Wednesday, April 20, 2011

ചാണകവെള്ളമൊഴിക്കേണ്ടത് ജാതിക്കോമരങ്ങളുടെ തലയില്‍

(മാധ്യമം പത്രത്തില്‍ വന്ന മുഖപ്രസംഗം)
അയിത്തത്തിനും ജാതീയതക്കുമെതിരെ ആയുഷ്‌ക്കാലം മുഴുവന്‍ പൊരുതിയ മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി പൂജിക്കുന്ന ഇന്ത്യാ രാജ്യത്ത്, ജാതീയതക്കെതിരായ സമരം  ജീവിതദൗത്യമായെടുത്ത ശ്രീനാരായണ ഗുരുവിന്റെ സ്വന്തം നാട്ടില്‍ ഇരുപത്തൊന്നാം  നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടപ്പോഴും ലജ്ജാകരമായ അയിത്തം നിലനില്‍ക്കുന്നുവെന്നാണ് തലസ്ഥാന നഗരിയില്‍നിന്നുള്ള വാര്‍ത്ത. അഞ്ചു വര്‍ഷത്തെ സേവനത്തിനുശേഷം മാര്‍ച്ച് 31ന് വിരമിച്ച രജിസ്‌ട്രേഷന്‍ ഐ.ജി പട്ടികജാതിക്കാരനായ എ.കെ. രാമകൃഷ്ണന്‍, അതേവരെ ഉപയോഗിച്ച കസേരയും ഓഫിസ് മുറിയും കാറും പിറ്റേ ദിവസം ചാണകവെള്ളം തളിച്ച്  ശുദ്ധീകരിച്ചു എന്ന് അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമീഷനും ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും തിരുവനന്തപുരം പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.  ആഭ്യന്തര വകുപ്പ് രാമകൃഷ്ണന്റെ പരാതി ഇതേവരെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നതെങ്കിലും മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എന്‍. ദിനകര്‍ തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നികുതി സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നു. നേതാക്കളുടെ നാക്കുപിഴക്കുപോലും വമ്പിച്ച വാര്‍ത്താപ്രാധാന്യം നല്‍കി നിരന്തരം ചര്‍ച്ചാവിഷയമാക്കുന്ന മലയാള മാധ്യമങ്ങള്‍ അത്യന്തം ഗുരുതരമായ ഈ സംഭവം പൊതുവെ അവഗണിക്കുന്നതിലും ദുരൂഹതയുണ്ട്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരമൊരു സംഭവം നടന്നിട്ടേ ഇല്ല എന്ന് വരുത്താനും ബന്ധപ്പെട്ട ഓഫിസും മറ്റു ചിലരും ശ്രമിക്കുന്നതായും വിവരമുണ്ട്. സംഭവം വാര്‍ത്തയാവുമെന്ന് കണ്ടപ്പോള്‍, രാമകൃഷ്ണന്‍േറതല്ലാത്ത മറ്റു ചില കസേരകളിലും പിറ്റേന്ന് ചാണകവെള്ളം കോരിയൊഴിച്ച് പുകമറ സൃഷ്ടിക്കാനും ശ്രമമുണ്ടായിരുന്നു.

അയിത്തവും ജാതി വിളിച്ച് ആക്ഷേപിക്കലും ദലിതരെ പീഡിപ്പിക്കലും രാജ്യത്തെ ശിക്ഷാനിയമപ്രകാരം ഗുരുതരമായ തെറ്റാണ്. ഭരണഘടനപ്രകാരം ജനാധിപത്യവും മതേതരത്വവും മാനവിക സമത്വവും പുലരേണ്ട രാജ്യമാണ് ഇന്ത്യ. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യന്‍മനസ്സുകളില്‍നിന്ന് സവര്‍ണ ആഢ്യത്വമോ അസ്‌പൃശ്യതയോ ജാതിഭ്രാന്തോ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്നത് പച്ചപരമാര്‍ഥമാണ്. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന വംശീയ വിവേചനത്തിന്റെ പേരില്‍ മീനാക്ഷിപുരം എന്ന ഗ്രാമം ഒന്നടങ്കം ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് റഹ്മത്ത് നഗര്‍ എന്ന് ഗ്രാമത്തിന് പുനര്‍നാമകരണം ചെയ്ത സംഭവം രാജ്യത്താകെ ഒച്ചപ്പാടായത്  വര്‍ഷങ്ങള്‍ക്കുമുമ്പാണ്. വന്‍തോതില്‍ അറബിപ്പണം ഉപയോഗിച്ച് താഴ്ന്ന ജാതിക്കാരെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ആസൂത്രിത നീക്കമായാണ് സവര്‍ണ ലോബിയും സംഘ്പരിവാറും അന്നതിനെ ചിത്രീകരിച്ചത്. വിശ്വഹിന്ദുപരിഷത്ത് കോടികള്‍ ചെലവിട്ട് അവരെ ഹിന്ദുമതത്തിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാനും നടത്തിയ ശ്രമം വിഫലമായതുതന്നെ, പണമല്ല മനുഷ്യത്വരഹിതമായ വംശീയ വിവേചനമാണ് സമത്വവും മാനവികതയും ഉദ്‌ഘോഷിക്കുന്നതെന്ന് അവര്‍ക്ക് ബോധ്യപ്പെട്ട മതത്തെ പുല്‍കുവാന്‍ പ്രേരണയായത് എന്ന് വ്യക്തമാക്കിയിരുന്നു. പ്രബുദ്ധ കേരളത്തില്‍തന്നെ പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ഗോവിന്ദപുരത്ത് നൂറോളം വരുന്ന ചക്‌ലിയ സമുദായം കടുത്ത അയിത്തവും ജാതീയ വിവേചനവും നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുന്നല്‍ക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും പൊതുചടങ്ങുകളിലും പ്രവേശമില്ലാത്ത, ആട്ടും തുപ്പും ഏറ്റുകഴിയുന്ന ഒരു സമൂഹം അനുഭവിക്കേണ്ടിവരുന്ന മാനസികപീഡനം എന്തുമാത്രം ക്രൂരമല്ല! കാസര്‍കോട് ജില്ലയിലെ കര്‍ണാടക സംസ്ഥാനത്തോടടുത്ത പല ഗ്രാമങ്ങളിലും ദലിതുകള്‍ക്ക് ചിരട്ടയിലാണ് ചായകൊടുക്കുന്നതെന്ന വാര്‍ത്തയും കേരളത്തെ ഞെട്ടിച്ചതാണ്.

ഇപ്പോഴത്തെ സംഭവം പക്ഷേ, അയിത്തത്തിന്റെയും ജാതിമനോഭാവത്തിന്റെയും മുന്‍ റെക്കോഡുകള്‍ ഭേദിക്കുന്നതാണ്. വിദ്യാഭ്യാസവും സംസ്‌കാരവുമാണ് മനുഷ്യമാന്യതക്കും മഹത്വത്തിനുമുള്ള മാനദണ്ഡമെങ്കില്‍ അതെല്ലാമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു രജിസ്‌ട്രേഷന്‍ ഐ.ജി രാമകൃഷ്ണന്‍. അദ്ദേഹം പ്രതികൂല സാമൂഹിക സാഹചര്യങ്ങളെ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും മറികടന്നാണ് ആ പദവിയിലെത്തിയതെന്ന് വ്യക്തം. അത്തരക്കാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പോകട്ടെ, മനുഷ്യനായി അംഗീകരിക്കാന്‍പോലും  സന്നദ്ധരല്ലാത്തവര്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ ഉത്തരാധുനിക കാലത്തും വിളയാടുന്നുണ്ടെങ്കില്‍ അവരുടെ തലയിലാണ് ചാണകവെള്ളം ഒഴിക്കേണ്ടത്. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കിയേ മതിയാവൂ. ജോലിയില്‍നിന്ന് വിരമിച്ച ദിവസംതന്നെ പടക്കം പൊട്ടിച്ചിരുന്നുവത്രെ. അതൊരുവേള ഉദ്യോഗസ്ഥ കുശുമ്പിന്റെയും പകപോക്കലിന്റെയും അനന്തരഫലമാണെന്നുവെച്ചാലും പിറ്റേ ദിവസത്തെ ചാണകംതളി തീര്‍ത്തും മറ്റൊരു മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു വ്യക്തിയോടുള്ള അവഹേളനമെന്നതിനേക്കാള്‍ ഒരു സമുദായത്തോടുള്ള പുച്ഛവും അഹന്തയുടെ പരമകാഷ്ഠയുമാണത് സൂചിപ്പിക്കുന്നത്. സവര്‍ണ തമ്പുരാക്കന്മാരാണ് സംഭവത്തിന്റെ പിന്നില്‍ എന്നതുകൊണ്ട് സകല സ്വാധീനവും ഉപയോഗിച്ച് അത് തേച്ചുമാച്ചുകളയാനും ഒടുവില്‍ പരാതിക്കാരനെ പ്രതിയാക്കാനും ശ്രമമുണ്ടാവും എന്ന് തീര്‍ച്ച. സര്‍ക്കാറും മനുഷ്യാവകാശ കമീഷനും പൂര്‍ണ ജാഗ്രത പുലര്‍ത്തേണ്ടത് അതിനാല്‍ നിര്‍ബന്ധമായിത്തീരുന്നു. ഭ്രാന്താലയമെന്ന് കേരളത്തെ വിശേഷിപ്പിക്കാന്‍ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിച്ചത് ജാതീയതയുടെ നഗ്‌നമായ പ്രദര്‍ശനമാണെങ്കില്‍ ആ തമോയുഗത്തിലേക്ക് തിരിച്ചുപോവാനാണോ ഇന്നും ചിലര്‍ ആഗ്രഹിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.

Tuesday, April 19, 2011

കുര്‍ബാന ചൊല്ലി പണം വാങ്ങുന്നവര്‍ നോക്കുകൂലിയെ വിമര്‍ശിക്കേണ്ട

കുര്‍ബാന ചൊല്ലി നിരവധിപേരില്‍നിന്ന് പണം വാങ്ങുന്ന വൈദികര്‍ക്ക് നോക്കുകൂലിയെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് ലോനപ്പന്‍ നമ്പാടന്‍. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളെയും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെയും വിമര്‍ശിക്കാന്‍ കെ.സി.ബി.സിക്ക് അവകാശമില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കെ.സി.ബി.സിയുടെ ഇടയലേഖനം വായിക്കുന്ന ഭൂരിപക്ഷം വൈദികരും നോക്കുകപോലും ചെയ്യാതെ കൂലി വാങ്ങുന്നവരാണ്! ഒരേദിവസം കുര്‍ബാന ചൊല്ലുന്നതിന് നാലും അഞ്ചും വ്യക്തികളില്‍നിന്ന് പണം വാങ്ങി ഒരു കുര്‍ബാന മാത്രം ചൊല്ലി അവസാനിപ്പിക്കുന്ന നിരവധി വൈദികരുണ്ട്. ഒരു കുര്‍ബാനക്ക് ഫീസ് 150 രൂപയാണ്. പരമാവധി ഒരു മണിക്കൂറാണ് ജോലി. വരുമാനം 750 രൂപ!

മരണവും വിവാഹവും സംബന്ധിച്ച് പുറത്തുനിന്ന് വൈദികര്‍ വന്ന് കുര്‍ബാന ചൊല്ലിയാല്‍ 'കൂലി' ഇടവക വികാരി വാങ്ങും.

സംസ്ഥാനത്ത് പള്ളിവേലക്കാര്‍ക്കാണ് ഏറ്റവും കുറഞ്ഞ കൂലി. അവരെ ജോലിക്കാരായി പോലും പള്ളിക്കാര്‍ അംഗീകരിക്കുന്നില്ല. പള്ളിവേലക്കാര്‍ക്ക് സംഘടിക്കാന്‍ സ്വാതന്ത്യ്രമില്ല. അവര്‍ക്ക് ജോലി സ്ഥിരതയോ ക്ഷേമനിധിയോ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഒന്നുമില്ല.

ഇടവക വൈദികര്‍ക്ക് മാസന്തോറും പതിനായിരക്കണക്കിന് രൂപ വരുമാനമുള്ളപ്പോള്‍ 15 ഉം 20 ഉം വര്‍ഷമായി ജോലി ചെയ്യുന്ന പാവം 'കപ്യാര്‍'മാര്‍ക്ക്  മൂവായിരവും  നാലായിരവുമാണ് ശമ്പളം. സ്ഥിരമായി പള്ളിയിലുണ്ടാവുകയും വേണം.

പള്ളി  കൈക്കാരന്മാര്‍ക്കോ വേദപാഠ അധ്യാപകര്‍ക്കോ പത്ത് പൈസപോലും പ്രതിഫലം കൊടുക്കാതെ അടിമകളെപ്പോലെയാണ് പണിയെടുപ്പിക്കുന്നത്. ഓരോ പള്ളിയിലും മൂന്നും നാലും കൈക്കാരന്മാരും 15 ഉം 20 ഉം വേദപാഠ അധ്യാപകരും ഉണ്ടാകും. പലയിടങ്ങളിലും പള്ളിയകം കഴുകുന്നതും പരിസരം വൃത്തിയാക്കുന്നതുമെല്ലാം ഇടവകക്കാരാണ്.

വിദ്യാര്‍ഥികള്‍ സംഘടിക്കരുതെന്ന് ഉപദേശിക്കുന്ന കത്തോലിക്ക സഭയാണ് ഇന്ത്യയില്‍ ആദ്യമായി ജാതി അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചത്. 94 വര്‍ഷം മുമ്പ് കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗും (കെ.സി.എസ്.എല്‍), ഓള്‍ ഇന്ത്യ കാത്തലിക് യൂനിവേഴ്സിറ്റി ഫെഡറേഷനും സ്ഥാപിച്ച സഭയാണ് വര്‍ഗീയത വളര്‍ത്തുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി സംഘടനകളെയും സ്ഥിരമായി കുറ്റം പറയുന്ന മെത്രാന്‍ സമിതി ആദ്യമായി തങ്ങളുടെ കീഴിലെ പള്ളികളിലെ വൈദികരുടെ നോക്കുകൂലി അവസാനിപ്പിക്കുകയും വേലക്കാര്‍ക്കും മറ്റും ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Monday, April 18, 2011

ഇനി പോസ്റ്റോഫീസില്ല; പകരം കൊറിയറോഫീസ്!

മനസിന് കുളിര്‍മയേകുന്ന ഗ്രാമഹൃദയങ്ങളില്‍ ഒന്നായിരുന്നു നമ്മുടെ പോസ്റ്റോഫീസുകള്‍. ദൂരത്തുനിന്ന് നമ്മെ തേടിയെത്തുന്ന കത്തുകള്‍ കൊണ്ടുവരുന്ന പോസ്റ്റോഫീസും പോസ്റ്റുമാനും ഇനി കാണാക്കാഴ്ചകളാകാന്‍ പോവുകയാണ്. കാരണം കേന്ദ്രസര്‍ക്കാര്‍ തപാല്‍ സ്വകാര്യവല്‍‌ക്കരിക്കുന്നു. അതിന് മുമ്പുതന്നെ ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 9797 പോസ്റ്റോഫീസുകള്‍ ഉടന്‍ പൂട്ടും. സ്വകാര്യവല്‍‌ക്കരിക്കുന്നത് വരെ, 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പോസ്റ്റോഫീസ് മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

രാജ്യത്ത് കൊറിയര്‍ സര്‍‌വീസുകള്‍ വന്നതോടെയാണ് തപാല്‍ വകുപ്പ് നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയത്. ഇന്റര്‍നെറ്റിന്റെ വരവോടെ കത്തിടപാടുകള്‍ കുറഞ്ഞതും തപാല്‍ വകുപ്പിന്റെ വയറ്റത്തടിച്ചു. ഈ കാരണങ്ങള്‍ കൊണ്ടാണ് തപാല്‍ സേവനം സ്വകാര്യവല്‍‌ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഗ്രാമീണമേഖലയിലെ പോസ്റ്റോഫീസുകളുടെ നടത്തിപ്പ്‌ കമ്മീഷന്‍ വ്യവസ്ഥയില്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനാണ്‌ നീക്കം.

വടക്കേ ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ഈ രീതി നിലവിലുണ്ട്. ഈ രീതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക വഴി തപാല്‍മേഖലയെ പൂര്‍ണമായും കയ്യൊഴിയാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഈ മേഖലയില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ലക്‌ഷ്യമിടുന്ന ‘പോസ്റ്റല്‍ ആന്‍ഡ്‌ കൊറിയര്‍ സര്‍വീസ്‌ ബില്‍ - 2010’ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

കോര്‍പറേറ്റുകള്‍ക്കും വന്‍കിട കൊറിയര്‍ കമ്പനികള്‍ക്കും തപാല്‍വകുപ്പിനെ തീറെഴുതുന്ന ബില്‍ നിയമമാകുന്നതോടെ രാജ്യത്തെ തപാല്‍മേഖലയെ പൂര്‍ണമായും തകരും. ഈ രംഗത്തെ ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങള്‍ ഇല്ലാതാകും. മെയില്‍ മോട്ടോര്‍ സര്‍വീസും ഉടന്‍ നിര്‍ത്തലാക്കും. ഇതോടെ ഈ വിഭാഗത്തിലെ മെക്കാനിക്‌, ഡ്രൈവര്‍ തസ്തികകള്‍ ഇല്ലാതാകും. മെയില്‍ മോട്ടോര്‍ സര്‍വീസ്‌ ഇല്ലാതാകുന്നത്‌ നഗരപ്രദേശങ്ങളിലെ ഡെലിവറി സംവിധാനത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ജീവനക്കാര്‍ പറയുന്നു.

ഇന്റര്‍നെറ്റ് സാര്‍വത്രികമായി ലഭ്യമാകാന്‍ തുടങ്ങിയതോടെ തപാല്‍ സേവനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന സര്‍ക്കാര്‍ കാഴ്ചപ്പാട് ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ഈ കാലഘട്ടത്തിലും സ്വകാര്യ കൊറിയര്‍ സര്‍‌വീസ് കമ്പനികള്‍ ലാഭം കൊയ്യുകയാണ്. സര്‍ക്കാര്‍ ഒരിക്കലും തപാല്‍ വകുപ്പിനെ ആധുനികവല്‍ക്കരിക്കുകയോ സ്വകാര്യ കൊറിയര്‍ സേവന ദാതാക്കളുമായി മത്സരിക്കാന്‍ ഉതകും വിധം ശക്തിപ്പെടുത്തുകയോ ചെയ്യുകയുണ്ടായില്ലെന്നാണ് വിമര്‍ശനം.

76 സീറ്റോടെ ഇടത്‌ ഭരണം?

മലബാര്‍ മേഖലയിലെ വ്യക്‌തമായ ആധിപത്യത്തോടെ ഇടതുമുന്നണി 76 സീറ്റ്‌ നേടി സംസ്‌ഥാനഭരണം നിലനിര്‍ത്തുമെന്നു സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സംസ്‌ഥാനഘടകം നല്‍കിയ പ്രാഥമിക വിവരങ്ങളും മറ്റു മാര്‍ഗങ്ങളിലൂടെ ശേഖരിച്ച കണക്കുകളും ക്രോഡീകരിച്ചാണു നിഗമനം. 65-68 സീറ്റ്‌ ഉറപ്പാണെന്നും കടുത്ത മത്സരം നടന്ന പത്തോളം സീറ്റിലെ ഫലമാകും അടുത്ത ഭരണം നിശ്‌ചയിക്കുകയെന്നുമാണു സംസ്‌ഥാനഘടകത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍, പ്രതീക്ഷിച്ച ജയം നേടാന്‍ ഇടയില്ലെന്ന റിപ്പോര്‍ട്ടാണു ബൂത്ത്‌തല കണക്കു പരിശോധിച്ചു പല ജില്ലാ കമ്മിറ്റികളും തയാറാക്കിയത്‌. പാലക്കാട്ട്‌ ഒമ്പതു സീറ്റില്‍ കേന്ദ്രനേതൃത്വം പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ജില്ലാഘടകം എട്ടിടത്തേ വിജയസാധ്യത കാണുന്നുള്ളൂ. ചിറ്റൂരില്‍ 44 വോട്ടിന്റെ മേല്‍ക്കൈ കണ്ടെത്തിയെങ്കിലും ജില്ലാ റിപ്പോര്‍ട്ടില്‍ അതൊഴിവാക്കി. നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗം റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്‌ത് അന്തിമരൂപം നല്‍കും.

കാസര്‍ഗോഡ്‌ മുതല്‍ പാലക്കാട്‌വരെയുള്ള ജില്ലകളില്‍ ഇടതുമുന്നണി 34 സീറ്റ്‌ നേടുമെന്നാണു കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. മലപ്പുറം, വയനാട്‌ ജില്ലകളില്‍ യു.ഡി.എഫിനാകും മേല്‍ക്കൈ. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യു.ഡി.എഫിനൊപ്പമെത്താന്‍ കഴിയും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നതോടെ ഭരണം ഉറപ്പാണെന്നും കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍ യു.ഡി.എഫിനായിരിക്കും കൂടുതല്‍ സീറ്റ്‌. ആലപ്പുഴയില്‍ എല്‍.ഡി.എഫിനു നേരിയ മേല്‍ക്കൈയുണ്ടാകും. ബി.ജെ.പി. ഇത്തവണയും നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കില്ല. എന്നാല്‍, മൂന്നിലേറെ മണ്ഡലങ്ങളില്‍ അവര്‍ രണ്ടാം സ്‌ഥാനത്തെത്തുമെന്നും സി.പി.എം. കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.

കാസര്‍ഗോഡ്‌ ജില്ലയില്‍ മൂന്നു സീറ്റില്‍ ഇടതു സ്‌ഥാനാര്‍ഥികള്‍ വിജയിക്കും. കോഴിക്കോട്ടു പത്തും കണ്ണൂരില്‍ ഒമ്പതും സീറ്റ്‌ നേടി ആധിപത്യമുറപ്പിക്കുമ്പോള്‍ വയനാട്ടില്‍ ഒരു സീറ്റാകും ലഭിക്കുക. മലപ്പുറം ജില്ലയിലെ 16-ല്‍ രണ്ടു സീറ്റിലേ പ്രതീക്ഷയുള്ളൂവെന്നു കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. മറ്റു ജില്ലകളില്‍ പ്രതീക്ഷിക്കുന്ന സീറ്റുകള്‍: പാലക്കാട്‌-9, തൃശൂര്‍-7, എറണാകുളം-7, ഇടുക്കി-2, കോട്ടയം-2, ആലപ്പുഴ-5, പത്തനംതിട്ട-2, കൊല്ലം-9, തിരുവനന്തപുരം-8.

ഇടതുപക്ഷം വിജയിക്കുമെന്നതിനു സി.പി.എം. കേന്ദ്രനേതൃത്വം നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്‌: ഇടതുകേന്ദ്രങ്ങളില്‍ പോളിംഗ്‌ ശതമാനത്തിലെ വര്‍ധന, യു.ഡി.എഫ്‌. ജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ പോളിംഗിലെ വന്‍ഇടിവ്‌, ഭരണവിരുദ്ധവികാരമില്ല, രണ്ടു രൂപയ്‌ക്ക് അരി പദ്ധതിക്കെതിരായ യു.ഡി.എഫ്‌. നിലപാട്‌ മധ്യവര്‍ഗവോട്ടര്‍മാരെയുള്‍പ്പെടെ സ്വാധീനിച്ചു, പ്രകടമായ വി.എസ്‌. തരംഗം മറികടക്കാന്‍ കോണ്‍ഗ്രസ്‌ ദേശീയനേതാക്കള്‍ക്കുപോലും സാധിച്ചില്ല, വി.എസിനെതിരേ രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന ഗുണം ചെയ്‌തു, യു.ഡി.എഫ്‌. വോട്ടുകള്‍ വൈകുന്നേരത്തോടെ കൂട്ടമായി പോള്‍ ചെയ്യുന്ന കീഴ്‌വഴക്കം ഉണ്ടായില്ല, ഉച്ചയോടെ 50 ശതമാനത്തിലധികം പോളിംഗ്‌, മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്നു വ്യത്യസ്‌തമായി പ്രചാരണഘട്ടത്തില്‍ സി.പി.എമ്മിലെ ഐക്യം അണികളില്‍ ആവേശമുണ്ടാക്കി.

Sunday, April 17, 2011

വിഴുപ്പലക്കല്‍ തുടങ്ങി; ഇനി യു.ഡി.എഫില്‍ 'നടപടിക്കാലം'

(മംഗളം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)

വോട്ടെടുപ്പു കഴിഞ്ഞ്‌ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഘടകകക്ഷികളും വിഴുപ്പലക്കല്‍ തുടങ്ങിയതോടെ യു.ഡി.എഫില്‍ ഉരുള്‍പൊട്ടല്‍. സീറ്റ്‌ വിഭജനത്തര്‍ക്കവും ടിക്കറ്റ്‌ നിഷേധവുമാണു വിഷയം. തെരഞ്ഞെടുപ്പില്‍ മുന്നണിവിരുദ്ധ നിലപാട്‌ എടുത്തവര്‍ക്കെതിരേ അതതു പാര്‍ട്ടികള്‍ നടപടിക്കു നീക്കം തുടങ്ങി. ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കുമെതിരേ പരസ്യമായി ആരോപണമുന്നയിച്ച കെ.കെ. രാമചന്ദ്രനെതിരേ രണ്ടുദിവസത്തിനുള്ളില്‍ നടപടിയുണ്ടാകും. ഇതു സംബന്ധിച്ച്‌ എ.ഐ.സി.സിക്കു കെ.പി.സി.സി. റിപ്പോര്‍ട്ട്‌ നല്‍കി. രാമചന്ദ്രനെ പുറത്താക്കുമെന്നും സൂചനയുണ്ട്‌. വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല.

ചിറ്റൂരില്‍ സോഷ്യലിസ്‌റ്റ് ജനത ഡെമോക്രാറ്റിക്ക്‌ നേതാവ്‌ കൃഷ്‌ണന്‍കുട്ടിക്കെതിരേ കെ.അച്യുതന്‍ എം.എല്‍.എ. തുടക്കമിട്ട നീക്കത്തിനു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പിന്തുണയുണ്ട്‌. കൃഷ്‌ണന്‍കുട്ടിയെ ഒറ്റപ്പെടുത്തി പ്രശ്‌നം കൈകാര്യം ചെയ്യുകയെന്ന തന്ത്രമാണു പാലക്കാട്‌ ഡി.സി.സിയുടേത്‌. കൃഷ്‌ണന്‍കുട്ടിയെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ്‌. നേതൃത്വം ശ്രമിക്കുമ്പോള്‍ ജനതാദള്‍ (എസ്‌) അദ്ദേഹത്തെ ഇടതുമുന്നണിയിലെത്തിക്കാനും നീക്കം നടത്തുന്നു.

പി.ജെ. ജോസഫ്‌ മത്സരിച്ച തൊടുപുഴയില്‍ വോട്ട്‌ മറിച്ചെന്ന ആരോപണം കോണ്‍ഗ്രസ്‌-കേരളാ കോണ്‍ഗ്രസ്‌ (എം) ബന്ധത്തെ വീണ്ടും ഉലച്ചു. ഇവിടെ വോട്ടിംഗ്‌ ശതമാനം കുറയാന്‍ കാരണം ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ വിട്ടുനിന്നതാണെന്നാണു സൂചന. ജോസഫ്‌ തോറ്റാല്‍ യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാകും. മന്ത്രിസ്‌ഥാനംവരെ ഉപേക്ഷിച്ച്‌ ഇടതുമുന്നണി വിട്ടുവന്ന തങ്ങളെ ചതിച്ചെന്ന വികാരം ജോസഫ്‌ ഗ്രൂപ്പിലുണ്ട്‌. ജോസഫ്‌ എം. പുതുശേരിയെപ്പോലുള്ള നേതാക്കളെ ഒഴിവാക്കിയെന്ന പരാതി മാണി വിഭാഗത്തില്‍ ശക്‌തമാണ്‌. തിരുവല്ലയില്‍ പ്രചാരണത്തിനിറങ്ങാത്തതിന്റെ പേരില്‍ പുതുശേരിക്കെതിരേ നടപടിയെടുത്താല്‍ മറ്റൊരു പ്രതിസന്ധിക്കിടയാക്കും.

പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ മുസ്ലിംലീഗിലുംതലകള്‍ ഉരുളും. ഗൗരിയമ്മയുടെ ജയം ഉറപ്പാക്കാനായില്ലെങ്കില്‍ ജെ.എസ്‌.എസില്‍ പിളര്‍പ്പുണ്ടായേക്കാം. പല പ്രമുഖര്‍ക്കും സീറ്റ്‌ ലഭിച്ചില്ലെന്ന ആക്ഷേപം കോണ്‍ഗ്രസില്‍ അടങ്ങിയിട്ടില്ല. ടി. സിദ്ദിഖ്‌, എം.എം. ഹസന്‍ എന്നിവരെ ഒഴിവാക്കിയതു ഫലപ്രഖ്യാപനത്തിനു ശേഷവും ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധിയുടെ പേരു പറഞ്ഞ്‌ സിദ്ദിഖിനെ വെട്ടിയെന്ന വിമര്‍ശനം എ ഗ്രൂപ്പ്‌ ഉയര്‍ത്തുന്നു. മുന്നണിവിരുദ്ധ നിലപാടെടുത്ത പ്രാദേശികനേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ജില്ലാനേതൃത്വങ്ങള്‍ക്കു നിര്‍ദേശം നല്‍കി.