Friday, December 11, 2015

കൊലപാതകികളെയും മദ്യ മുതലാളിമാരെയും ജനങ്ങളുടെ ചിലവിൽ ഹീറോ ആക്കണ്ട

മലയാള ചാനലുകൾ സദാചാര പോലീസ് ആയ ദിവസമായിരുന്നു ഇന്നലെ... ഒരു ക്രിമിനലിന്റെ വാക്ക് വിശ്വസിച്ചു മുഖ്യമന്ത്രിയുടെ ലൈംഗിക കേളികൾ അടങ്ങിയതെന്നു പറയുന്ന സി.ഡി തേടി കോയമ്പത്തൂരിലേക്ക് നമ്മളെ എല്ലാവരെയും കൊണ്ട് പോയ ദിവസം... കഴിഞ്ഞ രണ്ടു വർഷമായി പ്രമുഖ ചാനലുകളും രാഷ്ട്രീയ കക്ഷികളും ചർച്ച ചെയ്യുന്നതും ഗതി മുട്ടിയ ചില കൊലപാതകികളുടെയും മദ്യ പ്രഭുക്കളുടെയും വെളിപ്പെടുത്തലുകലാണ്..

സോളാർ അഴിമതിയും ബാർ കോഴയും ജനകീയ വിഷയം ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല. സോളാർ അഴിമതി നടത്തിയത് തട്ടിപ്പ് കാരായ ബിജുവും സരിതയും ചേർന്നാണ്. തട്ടിപ്പിനിരയായത് കള്ളപ്പണ ഇടപാടുകാരും ലൈംഗിക വിഷയങ്ങളിൽ താല്പര്യമുള്ളവരും മാത്രം.. അവരെ ഫലപ്രദമായി ഉപയോഗിക്കാൻ തട്ടിപ്പുകാർക്ക് കഴിഞ്ഞു. പൊതു ജനത്തിനു യാതൊരു നഷ്ടവും ഇതുമൂലം ഉണ്ടായതായി ഞാൻ കരുതുന്നില്ല. ഉഭയ കക്ഷി സമ്മതപ്രകാരമുള്ള സെക്സ് ശിക്ഷാർഹാമല്ലതാനും.. പക്ഷെ മന്ത്രിമാരെയും അധികാര സ്ഥാനത്തുള്ളവരെയും ഉപയോഗിച്ച് അനധികൃതമായി പണം ഉണ്ടാക്കിയോ എന്നതാണ് ഇവിടത്തെ വിഷയം. അതിൽ അന്വേഷണം നടക്കുന്നുണ്ട്.

ബാർ കോഴ ആരോപണം ഉയർന്നത് തന്നെ ബാറുകൾ പൂട്ടാൻ സർക്കാർ തീരുമാനം എടുത്തപ്പോഴാണ്. ബാർ തുറന്നിരിക്കുന്നതല്ലേ പിരിവുകാർക്കു കൂടുതൽ പണം ഉണ്ടാക്കാൻ നല്ലത്? അപ്പോൾ ബാറുകൾ പൂട്ടിയാൽ രാഷ്ട്രീയപിരിവുകാർക്കല്ലേ നഷ്ടം ഉണ്ടാകുക. മുതലാളി മാർക്ക് വൻ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിനാലാണല്ലോ അവർ ആരോപണങ്ങളുമായി മുന്നോട്ടു വന്നത്? ഇത്തരം ആരോപണങ്ങൾ ഉണ്ടാകും എന്ന് മനസ്സിലാക്കി കൊണ്ട് ഈ സർക്കാർ എടുത്ത ധീരമായ തീരുമാനത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? ബാർ കോഴ മൂലം നഷ്ടം ഉണ്ടായതാകട്ടെ മുതലാളിമാർക്ക് മാത്രം. മുതലാളി മാർക്ക് വേണ്ടി ചാനലുകളും ചില നേതാക്കളും ശബ്ദമുയത്തുമ്പോൾ നമ്മൾ സാധാരണക്കാർ ഇതിനെ തള്ളി കളയുകയാണ് വേണ്ടത്. മുതലാളിമാർക്ക് വേണ്ടി സർക്കാർ ഭരിക്കുന്നു എന്ന ആരോപണമാണല്ലോ  സർക്കാരുകൾക്കെതിരെ സാധാരണ ഉണ്ടാകാറുള്ളത്? ബാർ വിഷയത്തിൽ, ബാറുകൾ പൂട്ടിയതോടെ ആത്യന്തികമായി പരാജയപ്പെട്ടത് മുതലാളിമാർ ആണെന്ന സാമാന്യ ബോധമെങ്കിലും തൊഴിലാളിക്ക് വേണ്ടി വാദിക്കുന്ന നേതാക്കൾക്കുണ്ടായാൽ നന്ന്.

വരുന്ന ഏപ്രിലിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എങ്കിലും ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു സാഹചര്യം ചാനലുകളും രാഷ്ട്രീയ കക്ഷികളും ചേർന്ന് ഒരുക്കി തരണം എന്ന ഒരു അഭ്യർഥന മാത്രം.....