Thursday, May 26, 2011

തദ്ദേശവകുപ്പ്‌ വെട്ടിമുറിച്ചത്‌ ആരോടും പറയാതെ

ഘടകകക്ഷിക്കു നീക്കിവച്ച തദ്ദേശഭരണവകുപ്പ്‌ കക്ഷിനേതാവ്‌ ആരോടും ചോദിക്കാതെ വെട്ടിമുറിച്ച്‌ ചങ്കും കരളും സ്വന്തമാക്കി. ചെറിയ കഷണം പാര്‍ട്ടിയിലെ മറ്റൊരു മന്ത്രിക്കു നല്‍കി. മുഖ്യമന്ത്രിയോ ഘടകകക്ഷിയോ അറിയാതെ നടത്തിയ ഈ ഓപ്പറേഷന്‍ മൂലം കേന്ദ്രപദ്ധതികളും കുടുംബശ്രീയും താളംതെറ്റുമെന്നറിഞ്ഞിട്ടും സമ്മര്‍ദരാഷ്‌ട്രീയത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. പരാതികള്‍ ഒതുക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം മുഖ്യമന്ത്രി അധ്യക്ഷനായി ഉപസമിതി രൂപീകരിച്ച്‌ തടിതപ്പി.

ഫലത്തില്‍ തദ്ദേശഭരണവകുപ്പ്‌ മൂന്നു കഷണമായി. മൂന്നും മൂന്നു മന്ത്രിമാര്‍ക്കു കീഴില്‍. നഗരവികസനം പി.കെ. കുഞ്ഞാലിക്കുട്ടിക്ക്‌. പഞ്ചായത്ത്‌ എം.കെ. മുനീറിന്‌. ഗ്രാമവികസനം കെ.സി. ജോസഫിന്‌. ഏതായാലും ആരോരുമറിയാതെ നടത്തിയ ഈ വിഭജനം വിവാദമായിരിക്കുകയാണ്‌.

പ്രാദേശികമായി ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ നടക്കുന്നതാണ്‌ തദ്ദേശഭരണവകുപ്പ്‌. നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും കുടുംബശ്രീയുടെയും നടത്തിപ്പു ചുമതല തദ്ദേശഭരണവകുപ്പിനായിരുന്നു. വിഭജനത്തോടെ വകുപ്പുസെക്രട്ടറിയും കീഴുദ്യോഗസ്‌ഥരും പ്രാദേശിക ഭരണകൂടങ്ങളുടെ ഭരണകര്‍ത്താക്കളും ഫയലുകളുമായി മൂന്നു മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങണം. നിലവിലുള്ള തദ്ദേശസ്വയംഭരണ സര്‍വീസും ത്രിശങ്കുവിലാകും.

അധികാരവികേന്ദ്രീകരണത്തിനായി കേരളം കാലങ്ങളായി സ്വീകരിച്ച ഭരണസംവിധാനത്തെയാണ്‌ തന്നിഷ്‌ടപ്രകാരം ഘടകകക്ഷിനേതാവ്‌ അറുത്തുമുറിച്ചത്‌. മന്ത്രിസഭയോടോ മുന്നണിയോടോ സ്വന്തം പാര്‍ട്ടിയോടോ ആലോചിച്ചില്ല. കെ.പി.സി.സി. പ്രസിഡന്റും മറ്റും ആശങ്കപ്പെട്ടപോലെ വകുപ്പുകളെ സാമ്രാജ്യമാക്കുകയായിരുന്നു ഇദ്ദേഹം. വകുപ്പുകള്‍ ഓരോന്നും സ്വയം സര്‍ക്കാരുകളായി നീങ്ങാതെ മന്ത്രിസഭ കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ അഭിപ്രായവും നേതാവ്‌ ചെവിക്കൊണ്ടില്ല. പഞ്ചായത്ത്‌-നഗര ഭരണങ്ങള്‍ ഏകോപിപ്പിക്കണമെന്നാണു യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച വീരപ്പ മൊയ്‌ലി ഭരണപരിഷ്‌ക്കാര കമ്മിഷന്റെ നിര്‍ദേശം. വേണ്ടിവന്നാല്‍ ജില്ലാ പഞ്ചായത്തുകള്‍ പിരിച്ചുവിട്ട്‌ ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിക്കാനുള്ള കരട്‌ ഭേദഗതിയും പുറപ്പെടുവിച്ചിട്ടുണ്ട്‌. അതിനിടെയിലാണ്‌ കേരളത്തില്‍ തദ്ദേശവകുപ്പു കഷണങ്ങളാക്കിയത്‌.

അടിസ്‌ഥാന വികസനത്തെ ബാധിക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പ്‌ മൂന്നു വകുപ്പുകളിലായി ചിതറുമെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ അപകടം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ്‌ കുളമാകും. ഉദാഹരണത്തിന്‌ ജെന്‍ട്രം പദ്ധതി എറണാകുളത്ത്‌ നടപ്പാക്കുന്നത്‌ കൊച്ചി കോര്‍പ്പറേഷനേയും സമീപത്തെ ചില പഞ്ചായത്തുകളേയും കൂട്ടിച്ചേര്‍ത്താണ്‌.

ഇതിന്റെ നിര്‍വഹണത്തിന്‌ തടസമുണ്ടാകും. പ്രധാനമന്ത്രി സഡക്‌ യോജന, ദേശീയ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി, തൊഴിലുറപ്പു പദ്ധതി എന്നിവയൊക്കെ ഗ്രാമവികസനത്തിന്റെ ഭാഗമായവയാണെങ്കിലും നടപ്പാക്കുന്നത്‌ തദ്ദേശസ്വയംഭരണവകുപ്പായിരുന്നു. ഇവയുടെ ഭാവി ഇരുളിലാകും.

സെക്രട്ടേറിയറ്റില്‍ തദ്ദേശസ്‌ഥാപനങ്ങളിലെ സ്‌ഥലംമാറ്റം, നിയമനം, ആസൂത്രണം, ഭരണനിര്‍വഹണം തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട്‌. ഇതിന്റെ മേല്‍നോട്ടത്തിനു തദ്ദേശഭരണ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റു സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാരസമിതിയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാവുന്ന പദ്ധതികള്‍ക്കു വളരെ വേഗത്തില്‍ അംഗീകാരം നല്‍കാന്‍ ഉന്നതാധികാര സമിതിക്കു കഴിഞ്ഞിരുന്നു. വകുപ്പ്‌ മൂന്നു മന്ത്രിമാരുടെ കീഴിലാകുമ്പോള്‍ ഈ സംവിധാനം ഇല്ലാതാകും. ഇതു പദ്ധതികള്‍ക്കും മറ്റും അംഗീകാരം ലഭിക്കാന്‍ കാലതാമസം ഉണ്ടാക്കും.

മൂന്നു വകുപ്പുകള്‍ക്കും പൊതുവായുണ്ടായിരുന്ന ജീവനക്കാരുടെ സ്‌ഥിതിയും കഷ്‌ടം. ഈ സ്‌ഥാപനങ്ങളിലേക്കുള്ള ജീവനക്കാരുടെ പൊതു സര്‍വീസ്‌ സമ്പ്രദായം ഇല്ലാതാകും. എല്ലാ സ്‌ഥാപനങ്ങളിലേക്കുമുള്ള ജീവനക്കാരെ കണ്ടെത്താനായാണ്‌ തദ്ദേശ സ്വയംഭരണവകുപ്പ്‌ സര്‍വീസ്‌ രൂപീകരിച്ചത്‌. അതിന്റെ ഭാവിയും ആശങ്കയിലാണ്‌. പുനര്‍വിന്യാസം തുടങ്ങിയാല്‍ അടുത്ത അഞ്ചുവര്‍ഷം തദ്ദേശസ്‌ഥാപനങ്ങളില്‍ ഒന്നും നടക്കില്ല.

Wednesday, May 25, 2011

ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ ഭാവി എന്താവും????

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സംശയനിഴലില്‍ നില്‍ക്കുന്ന മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ. ദാമോദരന്റെ ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള മലബാര്‍ അക്വാഫാം എന്ന സ്‌ഥാപനം വന്‍കിട പണമിടപാടുകള്‍ക്കു മറയിടാനുള്ള തട്ടിപ്പു സ്‌ഥാപനമായിരുന്നെന്നു കേസന്വേഷിക്കുന്ന പ്രത്യേക പോലീസ്‌ സംഘം കണ്ടെത്തി.

കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരത്തിനടുത്തുള്ള ഒരു ഒറ്റമുറിക്കെട്ടിടമാണ്‌ 'മലബാര്‍ അക്വാഫാം' എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണു പോലീസ്‌ അന്വേഷണത്തില്‍ പുറത്തായത്‌. ഈ സ്‌ഥാപനത്തിന്റെ പേരില്‍ വലിയ പണമിടപാടുകള്‍ നടന്നിരുന്നതായി വ്യക്‌തമായിട്ടുണ്ട്‌. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിയെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക പോലീസ്‌ സംഘം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്‌.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കുന്നതില്‍ അന്ന്‌ അഡ്വക്കേറ്റ്‌ ജനറലായിരുന്ന എം.കെ. ദാമോദരന്‍ പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണു മലബാര്‍ അക്വാഫാമിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്‌. കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണമുന്നയിച്ച ബന്ധു റൗഫ്‌ ആണ്‌ കേസില്‍ എം.കെ. ദാമോദരന്റെ പങ്കിനെക്കുറിച്ചു പോലീസിനു വിവരം നല്‍കിയത്‌.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ സമയത്തെ ദാമോദരന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം തുടരുകയാണ്‌. ദാമോദരനു പണം നല്‍കിയതിനെക്കുറിച്ചു റൗഫ്‌ നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങളാണ്‌ പരിശോധിക്കുന്നത്‌.

അതേസമയം, പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ കേസന്വേഷണം മരവിപ്പിച്ചേക്കാമെന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്‌. അന്വേഷണത്തില്‍ അമിതാവേശം വേണ്ടെന്നാണ്‌ പോലീസ്‌ തലപ്പത്തുനിന്ന്‌ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. സംശയിക്കപ്പെടുന്നവരിലേറെയും 'വി.വി.ഐ.പി'കളായതിനാല്‍ അങ്ങേയറ്റം സൂക്ഷ്‌മതയോടെ വേണം കരുക്കള്‍ നീക്കാനെന്നും നിര്‍ദേശമുണ്ട്‌.

ചോദ്യം ചെയ്യപ്പെട്ട്‌ 48 മണിക്കൂറിനകം ഐപ്പ്‌ അഡീഷണല്‍ എ.ജി.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ ചോദ്യം ചെയ്യപ്പെട്ട്‌ 48 മണിക്കൂര്‍ തികയും മുമ്പേ, പി.സി. ഐപ്പിനെ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പോലീസ്‌ ഞെട്ടി.

മര്യാദയ്‌ക്ക് കേസന്വേഷിച്ചാല്‍ 'പണി' മേടിക്കുമെന്ന വ്യക്‌തമായ സൂചന തുടക്കത്തില്‍ തന്നെ പോലീസിനു കിട്ടിയതോടെ ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിന്റെ അന്വേഷണവും അട്ടിമറിക്കപ്പെടുമെന്നായി. ഭരണ, നീതിന്യായരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട കേസില്‍, എങ്ങനെ അന്വേഷണം മുമ്പോട്ടുകൊണ്ടുപോകുമെന്നറിയാതെ അമ്പരന്നുനില്‍ക്കുകയാണ്‌ സംസ്‌ഥാന പോലീസ്‌.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കാന്‍ വേണ്ടി പ്രതികള്‍ക്കനുകൂലമായി കോടതിയില്‍ ഒത്തുകളിക്കാനും ന്യായാധിപന്മാരെ സ്വാധീനിക്കാനും മുന്‍ സ്‌റ്റേറ്റ്‌ അറ്റോര്‍ണിയും അന്ന്‌ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായിരുന്ന പി.സി. ഐപ്പ്‌ വഴിവിട്ടു പ്രവര്‍ത്തിച്ചുവെന്ന ആരോപണമാണ്‌ പോലീസ്‌ അന്വേഷിക്കുന്നത്‌. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫും സ്വകാര്യ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ മുന്‍ അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ കെ.സി. പീറ്ററും നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ്‌ പി.സി. ഐപ്പിനെ ചോദ്യം ചെയ്യാന്‍ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ്‌ സംഘം തീരുമാനിച്ചത്‌. കഴിഞ്ഞ 21 ന്‌ കൊച്ചിയില്‍വച്ച്‌ ഐപ്പിനെ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ചോദ്യം ചെയ്‌തു.

23 ന്‌ അദ്ദേഹത്തെ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ എന്ന സുപ്രധാന തസ്‌തിക നല്‍കി സര്‍ക്കാര്‍ ആദരിച്ചതോടെ പോലീസ്‌ വെട്ടിലായി. കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റെ താല്‍പര്യപ്രകാരമാണ്‌ ഐപ്പിനെ അഡീഷണല്‍ എ.ജിയായി നിയമിച്ചത്‌.

ഐപ്പ്‌ അഡീഷണല്‍ എ.ജിയായി നിയമിക്കപ്പെട്ടതോടെ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ 'വിധിക്കപ്പെട്ട' പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ആശങ്കയിലായി.

ഐപ്പുമായി ബന്ധമുണ്ടെന്നും കേസില്‍ പണം വാങ്ങിയെന്നും ആരോപിക്കപ്പെട്ട മുന്‍ ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ്‌ തങ്കപ്പന്‍, ജസ്‌റ്റിസ്‌ കെ. നാരായണക്കുറുപ്പ്‌ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.

ഉന്നതന്മാര്‍ക്കെതിരായ പോലീസ്‌ നടപടികള്‍ പുരോഗമിക്കുന്നതിനിടെ സംശയനിഴലിലുള്ളവരെ തന്നെ, നിര്‍ണായക തസ്‌തികകളിലേക്ക്‌ അവരോധിക്കുന്ന സര്‍ക്കാര്‍ നടപടി പോലീസിനെ അസ്വസ്‌ഥരാക്കിയിട്ടുണ്ട്‌. ഐപ്പിന്റെ നിയമനം പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ശക്‌തമായ ആയുധമാക്കുമെന്നാണു സൂചന.

മംഗളം ദിനപ്പത്രം 25.05.2011

Monday, May 23, 2011

അഴിമതിരാജിന്റെ വാര്‍ഷികാഘോഷം

ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണരാജ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി മൂന്നാംവര്‍ഷത്തിലേക്ക് കടക്കുകയാണ്- യുപിഎയുടെ രണ്ടാംഭരണത്തിന്റെ രണ്ടാംവാര്‍ഷികം! അഴിമതിയില്‍ മുങ്ങിക്കുളിച്ച്, വിലക്കയറ്റത്തിന്റെ തീപടര്‍ത്തി, ദേശാഭിമാനത്തില്‍വരെ വിട്ടുവീഴ്ചചെയ്ത്, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിരന്തരം അടിയറവുപറഞ്ഞ്, കാര്‍ഷിക- വ്യാവസായിക മേഖലകള്‍മുതല്‍ ബാങ്കിങ്- ഇന്‍ഷുറന്‍സ് മേഖലകള്‍വരെ വിദേശകമ്പോളത്തിന്റെ ചൂഷണത്തിനും കൊള്ളയ്ക്കുമായി തുറന്നുവച്ച്, ജനവിരുദ്ധ- തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ തുടരെ പാസാക്കി നീങ്ങുകയാണ് ഈ ഭരണം.

ഈ പ്രക്രിയക്കിടയില്‍ മുഖ്യ ഭരണകക്ഷിക്കാരനായ എംപിമുതല്‍ ഘടകകക്ഷിയില്‍പ്പെട്ട മന്ത്രിവരെ ജയിലിലായി. പ്രധാനമന്ത്രിയുടെ ഓഫീസിനെവരെ സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുന്ന നിലവന്നു. അപഹാസ്യമായി അങ്ങനെ ഭരണം നീളുന്നു. യുപിഎയുടെ രണ്ടാംഭരണം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനിക്കാന്‍ വകനല്‍കുന്ന ഒന്നും എവിടെയും ഉണ്ടായതായി ഭരണം നയിക്കുന്ന കോണ്‍ഗ്രസിനോ യുപിഎക്കോ പറയാനില്ല; അപമാനിതമായതായി ചരിത്രം രേഖപ്പെടുത്തുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടുതാനും.

ഇടതുപക്ഷപാര്‍ടികളുടെ പിന്തുണയോടെ ഭരിച്ചിരുന്ന മുന്‍ ഘട്ടത്തില്‍ ദേശീയ തൊഴില്‍നിര്‍മാണ പദ്ധതിപോലെ, വനവാസി സംരക്ഷണനിയമംപോലെ ചിലത് ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നു. ഇടതുപക്ഷപാര്‍ടികളുടെ സമ്മര്‍ദംമൂലം നിവൃത്തിയില്ലാതെ യുപിഎക്ക് കൈക്കൊള്ളേണ്ടിവന്ന നടപടികളാണവ. ആ നിയമനിര്‍മാണത്തിന്റെയും നടപടിയുടെയും പിന്നിലുണ്ടായിരുന്നത് ഇടതുപക്ഷമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് ഈ ഘട്ടത്തില്‍ ജനതാല്‍പ്പര്യത്തിലുള്ള ഒരു നടപടിയും യുപിഎ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടായിട്ടില്ലെന്നതുതന്നെ.

ഒന്നാം ഭരണഘട്ടത്തിന്റെ അന്ത്യനാളുകളില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭരണം നിലനിര്‍ത്താന്‍ രാഷ്ട്രീയ ജീര്‍ണതയിലേക്ക് യുപിഎ മുതലക്കൂപ്പൂകുത്തുകയായിരുന്നു. കോടികള്‍ കോഴകൊടുത്ത് ലോക്സഭാംഗങ്ങളെ കാലുമാറ്റിച്ച് ഭരണം നിലനിര്‍ത്തുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. നോട്ടുകെട്ടുകള്‍ ലോക്സഭയുടെ മേശപ്പുറത്ത് നിരന്നതിന്റെ ദൃശ്യങ്ങള്‍ ജനങ്ങള്‍ മറന്നിട്ടുണ്ടാകില്ല. ഭരണം നിലനിര്‍ത്താന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെവരെ സഹായം അന്ന് സ്വീകരിച്ചിരുന്നുവെന്ന് പില്‍ക്കാലത്ത് വിക്കിലീക്സ് രേഖകളിലൂടെ വ്യക്തമായി. കോഴകൊടുക്കാന്‍ സംഭരിച്ചുവച്ച നോട്ടുകെട്ടുകള്‍ അമേരിക്കന്‍ എംബസിയിലെ ഉന്നതോദ്യോഗസ്ഥരെ ക്ഷണിച്ചുവരുത്തി കാണിച്ച് ബോധ്യപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ .

ഇടതുപക്ഷത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഭരണം സ്ഥാപിച്ചെടുക്കാന്‍വേണ്ടി ചെറുകിട കക്ഷികളെ അനുനയിപ്പിച്ചും പ്രലോഭിപ്പിച്ചും പ്രീതിപ്പെടുത്തിയും കൂടെനിര്‍ത്താന്‍ യുഎസ് എംബസി നേരിട്ടിടപെട്ടതായി വ്യക്തമായി. ആ രാഷ്ട്രീയജീര്‍ണതയില്‍നിന്നാണ് യുപിഎയുടെ രണ്ടാംഭരണത്തിന്റെ പിറവിതന്നെയും. രണ്ടാംഘട്ടത്തില്‍ അധികാരത്തില്‍വന്നശേഷം ആദ്യംചെയ്തത് പെട്രോളിന്റെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെ 11 മാസങ്ങള്‍ക്കിടെ പതിനൊന്നുതവണ പെട്രോള്‍വില വര്‍ധിപ്പിച്ചു. 15.42 രൂപയുടെ വര്‍ധന. ഇങ്ങനെ തുടര്‍ച്ചയായി പെട്രോള്‍വില വര്‍ധിപ്പിച്ചതിന് ഇന്ത്യാ ചരിത്രത്തില്‍ ഉദാഹരണമില്ല. ഡീസലിന്റെ കാര്യത്തിലും ഇതേസംവിധാനമുണ്ടാകാന്‍ പോകുന്നു. പാചകവാതകവില ഇരട്ടിയാക്കാന്‍ തീരുമാനമായി കഴിഞ്ഞിരിക്കുന്നു; ഇനി ഉത്തരവിറങ്ങുകയേ വേണ്ടൂ. മിക്കവാറും പാചകവാതകവില ഇരട്ടിയാക്കുക എന്നതാകും യുപിഎ ഗവണ്‍മെന്റ് രണ്ടാംവാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനം! മന്ത്രിസഭാ രൂപീകരണവും ഭരണവും ഏതുവിധത്തിലായിരുന്നുവെന്നതിനുള്ള തെളിവ് നീര റാഡിയ ടേപ്പ് തന്നു. മന്ത്രിമാരെ നിശ്ചയിച്ചത് പ്രധാനമന്ത്രിയല്ലെന്നും വന്‍കിട കോര്‍പറേറ്റുകള്‍മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വംവരെയാണെന്നും ആ ടേപ്പില്‍നിന്ന് ചോര്‍ന്ന സംഭാഷണങ്ങളിലൂടെ തെളിഞ്ഞു.

വിക്കിലീക്സ് രേഖകളിലൂടെയും അതുതന്നെ തെളിഞ്ഞു. അഴിമതിക്കേസ് നേരിടുന്ന വ്യക്തിയെ സിബിഐക്കുമേല്‍പ്പോലും നിയന്ത്രണാധികാരമുള്ള കേന്ദ്ര വിജിലന്‍സ് കമീഷണറാക്കിയതിനുപിന്നിലെ താല്‍പ്പര്യങ്ങള്‍ കോടതിതന്നെ ഗവണ്‍മെന്റിനോട് ചോദിക്കുന്ന നിലയായി. ആയിരക്കണക്കിന് കോടികള്‍ കള്ളപ്പണമായി വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ട് നടപടി എടുക്കാത്തതെന്തെന്ന് കോടതിക്ക് ചോദിക്കേണ്ടിവന്നു. വിദേശനയം, തന്ത്രപരമായ മേഖല, സാമ്പത്തികനയം, ബ്യൂറോക്രസി, മിലിട്ടറി, ഇന്റലിജന്‍സ് തുടങ്ങിയ മര്‍മപ്രധാന മേഖലകളിലൊക്കെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് നുഴഞ്ഞുകയറാനുള്ള അവസരങ്ങള്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഭരണം ഉണ്ടാക്കിവച്ചിട്ടുണ്ടെന്ന് വിക്കിലീക്സ് രേഖകളിലൂടെ വെളിപ്പെട്ടു. ഐഎഇഎയില്‍ ഇറാനെതിരായി ഇന്ത്യ നിലപാടെടുത്തത് അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിക്കൊണ്ടാണെന്നതും വിക്കിലീക്സ് രേഖകളിലൂടെ ലോകമറിഞ്ഞു. അങ്ങനെ ഇടതുപക്ഷം നേരത്തെതന്നെ പറഞ്ഞതൊക്കെ സത്യമായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

പ്രണബ് മുഖര്‍ജി പ്രതിരോധമന്ത്രിയായിരിക്കവെ, അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ചര്‍ച്ചയ്ക്കുള്ള അജന്‍ഡ നിശ്ചയിച്ചത് തങ്ങളായിരുന്നുവെന്നും പ്രതിരോധഘടനാ കരാര്‍ അതിലുള്‍പ്പെടുത്തിയത് തങ്ങളുടെ വിജയമായിരുന്നുവെന്നും അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് പറഞ്ഞത് പുറത്തുവന്നപ്പോള്‍ യുപിഎ ഗവണ്‍മെന്റ് എത്രമേല്‍ ദേശവിരുദ്ധമായി സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തുന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ടു.

ഒരുലക്ഷത്തി എഴുപത്താറായിരത്തി അറുനൂറ്റി നാല്‍പ്പത്തഞ്ച് കോടി രൂപയുടെ മഹാകുംഭകോണം 2ജി സ്പെക്ട്രം ലൈസന്‍സ് വിതരണത്തിന്റെ മറവില്‍ നടത്തിയ യുപിഎ ഭരണം, ഇന്ത്യാചരിത്രത്തിലെ അഴിമതിഭരണങ്ങളുടെ നായകസ്ഥാനത്തെത്തി നില്‍ക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമുതല്‍ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണംവരെയുള്ള അഴിമതിപരമ്പരകളുടെ മഹാകുംഭമേളയായി ഈ ഭരണം മാറി. 1,76,000 കോടിയുടെ അഴിമതിയില്‍ ഇപ്പോള്‍ 200 കോടിയുടെ അഴിമതി നടത്തിയവര്‍ക്കെതിരെമാത്രമേ നടപടിയുള്ളൂവെന്ന നിലയായി. കനിമൊഴിയും എ രാജയും അറസ്റ്റിലായി. അവര്‍ക്ക് 200 കോടിയിലേ ഉത്തരവാദിത്തമുള്ളൂ. ബാക്കി കോടികള്‍ ആര് കൊണ്ടുപോയി? ആവഴിക്കുള്ള അന്വേഷണം മരവിച്ചമട്ടാണ്. കാരണം കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വത്തിലേക്കാകും ആ അന്വേഷണം ചെന്നുചേരുക.

ഇതേപോലെ കോമണ്‍വെല്‍ത്ത് ഗെയിംസ് കേസില്‍ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡി പിടിയിലായി. പക്ഷേ, കേസ് ഖജനാവിന് നഷ്ടമായ നൂറുകണക്കിന് കോടികളുടെ ഒരു ചെറിയ അംശത്തെ മുന്‍നിര്‍ത്തിമാത്രം. 2ജി കേസില്‍ അറസ്റ്റുചെയ്യപ്പെടേണ്ട കോര്‍പറേറ്റ് തലവന്മാര്‍ ഒഴിവായി. നിവൃത്തിയില്ലാതെവന്നപ്പോള്‍ ചെറുകിട ഉദ്യോഗസ്ഥരെമാത്രം പിടിച്ച് അഴിമതിക്കെതിരെ നടപടിയുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന പരിപാടി നടത്തി. യുപിഎ ഗവണ്‍മെന്റ് ആരുടെ പക്ഷത്താണെന്നത് ബജറ്റിലൂടെയും ഇതര സാമ്പത്തികനടപടികളിലൂടെയും കൂടുതല്‍ വ്യക്തമായി.

ഭക്ഷ്യ- ഇന്ധന- വളം മേഖലകളിലായുള്ള സബ്സിഡിയില്‍ 20,000 കോടിയുടെ വെട്ടിക്കുറവ് വരുത്തിയ ഭരണം, കോര്‍പറേറ്റ് വമ്പന്മാര്‍ക്ക് അതേഘട്ടത്തില്‍ 88,000 കോടിയുടെ നികുതിയിളവാണ് അനുവദിച്ചത്. 40,000 കോടി രൂപയ്ക്കുള്ള പൊതുമേഖലാ ഓഹരിയാണ് വിറ്റുതുലച്ചത്. ഇന്ത്യന്‍ സ്വകാര്യമേഖലാ ബാങ്കുകളെ വിദേശബാങ്കുകള്‍ക്ക് കൈയടക്കാന്‍ പാകത്തിലുള്ള ബാങ്കിങ് നിയമം, തൊഴില്‍ നിയമപരിധിയില്‍നിന്ന് ഒരു വിഭാഗം വ്യവസായ ഉടമകളെ വിമുക്തരാക്കുന്ന തൊഴില്‍ നിയമഭേദഗതി, സര്‍ക്കാര്‍ജീവനക്കാരന്റെ പെന്‍ഷന്‍ സ്റ്റോക്ക്മാര്‍ക്കറ്റിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന പെന്‍ഷന്‍നിയമം- ഇങ്ങനെ പോകുന്നു ഇവര്‍ പാസാക്കിയതും പാസാക്കുന്നതുമായ ജനവിരുദ്ധനിയമങ്ങള്‍ . നൂറുദിവസംകൊണ്ട് അവശ്യസാധനങ്ങളുടെ വില കുറച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം പാഴ്വാക്കായി. 720 ദിവസംകൊണ്ട് 720 ശതമാനംവരെ വിലവര്‍ധിച്ചു. ഭക്ഷ്യപണപ്പെരുപ്പം 16 ശതമാനമായി. ഈ വിധത്തില്‍ സമസ്തതലങ്ങളിലും നാശംവിതച്ച ജനവിരുദ്ധ, ദേശവിരുദ്ധ ഭരണമാണ് മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്നതെന്ന കാര്യം ജനങ്ങള്‍ക്കൊപ്പം ഞങ്ങളും തിരിച്ചറിയുന്നു.

deshabhimani editorial 23.05.11

കോണ്‍ഗ്രസായാല്‍ ഗ്രൂപ്പ് വേണം; ജോര്‍ജായാല്‍ 'പാര' വേണം

''ആലായാല്‍ തറവേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായി കുളം വേണം
കുളത്തില്‍ ചെന്താമര വേണം'' എന്ന് ജി കാര്‍ത്തികേയന്‍ പലപ്പോഴും കെ മുരളീധരന്‍ ചിലപ്പോഴും പാടിക്കേട്ടിട്ടുണ്ട്. പക്ഷേ പാട്ട് കേട്ടാസ്വദിക്കുന്നതിനിടയില്‍ ''കോണ്‍ഗ്രസായാല്‍ ഗ്രൂപ്പ് വേണം, മന്ത്രിയാകാന്‍ ഗ്രൂപ്പ് വേണം, ഗ്രൂപ്പായാല്‍ നേതാവ് വേണം, നേതാവിനെ വാഴ്‌ത്തേണം, ഗ്രൂപ്പില്‍ മുങ്ങിത്താഴേണം'' എന്ന അലംഘനീയ സത്യം ഈ സാധുക്കള്‍ ഓര്‍ക്കാതെപോയി. ''പൂവായാല്‍ മണം വേണം, പൂമാനായാല്‍ ഗുണം വേണം'' എന്ന കാര്യം കോണ്‍ഗ്രസില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന കാര്യം മനസിലാക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അതുകൊണ്ട് ഗുണമുള്ള പൂമാന്‍മാരായ ജി കാര്‍ത്തികേയനും വി ഡി സതീശനും ആദിയായുള്ളവരും വരാന്തയില്‍ പോലും പ്രവേശനമില്ലാത്ത, പൂജയ്‌ക്കെടുക്കാത്ത പൂക്കളായി.

ഗ്രൂപ്പ് കളിച്ചും കളിപ്പിച്ചും ഉടുമുണ്ടഴിപ്പിച്ചും സോഡാകുപ്പി പ്രയോഗം നടത്തിച്ചും ക്ഷീണിച്ചതുകൊണ്ട് ഇഷ്ടവിനോദമായ ഗ്രൂപ്പ് കളിയില്‍ നിന്ന് സ്വയരക്ഷയ്ക്കായി തത്ക്കാലം മാറിനിന്നത് കെ മുരളീധരന്‍ എന്ന ഗ്രൂപ്പ് ആശാന് വിനയായി മാറി. ഇനി ഗ്രൂപ്പ് കളിക്കില്ലെന്ന് കൈപിണച്ച് ചെവിയില്‍ പിടിച്ച് ആയിരംവട്ടം പറഞ്ഞത് കോണ്‍ഗ്രസില്‍ നാലണ മെമ്പര്‍ഷിപ്പ് തരപ്പെട്ടുകിട്ടാനായിരുന്നു. ഗ്രൂപ്പ് രഹിതന്‍ എന്നു പേരെടുത്താല്‍ പഴയ മദാമ്മ ഗാന്ധിയും ഇപ്പോഴത്തെ മാഡംജിയുമായ ആരാധ്യയും പഴയ അലുമിനിയം പട്ടേലും ഇപ്പോഴത്തെ പട്ടേല്‍ജിയുമായ ആരാധ്യനും കനിവുള്ളവരായി മാറുമെന്ന് വെറുതേ ആശിച്ചുപോയി. അവര്‍ക്ക് കനിവുണ്ടാവാനായി, മുക്കാലിയില്‍ കെട്ടിയിട്ട് ചാണകത്തില്‍ മുക്കിയ ചാട്ടവാര്‍ കൊണ്ടടിക്കണം എന്ന തന്റെ പഴയ വിഖ്യാതമായ പ്രയോഗം അന്നേ മറന്ന് വലിയ മനസിന്റെ 'ഉടമ'യായ ആന്റണി മരുന്നുകൊടുക്കുമെന്നും കരുതിപ്പോയി. അടവൊന്നു പിഴച്ചാല്‍ ആശാനും വീഴും എന്നിപ്പോള്‍ ഒരിക്കല്‍ കൂടി മനസിലായി.

ഗ്രൂപ്പ് കളിയുടെ തമ്പുരാനായിരുന്ന അച്ഛന്‍ കരുണാകരന്റെ ഗുരു മുഖത്തുനിന്ന് അടവുകള്‍ വശത്താക്കിയ തന്നെ വീഴ്ത്തിയ അരിങ്ങോടന്‍മാരോട് അരിശം സഹിക്കവയ്യാത്തതുകൊണ്ടാണ് ഗ്രൂപ്പ് കളിച്ചുള്ള മന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്നും തന്നെ മന്ത്രിയാക്കാതിരിക്കുന്നതിന് ചില ഗ്രൂപ്പ് നേതാക്കള്‍ കൈയയച്ച് 'സഹായിച്ചെന്നും' ഇനി ഒരിടത്തേയ്ക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞുപോയത്. അതൊക്കെ മുഖവിലയ്‌ക്കെടുത്ത് ഇനി ഒന്നിലേയ്ക്കും പരിഗണിക്കാതിരിക്കാന്‍ കോണ്‍ഗ്രസിലെ മണ്ടന്‍മാര്‍ തുനിയുകയില്ലെന്നാണ് പ്രതീക്ഷ. അങ്കം നിര്‍ത്തി, ചുരിക ചുരുട്ടി പത്തായത്തില്‍വച്ചു എന്നൊക്കെ ഭംഗിവാക്കു പറഞ്ഞപ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞവര്‍ ചിലപ്പോള്‍ ഈ വാക്കുകളും വിശ്വസിച്ചുകളയും. പത്തായം തുറന്ന് ചുരിക പുറത്തെടുക്കുവാനും മുന്‍പിന്‍ നോക്കാതെ വീശാനും മടിക്കുകയില്ലെന്ന് വൈകാതെ ഗ്രൂപ്പ് മേലാളന്‍മാര്‍ക്ക് മനസിലാകും. അണ്ണാന്‍ വയസായാലും മരം കയറ്റം മറക്കില്ല. കോണ്‍ഗ്രസില്‍ ഇത്ര ഗ്രൂപ്പേ അകാവൂ എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലല്ലോ.

ജി കെ എന്ന് കോണ്‍ഗ്രസുകാര്‍ ആദരവോടെ വിളിക്കുന്ന ജി കാര്‍ത്തികേയനും കളി പഠിച്ചത് കരുണാകര കളരിയില്‍ നിന്നുതന്നെ. പിന്നെ പിന്നെ ആശാനെ മലര്‍ത്തിയടിക്കുവാനുള്ള പൂഴിക്കടകന്‍ പുതിയതരം കൈവശമുണ്ടെന്ന് തെളിയിച്ച് തിരുത്തല്‍വാദി ഗ്രൂപ്പിലൂടെ കരുണാകര ഗുരുവിനെ ഞെട്ടിച്ച പാരമ്പര്യവുമുണ്ട്. കരുണാകരനെ മറിച്ച് ആന്റണി ആശാന്‍ മുഖ്യമന്ത്രിയായപ്പോള്‍ കരുണാകര ശിഷ്യനായി പരകായ പ്രവേശം നടത്തി കറന്റ് മന്ത്രിയായപ്പോള്‍ തിരുത്തല്‍വാദം കറന്റടിച്ചുപോയി. വൈദ്യുത മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്നപ്പോള്‍ സ്വന്തം ഗ്രൂപ്പ് ഒലിച്ചുപോകുന്നതു കാണാതെ പോയത് പരമാബദ്ധമായി എന്നിപ്പോള്‍ തിരിച്ചറിയുന്നു. നല്ല പ്രായത്തില്‍ കെ പി സി സിയുടെ ഉപാധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവുമായതാണ്. ക്യാ ഫലം! എന്നും ഉപസ്ഥാനമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഗ്രൂപ്പില്ലാത്തവനായതുകൊണ്ട് കോണ്‍ഗ്രസ് മന്ത്രി പട്ടികയിലെ പത്താമന്‍ പോലുമായില്ല. കരുണാകരനെ വിട്ട് ആന്റണിയുടെ അരുമയായപ്പോള്‍ കാത്തുകൊള്ളുമെന്ന് കരുതി. പട്ടിക ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ആന്റണി മൊഴിയുമെന്നും വിശ്വസിച്ചു. പക്ഷേ പതിവുരോഗം അദ്ദേഹത്തെ പിടികൂടിയിരുന്ന സമയമായിരുന്നു. മൗനരോഗം. തന്റെ കാര്യത്തില്‍ ഈ മൗനരോഗം ആദ്യമൊന്നുമല്ല ആന്റണിക്കുണ്ടാവുന്നത്. ആന്റണിയെ മറിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രി പട്ടികയുണ്ടാക്കിയപ്പോഴും ആക്ടിംഗ് പ്രസിഡന്റുമാരുടെ പരമ്പര കഴിഞ്ഞ് കെ പി സി സി പ്രസിഡന്റായി ചെന്നിത്തലയെ കയറില്‍ തൂക്കിയിറക്കിയപ്പോഴും എ കെയ്ക്ക് ജി കെയുടെ കാര്യത്തില്‍ മൗനമായിരുന്നു. ഡല്‍ഹിയില്‍ യൂത്തന്‍മാരുടെ പ്രസിഡന്റായി ചുറ്റിക്കറങ്ങിയിരുന്ന രമേശ് ചെന്നിത്തലയെയും തോറ്റ് തൊപ്പിയിട്ടു നടന്ന എം ഐ ഷാനവാസിനെയുമൊക്കെ തിരുത്തല്‍വാദികളാക്കി കെട്ടിയെഴുന്നെള്ളിച്ചു നടന്നത് ഈ പാവം ജി കെയാണെന്ന് പാലം കടന്നപ്പോള്‍ അവറ്റകള്‍ മറന്നു പോയി. സമുദായവും ഗ്രൂപ്പും പരിഗണിച്ചപ്പോള്‍ പണിയറിയാവുന്നവര്‍ പുറത്തായി എന്നു പറഞ്ഞാല്‍ മതി. സമുദായവും ജില്ലയും പരിഗണിച്ചാല്‍ വരേണ്ടതായിരുന്നൂ. പക്ഷേ അതേ സമുദായത്തില്‍ നിന്ന് അതേ ജില്ലയില്‍ നിന്ന് മറ്റൊരാളെ ചെന്നിത്തല വാഴിച്ചിരിക്കുന്നു. താന്‍ കെ പി സി സി ഉപാധ്യക്ഷനായിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റോ എന്തോ ആയിരുന്ന ശിവകുമാറിനെ. കൊടിക്കുന്നില്‍ സുരേഷിന്റെ ആരുമറിയാത്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ ജാഥയെ കളിയിക്കാവിളയില്‍ വരവേല്‍ക്കാന്‍ ചെന്നപ്പോള്‍ കാര്‍ത്തികേയന്റെ മുണ്ടഴിച്ച് കോണ്‍ഗ്രസ് പാരമ്പര്യം തെളിയിച്ച വിരുതനാണ് ശിവകുമാരന്‍. അത് മന്ത്രിസ്ഥാനത്തേയ്ക്കുള്ള പരമ യോഗ്യതയായി. പുതുമുറക്കാര്‍ മെയ്‌വഴക്കത്തില്‍ അഗ്രഗണ്യരാണ് എന്ന സന്ദേശം കൂടി ഇതില്‍ നിന്ന് മനസിലായി.

എന്തൊരു പുകഴ്ത്തലായിരുന്നൂ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. പുകഴ്ത്തല്‍ കേട്ടുകേട്ട് നാലഞ്ചുനാള്‍ ഉറക്കംപോലും കിട്ടാതെ കോരിത്തരിച്ചിരുന്നു പോയിട്ടുണ്ട് വി ഡി സതീശന്‍. കോണ്‍ഗ്രസിന്റെ കുന്തമുന, വീരാളിപ്പട്ട് അണിയിക്കേണ്ട വില്ലാളിവീരന്‍ എന്നൊക്കെയായിരുന്നൂ പുകഴ്ത്തല്‍. കാര്യത്തോടടുത്തപ്പോള്‍ കുന്തവുമില്ല, മുനയുമില്ല, വീരാളിപ്പട്ടുമില്ല. കുന്തം വിഴുങ്ങിയവന്റെ നിലയിലെത്തിച്ചു. വീരാളിപ്പട്ടിനു പകരം ശവക്കച്ച കരുതിവെച്ചിരിക്കുന്നവരാണ് ഗ്രൂപ്പ് മേലാളന്‍മാരും പുകഴ്ത്തല്‍ സാമ്രാട്ടുകളുമെന്ന് പിടികിട്ടി.

സമുദായത്തിന്റെ കാര്യവും ഗ്രൂപ്പിന്റെ കാര്യവും പറഞ്ഞ് തന്നെപ്പറ്റിക്കാന്‍ കഴിയില്ലെന്ന് ഉറക്കത്തില്‍ പോലും സതീശന്‍ വിളിച്ചു പറയുന്നു. തന്റെ അതേ സമുദായത്തില്‍, തന്റെ അതേ ഗ്രൂപ്പില്‍പെട്ട ശിവകുമാര്‍ മന്ത്രിയായി. പാര്‍ലമെന്റംഗമായിരുന്ന അഞ്ചുവര്‍ഷം ലോക്‌സഭയില്‍ അധികം സംസാരിച്ചിട്ടില്ല എന്നതും പിന്നീട് രണ്ടുവട്ടവും ജനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചുവെന്നതും ഈ കുമാരന് അധിക യോഗ്യതയായി. സ്വന്തം പുത്രന്‍ മുരളീധരന്‍ പോലും പങ്കെടുക്കാത്ത കോണ്‍ഗ്രസ് പിളര്‍പ്പന്‍ യോഗത്തില്‍ കരുണാകരന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് (ഇന്ദിര) എന്ന പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ കസേര വലിച്ചിട്ടതും കര്‍ട്ടന്‍ ഉയര്‍ത്തിയതും പിന്നെ കരുണാകരന് ഉശിരന്‍ പണികൊടുത്തതും കുമാരനെ ചെന്നിത്തലയ്ക്കു പോലും വിശ്വാസയോഗ്യനാക്കി.

കെ മുരളീധരന്‍, ജി കാര്‍ത്തികേയന്‍, വി ഡി സതീശന്‍ എന്നിവര്‍ക്കൊക്കെ ഏറെ ഗുണപാഠങ്ങള്‍ കിട്ടി എന്നതുമാത്രമാണ് നേട്ടം. കോണ്‍ഗ്രസില്‍ ഭാവി വേണമെങ്കില്‍ ഇന്ന ജാതി, അതില്‍ തന്നെ ഇന്ന ഉപജാതി, ഇന്ന ഗ്രൂപ്പ്, ഇന്ന ഉപഗ്രൂപ്പ് എന്നിവ സദാസമയവും വെളിപ്പെടുത്തിക്കൊണ്ടിരിക്കണം. ഞൊടിയിടപോലും നടുനിവര്‍ക്കാതെ മുട്ടിലിഴയണം. കുറഞ്ഞത് ഒരു വിജിലന്‍സ് കേസെങ്കിലും സ്വന്തം പേരിലുണ്ടാവണം. എങ്കിലേ രക്ഷകിട്ടൂ. പിന്നെ ഏക ആശ്വാസം ഘടകകക്ഷി കൂട്ടുകാര്‍ കാണിക്കുന്നതുപോലെ പരസ്യമായി പെണ്ണുകേസ് കാട്ടി അപമാനിച്ച് ഒഴിവാക്കിയില്ലെന്നു മാത്രം. അല്ലെങ്കില്‍ തന്നെ വന്നുവന്ന് പെണ്ണുകേസും ഒരധിക യോഗ്യതയായി മാറിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കും പി ജെ ജോസഫിനുമുണ്ടായ ഉയര്‍ന്ന ഭൂരിപക്ഷം കണ്ടപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് സീറ്റു നല്‍കാത്തതില്‍ കണ്ഠിതമുണ്ടായ കോണ്‍ഗ്രസുകാര്‍ തന്നെയുണ്ട്.

മന്ത്രിയാകണമെന്ന ആശ വിട്ടുപിരിയാതായിട്ട് വശംകെട്ടു നടക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായെന്ന് പി സി ജോര്‍ജിന് തന്നെ നിശ്ചയമില്ല. ജോസഫ് ഗ്രൂപ്പിനൊപ്പം നിന്നാല്‍ അതു നടക്കില്ലെന്നും എന്നും ജോസഫ് തന്നെയായിരിക്കുമെന്നും കരുതിപ്പോയപ്പോഴാണ്  സ്വന്തം കേരള കോണ്‍ഗ്രസുണ്ടായത്. പില്‍ക്കാലത്ത് ജോസഫ് പെണ്ണുകേസില്‍ കുടുങ്ങുമെന്നും മന്ത്രിസ്ഥാനം വേറൊരാള്‍ക്ക് കിട്ടുമെന്നും ഒരു ജ്യോത്സ്യനും പറഞ്ഞുകൊടുത്തില്ല. ഒറ്റയാനായി നിന്നാല്‍ എല്‍ ഡി എഫില്‍ മന്ത്രിക്കസേര കിട്ടില്ലെന്നു തോന്നിയപ്പോഴാണ് അന്നേവരെ നാക്കെടുത്താല്‍ പുലഭ്യവിശേഷണങ്ങള്‍ മാത്രം ചാര്‍ത്തിക്കൊടുത്തിരുന്ന കെ എം മാണിയെ സാര്‍ സാര്‍ എന്നു വിളിച്ച് കയറിപ്പറ്റിയത്. വരാനുള്ളത് വഴിയില്‍ തങ്ങുകയില്ലെന്ന് പറയുന്നത് എത്രശരി. ഒഴിയാബാധയായി ജോസഫും മാണികോണ്‍ഗ്രസില്‍ നുഴഞ്ഞുകയറി.

മന്ത്രിസ്ഥാനം മൂന്നു വേണമെന്ന് കോണ്‍ഗ്രസിനോട് കേണുപറഞ്ഞെന്ന് മാണിസാര്‍ പറഞ്ഞത് വിശ്വാസം വരാഞ്ഞിട്ടാണ് ചര്‍ച്ചയില്‍ സ്വയം പങ്കെടുത്തത്. മന്ത്രിസ്ഥാനമില്ലെങ്കില്‍ സ്പീക്കറായാലും മതിയെന്നും സ്പീക്കറായാല്‍ താന്‍ ഒന്നൊന്നര സ്പീക്കറായിരിക്കുമെന്നും  മുന്നണി ചര്‍ച്ചയിലും ടി വി ചര്‍ച്ചയിലും പറഞ്ഞുനോക്കി. പക്ഷേ സ്പീക്കറാകാന്‍ താന്‍ ഇപ്പോള്‍ ചെയ്യുന്ന പണികള്‍ അറിഞ്ഞാല്‍ പോരെന്നായി പൊതുമതം.

പിന്നെ അറിയാവുന്ന പണി ചെയ്യുക തന്നെ. തിരഞ്ഞെടുപ്പ്കാലത്ത് ജോസഫിന് സീറ്റ് കിട്ടാതിരിക്കുവാനായി തന്നെ പണിയൊന്ന് പുറത്തെടുത്തതാണ്. ഒരു സ്ത്രീ പീഡന പണി. പക്ഷേ ഫലം കണ്ടില്ല. അതേപണി പുതിയ സൂത്രങ്ങളോടെ പുറത്തെടുക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. വിമാനത്തില്‍ വച്ച് കൈനീണ്ടുപോയ ജോസഫ് മൊബൈല്‍ മെസേജുകളിലൂടെ ഉത്തരാധുനിക നിലയില്‍ സ്ത്രീപീഡനം നടത്തിയെന്ന് മൊബൈല്‍ ഇരയെക്കൊണ്ട് കേസ് കൊടുപ്പിച്ചു. പക്ഷേ പണി പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് തോന്നുന്നു.

'എന്തുവന്നാലുമെനിക്കാസ്വദിക്കണം, മന്ത്രിക്കസേരയിലിരുന്നുള്ള ജീവിതം' എന്ന് പാടി പാടി അലയാനായിരിക്കുമോ വിധി എന്നാലോചിച്ച് നാവിന് എല്ലില്ലാത്ത വിരുതന്‍ വിയര്‍ക്കുമ്പോഴാണ് ആരോടും ചോദിക്കാതെയും പറയാതെയും പാര്‍ലമെന്ററികാര്യ മന്ത്രിയെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും. പാര ഇങ്ങനെയും വരാം എന്ന് പാഠം.

ദിഗംബരന്‍ ജനയുഗം 23.05.11