Wednesday, February 16, 2011

ജഡ്ജിക്ക് കൈക്കൂലി: സുധാകരന്‍ ഇടനിലക്കാരന്‍

ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി തരപ്പെടുത്താന്‍ ഇടനിലക്കാരനായത് കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ പാര്‍ലമെന്റ് അംഗവുമായ കെ സുധാകരനാണെന്ന് ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍. സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുത്ത സംഭവത്തില്‍ സുധാകരന്‍ കാഴ്ചക്കാരനല്ല, ഇടനിലക്കാരനായിരുന്നുവെന്ന് കണ്ണൂരിലെ ബാര്‍ ഉടമ ജോസ് ഇല്ലിക്കല്‍ പറഞ്ഞു. കണ്ണൂര്‍ പുതിയതെരുവിലെ ഗീത ബാറിന് ലൈസന്‍സ് ലഭിക്കുന്നതിനാണ് സ്ഥാപനത്തിന്റെ മൂന്ന് പാര്‍ട്ണര്‍മാരില്‍ ഒരാളായിരുന്ന ജോസ് ഇല്ലിക്കല്‍ കേസുമായി ബന്ധപ്പെടുന്നത്. 1992ല്‍ 21 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് മന്ത്രിക്കും കെപിസിസി പ്രസിഡന്റിനും കൈക്കൂലി നല്‍കിയതായി ജോസ് പറയുന്നു. ഇതിന് കണ്ണൂരിലെ കരാറുകാരുടെ ഇടനിലക്കാരനായത് കെ സുധാകരനാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഫലമായി ഈ ലൈസന്‍സുകള്‍ റദ്ദാക്കി. തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി തള്ളി.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ബാര്‍ ഉടമകള്‍ തീരുമാനിച്ചപ്പോള്‍ കേസ് കൈകാര്യംചെയ്യാന്‍ സാധ്യതയുള്ള ബെഞ്ചിന്റെ വിവരം അറിഞ്ഞശേഷം അപ്പീല്‍ നല്‍കിയാല്‍ മതിയെന്ന് സുധാകരനാണ് ഉപദേശിച്ചതെന്ന് ജോസ് വെളിപ്പെടുത്തി. അതിനാല്‍ നാലുമാസം വൈകിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പോഴും ഇടനിലക്കാരന്‍ സുധാകരന്‍തന്നെയായിരുന്നു. കൈക്കൂലി വാങ്ങിയെന്ന് സുധാകരന്‍ പറയുന്ന സുപ്രീംകോടതി ജഡ്ജി എസ് പാണ്ഡ്യനാണ്. ചെന്നൈ അണ്ണാനഗറിലെ രാജ്പ്രകാശ് ലോഡ്ജിലാണ് പാണ്ഡ്യനെ ബാര്‍ ഉടമകള്‍ കാണുന്നത്. ഇതിന് സൌകര്യമൊരുക്കിയത് ചെന്നൈയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി ധര്‍മപ്രകാശാണ്. ഇയാളുടെ കുടുംബം മംഗലാപുരത്താണ്. സുധാകരനാണ് ധര്‍മപ്രകാശിനെ ഈ ദൌത്യം ഏല്‍പ്പിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായ സമയംമുതല്‍ പാണ്ഡ്യനെ ധര്‍മപ്രകാശിന് പരിചയമുണ്ട്.

കേസില്‍ അനുകൂല വിധിക്കായി 21 ലക്ഷം രൂപ കൈക്കൂലി നല്‍കാമെന്ന് അബ്കാരികള്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ സമ്മതിച്ചു. ജോസ് ഇല്ലിക്കലും ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. ബാര്‍ ഉടമകളുടെ പ്രതിനിധികളായി ആറു പേരടങ്ങിയ സംഘമാണ് ഡല്‍ഹിയില്‍വച്ച് തുക കൈമാറിയത്. ബാര്‍ അടച്ചിട്ട കാലത്തെ ലൈസന്‍സ് ഫീസ് കുറച്ചുനല്‍കാനും ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ജഡ്ജി പറഞ്ഞതനുസരിച്ച് അഞ്ചു ലക്ഷം രൂപകൂടി നല്‍കി. അങ്ങനെ പാണ്ഡ്യന് ആകെ 26 ലക്ഷം രൂപയാണ് നല്‍കിയത്. 36 ലക്ഷം നല്‍കിയെന്ന് സുധാകരന്‍ പറയുന്നത് ശരിയല്ല. ജഡ്ജിക്ക് 26 ലക്ഷമേ കൊടുത്തിട്ടുള്ളു. കേസിലെ അന്തിമവിധി പരിശോധിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിയുമെന്നും~~ജോസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയാണ് 21 ബാറുകള്‍ക്ക് ലൈസന്‍സ് സമ്പാദിച്ചതെന്നും ജോസ് പറഞ്ഞു. കാശ് വാങ്ങിയവരില്‍ ഒരാള്‍ അന്നത്തെ മന്ത്രിയാണ്. മറ്റൊരാള്‍ ഇപ്പോള്‍ കേന്ദ്രമന്ത്രി. രണ്ടുപേര്‍ വനിതാനേതാക്കള്‍. കരുണാകരന്‍ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയപ്പോള്‍ സി വി പത്മരാജനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതലയുണ്ടായിരുന്നത്. അക്കാലത്താണ് ബാര്‍ ലൈസന്‍സ് കിട്ടിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് പിന്നീട് ലൈസന്‍സ് റദ്ദാക്കേണ്ടിവന്നു. ലൈസന്‍സ് റദ്ദായപ്പോള്‍ ഒരു വനിതാനേതാവ് അഞ്ചുലക്ഷം രൂപ തിരിച്ചുനല്‍കി. ഏറെ അഴിമതി ആരോപണം നേരിട്ട രഘുചന്ദ്രബാലായിരുന്നു അന്ന് എക്സൈസ് മന്ത്രി.
(പി സുരേശന്‍)

ദേശാഭിമാനി 16.02.11

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ചെലവിട്ടത് 10 കോടി

ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ചെലവഴിച്ചത് പത്തുകോടിയോളം രൂപ. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കായാണ് പകുതി തുക വിനിയോഗിച്ചത്. ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും മുന്തിയ പങ്ക് ലഭിച്ചു. കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ച ബന്ധു കെ എ റൌഫിനെ ചോദ്യംചെയ്തപ്പോഴാണ് പണമൊഴുക്കിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ പണം നല്‍കിയതിനു പുറമെ വാഹനങ്ങള്‍, വീട്, ഫ്ളാറ്റ്, തോട്ടമടക്കമുള്ള സ്വത്തുക്കള്‍ എന്നിവ വാങ്ങി നല്‍കാനാണ് പത്തുകോടി ചെലവഴിച്ചത്. കുറ്റപത്രം തിരുത്തല്‍, മൊഴിമാറ്റിക്കല്‍, സാക്ഷികളെ വിദേശത്തേക്ക് കടത്തല്‍, ഇവരുടെ വിവാഹം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് പണം കൈമാറി. കുഞ്ഞാലിക്കുട്ടിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ കോടികള്‍ ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയ റൌഫ് പൊലീസ് ചോദ്യംചെയ്യലില്‍ ഇതിന്റെ വിശദവിവരങ്ങള്‍ കൈമാറി. പണം നല്‍കിയതിന്റെ വിവരങ്ങള്‍ രേഖാമൂലം ധരിപ്പിച്ചു.

കേസിലെ മുഖ്യസാക്ഷി കെ വി റജീനയ്ക്ക് മാത്രം ഒരുകോടി രൂപയുടെ സ്വത്ത് നല്‍കി. മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറഞ്ഞത് തിരുത്താന്‍ 2,65,000 രൂപ നല്‍കി. മലപ്പുറം തേഞ്ഞിപ്പലത്തെ ഷെരീഫ് വഴിയാണ് റജീനയ്ക്ക് പണം നല്‍കിയത്. കോഴിക്കോട് ചാലപ്പുറത്ത് ഫ്ളാറ്റ് വാങ്ങിനല്‍കി. റജീനയുടെ പേരില്‍ വാങ്ങിയ ഫ്ളാറ്റ് വിവാദം ഭയന്ന് ഭര്‍ത്താവ് പ്രമോദിന്റെ പേരിലാക്കി. പിന്നീടത് വിറ്റ് പണവുംകൊടുത്തു. ഒളവണ്ണയ്ക്കടുത്ത് മുതുവനത്തറയില്‍ സ്ഥലംവാങ്ങി നല്‍കി. ഈ 12 സെന്റില്‍ വീടും പണിതുനല്‍കി. വയനാട്ടില്‍ തോട്ടം വാങ്ങിക്കൊടുത്തു. ആള്‍ട്ടോ കാറടക്കം വാഹനങ്ങളും ഇരകളായ യുവതികള്‍ക്ക് വാങ്ങിക്കൊടുത്തു. ഇവരുടെ ഭര്‍ത്താക്കന്മാരെ ഗള്‍ഫിലയച്ചു. റജീനയ്ക്ക് ഓരോതവണയും പണം കൊടുത്തതിന് ഒപ്പിട്ടുവാങ്ങിയ രസീതും റൌഫ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറി. 12.50 ലക്ഷം രൂപ നല്‍കിയതിനുള്ള ഒറ്റ രസീത് ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുത്തെന്നും അറിയിച്ചു. 2005 ഒക്ടോബര്‍ 21നായിരുന്നു ആദായനികുതിറെയ്ഡ്.

മൊഴിമാറ്റാന്‍മാത്രം രജുല എന്ന യുവതിക്ക് 3,11,000 രൂപകൊടുത്തു. ഭര്‍ത്താവ് ബുഹാരിയാണ് പണം കൈപ്പറ്റിയത്. മറ്റു 12 സാക്ഷികള്‍ക്കും ലക്ഷങ്ങള്‍ കൊടുത്തതിന്റെ വിശദാംശവും പൊലീസിന് ലഭിച്ചു. കേരളത്തെ ഞെട്ടിച്ച പെവാണിഭക്കേസ് അട്ടിമറിക്കാന്‍ ഒഴുക്കിയ കോടികളുടെ വിശദമായ കണക്ക് പൊലീസിന് ലഭിക്കുന്നത് ആദ്യമാണ്. കേസ് അട്ടിമറിക്കാന്‍ ജസ്റിസ് നാരായണക്കുറുപ്പ്, ജസ്റിസ് കെ തങ്കപ്പന്‍ എന്നിവര്‍ക്ക് കോഴ കൊടുത്തതായി റൌഫ് വെളിപ്പെടുത്തിയിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ സി പീറ്റര്‍ ഇന്ത്യാവിഷനിലൂടെ നടത്തിയ വെളിപ്പെടുത്തലിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
(പി വി ജീജോ)

ദേശാ‍ഭിമാനി 16.02.11

സുധാകരന്‍ പോയത് ബാറുകാരുടെ ഏജന്റായി

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്നു പറഞ്ഞ കെ സുധാകരന്‍ എംപി ഇനി വെളിപ്പെടുത്തേണ്ടത് താന്‍ സാക്ഷി മാത്രമായിരുന്നുവോ അതോ ബാറുടമകളുടെ ഏജന്റായിരുന്നുവോ എന്നാണ്. രഹസ്യമായി നടക്കുന്ന കൈക്കൂലി കൊടുക്കലിനും വാങ്ങലിനും സാക്ഷിയായെങ്കില്‍ അതില്‍ സുധാകരനും പങ്കുണ്ടാകാതിരിക്കാന്‍ വഴിയില്ല. കേസില്‍ സുപ്രീംകോടതിയെ സമീപിച്ച ബാറുടമകളില്‍ ചിലരും കെ സുധാകരനും തമ്മില്‍ നിലനില്‍ക്കുന്ന അടുത്ത ബന്ധം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കണ്ണൂരിലെ ഒരുബാറുടമയാണ് ഇവരില്‍ പ്രധാനി. അടുത്തയാളും സഹായിയുമായ ഈ ബാറുടമയുടെ ദല്ലാളായിട്ടാണ് സുധാകരന്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ഡല്‍ഹിയില്‍ പോയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ജഡ്ജിക്ക് കൊടുത്ത തുക സംബന്ധിച്ച് ഇത്ര കൃത്യമായ കണക്ക് വെളിപ്പെടുത്തുന്നത്.

സുപ്രീംകോടതി ജഡ്ജി ബാര്‍ ലൈസന്‍സിനുള്ള അനുകൂലവിധി പുറപ്പെടുവിക്കുന്നതിന് 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്ന് ശനിയാഴ്ച കൊട്ടാരക്കരയില്‍ യുഡിഎഫ് പൊതുസമ്മേളനത്തിലാണ് സുധാകരന്‍ പ്രസംഗിച്ചത്. ഗുരുതരമായ ഈ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സുധാകരന്‍ പിന്നീട് ആവര്‍ത്തിക്കുകയുംചെയ്തു.

1992 ഒക്ടോബറില്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ കെ രഘുചന്ദ്രബാല്‍ എക്സൈസ് മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ 21 ബാര്‍ ലൈസന്‍സാണ് വിവാദമായത്. ലൈസന്‍സ് നല്‍കിയതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അടുത്തമാസംതന്നെ ഈ ബാര്‍ ലൈസന്‍സുകള്‍ ഗവമെന്റിന് റദ്ദാക്കേണ്ടിവന്നു. ഇതിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയെങ്കിലും അനുകൂലവിധി ലഭിച്ചില്ല. തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി ബാറുടമകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ജസ്റിസുമാരായ എസ് രത്നവേല്‍ പാണ്ഡ്യന്‍, ആര്‍ എം സഹായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് 1993 നവംബര്‍ അഞ്ചിനാണ് വിധി പ്രസ്താവിച്ചത്. ഈ രണ്ട് ജഡ്ജിമാരും വിരമിച്ചിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഏറെയായി. സുപ്രീംകോടതിയെ സമീപിച്ച ബാറുടമകളില്‍ പ്രധാനിയായ ആര്‍ വിജയകുമാര്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കിയെന്നത് നിഷേധിച്ചിരിക്കുകയാണ്. ഇനി വിധി പുറപ്പെടുവിച്ച ജഡ്ജിമാരും നിഷേധപ്രസ്താവനയുമായി രംഗത്തുവന്നാല്‍ പിന്നെ ജഡ്ജിമാരില്‍ ആര്‍ക്കാണ് കൈക്കൂലി നല്‍കിയതെന്ന് തെളിയിക്കേണ്ട ബാധ്യത സുധാകരന് മാത്രമാകും. 

ദേശാഭിമാനി 15.02.11

Tuesday, February 15, 2011

വിവാദങ്ങളെപ്പറ്റി ഭയം തോന്നുന്നവരോട്

കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും തങ്ങളുടെ മദ്ധ്യസ്ഥതയില്‍ ഒരു ബിരിയാണിച്ചെമ്പിനുമുന്നിലിരുന്നാല്‍ ഉടന്‍ തീരാവുന്ന പ്രശ്നമേ ലീഗിനുള്ളിലുള്ളൂവെന്ന് കേരളം ധരിക്കണമോ? വിവാദങ്ങള്‍ തീര്‍ന്നുവെന്ന് എത്ര ആശ്വാസത്തോടെയാണ് മാതൃഭൂമി മുന്‍പേജില്‍ വാര്‍ത്ത കൊടുത്തത്. "ശശി വിവാദം കത്തുന്നു''വെന്നാണ് ഒരു ദിവസം കഴിഞ്ഞ് മലയാള മനോരമ തലക്കെട്ട് കാച്ചിയത്. 2ജി സ്പെക്ട്രം അഴിമതിയെ കടത്തിവെട്ടിയ വാര്‍ത്ത രണ്ടുലക്ഷം കോടി രൂപയുടെ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട അഴിമതിയുടെ എട്ടാമത്തെ പേജിലേക്ക് തള്ളിയാണ് "ശശി വിവാദം'' മനോരമ സ്വന്തം തിരുനെറ്റിയില്‍ തന്നെ കുറിച്ചിട്ടത്.

കുഞ്ഞാലിക്കുട്ടിയെന്നൊരു പേരുപോലും ഇനിയാരും പറഞ്ഞുപോകരുതെന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ ചട്ടംകെട്ടല്‍. റൌഫ് കൊള്ളരുതാത്തവനായതുകൊണ്ട് അതും മിണ്ടരുത്. തനിക്കെതിരെ യുഡിഎഫിലെ ചിലര്‍കൂടി ഉള്‍പ്പെട്ട് കൊച്ചിയില്‍വച്ച് നടന്ന ഒരു ഗൂഢാലോചനയുടെ തെളിവുകള്‍ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയതോടെ അതും തീര്‍ന്നു. തന്റെ കയ്യിലൊരു ബോംബുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ അതു കയ്യിലിരുന്നു പൊട്ടരുതെന്നാണ് റൌഫ് തിരിച്ചടിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ കയ്യിലെ ബോംബ് ഉമ്മന്‍ചാണ്ടിയെ ഏല്‍പിച്ചതോടെ പാവം കുഞ്ഞാലിക്കുട്ടിക്ക് സമാധാനമായി. നാണം മറയ്ക്കാന്‍ മനോരമയും മാതൃഭൂമിയും ഉള്ളപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് ഉടുതുണി ഇല്ലെങ്കിലെന്ത്? പണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട്ടെ മാതൃഭൂമിയാഫീസില്‍ അന്തിയുറങ്ങാന്‍ കിടന്നത് പഴയ പത്രങ്ങള്‍ വിരിച്ചാണെന്ന് സ്വാതന്ത്യ്രസമരകാല കെപിസിസിയുടെ ചരിത്രത്തില്‍ പറയുന്നുണ്ട്. ഇപ്പോള്‍ അതേ പത്രങ്ങളുടെ താളുകള്‍ നേതാക്കള്‍ക്ക് നാണം മറയ്ക്കാനുള്ള തുണിയായാണ് കാണുന്നത് മനോരമയും മാതൃഭൂമിയും എത്ര അദ്ധ്വാനിച്ചാലും കുഞ്ഞാലിക്കുട്ടിയുടെ നാണം മറയ്ക്കാനാകുമോ? ഐസ്ക്രീം ഭൂതത്തെ കുടത്തിലടയ്ക്കാനാകുമോ?
 
കുഞ്ഞാലിക്കുട്ടി കേസില്‍ വിവാദങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എത്ര ധൃതി. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് എത്ര വിവാദങ്ങള്‍ ഈ മാധ്യമങ്ങള്‍ കുത്തിപ്പൊക്കി? നിലനിര്‍ത്തി? അതിന്റെയൊക്കെ ഫലം എന്തായി? അത്തരം വിവാദങ്ങളിലൂടെ കേരളത്തിന്റെ എത്ര വിലപ്പെട്ട സമയമാണ് ഇവര്‍ നഷ്ടപ്പെടുത്തിയത്? എത്രയോ പദ്ധതികളാണ് നടക്കാതെവന്നത്?
 
കുഞ്ഞാലിക്കുട്ടി മനോരമ ചാനലില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍, തനിക്കെതിരായ ഗൂഢാലോചനയെപ്പറ്റി വിവരിച്ച കൂട്ടത്തില്‍ "വേണമെങ്കില്‍ താന്‍ കോട്ടയത്തുവന്ന് മല്‍സരിക്കാം'' എന്ന് വെല്ലുവിളിച്ചിരുന്നു. കോട്ടയത്തുവന്ന് മല്‍സരിക്കുമ്പോള്‍ ആ വെല്ലുവിളി എല്‍ഡിഎഫിനോടായിരിക്കില്ലല്ലോ?
 
ഇവിടെ ചില സംഗതികള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയേ മതിയാകൂ.
  1. കുഞ്ഞാലിക്കുട്ടി ആരോപിച്ചതുപോലെ അദ്ദേഹത്തെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം മംഗലാപുരത്ത് ഏര്‍പ്പാടു ചെയ്യപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനുപിന്നില്‍ ആരാണ്?
  2. കുഞ്ഞാലിക്കുട്ടി റൌഫിന് ചെയ്ത വഴിവിട്ട സേവനങ്ങള്‍ എന്തെല്ലാമാണ്?
  3. ഇന്ത്യാവിഷന്‍ ചാനലിലെ സിഡിയില്‍നിന്നും ഒളിക്യാമറ ഉപയോഗിക്കുന്നത് എഡിറ്റര്‍ ഇന്‍ ചീഫ് എം പി ബഷീര്‍ തന്നെയാണ് എന്ന് വ്യക്തമാണ്. കേരളമാകെയറിയുന്ന ഈ ചാനല്‍ പ്രവര്‍ത്തകനെ കെ സി പീറ്റര്‍ അറിയില്ലെന്ന് വിശ്വസിക്കണമോ?
  4. കെ സി പീറ്റര്‍ ആരോപിക്കുന്നതുപോലെ തന്റെ ശബ്ദം അനുകരിച്ചതാണെങ്കില്‍, അത്തരം ഒരഭിമുഖത്തിന് അദ്ദേഹത്തെ സമീപിച്ചവര്‍ ഉത്തരം പറയേണ്ടതല്ലേ?
  5. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്നതുപോലുള്ള ഒരു ആരോപണം ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തത് വസ്തുതാവിരുദ്ധമെങ്കില്‍ കോടതിയലക്ഷ്യമല്ലേ? അതിന് കേസെടുക്കേണ്ടതില്ലേ?
  6. കുഞ്ഞാലിക്കുട്ടി നേരെ ചൊവ്വേ പരിപാടിയില്‍ പറഞ്ഞതുപോലെ, യുഡിഎഫിലെ ഏതു ഘടകകക്ഷിയാണ് കൊച്ചിയില്‍ വച്ച് നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തത്?
  7. തന്നെ വെട്ടിമാറ്റി മുന്നില്‍ കയറാനുള്ള ത്വരയോടെയാണ് ഈ ഗൂഢാലോചന നടത്തിയതെന്നു പറയുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയുടെ ഏതു നേതാവാണ് അത് ചെയ്തത്?
  8. തങ്ങള്‍ വിലക്കിയിട്ടും ഇന്ത്യാവിഷന്‍ സിഡി സംപ്രേഷണം ചെയ്തുവെങ്കില്‍ മുനീറിനും ഗൂഢാലോചനയില്‍ പങ്കില്ലേ?
  9. അഞ്ചാറു സിഡികള്‍ തയ്യാറാക്കാന്‍ ചിലവായ പണത്തിന്റെ ഉറവിടം ഏതാണ്? 
  10. ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചാല്‍ അത് പോലീസിനു കൈമാറാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയില്ലേ?
എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ് എന്ന കണക്കില്‍ കുഞ്ഞാലിക്കുട്ടിക്കേസിലെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 18.02.11

Monday, February 14, 2011

യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമെന്നു കോണ്‍ഗ്രസില്‍ അഭിപ്രായം

ജുഡീഷ്യറിക്കെതിരേ കഴിഞ്ഞദിവസം നേതാക്കള്‍ നടത്തിയ ആരോപണങ്ങള്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമെന്ന്‌ ആക്ഷേപം. ഇത്‌ ബൂമറാങ്ങായി തരിഞ്ഞടിക്കാനാണു സാധ്യത. ഇതോടെ യു.ഡി.എഫ്‌ നേതാക്കള്‍ക്കെതിരേ നടന്ന ചില വെളിപ്പെടുത്തലുകള്‍ ന്യായീകരിക്കാന്‍പോലും ഇനി മുന്നണിക്കു കഴിയില്ലെന്നും പരാതിയുണ്ട്‌.

കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായവരെ സംരക്ഷിക്കാനുള്ള ശ്രമത്തിനെതിരേയും കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുകയാണ്‌.

കോണ്‍ഗ്രസിന്റെ ഈ നിലപാട്‌ വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു തിരിച്ചടിയാകുമെന്ന അഭിപ്രായവും ശക്‌തമായി. ഇതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വരും ദിവസങ്ങളില്‍ ശക്‌തമായ പ്രതികരണം ഉണ്ടാകും.

അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍. ബാലകൃഷ്‌ണപിള്ളയെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നീക്കമാണ്‌ പാര്‍ട്ടിയില്‍ അസംതൃപ്‌തി ഉളവാക്കിയത്‌. ശിക്ഷിക്കപ്പെട്ട വ്യക്‌തിയെ സംരക്ഷിക്കുക മാത്രമല്ല അദ്ദേഹത്തിന്‌ വന്‍ സ്വീകരണം നല്‍കുകയായിരുന്നു. ഇതില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌ പ്രതിനിധി കെ. സുധാകരന്‍ നടത്തിയ ചില പ്രസ്‌താവനകള്‍ പുതിയ വിവിാദങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്‌.

ജഡ്‌ജിമാര്‍ കൈക്കൂലി വാങ്ങിയതിനേക്കുറിച്ച്‌ തനിക്കു നേരിട്ട്‌ അറിയാമെന്നാണ്‌ സുധാകരന്‍ പറഞ്ഞത്‌. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കാന്‍ ജഡ്‌ജിമാര്‍ കൈക്കൂലി വാങ്ങിയെന്ന്‌ ഇന്ത്യാവിഷന്‍ തെളിവു സഹിതം ആരോപിച്ചപ്പോള്‍ അതിനെ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. ഇത്‌ ജുഡീഷ്യറിയുടെ വിശ്വാസ്യത ഇല്ലാതാക്കാനേ ഉപകരിക്കുകയുള്ളുവെന്നാണ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌. ആ സാഹചര്യത്തില്‍ കഴിഞ്ഞദിവസം സുധാകരന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ്‌. നേതാക്കള്‍ നടത്തിയ പ്രസ്‌താവനകള്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ ശരിവയ്‌ക്കുന്നുവെന്നും അവര്‍ പറയുന്നു. ഇത്‌ സി.പി.എമ്മിന്‌ വടികൊടുത്തതിനു തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

കഴിഞ്ഞദിവസത്തെ സ്വീകരണ യോഗത്തില്‍ ബാലകൃഷ്‌ണപിള്ള നടത്തിയ ചില പരാമര്‍ശങ്ങളും മുന്നണിക്കു ദോഷം ചെയ്യുമെന്നു പരാതിയുണ്ട്‌. തന്നെ ജയിലിലടച്ചാല്‍ അതിനെതിരേ ജനവിധി ഉണ്ടാകുമെന്നും തുടര്‍ന്ന്‌ താന്‍ സുഖമായി പുറത്തുവരുമെന്നും അര്‍ഥം വരുന്ന ചില പ്രസ്‌താവനകളാണ്‌ അദ്ദേഹം നടത്തിയത്‌. ഇത്‌ യു.ഡി.എഫിനെതിരെയുള്ള ശക്‌തമായ പ്രചരണായുധമായി മാറുമെന്നും കോണ്‍ഗ്രസില്‍ ഒരു വിഭാഗം സംശയിക്കുന്നു. യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരെ ജയിലില്‍ നിന്നും തുറന്നുവിടുമെന്നുള്ള പ്രചാരണത്തിന്‌ ഇടതുമുന്നണിക്കു വഴിവച്ചുകൊടുക്കുകയായിരുന്നു.

വിധി വന്നശേഷം ബാലകൃഷ്‌ണപിള്ള നടത്തുന്ന പ്രസ്‌താവനകള്‍ യാതൊരു ബോധവുമില്ലാതെയാണെന്നും ഇവര്‍ പറയുന്നു. നിലവിലെ സാഹചര്യം മുതലെടുത്ത്‌ ജനങ്ങള്‍ക്കിടയില്‍ സഹതാപ വികാരം ഉണര്‍ത്തിവിടാന്‍ ശ്രമിക്കാതെ ധാര്‍ഷ്‌ട്യം നിറഞ്ഞ രീതിയില്‍ പ്രതികരിക്കുന്നത്‌ ശരിയല്ല. ഇതിനു കോണ്‍ഗ്രസ്‌ കൂട്ടുനില്‍ക്കാനും പാടില്ല. ഇപ്പോള്‍ ബാലകൃഷ്‌ണപിള്ള ഉയര്‍ത്തിവിടുന്ന ആരോപണങ്ങള്‍ അച്യുതാനന്ദന്റെ പ്രതിച്‌ഛായ കൂടുതല്‍ മെച്ചപ്പെടുത്തുകയേ ഉള്ളു.

അഴിമതിക്കെതിരേ പോരാടുന്ന വ്യക്‌തിയെന്നു വി.എസിനുള്ള പ്രതിച്‌ഛായ ഇതിലൂടെ ശക്‌തിമാകുകയാണ്‌. 20 വര്‍ഷം കഴിഞ്ഞ്‌ ശിക്ഷിക്കപ്പെട്ടപ്പോള്‍ പിള്ള വി.എസിനെതിരേ ആരോപണം ഉയര്‍ത്തുന്നത്‌ വിശ്വസനീയമല്ലെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്‌.

ഇതുപോലെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ പ്രശ്‌നവും. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഗൂഢാലോചന നടത്തിയതിന്റെ തെളിവുണ്ടെന്നു പറഞ്ഞ്‌ ആഴ്‌ച രണ്ടു കഴിഞ്ഞിട്ടും ഇതുവരെ അതു പുറത്തുകൊണ്ടുവരാന്‍ കഴിയാത്തത്‌ സംശയം സൃഷ്‌ടിക്കുന്നുവെന്നാണ്‌ അവരുടെ അഭിപ്രായം.

ഇത്തരത്തില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത്‌ എത്രയും വേഗം പുറത്തുവിടണമായിരുന്നു. നിയമസഭയില്‍ ഉള്‍പ്പെടെ ഈ ആരോപണം ശക്‌തമാകുകയും പോലീസ്‌ നടപടി ഉണ്ടാകുമെന്ന പ്രതീതി ജനിക്കുകയും ചെയ്‌ത സാഹചര്യത്തിലും തെളിവുകള്‍ പുറത്തുവിടാത്തതുമൂലം അത്തരമൊന്നില്ലെന്ന്‌ വിശ്വസിക്കേണ്ടി വരുമെന്നുംഅവര്‍ പറയുന്നു.

യു.ഡി.എഫ്‌ ഒരു കൂട്ടായ്‌മയാണ്‌. ആ കൂട്ടായ്‌മയാണ്‌ നിലനിര്‍ത്തേണ്ടത്‌. വ്യക്‌തികളെ സംരഷിക്കാനായി ആ കൂട്ടായ്‌മയ്‌ക്കു ദോഷമുണ്ടാക്കരുതെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം. അത്തരക്കാരെ സംരക്ഷിച്ച്‌ സ്വയം അപഹാസ്യരാകരുത്‌. അധികാരത്തിന്റെ പടിവാതിക്കല്‍ വരെ എത്തിയിട്ട്‌ ഇത്തരം നിലപാടുകള്‍ മൂലം ജനങ്ങളുടെ മുന്നില്‍ കരടായി മാറരുതെന്നും ഇവര്‍ വ്യക്‌തമാക്കുന്നുണ്ട്‌. കോണ്‍ഗ്രസിന്റെ എല്ലാതലത്തിലും ഇതിനെതിരേയുള്ള വികാരം ഉണ്ടായിട്ടുണ്ട്‌. അതിന്റെ അനുരണനങ്ങളാണ്‌ കഴിഞ്ഞദിവസം തൊടുപുഴയില്‍ നടന്ന കെ.എസ്‌.യുവിന്റെ യോഗത്തില്‍ കണ്ടത്‌.

വരും ദിവസങ്ങളില്‍ യൂത്ത്‌ കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ചില വിഭാഗങ്ങളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കും.

Sunday, February 13, 2011

ഈജിപ്‌ത് വിപ്ലവം: അറബ്‌ ലോകം ആശങ്കയില്‍

ഈജിപ്‌ത് പ്രസിഡന്റ്‌ ഹോസ്‌നി മുബാറക്കിന്റെ പതനത്തിനു പിന്നാലെ അല്‍ജീരിയയിലും സര്‍ക്കാര്‍ വിരുദ്ധ വിപ്ലവത്തിനു കളമൊരുങ്ങിയതോടെ അറബ്‌ ലോകത്തെ ഏകാധിപത്യ, രാജവാഴ്‌ച ഭരണകൂടങ്ങള്‍ ആശങ്കയില്‍. ജനാധിപത്യ സംസ്‌ഥാപനത്തിനു വഴിയൊരുക്കി ഈജിപ്‌തില്‍ പ്രതിപക്ഷ പ്രക്ഷോഭം വിജയത്തിലെത്തിയത്‌ അറബ്‌ ലോകത്തെമ്പാടുമുള്ള ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കു തിരിച്ചടിയായി. ഇസ്ലാമിക ലോകത്തെ ഏകാധിപത്യ സര്‍ക്കാരുകള്‍ക്ക്‌ ഈജിപ്‌ത് പാഠമാകണമെന്നു മുസ്ലിം ബ്രദര്‍ഹുഡ്‌ മുന്നറിയിപ്പു നല്‍കി.

ജനകീയ മുന്നേറ്റത്തിനൊടുവില്‍ മുബാറക്‌ രാജിവച്ചു പുറത്തുപോയത്‌ അറബ്‌ രാജ്യങ്ങളിലെ പ്രതിപക്ഷ നീക്കത്തിനു പ്രചോദനമായി. പലസ്‌തീന്‍, ടര്‍ക്കി, ജോര്‍ദാന്‍, സിറിയ, യെമന്‍, ബഹ്‌റൈന്‍, ലബനന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ 'ഈജിപ്‌ത് വിപ്ലവത്തെ' ആഘോഷപൂര്‍വം സ്വാഗതം ചെയ്‌തു. അറബ്‌ ലോകത്തു രാജ-സൈനിക വാഴ്‌ച നിലവിലുള്ള സൗദി അറേബ്യ, കുവൈത്ത്‌, ലിബിയ, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്‌ട്രങ്ങള്‍ ഈജിപ്‌തിലെ സംഭവവികാസത്തെക്കുറിച്ചു പ്രതികരിച്ചില്ലെങ്കിലും അവിടങ്ങളിലും ഭരണകൂടവിരുദ്ധ നീക്കം തുടങ്ങി.

ടുണീഷ്യയില്‍ ആരംഭിച്ച ജനാധിപത്യപ്രക്ഷോഭം ഈജിപ്‌ത് കീഴടക്കിയശേഷം അല്‍ജീരിയയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇന്നലെ തലസ്‌ഥാനമായ അല്‍ജിയേഴ്‌സില്‍ പ്രതിപക്ഷ സഖ്യമായ റാലി ഫോര്‍ കള്‍ച്ചറല്‍ ഡെമോക്രസി(ആര്‍.സി.ഡി.)യുടെ മാര്‍ച്ച്‌ തടഞ്ഞ്‌ പോലീസ്‌ നേതാക്കളെ അറസ്‌റ്റ് ചെയ്‌തു. നിരോധനം വകവയ്‌ക്കാതെ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ച്‌ മധ്യഅല്‍ജിയേഴ്‌സില്‍ തടഞ്ഞാണു നേതാക്കളെ അറസ്‌റ്റ് ചെയ്‌തത്‌. രണ്ടാഴ്‌ച മുമ്പു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഹോസ്‌നി മുബാറക്കിന്റെ രാജിയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച്‌ അല്‍ജിയേഴ്‌സിലും ബഹ്‌റൈനിലും പ്രകടനങ്ങള്‍ നടന്നു.

മുബാറക്കിന്റെ രാജി വാര്‍ത്തയോടു യെമന്‍ പ്രസിഡന്റ്‌ അലി അബ്‌ദുള്ള സലേ കരുതലോടെയാണു പ്രതികരിച്ചത്‌. 2013 ല്‍ നടക്കുന്ന പ്രസിഡന്റ്‌ തെഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന്‌ അബ്‌ദുള്ള സലേ അറിയിച്ചു. എന്നാല്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തോടു പ്രതിപക്ഷം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഉടന്‍ ഭരണപരിഷ്‌കാരം നടപ്പിലാക്കണമെന്നാണ്‌ അവരുടെ ആവശ്യം. ഇരുപതു വര്‍ഷമായി യെമന്‍ ഭരിക്കുന്ന സലേ രണ്ടാഴ്‌ചയായി പ്രതിപക്ഷ സമരത്തെ നേരിടുകയാണ്‌. പ്രക്ഷോഭത്തെത്തുടര്‍ന്നു ജോര്‍ദാനിലെ അബ്‌ദുള്ള രണ്ടാമന്‍ രാജാവ്‌ മന്ത്രിസഭ പിരിച്ചു വിട്ട്‌ ജനരോഷം ലഘൂകരിക്കാര്‍ ശ്രമം നടത്തിയെങ്കിലും ഫലവത്തായിട്ടില്ല. യെമനില്‍ അഴിമതി തടയലും രാഷ്‌ട്രീയ നവീകരണവുമാണ്‌ പ്രക്ഷോഭകരുടെ ലക്ഷ്യമെങ്കില്‍ തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണ്‌ ജോര്‍ദാനിലെ പ്രശ്‌നം. തലസ്‌ഥാനമായ അമ്മാനില്‍ ഈജിപ്‌ഷ്യന്‍ ജനതയ്‌ക്കു അഭിവാദ്യം അര്‍പ്പിച്ച്‌ പ്രകടനം നടന്നു.

പ്രത്യക്ഷ ഐക്യനിര ഉണ്ടായിട്ടില്ലെങ്കിലും സിറിയയിലും അതൃപ്‌തി വ്യാപകമാണ്‌. പൗരാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സിറിയന്‍ ജനത പ്രക്ഷോഭ പാതയിലേക്കാണ്‌. എന്നാല്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്ന നിലപാടാണ്‌ പ്രസിഡന്റ്‌ ബാഷര്‍ അസാദ്‌. ഇന്റര്‍നെറ്റിലെ സൗഹൃദ വെബ്‌സൈറ്റുകള്‍ വഴി ഇതിനുള്ള പ്രചാരണം നടക്കുന്നുണ്ട്‌.

മംഗളം ദിനപ്പത്രം 13.02.2011