Thursday, May 26, 2011

തദ്ദേശവകുപ്പ്‌ വെട്ടിമുറിച്ചത്‌ ആരോടും പറയാതെ

ഘടകകക്ഷിക്കു നീക്കിവച്ച തദ്ദേശഭരണവകുപ്പ്‌ കക്ഷിനേതാവ്‌ ആരോടും ചോദിക്കാതെ വെട്ടിമുറിച്ച്‌ ചങ്കും കരളും സ്വന്തമാക്കി. ചെറിയ കഷണം പാര്‍ട്ടിയിലെ മറ്റൊരു മന്ത്രിക്കു നല്‍കി. മുഖ്യമന്ത്രിയോ ഘടകകക്ഷിയോ അറിയാതെ നടത്തിയ ഈ ഓപ്പറേഷന്‍ മൂലം കേന്ദ്രപദ്ധതികളും കുടുംബശ്രീയും താളംതെറ്റുമെന്നറിഞ്ഞിട്ടും സമ്മര്‍ദരാഷ്‌ട്രീയത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. പരാതികള്‍ ഒതുക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം മുഖ്യമന്ത്രി അധ്യക്ഷനായി ഉപസമിതി രൂപീകരിച്ച്‌ തടിതപ്പി.

ഫലത്തില്‍ തദ്ദേശഭരണവകുപ്പ്‌ മൂന്നു കഷണമായി. മൂന്നും മൂന്നു മന്ത്രിമാര്‍ക്കു കീഴില്‍. നഗരവികസനം പി.കെ. കുഞ്ഞാലിക്കുട്ടിക്ക്‌. പഞ്ചായത്ത്‌ എം.കെ. മുനീറിന്‌. ഗ്രാമവികസനം കെ.സി. ജോസഫിന്‌. ഏതായാലും ആരോരുമറിയാതെ നടത്തിയ ഈ വിഭജനം വിവാദമായിരിക്കുകയാണ്‌.

പ്രാദേശികമായി ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ നടക്കുന്നതാണ്‌ തദ്ദേശഭരണവകുപ്പ്‌. നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും കുടുംബശ്രീയുടെയും നടത്തിപ്പു ചുമതല തദ്ദേശഭരണവകുപ്പിനായിരുന്നു. വിഭജനത്തോടെ വകുപ്പുസെക്രട്ടറിയും കീഴുദ്യോഗസ്‌ഥരും പ്രാദേശിക ഭരണകൂടങ്ങളുടെ ഭരണകര്‍ത്താക്കളും ഫയലുകളുമായി മൂന്നു മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങണം. നിലവിലുള്ള തദ്ദേശസ്വയംഭരണ സര്‍വീസും ത്രിശങ്കുവിലാകും.

അധികാരവികേന്ദ്രീകരണത്തിനായി കേരളം കാലങ്ങളായി സ്വീകരിച്ച ഭരണസംവിധാനത്തെയാണ്‌ തന്നിഷ്‌ടപ്രകാരം ഘടകകക്ഷിനേതാവ്‌ അറുത്തുമുറിച്ചത്‌. മന്ത്രിസഭയോടോ മുന്നണിയോടോ സ്വന്തം പാര്‍ട്ടിയോടോ ആലോചിച്ചില്ല. കെ.പി.സി.സി. പ്രസിഡന്റും മറ്റും ആശങ്കപ്പെട്ടപോലെ വകുപ്പുകളെ സാമ്രാജ്യമാക്കുകയായിരുന്നു ഇദ്ദേഹം. വകുപ്പുകള്‍ ഓരോന്നും സ്വയം സര്‍ക്കാരുകളായി നീങ്ങാതെ മന്ത്രിസഭ കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ അഭിപ്രായവും നേതാവ്‌ ചെവിക്കൊണ്ടില്ല. പഞ്ചായത്ത്‌-നഗര ഭരണങ്ങള്‍ ഏകോപിപ്പിക്കണമെന്നാണു യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച വീരപ്പ മൊയ്‌ലി ഭരണപരിഷ്‌ക്കാര കമ്മിഷന്റെ നിര്‍ദേശം. വേണ്ടിവന്നാല്‍ ജില്ലാ പഞ്ചായത്തുകള്‍ പിരിച്ചുവിട്ട്‌ ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിക്കാനുള്ള കരട്‌ ഭേദഗതിയും പുറപ്പെടുവിച്ചിട്ടുണ്ട്‌. അതിനിടെയിലാണ്‌ കേരളത്തില്‍ തദ്ദേശവകുപ്പു കഷണങ്ങളാക്കിയത്‌.

അടിസ്‌ഥാന വികസനത്തെ ബാധിക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പ്‌ മൂന്നു വകുപ്പുകളിലായി ചിതറുമെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ അപകടം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ്‌ കുളമാകും. ഉദാഹരണത്തിന്‌ ജെന്‍ട്രം പദ്ധതി എറണാകുളത്ത്‌ നടപ്പാക്കുന്നത്‌ കൊച്ചി കോര്‍പ്പറേഷനേയും സമീപത്തെ ചില പഞ്ചായത്തുകളേയും കൂട്ടിച്ചേര്‍ത്താണ്‌.

ഇതിന്റെ നിര്‍വഹണത്തിന്‌ തടസമുണ്ടാകും. പ്രധാനമന്ത്രി സഡക്‌ യോജന, ദേശീയ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി, തൊഴിലുറപ്പു പദ്ധതി എന്നിവയൊക്കെ ഗ്രാമവികസനത്തിന്റെ ഭാഗമായവയാണെങ്കിലും നടപ്പാക്കുന്നത്‌ തദ്ദേശസ്വയംഭരണവകുപ്പായിരുന്നു. ഇവയുടെ ഭാവി ഇരുളിലാകും.

സെക്രട്ടേറിയറ്റില്‍ തദ്ദേശസ്‌ഥാപനങ്ങളിലെ സ്‌ഥലംമാറ്റം, നിയമനം, ആസൂത്രണം, ഭരണനിര്‍വഹണം തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട്‌. ഇതിന്റെ മേല്‍നോട്ടത്തിനു തദ്ദേശഭരണ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റു സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാരസമിതിയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാവുന്ന പദ്ധതികള്‍ക്കു വളരെ വേഗത്തില്‍ അംഗീകാരം നല്‍കാന്‍ ഉന്നതാധികാര സമിതിക്കു കഴിഞ്ഞിരുന്നു. വകുപ്പ്‌ മൂന്നു മന്ത്രിമാരുടെ കീഴിലാകുമ്പോള്‍ ഈ സംവിധാനം ഇല്ലാതാകും. ഇതു പദ്ധതികള്‍ക്കും മറ്റും അംഗീകാരം ലഭിക്കാന്‍ കാലതാമസം ഉണ്ടാക്കും.

മൂന്നു വകുപ്പുകള്‍ക്കും പൊതുവായുണ്ടായിരുന്ന ജീവനക്കാരുടെ സ്‌ഥിതിയും കഷ്‌ടം. ഈ സ്‌ഥാപനങ്ങളിലേക്കുള്ള ജീവനക്കാരുടെ പൊതു സര്‍വീസ്‌ സമ്പ്രദായം ഇല്ലാതാകും. എല്ലാ സ്‌ഥാപനങ്ങളിലേക്കുമുള്ള ജീവനക്കാരെ കണ്ടെത്താനായാണ്‌ തദ്ദേശ സ്വയംഭരണവകുപ്പ്‌ സര്‍വീസ്‌ രൂപീകരിച്ചത്‌. അതിന്റെ ഭാവിയും ആശങ്കയിലാണ്‌. പുനര്‍വിന്യാസം തുടങ്ങിയാല്‍ അടുത്ത അഞ്ചുവര്‍ഷം തദ്ദേശസ്‌ഥാപനങ്ങളില്‍ ഒന്നും നടക്കില്ല.

No comments: