Saturday, January 29, 2011

ടുണീഷ്യ, ഈജിപ്ത്, യമന്‍





Dool News

ആഫ്രിക്കയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള ടുണീഷ്യയില്‍ ഉണ്ടായ ചെറിയൊരു ചലനം ലോകത്തെതന്നെ സ്വാധീനിച്ചിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ടുണീഷ്യയില്‍ ഈയിടെ നടന്ന ജാസ്മിന്‍ റവല്യൂഷന്‍ എന്ന് ഓമനപ്പേരിട്ടു വിളിച്ച പ്രതിഷേധ സമരം വന്‍മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. കാലാകാലങ്ങളായി നിലനിന്നിരുന്ന നീച ഭരണ വ്യവസ്ഥിതിയുടെ അടിമകളായി കഴിയേണ്ടിവന്ന ചില രാജ്യങ്ങളില്‍ ഒരു ടുണീഷ്യന്‍ ഇഫക്ട് തന്നെയാണ് ഉണ്ടായിരിക്കുന്നത്.
പതിറ്റാണ്ടുകളായി തങ്ങളുടെ രാജ്യത്തെയും ശബ്ദത്തെയും എന്തിന് ശ്വാസത്തെപ്പോലും അടക്കിവാണുകൊണ്ടിരുന്ന പ്രസിഡന്റ് സൈന്‍ എല്‍ അബിദിന്‍ ബെന്‍ അലിയ്‌ക്കെതിരെയുള്ള ടുണീഷ്യക്കാരുടെ ദേഷ്യം പുകയാന്‍ തുടങ്ങിയിട്ട് കുറേയായിക്കാണും. എന്നാല്‍ അത്‌ കത്തിത്തുടങ്ങിയത് ആഴ്ചകള്‍ക്കുമുമ്പാണ്. 1987മുതല്‍ ടുണീഷ്യ ബെന്‍ അലിക്ക് തറവാട്ട് സ്വത്ത് പോലെയായിരുന്നു. ജനങ്ങള്‍ പൊട്ടിത്തെറിക്കുന്നത് കണ്ട് ഗത്യന്തരമില്ലാതെ ഓടിയൊളിക്കുന്നതുവരെ ടുണീഷ്യന്‍ ജനതക്ക് അതുവരെ അടക്കിവാണിരുന്ന ബെന്‍ അലിയെ സഹിക്കേണ്ടിയും വന്നു.
ആ ഏകാധിപതിയുടെ തകര്‍ച്ചയ്ക്ക് ശേഷം ടുണീഷ്യ മാറുന്നതാണ് നാം കണ്ടത്. പ്രധാനമന്ത്രി മുഹമ്മദ് ഗനൗഷി ഇവിടെ അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ടുണീഷ്യയിലെ ജനമുന്നേറ്റം വര്‍ഷങ്ങളായി അടിമത്തം അനുഭവിച്ചുകൊണ്ടിരിക്കുന്ന പല രാജ്യങ്ങള്‍ക്കും പ്രചോദനമാകുമെന്ന് അന്നേ പലരും കണക്കുകൂട്ടിയിരുന്നു. ആ കണക്കുകൂട്ടലുകള്‍ ഏതായാലും പിഴച്ചില്ല.
ടുണീഷ്യന്‍ വിപ്ലവം പുരോഗമിച്ചുകൊണ്ടിരിക്കെ തന്നെയാണ് വടക്കേ ആഫ്രിക്കയിലെ തന്നെ രാജ്യമായ ഈജിപ്തിലും ജനകീയ മുന്നേറ്റം തുടങ്ങിയത്. അതും പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ തന്നെ.അരനൂറ്റാണ്ടുമുന്‍പ് പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസറിന്റെ കാലത്ത് ഈജിപ്തിനെ അറബ് ലോകത്തിന്റെ നായക പദവിയിലെത്തിക്കുകയും ചെയ്തു. പക്ഷേ ആ നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മ മാത്രം ഇന്ന് നിലനില്‍ക്കുന്നു. അബ്ദുല്‍നാസറിന്റെ പിന്‍ഗാമിയായ അന്‍വര്‍ സാദത്ത് വധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന മുബാറക്ക് ഭരണം ഏറ്റെടുക്കുകയായിരുന്നു. സ്വന്തം അധികാരം നില്‍നിര്‍ത്തുന്നതിന് മാത്രമാണ് മുബാറക് മുന്‍ഗണന നല്‍കിയതും.
അഞ്ചുതവണ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മുബാറക് നാലു തവണയും പ്രസിഡന്റായത് ജനഹിത പരിശോധനയിലൂടെയായിരുന്നു. ഒരു തവണ തിരഞ്ഞെടുപ്പും നടന്നു. അന്ന് മുബാറക്കിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ മത്സരിച്ചയാളെ പിന്നീട് കള്ളക്കേസില്‍ ജയിലടക്കുകയായിരുന്നു.
പുതിയ പ്രസിഡന്റ് തിരിഞ്ഞെടുപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കെയാണ് ഈജിപ്ത് പെട്ടെന്ന് ഇളകി മറിയാന്‍ തുടങ്ങിയിരിക്കുന്നത്. ഇനിയും ഒരാറ് വര്‍ഷം കൂടി മുബാറക് ഭരണം, അല്ലെങ്കില്‍ പ്രസിഡന്റിന്റെ പദം പുത്രനിലേക്ക്- ഈയൊരു പ്രതിസന്ധിയാണ് സമീപകാലത്തായി ഈജിപ്തിലെ ജനങ്ങളുടെ മുന്നില്‍ ഉരിത്തിരിഞ്ഞു വന്നുകൊണ്ടിരിക്കുന്നത്. ഈജിപ്തില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പും ജനങ്ങള്‍ക്ക് ഒരു പാഠമായിരുന്നു.
ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഈ എതിര്‍പ്പിനെ അവഗണിച്ച് അതിനെ തന്റെ കൈയിലുള്ള അധികാരത്തിന്റെ ചെങ്കോല്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക് നടത്തുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്നു കാണാം. ടുണീഷ്യന്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പട്ടാളം വിസമ്മതിച്ചതുപോലെ ഇവിടെയും നടന്നുകൂടായ്കയില്ല.
ആഫ്രിക്കയിലുണ്ടായ ഈ മുന്നേറ്റം ഏഷ്യയിലേക്ക് പടര്‍ന്നു പിടിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ദരിദ്രരാജ്യമാണ് യമന്‍. ജനസംഖ്യയില്‍ മൂന്നിലൊന്നും 24വയസ്സിന് താഴെയുള്ളവരാണിവിടെ. വേണ്ടത്ര വിദ്യാഭ്യാസം ലഭ്യമല്ല, തൊഴിലില്ലായ്മയാണെങ്കില്‍ രൂക്ഷം. ഇതിനൊക്കെ പുറമേ ജലദൗര്‍ലഭ്യവും. ഈ സാഹചര്യത്തിലാണ് ഇവിടുത്തെ ജനങ്ങളും സര്‍ക്കാരിനെതിരെ തിരിയുന്നത്.
30 വര്‍ഷമായി തങ്ങളെ അടക്കിവാണുകൊണ്ടിരിക്കുന്ന പ്രസിഡന്റ് അലി അബ്ദുള്ള സാലി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് ഇവിടെ പ്രക്ഷോഭം തുടങ്ങിയത്. യെമനിലെ പ്രതിപക്ഷനേതാക്കളും യുവാക്കളും ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. തലസ്ഥാനമായ സാനായിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇളകിയിരിക്കുന്നത്. അഴിമതി അവസാനിപ്പിക്കാനും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും അവര്‍ ആവശ്യപ്പെടുന്നു.
ടുണീഷ്യയില്‍ ഉണ്ടായ ജനകീയമുന്നേറ്റം ഇനിയും പല രാജ്യങ്ങളിലും വ്യാപിക്കുമെന്നതുറപ്പാണ്. അധികാരം ജനങ്ങളുടെ കൈകളില്‍ തന്നെയാണെന്ന് ഇത് വ്യക്തമാക്കുന്നു. ആര്‍ക്കും അധികകാലം ആരെയും തളച്ചിടാനാവില്ല. ടുണീഷ്യ, ഈജിപ്ത്, യെമന്‍ ഇനി ഇക്കൂട്ടത്തിലേക്ക് മൊറോക്കോ, ലിബിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും വന്നുകൂടായ്കയില്ല.

വലതു രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖം : മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി

വഴിവിട്ട് പലരെയും സഹായിച്ചു

മലപ്പുറം: അധികാരത്തിലിരിക്കുമ്പോള്‍ ബന്ധു റൌഫ് അടക്കം പലരെയും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചു. ഇന്നലെവരെ അവിഹിതമായി പലതും നടന്നു. പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഏതു മനുഷ്യനും അതില്‍ വീണുപോകും. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യാസഹോദരീഭര്‍ത്താവായ കെ എ റൌഫ് വ്യാജ സിഡി നിര്‍മിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനും ഗുണ്ടകളെ ഏര്‍പ്പാടാക്കി കൊല്ലാനും ശ്രമിക്കുന്നുണ്ട്. അപകീര്‍ത്തിപ്പെടുത്തല്‍ ലക്ഷ്യമിട്ട് സിഡി നിര്‍മിക്കുന്നതായും വിവരമുണ്ട്. തന്നെ കൊല്ലാന്‍ മംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചതിന് തെളിവുണ്ട്.

പണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി റൌഫ് കുറച്ചുകാലമായി ഭീഷണിപ്പെടുത്തുകയാണ്. അയാള്‍ ഇപ്പോള്‍ ബന്ധുവോ മിത്രമോ അല്ല ശത്രുവാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വീണ്ടും അടുത്തുകൂടുകയും പണമുണ്ടാക്കുകയുമാണ് ലക്ഷ്യം. അയാള്‍ക്കെതിരെയുള്ള കേസ് ഒഴിവാക്കാനുള്ള സമ്മര്‍ദവുമുണ്ട്. ഇപ്പോള്‍ വ്യാജ സിഡിയുമായി റൌഫ് രംഗത്തുവരുമെന്ന് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് എല്ലാം തുറന്നുപറയുന്നത്. ഇക്കാര്യമെല്ലാം അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഐസ്ക്രീം കേസ് റൌഫ് കെട്ടിച്ചമച്ചതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ലീഗ് ഹൌസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റൌഫിന്റെ വെളിപ്പെടുത്തല്‍ വന്നതിനെതുടര്‍ന്നാണ് അദ്ദേഹം വീണ്ടും വാര്‍ത്താലേഖകരെ കണ്ടത്. ആദ്യഘട്ടത്തില്‍ ഐസ്ക്രീം കേസ് ഏറ്റെടുത്ത പൊതുപ്രവര്‍ത്തകരെ റൌഫ് സ്വാധീനിച്ചതായാണ് ഇപ്പോള്‍ തോന്നുന്നത്. റൌഫിന്റെ വധഭീഷണി വന്നതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യമെല്ലാം പത്തുവര്‍ഷം മുമ്പേ വെളിപ്പെടുത്തേണ്ടതായിരുന്നു. റൌഫ് കുറേക്കാലമായി തന്നെ വേട്ടയാടുകയാണ്. രക്ഷയില്ലെന്ന് ബോധ്യമായതിനാലാണ് ഇപ്പോള്‍ കാര്യം തുറന്നുപറയുന്നത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് റൌഫിനെതിരെ കേസുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്ത വ്യക്തിയാണ് അയാള്‍. വ്യാജരേഖകള്‍ നിര്‍മിക്കലും റബര്‍ ഫാക്ടറി തീവച്ചു നശിപ്പിക്കലും ഇയാളുടെ സ്ഥിരം ജോലിയാണ്. കോഴിക്കോട്ടെ അറിയപ്പെടുന്ന വട്ടിപ്പലിശക്കാരനാണ്്. വ്യവസായികളും ഡോക്ടര്‍മാരുമടക്കമുള്ള ഉന്നതര്‍ ഇയാളില്‍നിന്ന് പണം വാങ്ങിയതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു കുടുംബം ആത്മഹത്യ ചെയ്തു- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കള്ളനോട്ട് കൊടുത്തും കുടുക്കാന്‍ ശ്രമിച്ചെന്ന് റൌഫ്

കോഴിക്കോട്: കള്ളനോട്ട് കൊടുത്തും കുഞ്ഞാലിക്കുട്ടി തന്നെ കുടുക്കാന്‍ ശ്രമിച്ചതായി ബന്ധു റൌഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുന്നാളിന് സക്കാത്ത് കൊടുക്കാനുള്ള തുക ബാങ്കില്‍ നിന്നു പിന്‍വലിക്കാന്‍ കോഴിക്കോട്ടേക്ക് ജോലിക്കാരനെ വിട്ടപ്പോഴാണ് സംഭവം. ബാങ്കുകാര്‍ ജോലിക്കാരനില്‍ നിന്നു കള്ളനോട്ട് പിടിച്ചു. അന്വേഷണത്തില്‍ ഈ തുക മുഹമ്മദ് സത്താറാണ് നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ നിസാറാണ് സത്താറിന് ഈ തുക നല്‍കിയതെന്നും തെളിഞ്ഞു. സത്താര്‍ നിരവധിതവണ നിസാറുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും ജീവനക്കാരെയും നിരവധിതവണ ചോദ്യംചെയ്തു. ഓഫീസില്‍ റെയ്ഡ് നടത്തി. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ഇവര്‍ കൊണ്ടുപോയിട്ടുണ്ടെന്നും റൌഫ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ വധിക്കാന്‍ താന്‍ ക്വട്ടേഷന്‍ സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉടന്‍ പരാതിനല്‍കും. കുഞ്ഞാലിക്കുട്ടിയെ ഒരുവിധത്തിലും ഭീഷണിപ്പെടുത്തിയിട്ടില്ല. താന്‍ ആര്‍ക്കെതിരെയും വ്യാജ സിഡി ഉണ്ടാക്കിയിട്ടില്ല. ഇത് തെളിയിച്ചാല്‍ കുഞ്ഞാലിക്കുട്ടി പറയുംപോലെ ചെയ്യും. ക്വട്ടേഷന്‍ സംഘവുമായി തനിക്ക് ഒരു ബന്ധവുമില്ല. കോടതി വിലക്കുള്ളതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്തിന് പുറത്തുപോയിട്ടില്ല. മന്ത്രിയായിരിക്കെ ഏതു രീതിയിലാണ് തന്നെ വഴിവിട്ട് സഹായിച്ചതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണം. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരുതവണ മാത്രമാണ് തിരുവനന്തപുരത്ത് പോയത്. ആരു മുഖാന്തരമാണ് ബ്ളാക്ക്മെയില്‍ ചെയ്തതെന്നും ഏതു രീതിയിലാണെന്നും വ്യക്തമാക്കണം. കഴിഞ്ഞ ഒന്നരവര്‍ഷമായി കുഞ്ഞാലിക്കുട്ടിയുമായി അടുപ്പത്തിലല്ല. ഇക്കാലയളവില്‍ അദ്ദേഹവുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടിട്ടില്ല. തന്നെ ഇല്ലാതാക്കാന്‍ കുഞ്ഞാലിക്കുട്ടി നിരവധിതവണ ശ്രമിച്ചു. പലതവണ നേരിട്ടും സുഹൃത്തുക്കള്‍ വഴിയും ഭീഷണി മുഴക്കി. വീട്ടുകാര്‍ക്കും ഭീഷണിയുണ്ടായി. തന്നെ കയറ്റിയാല്‍ സ്ഥാപനം അടിച്ചുതകര്‍ക്കുമെന്നുവരെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി കോടികളുടെ സ്വത്ത് സ്വന്തമാക്കിയതായും റൌഫ് പറഞ്ഞു. ആദ്യം നിയമസഭാ അംഗമായപ്പോള്‍ പഴയവീടും ഉന്തിയാല്‍ നീങ്ങാത്ത അംബാസഡര്‍ കാറുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍, ഇന്ന് കേരളത്തിനകത്തും പുറത്തുമായി കോടികളുടെ സ്വത്തുണ്ട്. വ്യവസായ സ്ഥാപനങ്ങളെല്ലാം വിദേശരാജ്യങ്ങളിലാണ്. മക്കളാണ് ഇവ നോക്കിനടത്തുന്നത്. അവരെല്ലാം നല്ല നിലയിലാണ്. നിരവധി ഭൂമി ഇടപാടും നടത്തിയിട്ടുണ്ട്. മന്ത്രിയായിരിക്കെ മലബാര്‍ സിമന്റ്സിലെ അഴിമതിക്ക് കൂട്ടു നിന്നു. അഴിമതിയില്‍ ആരോപണവിധേയനായ വി എം രാധാകൃഷ്ണന്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടപ്പെട്ട ആളാണ്. കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്തും വിശ്വസ്തനുമായ ഡ്യൂപ്ളിക്കറ്റ് കുഞ്ഞാപ്പു എന്ന വിളിപ്പേരുള്ള ആളുടെ ഫോണില്‍ നിന്നാണ് രാധാകൃഷ്ണനുമായി ബന്ധപ്പെട്ടത്. ഇയാളുടെ നമ്പര്‍ പരിശോധിച്ചാല്‍ അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐസ്ക്രീം കേസില്‍ കോടതികളെ സ്വാധീനിച്ചു: റൌഫ്

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഇല്ലാതാക്കാന്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കോടതികളെയും സ്വാധീനിച്ചതായി ഭാര്യാ സഹോദരീ ഭര്‍ത്താവ് കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് മന്ത്രിയെന്ന നിലയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെ ഇതിന് ഉപയോഗിച്ചു. പീഡിപ്പിക്കപ്പെട്ട റജീനയുടെ വയസ് സംബന്ധിച്ച് സര്‍ക്കാര്‍ നേരിട്ടാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇത് നിയമപരമല്ലാത്തതിനാല്‍ ആരും ഒപ്പിടാന്‍ തയ്യാറായില്ല. ലീഗുകാരനായ മട്ടാഞ്ചേരിയിലെ അഡ്വ. കലാം എന്ന പ്രോസിക്യൂട്ടറാണ് ഒപ്പിട്ടത്. താനാണ് ഇടനിലക്കാരനായി നിന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ വലംകയ്യായിരുന്ന റൌഫ് വെളിപ്പെടുത്തി.

വനിതാ കമീഷന്‍ ആസ്ഥാനത്തുനിന്ന് റജീനയുടെ മൊഴികാണാതായതിലും കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടുണ്ട്. കേസില്‍ വഴിവിട്ട് സഹായിച്ചതിന് കോഴിക്കോട് സിജെഎം കോടതിയില്‍ ശിരസ്തദാറായിരുന്ന ഒരാളെ കുഞ്ഞാലിക്കുട്ടി സ്റ്റാഫില്‍ ഉള്‍പ്പെടുത്തി. പലര്‍ക്കും ഇത്തരത്തില്‍ സഹായം നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ ടൂര്‍ ഡയറി പരിശോധിച്ചാല്‍ ഇതിനായി അദ്ദേഹം നടത്തിയ യാത്രകള്‍ ബോധ്യപ്പെടും. കേസൊതുക്കാന്‍ കോടികളാണ് കുഞ്ഞാലിക്കുട്ടി ചെലവിട്ടത്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ടാണ് താന്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയായി പ്രവര്‍ത്തിച്ചത്. കേസില്‍ കക്ഷികളായ സ്ത്രീകള്‍ക്ക് മൊഴിമാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി. മൊഴിമാറ്റിപ്പറയാന്‍ കരാറില്‍ ഒപ്പിടുവിച്ചു. കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിച്ച റജീനയ്ക്കും റജുലയ്ക്കും താനാണ് നേരിട്ട് പണം നല്‍കിയത്. അവരില്‍നിന്നും എഴുതിവാങ്ങിയ സത്യവാങ്മൂലത്തിന്റെ ശരിപ്പകര്‍പ്പ് ഇപ്പോഴും തന്റെ പക്കലുണ്ട്. രണ്ടുപേരില്‍നിന്നും രണ്ട് സത്യവാങ്മൂലമാണ് വാങ്ങിയത്. ഇതില്‍ ഒന്ന് കുഞ്ഞാലിക്കുട്ടിയുടെ പേരിലാണ്. സുഭാഷ് ബെനഡിക്ട് എന്ന വക്കീല്‍ മുഖാന്തരമാണ് ഇത് വാങ്ങിയത്. അദ്ദേഹം പിന്നീട് ഗവ. പ്ളീഡറായി. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം ഐസ്ക്രീം കേസിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ഇടപെട്ടിട്ടുണ്ട്.

കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയാണ് അട്ടിമറിയ്ക്ക് തുടക്കം കുറിച്ചത്. റജീന ആദ്യംകൊടുത്ത പരാതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരുണ്ടായിരുന്നു. പൊലീസിനെ സ്വാധീനിച്ച് കുഞ്ഞാലിക്കുട്ടിയുടെ പേര് ഒഴിവാക്കി പുതിയത് നല്‍കി. ഇതിന് റജീനയ്ക്ക് 2,65,000 രൂപ താനും തേഞ്ഞിപ്പലം സ്വദേശി ഷരീഫും ചേര്‍ന്നാണ് കൊടുത്തത്. ദരിദ്രയായ റജീന ലക്ഷങ്ങള്‍ സമ്പാദിച്ചത് കുഞ്ഞാലിക്കുട്ടിയുടെ പണം കൊണ്ടാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടും കാറും സ്ഥലവും സ്വന്തമാക്കി. ഭര്‍ത്താവെന്ന് വിളിക്കപ്പെടുന്ന പ്രമോദിന്റെ പേരിലാണ് ഇവയെല്ലാം രജിസ്റ്റര്‍ ചെയ്തത്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചില ചാനല്‍ മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ കൂടുതല്‍ തെളിവ് ഹാജരാക്കുമെന്നും റൌഫ് പറഞ്ഞു.

എം കെ മുനീറിനെ ഒതുക്കാനും തന്റെ സഹായം തേടി

കോഴിക്കോട്: ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെ ഒതുക്കാനും തന്റെ സഹായം കുഞ്ഞാലിക്കുട്ടി തേടിയതായി റൌഫ് വെളിപ്പെടുത്തി. മുനീറിന് ചെന്നൈയില്‍ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഞാന്‍ വഴങ്ങിയില്ല. സ്വകാര്യ അന്വേഷണ ഏജന്‍സിയെ വയ്ക്കാം എന്ന് പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. മുനീറിനെതിരെ വിജിലന്‍സ് കേസുകള്‍ ഫയല്‍ ചെയ്യിച്ചതും അദ്ദേഹമാണ്. മസ്കറ്റ് ഹോട്ടലിലിരുന്നാണ് ഇതിനുളള നീക്കങ്ങള്‍ നടത്തിയത്. മറ്റൊരു ലീഗ് നേതാവിനെയതിരെയും അദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ഐസ്ക്രീം കേസില്‍ പത്രങ്ങളില്‍ വന്നതിനേക്കാള്‍ വളരെ മോശമായ കാര്യങ്ങളാണ് നടന്നത്. റജീനയോട് ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഫീസ് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി. ബീച്ചിലെ ഒരു ബേക്കറിയോട് ചേര്‍ന്നുള്ള, പെവാണിഭ ഓഫീസ് എന്ന് വിളിക്കുന്ന മുറിയിലിലേക്ക് റജീനയെ വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. അതിനും ലക്ഷങ്ങള്‍ നല്‍കി. റജീന അക്രമം നടത്തിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല തനിക്കായിരുന്നു. അന്നത്തെ ചാനല്‍ ദൃശ്യത്തില്‍ തന്റെ കാറ് റജീനക്കടുത്തുകൂടി കടന്നുപോകുന്നത് കാണാനാകും- റൌഫ് പറഞ്ഞു.

ദേശാഭിമാനി 29.01.11

മുസ്ളിംലീഗ് എന്തുചെയ്യും

പി കെ കുഞ്ഞാലിക്കുട്ടിയെ മുന്നില്‍ നിര്‍ത്തി മുസ്ലിം ലീഗിന് ഇനിയും മുന്നോട്ടുപോകാനാവുമോ? കുഞ്ഞാലിക്കുട്ടിയുടെ വലം കയ്യും അടുത്ത ബന്ധുവുമായ റൌഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യതയുള്ള ഒരു മറുപടിയും നല്‍കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരര്‍ഥത്തില്‍ താന്‍ സംരക്ഷിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ബന്ധുവിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്ന വിശദീകരണം മാത്രമേ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടുള്ളു. ഈ അവസ്ഥയില്‍ മറ്റൊരു നേതാവിനെ മുന്നില്‍ നിര്‍ത്തിയില്ലെങ്കില്‍ മുസ്ലിം ലീഗ് വലിയ തകര്‍ച്ചയിലേക്ക് പോകുമെന്ന് ആ പാര്‍ടിയിലുള്ളവര്‍ പോലും സമ്മതിക്കുന്നു. അഴിമതി, സദാചാര വിരുദ്ധമായ പെരുമാറ്റം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുകയാണെങ്കിലും പാര്‍ടി ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് ഇപ്പോള്‍ കൈവിടുമെന്നോ തല്‍ക്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്തുമെന്നോ ആരും കരുതുന്നില്ല. കാരണം, ഈ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി മാറണമെന്ന് പറയാന്‍ ആര്‍ജവമുള്ള നേതാക്കളാരും ഇപ്പോള്‍ ആ പാര്‍ടിയില്‍ ഇല്ല.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന റജീനയുടെ വെളിപ്പെടുത്തലിനെതുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ 2005-ല്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തിരിച്ചടിയെ തുടര്‍ന്ന് അദ്ദേഹം പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. എന്നാല്‍ അങ്ങനെയൊന്നും ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ബന്ധുവിന്റെ ആരോപണങ്ങള്‍ പഴയതാണെന്നു പറഞ്ഞ് കുഞ്ഞാലിക്കുട്ടി തള്ളിക്കളയാന്‍ ശ്രമിച്ചതില്‍ നിന്ന് വ്യക്തമായത് അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുന്നില്ലെന്നാണ്. എന്നാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിനൊ അണികള്‍ക്കോ ഇത് അവഗണിക്കാന്‍ കഴിയില്ല. അത്രയ്ക്ക് ഗരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
മുസ്ലിം ലീഗിന്റെ ആദരണീയനായ നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ മകനും പാര്‍ടിയുടെ സെക്രട്ടറിമാരില്‍ ഒരാളുമായ എം കെ മുനീറിനെ പെണ്ണ് കേസില്‍ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി ബന്ധുവിനെ ഏര്‍പ്പാടാക്കി എന്ന ആരോപണം ലീഗിനെ ഞെട്ടിച്ചിരിക്കയാണ്. പാണക്കാട് ശിഹാബ് തങ്ങളുടെ വസതിയിലടക്കം പണം കൊടുത്ത് ചാരന്മാരെ നിയോഗിച്ചു എന്നതാണ് മറ്റൊരു ആരോപണം.

കുഞ്ഞാലിക്കുട്ടി മാറുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ് അണികളെങ്കിലും പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ കുഞ്ഞാലിക്കുട്ടി പിന്നീട് പാര്‍ടിയില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. പാര്‍ടിയിലെ പ്രതിയോഗികളായ ഇ അഹമ്മദും ഇ ടി മുഹമ്മദ് ബഷീറും ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം മാറിയതോടെ കുഞ്ഞാലിക്കുട്ടി വീണ്ടും പാര്‍ടിയില്‍ ശക്തനായി. തദേശഭരണ തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോഴാണ് ഇടിത്തീപോലെ കുമ്പസാരവും വെളിപ്പെടുത്തലും. ഇതിനെ എങ്ങനെ നേരിടുമെന്നത് മുസ്ലിം ലീഗിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.

ദേശാഭിമാനി 29.01.11

Friday, January 28, 2011

കുഞ്ഞാലിക്കുട്ടി - റൌഫ് : പണ്ടോറയുടെ പെട്ടി??

റൌഫില്‍നിന്ന് വധഭീഷണി: കുഞ്ഞാലിക്കുട്ടി

ബന്ധുവായ റൌഫും മറ്റും ചേര്‍ന്ന് തന്നെ വധിക്കാനായി ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജസിഡി നിര്‍മ്മിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു. റൌഫ് മംഗലാപുരത്തുള്ള ഗുണ്ടകളെ ഉപയോഗിച്ച് തന്നെ വധിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുറച്ചു കാലമായി ഇതു തുടങ്ങിയിട്ട്. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സംശയാസ്പദമായി ചിലരെ കാണുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കണ്ടെത്തിയ വ്യാജ സിഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് റൌഫാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റൌഫ് ഉള്‍പ്പടെയുള്ളവരുടെ ഭാഗത്തു നിന്നും തനിക്ക് നേരത്തേ ഭീഷണിയുണ്ട്. ഇതിന് തന്റെ പക്കല്‍ വ്യക്തമായ തെളിവുകളുള്ളതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിയായിരുന്നപ്പോഴും പിന്നീടും കുഞ്ഞാലിക്കുട്ടിയുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നയാളാണ് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ റൌഫ്.

ഐസ്ക്രീം പാര്‍ലര്‍: കുഞ്ഞാലിക്കുട്ടി ഒഴിവായത് ലക്ഷങ്ങള്‍ നല്‍കി, റൌഫ്

കോഴിക്കോട്: ലക്ഷങ്ങള്‍ കോഴ കൊടുത്താണ് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍കേസില്‍ നിന്നും ഒഴിവായതെന്ന് ബന്ധുവായ കെഎ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു റൌഫ്.

കോടതിയില്‍ സത്യവാങ്ങ്മൂലം തിരുത്തി നല്‍കിയാണ് വിധിഅനുകൂലമായി സമ്പാദിച്ചത്. ഇരകള്‍ക്കെല്ലാം പണം നല്‍കിയാണ് കേസില്‍ നിന്നും ഒഴിവായത്. നേരായ മാര്‍ഗത്തിലൂടെയല്ല വിധിയുണ്ടായത്.ഇതിനു സഹായിച്ചവര്‍ക്കെല്ലാം പണം നല്‍കി. ഇരകളുടെ അഭിഭാഷകരും സഹായിച്ചു. കേസിലെ ഇരകള്‍ക്ക് നല്‍കിയ വീടും സ്ഥലവും ഇങ്ങനെ നല്‍കിയതാണ്. ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ട്. ഒരുപാട് കാര്യങ്ങള്‍ക്കായി തന്നെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു. അവിഹിതമായ കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നും കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ സമ്പാദ്യമാണിത്. പത്രത്തില്‍ വന്നതിനേക്കാള്‍ മോശമായ കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഇരകള്‍ക്ക് വേണ്ടി പണം കൈമാറി. ശരിക്കും പരിശോധിച്ചാല്‍ കുഞ്ഞാലിക്കുട്ടിയടക്കം പതിനാല് പ്രതികളും കുറ്റക്കാരാണ്.

പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളിലും തങ്ങള്‍ ഇടപെട്ടിട്ടുണ്ട്. വാര്‍ത്ത വന്നതിനു ശേഷം ഇന്ത്യാവിഷന്‍ അടിച്ചുപൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എം കെ മുനീറായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വലിയ ശത്രു. മുനീറിനെ തകര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.റൌഫ് വ്യക്തമാക്കി.തന്നെക്കൊണ്ടുള്ള ആവശ്യങ്ങള്‍ കഴിഞ്ഞതിനാല്‍ ഇപ്പോള്‍ തള്ളിപ്പറയുകയായിരുന്നു. വധഭീഷണി മുഴക്കിയിട്ടില്ല. ക്വട്ടേഷന്‍സംഘത്തെ ഏല്‍പിച്ചതായി പറയുന്നതില്‍ കഴമ്പില്ല. വ്യാജസിഡി നിര്‍മ്മിച്ചിട്ടില്ലെന്നും റൌഫ് പറഞ്ഞു

കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയുള്ളതായി അറിവില്ല: ചെന്നിത്തല

കുഞ്ഞാലിക്കുട്ടിക്ക് വധഭീഷണിയുള്ള കാര്യം തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആരും ഇതുവരെ അറിയിച്ചിട്ടില്ല. ഗൌരവമുള്ള വിഷയമാണെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കും

കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് പൊലീസ് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മുന്‍മന്ത്രിയും മുസ്ളിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയുമെന്ന നിലയില്‍ പ്രശ്നത്തെ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. നിജസ്ഥിതി വ്യക്തമാകണം. ആരാണ് ഭീഷണിയുടെ പിന്നിലുള്ളത് അറിയേണ്ടതുണ്ട്. റൌഫിനുവേണ്ടി എന്തൊക്കെ ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടിതന്നെയാണ് വെളിപ്പെടുത്തേണ്ടത്. അവിഹിതമായി ഒന്നും ചെയ്യില്ലെന്നാണ് മന്ത്രിമാര്‍ എടുക്കുന്ന പ്രതിജ്ഞ. അതിനു വ്യത്യസ്തമായി കുഞ്ഞാലിക്കുട്ടി എന്തൊക്കെ ചെയ്തെന്ന് വ്യക്തമാക്കട്ടെ. ഇപ്പോള്‍ അദ്ദേഹം നടത്തിയിരിക്കുന്നത് കുറ്റസമ്മതമാണെന്നും കോടിയേരി പറഞ്ഞു.

ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണം, ഐഎന്‍എല്‍ സെക്യുലര്‍

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണമെന്ന് ഐഎന്‍എല്‍ സെക്യുലര്‍ സംസ്ഥാനസെക്രട്ടറി എം കെ അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി തെറ്റ് ഏറ്റുപറഞ്ഞാല്‍ മാത്രം പോര; വെളിപ്പെടുത്തലുകള്‍ വിശദമാക്കുകയും വേണം. കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട ബന്ധങ്ങളിലെല്ലാം സഹായിച്ചത് റൌഫാണ്. ഇക്കാര്യങ്ങളെല്ലാം തുറന്നു പറയാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാവണമെന്നും ഐഎന്‍എല്‍ സെക്യുലര്‍ ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടേത് മുന്‍കൂര്‍ജാമ്യം തേടല്‍: കെടി ജലീല്‍

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ അഴിമതിക്കാര്യത്തിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കെടി ജലീല്‍ എംഎല്‍എ വ്യക്തമാക്കി. റൌഫുമായി ചേര്‍ന്ന് നടത്തിയ ഇടപാടുകള്‍ പുറത്തുവരുന്നതിന്റെ പരിഭ്രാന്തിയിലാണ് കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഐസ്‌ക്രീംപാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി റജീനയ്ക്ക് ലക്ഷങ്ങള്‍ നല്‍കി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍കേസുമായി ബന്ധപ്പെട്ട് ഇരയായവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കുഞ്ഞാലിക്കുട്ടി നല്‍കിയെന്നും ഇതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫ് പറഞ്ഞു. തനിക്ക് റൗഫിന്റെ വധഭീഷണിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിന് കോഴിക്കോട്ട് വാര്‍്താസമ്മേളനത്തില്‍ മറുപടിപറയുകയായിരുന്നു റൗഫ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ മൊഴി തിരുത്താന്‍ താന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചുവെന്നും കുഞ്ഞാലിക്കുട്ടി റജീനയ്ക്ക് ലക്ഷങ്ങള്‍ നല്‍കിയെന്നും റൗഫ് പറഞ്ഞു. ഈ കേസില്‍ വിധി വന്നത് നേരായ വഴിയിലല്ലെന്നും ഇത് തെളിയിക്കാന്‍ തനിക്ക് സാധിക്കുമെന്നും റൗഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബ്ലാക് മെയില്‍ ചെയ്യാന്‍ വ്യാജ സിഡി ഉണ്ടാക്കുകയോ അതിനുള്ള ശ്രമമോ നടത്തിയിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ വധിക്കുന്നതിന് മംഗലാപുരത്തെ ആരേയും വിളിച്ചിട്ടില്ല. ഇത് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ദേശാഭിമാനി./ജനയുഗം വാര്‍ത്തകള്‍