Monday, August 8, 2011

ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക്

സി പി ചന്ദ്രശേഖര്‍
ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ വായ്പാക്ഷമത നിരക്ക് പ്രതിസന്ധി സൂചിപ്പിക്കുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറുംമുമ്പേ മറ്റൊരു മാന്ദ്യം തുറിച്ചുനോക്കുകയാണ്. ഇരട്ടവീഴ്ചയിലേക്കാണ് (ഡബിള്‍ ഡിപ്പ്) ആഗോള സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ (എസ്ആന്റ്പി) എന്ന റേറ്റിങ്ങ് ഏജന്‍സി അമേരിക്കന്‍ വായ്പാക്ഷമതനിരക്ക് കുറച്ചതാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം. വായ്പാപ്രതിസന്ധി കുറയ്ക്കാന്‍ മൊത്തം ചെലവ് കുറക്കണമെന്നായിരുന്നു എസ്ആന്റ്പിയുടെ ആവശ്യം. ധനകമ്മി നാല് ലക്ഷം കോടി ഡോളറെങ്കിലും കുറക്കണമെന്നാണ് എസ്ആന്റ്പി അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2.5 ലക്ഷംകോടി ഡോളര്‍ കുറയ്ക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ തയ്യാറായത്. ഇതേ തുടര്‍ന്നാണ് വായ്പാക്ഷമത നിരക്കില്‍ അമേരിക്കയെ ഏജന്‍സി താഴ്ത്തിക്കെട്ടിയത്. ഇതോടെ അമേരിക്ക നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ലെന്ന സന്ദേശമാണ് പരക്കുന്നത്. എസ്ആന്റ്പി ആവശ്യപ്പെട്ടതുപോലെ ധനകമ്മി കുറയ്ക്കണമെങ്കില്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുള്ള പണം വകയിരുത്തുന്നത് കുറയ്ക്കുക മാത്രമേ ഒബാമ സര്‍ക്കാരിന് പോംവഴിയുള്ളൂ. ധനകമ്മി കുറക്കാനായി നികുതി വര്‍ധിപ്പിക്കാനോ, കടത്തിനുള്ള പലിശയടവ് മാറ്റിവെക്കാനോ, പ്രതിരോധ ചെലവ് കുറയ്ക്കാനോ കഴിയില്ല. ധനകമ്മി കുറയ്ക്കുന്നത് തൊഴിലവസരംസൃഷ്ടിക്കാത്ത വളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. നിലവില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കാന്‍ ഒബാമ സര്‍ക്കാര്‍ തയ്യാറായത്. വായ്പാ പരിധി 2.1 ലക്ഷം കോടി ഡോളര്‍ വര്‍ധിപ്പിക്കാനാണ് നിയമഭേദഗതി പാസാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെ കടപരിധി വര്‍ധിപ്പിക്കാന്‍ കഴിയില്ല. 1917 മുതലാണ് ഈ നിബന്ധന വന്നത്. അമേരിക്കയുടെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 72.4 ശതമാനവും കടമാണെന്നര്‍ഥം. എസ്ആന്റ്പിയുടെ തീരുമാനം അമേരിക്കന്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കമ്പനികളെയും വ്യക്തികളെയും പ്രേരിപ്പിക്കും. ഇത് ലോകവിപണിയെയും ബാധിക്കും. (പ്രമുഖ സാമ്പത്തികവിദഗ്ധനാണ് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അധ്യാപകനായ ചന്ദ്രശേഖര്‍)

അമേരിക്ക തകരുന്നു

ക്രഡിറ്റ് റേറ്റിംഗ് ധനകാര്യ ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ് പുവര്‍) കഴിഞ്ഞ ദിവസം അമേരിക്കയുടെ ക്രഡിറ്റ് റേറ്റിംഗ് ‘എ എ എ’ യില്‍ നിന്നും ‘എ എ പ്ലസ്’ലേക്ക് താഴ്ത്തിയത് ചരിത്രത്തിലാദ്യമായാണ്. കഴിഞ്ഞ 70 വര്‍ഷമായി ഏജന്‍സിയുടെ മികച്ച റേറ്റിംഗ് കരസ്ഥമാക്കിയിരുന്നു അമേരിക്ക. ഈ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി എസ് ആന്‍ഡ് പി നടത്തിയ പരിശോധനകളുടെ ആധികാരികത ചോദ്യം ചെയ്ത് അമേരിക്കന്‍ ഭരണകൂടം രംഗത്തു വന്നിട്ടുണ്ട്. റേറ്റിംഗ് കുറയുന്നതോടെ അമേരിക്കക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ നിക്ഷേപകര്‍ മടിക്കുന്ന സ്ഥിതി വരും. ഇത് നിലവില്‍ കടത്തിലോടുന്ന ഭരണകൂടത്തിന് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

സാമ്പത്തിക നില ഭദ്രമാക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ കോണ്‍ഗ്രസ്സും ബരാക് ഒബാമ ഭരണകൂടവും അടുത്ത കാലത്ത് സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ കട ഭാരത്തെയും അതിന്റെ തിരിച്ചടവിനെയും സ്ഥിരമാക്കി നിര്‍ത്താന്‍ പര്യാപ്തമാണെന്ന് കരുതുന്നില്ലെന്ന് എസ് ആന്‍ഡ് പി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്് എന്ന മുന്നറിയിപ്പോടെയാണ് കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിന് അമേരിക്കയുടെ റേറ്റിംഗ് ‘എ എ എ’ യില്‍ നില നിര്‍ത്തിയത്. അതിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. നയരൂപവത്കരണത്തിന്റെ കാര്യത്തില്‍ കാര്യക്ഷമതയോ സ്ഥിരതയോ കുറഞ്ഞു പോകുന്നു. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള അകലം കുറച്ചു കൊണ്ടു വരിക എളുപ്പമല്ല. അത്‌കൊണ്ട് തന്നെ കടത്തിന്റെ പരിധി ഉയര്‍ത്തുന്ന കാര്യത്തിലും മറ്റും റിപബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ വിശാലമായ ധാരണ സ്ഥിരത കൈവരിക്കാന്‍ പര്യാപ്തമല്ലെന്നാണ്് തങ്ങളുടെ വിലയിരുത്തലെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കുന്നു. എന്നാല്‍, എസ് ആന്‍ഡ് പിയുടെ കണക്കുകളില്‍ രണ്ട് ലക്ഷം കോടി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് യു. എസ്. ധനവകുപ്പ് വാദിക്കുന്നത്. റേറ്റിംഗ് താഴ്ത്തിയ നടപടി അപലപനീയമാണെന്നും അവര്‍ പറയുന്നു.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ് എസ് ആന്‍ഡ് പിയുടെ തീരുമാനം. സാമ്പത്തിക രംഗത്ത് അമേരിക്കയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. ക്രെഡിറ്റ് റേറ്റിംഗ് രംഗത്ത് മറ്റ് രണ്ട് പ്രമുഖ ഏജന്‍സികളായ മൂഡീസ് ഇന്‍വസ്റ്റേഴ്‌സ് സര്‍വ്വീസും ഫിച്ച് റേറ്റിംഗ്‌സും ‘എ എ എ’ നിലവാരം നിലനിര്‍ത്തിയെന്നത് മാത്രമാണ് അമേരിക്കയ്ക്ക് അല്‍പം അശ്വാസമുള്ളത്. എന്നാല്‍ വളര്‍ച്ച താഴേക്കാണെന്ന് വ്യക്തമായി സൂചിപ്പിച്ചാണ് തത്കാലം ഈ് ഏജന്‍സികളും റേറ്റിംഗ് നിലനിര്‍ത്തിയിരിക്കുന്നത്.

വായ്പാ തിരിച്ചടവിനുള്ള ശേഷി വിലയിരുത്തി കടമെടുക്കലിന്റെ കാര്യത്തിലുള്ള നിലവാരം നിശ്ചയിക്കുന്നതാണ് ക്രഡിറ്റ് റേറ്റിംഗ്. ഈ നിലവാരത്തില്‍ ‘എ പ്ലസ്’ കാറ്റഗറിയിലാണ് അമേരിക്കയെ ചൈന ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ഒരു പടി താഴ്ത്താന്‍ ചൈന കഴിഞ്ഞ തീരുമാനിച്ചിരുന്നു. കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് അമേരിക്ക എന്ന മുന്നറിയിപ്പോടെ ‘എ’ ഗ്രേഡിലേക്ക് മാറ്റുകയാണ് ചെയ്തത്. ഈ തീരുമാനം തന്നെ അമേരിക്കക്ക് വലിയ തിരിച്ചടിയായിരുന്നു. അമേരിക്കന്‍ ട്രഷറി വകുപ്പ് പുറത്തിറക്കുന്ന ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ചൈനയാണ്. 1.15 ലക്ഷം കോടി രൂപ ചൈന കടമായി നല്‍കിയിട്ടുണ്ട്. ചൈനയുടെ തീരുമാനം സൃഷ്ടിച്ചതിനേക്കാള്‍ ഏറെ വലിയ ആഘാതമാണ് ആഭ്യന്തര ധനകാര്യ ഏജന്‍സിയായ എസ് ആന്‍ഡ് പിയുടെ തീരുമാനം അമേരിക്കക്ക് സൃഷ്ടിക്കുക.