Monday, May 23, 2011

അഴിമതിരാജിന്റെ വാര്‍ഷികാഘോഷം

ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണരാജ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി മൂന്നാംവര്‍ഷത്തിലേക്ക് കടക്കുകയാണ്- യുപിഎയുടെ രണ്ടാംഭരണത്തിന്റെ രണ്ടാംവാര്‍ഷികം! അഴിമതിയില്‍ മുങ്ങിക്കുളിച്ച്, വിലക്കയറ്റത്തിന്റെ തീപടര്‍ത്തി, ദേശാഭിമാനത്തില്‍വരെ വിട്ടുവീഴ്ചചെയ്ത്, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിരന്തരം അടിയറവുപറഞ്ഞ്, കാര്‍ഷിക- വ്യാവസായിക മേഖലകള്‍മുതല്‍ ബാങ്കിങ്- ഇന്‍ഷുറന്‍സ് മേഖലകള്‍വരെ വിദേശകമ്പോളത്തിന്റെ ചൂഷണത്തിനും കൊള്ളയ്ക്കുമായി തുറന്നുവച്ച്, ജനവിരുദ്ധ- തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ തുടരെ പാസാക്കി നീങ്ങുകയാണ് ഈ ഭരണം.

ഈ പ്രക്രിയക്കിടയില്‍ മുഖ്യ ഭരണകക്ഷിക്കാരനായ എംപിമുതല്‍ ഘടകകക്ഷിയില്‍പ്പെട്ട മന്ത്രിവരെ ജയിലിലായി. പ്രധാനമന്ത്രിയുടെ ഓഫീസിനെവരെ സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുന്ന നിലവന്നു. അപഹാസ്യമായി അങ്ങനെ ഭരണം നീളുന്നു. യുപിഎയുടെ രണ്ടാംഭരണം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനിക്കാന്‍ വകനല്‍കുന്ന ഒന്നും എവിടെയും ഉണ്ടായതായി ഭരണം നയിക്കുന്ന കോണ്‍ഗ്രസിനോ യുപിഎക്കോ പറയാനില്ല; അപമാനിതമായതായി ചരിത്രം രേഖപ്പെടുത്തുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടുതാനും.

ഇടതുപക്ഷപാര്‍ടികളുടെ പിന്തുണയോടെ ഭരിച്ചിരുന്ന മുന്‍ ഘട്ടത്തില്‍ ദേശീയ തൊഴില്‍നിര്‍മാണ പദ്ധതിപോലെ, വനവാസി സംരക്ഷണനിയമംപോലെ ചിലത് ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നു. ഇടതുപക്ഷപാര്‍ടികളുടെ സമ്മര്‍ദംമൂലം നിവൃത്തിയില്ലാതെ യുപിഎക്ക് കൈക്കൊള്ളേണ്ടിവന്ന നടപടികളാണവ. ആ നിയമനിര്‍മാണത്തിന്റെയും നടപടിയുടെയും പിന്നിലുണ്ടായിരുന്നത് ഇടതുപക്ഷമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് ഈ ഘട്ടത്തില്‍ ജനതാല്‍പ്പര്യത്തിലുള്ള ഒരു നടപടിയും യുപിഎ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടായിട്ടില്ലെന്നതുതന്നെ.

ഒന്നാം ഭരണഘട്ടത്തിന്റെ അന്ത്യനാളുകളില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭരണം നിലനിര്‍ത്താന്‍ രാഷ്ട്രീയ ജീര്‍ണതയിലേക്ക് യുപിഎ മുതലക്കൂപ്പൂകുത്തുകയായിരുന്നു. കോടികള്‍ കോഴകൊടുത്ത് ലോക്സഭാംഗങ്ങളെ കാലുമാറ്റിച്ച് ഭരണം നിലനിര്‍ത്തുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. നോട്ടുകെട്ടുകള്‍ ലോക്സഭയുടെ മേശപ്പുറത്ത് നിരന്നതിന്റെ ദൃശ്യങ്ങള്‍ ജനങ്ങള്‍ മറന്നിട്ടുണ്ടാകില്ല. ഭരണം നിലനിര്‍ത്താന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെവരെ സഹായം അന്ന് സ്വീകരിച്ചിരുന്നുവെന്ന് പില്‍ക്കാലത്ത് വിക്കിലീക്സ് രേഖകളിലൂടെ വ്യക്തമായി. കോഴകൊടുക്കാന്‍ സംഭരിച്ചുവച്ച നോട്ടുകെട്ടുകള്‍ അമേരിക്കന്‍ എംബസിയിലെ ഉന്നതോദ്യോഗസ്ഥരെ ക്ഷണിച്ചുവരുത്തി കാണിച്ച് ബോധ്യപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ .

ഇടതുപക്ഷത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഭരണം സ്ഥാപിച്ചെടുക്കാന്‍വേണ്ടി ചെറുകിട കക്ഷികളെ അനുനയിപ്പിച്ചും പ്രലോഭിപ്പിച്ചും പ്രീതിപ്പെടുത്തിയും കൂടെനിര്‍ത്താന്‍ യുഎസ് എംബസി നേരിട്ടിടപെട്ടതായി വ്യക്തമായി. ആ രാഷ്ട്രീയജീര്‍ണതയില്‍നിന്നാണ് യുപിഎയുടെ രണ്ടാംഭരണത്തിന്റെ പിറവിതന്നെയും. രണ്ടാംഘട്ടത്തില്‍ അധികാരത്തില്‍വന്നശേഷം ആദ്യംചെയ്തത് പെട്രോളിന്റെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെ 11 മാസങ്ങള്‍ക്കിടെ പതിനൊന്നുതവണ പെട്രോള്‍വില വര്‍ധിപ്പിച്ചു. 15.42 രൂപയുടെ വര്‍ധന. ഇങ്ങനെ തുടര്‍ച്ചയായി പെട്രോള്‍വില വര്‍ധിപ്പിച്ചതിന് ഇന്ത്യാ ചരിത്രത്തില്‍ ഉദാഹരണമില്ല. ഡീസലിന്റെ കാര്യത്തിലും ഇതേസംവിധാനമുണ്ടാകാന്‍ പോകുന്നു. പാചകവാതകവില ഇരട്ടിയാക്കാന്‍ തീരുമാനമായി കഴിഞ്ഞിരിക്കുന്നു; ഇനി ഉത്തരവിറങ്ങുകയേ വേണ്ടൂ. മിക്കവാറും പാചകവാതകവില ഇരട്ടിയാക്കുക എന്നതാകും യുപിഎ ഗവണ്‍മെന്റ് രണ്ടാംവാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനം! മന്ത്രിസഭാ രൂപീകരണവും ഭരണവും ഏതുവിധത്തിലായിരുന്നുവെന്നതിനുള്ള തെളിവ് നീര റാഡിയ ടേപ്പ് തന്നു. മന്ത്രിമാരെ നിശ്ചയിച്ചത് പ്രധാനമന്ത്രിയല്ലെന്നും വന്‍കിട കോര്‍പറേറ്റുകള്‍മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വംവരെയാണെന്നും ആ ടേപ്പില്‍നിന്ന് ചോര്‍ന്ന സംഭാഷണങ്ങളിലൂടെ തെളിഞ്ഞു.

വിക്കിലീക്സ് രേഖകളിലൂടെയും അതുതന്നെ തെളിഞ്ഞു. അഴിമതിക്കേസ് നേരിടുന്ന വ്യക്തിയെ സിബിഐക്കുമേല്‍പ്പോലും നിയന്ത്രണാധികാരമുള്ള കേന്ദ്ര വിജിലന്‍സ് കമീഷണറാക്കിയതിനുപിന്നിലെ താല്‍പ്പര്യങ്ങള്‍ കോടതിതന്നെ ഗവണ്‍മെന്റിനോട് ചോദിക്കുന്ന നിലയായി. ആയിരക്കണക്കിന് കോടികള്‍ കള്ളപ്പണമായി വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ട് നടപടി എടുക്കാത്തതെന്തെന്ന് കോടതിക്ക് ചോദിക്കേണ്ടിവന്നു. വിദേശനയം, തന്ത്രപരമായ മേഖല, സാമ്പത്തികനയം, ബ്യൂറോക്രസി, മിലിട്ടറി, ഇന്റലിജന്‍സ് തുടങ്ങിയ മര്‍മപ്രധാന മേഖലകളിലൊക്കെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് നുഴഞ്ഞുകയറാനുള്ള അവസരങ്ങള്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഭരണം ഉണ്ടാക്കിവച്ചിട്ടുണ്ടെന്ന് വിക്കിലീക്സ് രേഖകളിലൂടെ വെളിപ്പെട്ടു. ഐഎഇഎയില്‍ ഇറാനെതിരായി ഇന്ത്യ നിലപാടെടുത്തത് അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിക്കൊണ്ടാണെന്നതും വിക്കിലീക്സ് രേഖകളിലൂടെ ലോകമറിഞ്ഞു. അങ്ങനെ ഇടതുപക്ഷം നേരത്തെതന്നെ പറഞ്ഞതൊക്കെ സത്യമായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

പ്രണബ് മുഖര്‍ജി പ്രതിരോധമന്ത്രിയായിരിക്കവെ, അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ചര്‍ച്ചയ്ക്കുള്ള അജന്‍ഡ നിശ്ചയിച്ചത് തങ്ങളായിരുന്നുവെന്നും പ്രതിരോധഘടനാ കരാര്‍ അതിലുള്‍പ്പെടുത്തിയത് തങ്ങളുടെ വിജയമായിരുന്നുവെന്നും അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് പറഞ്ഞത് പുറത്തുവന്നപ്പോള്‍ യുപിഎ ഗവണ്‍മെന്റ് എത്രമേല്‍ ദേശവിരുദ്ധമായി സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തുന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ടു.

ഒരുലക്ഷത്തി എഴുപത്താറായിരത്തി അറുനൂറ്റി നാല്‍പ്പത്തഞ്ച് കോടി രൂപയുടെ മഹാകുംഭകോണം 2ജി സ്പെക്ട്രം ലൈസന്‍സ് വിതരണത്തിന്റെ മറവില്‍ നടത്തിയ യുപിഎ ഭരണം, ഇന്ത്യാചരിത്രത്തിലെ അഴിമതിഭരണങ്ങളുടെ നായകസ്ഥാനത്തെത്തി നില്‍ക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമുതല്‍ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണംവരെയുള്ള അഴിമതിപരമ്പരകളുടെ മഹാകുംഭമേളയായി ഈ ഭരണം മാറി. 1,76,000 കോടിയുടെ അഴിമതിയില്‍ ഇപ്പോള്‍ 200 കോടിയുടെ അഴിമതി നടത്തിയവര്‍ക്കെതിരെമാത്രമേ നടപടിയുള്ളൂവെന്ന നിലയായി. കനിമൊഴിയും എ രാജയും അറസ്റ്റിലായി. അവര്‍ക്ക് 200 കോടിയിലേ ഉത്തരവാദിത്തമുള്ളൂ. ബാക്കി കോടികള്‍ ആര് കൊണ്ടുപോയി? ആവഴിക്കുള്ള അന്വേഷണം മരവിച്ചമട്ടാണ്. കാരണം കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വത്തിലേക്കാകും ആ അന്വേഷണം ചെന്നുചേരുക.

ഇതേപോലെ കോമണ്‍വെല്‍ത്ത് ഗെയിംസ് കേസില്‍ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡി പിടിയിലായി. പക്ഷേ, കേസ് ഖജനാവിന് നഷ്ടമായ നൂറുകണക്കിന് കോടികളുടെ ഒരു ചെറിയ അംശത്തെ മുന്‍നിര്‍ത്തിമാത്രം. 2ജി കേസില്‍ അറസ്റ്റുചെയ്യപ്പെടേണ്ട കോര്‍പറേറ്റ് തലവന്മാര്‍ ഒഴിവായി. നിവൃത്തിയില്ലാതെവന്നപ്പോള്‍ ചെറുകിട ഉദ്യോഗസ്ഥരെമാത്രം പിടിച്ച് അഴിമതിക്കെതിരെ നടപടിയുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന പരിപാടി നടത്തി. യുപിഎ ഗവണ്‍മെന്റ് ആരുടെ പക്ഷത്താണെന്നത് ബജറ്റിലൂടെയും ഇതര സാമ്പത്തികനടപടികളിലൂടെയും കൂടുതല്‍ വ്യക്തമായി.

ഭക്ഷ്യ- ഇന്ധന- വളം മേഖലകളിലായുള്ള സബ്സിഡിയില്‍ 20,000 കോടിയുടെ വെട്ടിക്കുറവ് വരുത്തിയ ഭരണം, കോര്‍പറേറ്റ് വമ്പന്മാര്‍ക്ക് അതേഘട്ടത്തില്‍ 88,000 കോടിയുടെ നികുതിയിളവാണ് അനുവദിച്ചത്. 40,000 കോടി രൂപയ്ക്കുള്ള പൊതുമേഖലാ ഓഹരിയാണ് വിറ്റുതുലച്ചത്. ഇന്ത്യന്‍ സ്വകാര്യമേഖലാ ബാങ്കുകളെ വിദേശബാങ്കുകള്‍ക്ക് കൈയടക്കാന്‍ പാകത്തിലുള്ള ബാങ്കിങ് നിയമം, തൊഴില്‍ നിയമപരിധിയില്‍നിന്ന് ഒരു വിഭാഗം വ്യവസായ ഉടമകളെ വിമുക്തരാക്കുന്ന തൊഴില്‍ നിയമഭേദഗതി, സര്‍ക്കാര്‍ജീവനക്കാരന്റെ പെന്‍ഷന്‍ സ്റ്റോക്ക്മാര്‍ക്കറ്റിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന പെന്‍ഷന്‍നിയമം- ഇങ്ങനെ പോകുന്നു ഇവര്‍ പാസാക്കിയതും പാസാക്കുന്നതുമായ ജനവിരുദ്ധനിയമങ്ങള്‍ . നൂറുദിവസംകൊണ്ട് അവശ്യസാധനങ്ങളുടെ വില കുറച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം പാഴ്വാക്കായി. 720 ദിവസംകൊണ്ട് 720 ശതമാനംവരെ വിലവര്‍ധിച്ചു. ഭക്ഷ്യപണപ്പെരുപ്പം 16 ശതമാനമായി. ഈ വിധത്തില്‍ സമസ്തതലങ്ങളിലും നാശംവിതച്ച ജനവിരുദ്ധ, ദേശവിരുദ്ധ ഭരണമാണ് മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്നതെന്ന കാര്യം ജനങ്ങള്‍ക്കൊപ്പം ഞങ്ങളും തിരിച്ചറിയുന്നു.

deshabhimani editorial 23.05.11

No comments: