ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍(യു)-ബി.ജെ.പി. സഖ്യത്തിന് നാലില്‍ മൂന്നു ഭൂരിപക്ഷം.
243 അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന് 206 സീറ്റുണ്ട്. 141 സീറ്റില്‍ മത്സരിച്ച ജെഡി(യു) 115 സീറ്റും 102 സീറ്റില്‍ മത്സരിച്ച ബി.ജെ.പി. 91 സീറ്റും നേടി. ലാലു പ്രസാദ് യാദവും രാംവിലാസ് പസ്വാനും നേതൃത്വം നല്‍കിയ ആര്‍.ജെ.ഡി-എല്‍.ജെ.പി. സഖ്യത്തിന് 25 സീറ്റേ നേടാനായുള്ളൂ.
ലാലുവിന്റെ ആര്‍.ജെ.ഡി-22. പസ്വാന്റെ എല്‍.ജെ.പി. മൂന്ന്. കോണ്‍ഗ്രസ് നാലു സീറ്റിലൊതുങ്ങി. സി.പി.ഐ. ഒരിടത്തും സ്വതന്ത്രര്‍ ആറിടത്തും ജയിച്ചു. ജെ.എം.എം. അക്കൗണ്ട് തുറന്നു. സി.പി.എമ്മിനു സീറ്റില്ല. 2005ല്‍ 143 സീറ്റ് നേടിയാണ് ജനതാദള്‍(യു)-ബി.ജെ.പി. സഖ്യം അധികാരത്തിലെത്തിയത്. അന്ന് ആര്‍.ജെ.ഡി. 54 സീറ്റും എല്‍.ജെ.പി. 10 സീറ്റും കോണ്‍ഗ്രസ് ഒമ്പതു സീറ്റും നേടിയിരുന്നു. യു.പിയില്‍ നടത്തിയ തിരിച്ചുവരവു പോലെ ബിഹാറിലും ഒരു തിരിച്ചുവരവു സ്വപ്‌നം കണ്ടിരുന്ന കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി നിതീഷ് കുമാറിന്റെ ഏകപക്ഷീയ ജയം. ലാലുവും രാഹുല്‍ ഗാന്ധിയുമാണ് ബിഹാര്‍ തെരഞ്ഞെടുപ്പിലെ രണ്ടു ദുരന്ത നക്ഷത്രങ്ങള്‍.
ബിഹാറില്‍ കോണ്‍ഗ്രസിന്റെ എക്കാലത്തേയും വലിയ തെരഞ്ഞെടുപ്പു തോല്‍വിക്കാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയിട്ടും നിതീഷ് തരംഗത്തില്‍ അതൊന്നും ഏശിയില്ല. 19 നിയമസഭാ മണ്ഡലങ്ങളില്‍ രാഹുല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോള്‍ രണ്ടു തവണ സോണിയ ബിഹാറിലെത്തി വിവിധ മണ്ഡലങ്ങളില്‍ പ്രചരണം നടത്തി. യു.പിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ് നേടിയതുപോലെ രാഹുലിന്റെ ചിറകിലേറി നല്ലകാലം വരുന്നതും നോക്കിയിരിക്കുകയായിരുന്നു ബിഹാറിലെ കോണ്‍ഗ്രസുകാര്‍. കേവലം അഞ്ചു സീറ്റുമായി ഒതുങ്ങാനായിരുന്നു കോണ്‍ഗ്രസിന്റെ വിധി.
2005-ലെ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റ് ഉണ്ടായിരുന്നെങ്കില്‍ അത് ഇത്തവണ അഞ്ചായി കുറഞ്ഞു. സംസ്‌ഥാനത്ത് ആകെയുള്ള 230 സീറ്റില്‍ 196 സീറ്റു നേടി 1985ല്‍ ഭരണത്തിലെത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിന്നീടങ്ങോട്ട് തകര്‍ച്ചയുടെ കാലമായിരുന്നു. 1990 ആയപ്പോള്‍ ഇത് 71 സീറ്റായി കുറഞ്ഞു. ലാലുവിന്റെ ആര്‍.ജെ.ഡിയായിരുന്നു അന്ന് ഭരണത്തിലെത്തിയത്. 1995ല്‍ ആകട്ടെ ഇത് 29 സീറ്റായി കുറഞ്ഞു. 2000ത്തില്‍ 23 സീറ്റായി കുറഞ്ഞ കോണ്‍ഗ്രസ് പിന്നീട് തലപൊക്കിയില്ല. 2005ല്‍ കേവലം ഒമ്പതു സീറ്റിലേക്ക് കോണ്‍ഗ്രസ് പതിച്ചു.
ഇപ്പോള്‍ അത് നാലു സീറ്റിലേക്കും. ബിഹാറില്‍ നിതീഷിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും കോണ്‍ഗ്രസിനു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ വാദം. മണ്ഡലത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സ്‌ഥാനാര്‍ഥികള്‍ക്കു സീറ്റ് നല്‍കിയതും കേന്ദ്ര നേതാക്കള്‍ ഉയര്‍ത്തി വിട്ട തരംഗം വോട്ടാക്കി മാറ്റാന്‍ സംസ്‌ഥാന നേതൃത്വത്തിനു കഴിയാതെ പോയതുമാണ് പരാജയത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍.
ഭരണം തിരിച്ചു പിടിക്കുമെന്ന അവകാശ വാദത്തോടെയാണ് ലാലുവിന്റെ ആര്‍.ജെ.ഡിയും രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയും ചേര്‍ന്ന സഖ്യകക്ഷി ഇത്തവണ മത്സരിച്ചത്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ലാലു കക്ഷികളുടെ നില 25 സീറ്റിലേക്കു താണു.
കഴിഞ്ഞ തവണ 64 സീറ്റ് ഉണ്ടായിരുന്നിടത്തു നിന്നാണ് ഈ തകര്‍ച്ചയുടെ ആഴം മനസിലാക്കേണ്ടത്. ലാലുവിനെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് പറയുമ്പോഴും ഇനിയൊരു തിരിച്ചു വരവ് ലാലുവിന് സാധ്യമല്ല എന്നു വിശ്വസിക്കുന്നവരാണ് കൂടുതലും.
ദേശീയതലത്തിലും ഇതിനു പിന്നാലെ സംസ്‌ഥാന തലത്തിലും കോണ്‍ഗ്രസില്‍നിന്നു വിട്ടുമാറി ഒറ്റയ്‌ക്കു മത്സരിക്കാനുള്ള ലാലുവിന്റെ തീരുമാനം തിരിച്ചടിച്ചിട്ടുണ്ട്. അതോടൊപ്പം ദേശീയതലത്തിലും ലാലുവിന്റെ പ്രസക്‌തിക്ക് ഇടിയാനാണ് വിധി.
ലാലുവിന്റെ ഭാര്യയും അളിയന്‍മാരും തോറ്റു
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടിക്കൊപ്പം നിലംപരിശായവരില്‍ ഭാര്യയും അളിയന്മാരും. നിതീഷ് തരംഗമായി ആഞ്ഞടിച്ച രാഷ്‌ട്രീയ സുനാമിയില്‍ ലാലു പ്രസാദിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവി, അവരുടെ സഹോദരന്‍മാരായ സാധു യാദവ്, സുഭാഷ് യാദവ് എന്നിവരാണ് തോല്‍വി ഏറ്റുവാങ്ങിയത്. രാഘോപ്പൂര്‍, സോനേപ്പൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ച റാബറി ദേവി രണ്ടിടത്തും തോറ്റത് ആര്‍.ജെ.ഡിക്കും ലാലുവിനും തീര്‍ത്താല്‍ തീരാത്ത മാനക്കേടായി. രാഘോപ്പൂരില്‍ ജെ.ഡി.യുവിലെ സതീഷ് കുമാര്‍ 1,300 വോട്ടുകള്‍ക്കാണ് റാബറിയെ പരാജയപ്പെടുത്തിയത്. ഗോപാല്‍ഗഞ്ചില്‍നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാണ് റാബറിയുടെ സഹോദരന്‍ സാധു യാദവ് തോറ്റത്. അനിരുദ്ധ് പ്രസാദ് യാദവ് എന്ന സാധു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സാധു ലോക്‌സഭയിലേക്കും മത്സരിച്ചു തോറ്റിരുന്നു. ആര്‍.ജെ.ഡി. തഴയുന്നെന്ന് ആരോപിച്ചു തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ലാലുവിന്റെ ഇളയ അളിയന്‍ സുഭാഷ് യാദവ് പാര്‍ട്ടി വിട്ടത്. ബിക്രം മണ്ഡലത്തില്‍നിന്നു സ്വതന്ത്രനായി മത്സരിച്ചാണു സുഭാഷിന്റെ തോല്‍വി.
No comments:
Post a Comment