗോപികൃഷ്ണന് പ്രതീക്ഷയുണ്ട്. 'പയനിയര്‍' പത്രത്തില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായ ഗോപികൃഷ്ണനിലൂടെയാണ് സ്‌പെക്ട്രം ഇടപാടിന്റെ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവന്നത്. പത്രാധിപര്‍ ചന്ദന്‍മിത്ര നല്‍കിയ ആവേശം മാത്രമായിരുന്നു കൂട്ട്. ടെലിവിഷന്‍ ചാനലുകള്‍ മറച്ചുപിടിക്കാന്‍ മത്സരിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിയപ്പോള്‍ രാജയും കൂട്ടരും പ്രീണനത്തിന്റെ വൃത്തികെട്ട അധ്യായം വരെ പുറത്തെടുക്കുകയുണ്ടായി. പാളാതെ ദൗത്യത്തില്‍ ഉറച്ചുനിന്ന ഗോപികൃഷ്ണന്‍ പാര്‍ലമെന്റ് ഹാളില്‍ 'മാധ്യമ'ത്തോട് സംസാരിച്ചു:
സ്‌പെക്ട്രം കൊള്ളയുടെ തുടക്കം?

നേരത്തെ കേന്ദ്രത്തില്‍ പരിസ്ഥിതി മന്ത്രിയെന്ന നിലക്ക് റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ പ്രിയങ്കരനായിരുന്നു രാജ. എല്ലാ പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് റിയല്‍ എസ്‌റ്റേറ്റ് ലോബിക്കൊപ്പം നിലയുറപ്പിച്ചിരുന്നു ആ ഘട്ടത്തില്‍. സ്വന്തം പേരില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍വരെ തുടങ്ങി. 
ദയാനിധി മാരന്റെ ഒഴിവിലാണ് എ. രാജ ടെലികോം മന്ത്രിയാകുന്നത്. അതോടെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഭൂമി ബാങ്കായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളെയും രാജ തനിക്കൊപ്പം കൂട്ടി. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും രത്തന്‍ ടാറ്റയുടെ കമ്പനികളും വഴിവിട്ടു കളിച്ചു. വീഡിയോ കോണ്‍, ഷാഹിദ് സല്‍വയും വിനോദ ഗോയങ്കയും ഉള്‍പ്പെട്ട സ്വാന്‍ ടെലികോം കമ്പനി എന്നിവയായിരുന്നു സ്‌പെക്ട്രത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. സ്വാന്‍, യൂനിടെക് കമ്പനികളാണ് കൂടുതല്‍ അടിച്ചെടുത്തത്. പശ്ചിമ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും  ഫണ്ട് സമാഹരിച്ചുനല്‍കുന്ന ഏജന്‍സികളുടെ കമ്പനികള്‍ക്കാണ് ലൈസന്‍സുകളില്‍ അധികവും ലഭിച്ചത്.

അപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ കൃത്യമായ പങ്കുണ്ട്?മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും. സ്‌പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും കിട്ടിയിരിക്കണം.

എന്നാല്‍ സി.പി.എം, ...ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുകുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യം പോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു.

അന്വേഷണത്തിന്റെ തുടക്കം എങ്ങനെ?

ആദ്യം കൊച്ചിയില്‍ 'പയനിയര്‍' പത്രത്തിന്റെ ലേഖകനായിരുന്നു ഞാന്‍.  2007ല്‍ ബ്യൂറോ അടച്ചതോടെ ദല്‍ഹിക്കു വണ്ടി കയറി. ഇവിടെ, ദല്‍ഹി ബ്യൂറോ ചീഫ് നവീന്‍ ഉപാധ്യായയാണ് പത്രാധിപരോട് എനിക്കുവേണ്ടി സംസാരിച്ചത്. ആദ്യം ഇടതു പാര്‍ട്ടികളുടെ ബീറ്റായിരുന്നു ലഭിച്ചത്. ടെലികോം മേഖലയെക്കുറിച്ച് വാര്‍ത്ത ചെയ്യാന്‍ കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നു. 2008 ഡിസംബറോടെ സ്‌പെക്ട്രം ഇടപാടിന്റെ ഉള്ളറകളെക്കുറിച്ച് ആദ്യ വാര്‍ത്ത പുറത്തുവന്നു.

ആരായിരുന്നു വാര്‍ത്തയുടെ പ്രധാന സ്രോതസ്സ്?

മന്ത്രാലയത്തില്‍തന്നെയുള്ള ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥര്‍. കോടികളുടെ തട്ടിപ്പുകളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും എഴുതണമെന്ന് അവര്‍ കെഞ്ചി. പല ചാനലുകളെയും പ്രധാന പത്രങ്ങളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വന്‍തോതില്‍ പരസ്യങ്ങള്‍ നിലച്ചേക്കുമെന്ന പേടികാരണം ആരും രാജയെ തൊട്ടില്ല. വാര്‍ത്ത വന്നുതുടങ്ങിയതോടെ ഞെട്ടിക്കുമാറുള്ള വിവരങ്ങള്‍ നല്‍കാന്‍ പലരും തയാറായി. പക്ഷേ, ഒന്നും അപ്പടി കൊടുത്തില്ല. എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയാണ് പത്രത്തില്‍ നല്‍കിയത്.
പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ച ആരെങ്കിലും?

രാജ്യസ്‌നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.കോടതിയില്‍ സുബ്രഹ്മണ്യം സ്വാമിയും പ്രശാന്ത് ഭൂഷണും ശ്രദ്ധേയ നീക്കം നടത്തി. കേന്ദ്ര വിജിലന്‍സ് കമീഷണറായിരുന്ന പ്രത്യുഷ് സിന്‍ഹ വലിയ റോള്‍ നിര്‍വഹിച്ചു.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ രാജയെ കണ്ടിരുന്നോ?

എന്നെ വിളിപ്പിച്ചിരുന്നു. ഭീഷണിയൊന്നും ഉണ്ടായില്ല. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന കുറേ വാഗ്ദാനങ്ങള്‍...

മാധ്യമങ്ങളുടെ റോള്‍?

നിരാശാജനകംസത്യം തുറന്നു പറയുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യ തന്നെ കൊണ്ടാടുന്ന പല യുവ മാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നംചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.

No comments: