Tuesday, November 30, 2010

വിധിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ജയരാജന്‍


പൊതുനിരത്തുകളിലും പാതയോരങ്ങളിലും പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിച്ച ഹൈകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതും അപ്രായോഗികവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍. കോടതി നിര്‍ദേശപ്രകാരം കോടതിയലക്ഷ്യകേസില്‍ നേരിട്ട് ഹാജരായ ജയരാജന്‍ കേസിനെക്കുറിച്ച് ആമുഖമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ച് തുറന്ന കോടതിയിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്.

വിധിക്കെതിരായ വിമര്‍ശം കോടതിയെയും ജുഡീഷ്യല്‍ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. കോടതിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. കോടതി വിധി ലംഘിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും ജയരാജന്‍ ബോധിപ്പിച്ചു. ഡിസംബര്‍  എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.കെ. ബഷീര്‍, ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന് നിര്‍ദേശം നല്‍കി. ഹൈകോടതി സ്വമേധയയാണ് ജയരാജനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

പെട്രോളിയം വില വര്‍ധനക്കെതിരെ കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തിലെ പ്രസംഗമാണ് കോടതിയലക്ഷ്യകേസിന് ആധാരം. കോടതി വിധിയിലെ തെറ്റുകള്‍ സാധാരണക്കാര്‍ മുമ്പാകെ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഹൈകോടതി വിധി പൗര സമൂഹത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്നതാണ്.പ്രസംഗത്തിലെ സദുദ്ദേശ്യം കോടതി അംഗീകരിക്കണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് കോടതിയെയും നീതിന്യായ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മുതിര്‍ന്ന ന്യായാധിപന്മാര്‍ പറഞ്ഞിട്ടുണ്ട്.ഈ വിധിയെക്കുറിച്ച് പല വിമര്‍ശനങ്ങളും വന്നിട്ടുണ്ടെങ്കിലും അവ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം.ഹരജിക്കാര്‍  കാര്യങ്ങള്‍ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് കോടതിയലക്ഷ്യമെന്ന് വ്യാഖ്യാനിക്കുന്നു.വിമര്‍ശനങ്ങള്‍ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. മാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടുള്ളതാണ്. ഏത് സംവിധാനത്തിനെതിരെയും ഇത്തരം വിമര്‍ശനങ്ങളാകാം. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ അരാജകത്വമാകും ഫലം.ഒട്ടേറെ കോടതി വിധികള്‍ വരുന്നുണ്ടെങ്കിലും ചിലത് മാത്രമാണ് വിമര്‍ശന വിധേയമാകുന്നത്. പൗരസമൂഹത്തിനും ജനാധിപത്യ സംവിധാനത്തിനും എതിരായതിനാലാണിത്.

പാതയോരത്തെ യോഗവും ധര്‍ണയും പതിറ്റാണ്ടുകളായുള്ള സമ്പ്രദായമാണ്. ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. കോടതി വിധിയിലൂടെ ഇത് നിരോധിച്ചപ്പോള്‍ ഭരണഘടനക്കും നിയമത്തിനും വിധേയമായി  നാട്ടിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യം അനുവദിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് വിമര്‍ശിച്ചത്.ഇത് ഭരണഘടനാ ബാധ്യതയുള്ള പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ചെയ്തത്.സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പൗരന്മാര്‍ക്ക് ഒരേപോലെ അവകാശപ്പെട്ടതാണ്്.എന്നാല്‍, സഞ്ചാര സ്വാതന്ത്ര്യത്തിനായി അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ചെയ്തത്. കോടതി കക്ഷിചേര്‍ത്തവരെയടക്കം ആരെയും കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല.പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറിക്കാണ് ഏറ്റവും ബാധ്യത എന്നാണ് വിശ്വസിക്കുന്നതെന്നും  ജയരാജന്‍ ബോധിപ്പിച്ചു.കേസ് വീണ്ടും ഡിസംബര്‍ എട്ടിന് പരിഗണിക്കും.