Wednesday, February 16, 2011

സുധാകരന്‍ പോയത് ബാറുകാരുടെ ഏജന്റായി

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്നു പറഞ്ഞ കെ സുധാകരന്‍ എംപി ഇനി വെളിപ്പെടുത്തേണ്ടത് താന്‍ സാക്ഷി മാത്രമായിരുന്നുവോ അതോ ബാറുടമകളുടെ ഏജന്റായിരുന്നുവോ എന്നാണ്. രഹസ്യമായി നടക്കുന്ന കൈക്കൂലി കൊടുക്കലിനും വാങ്ങലിനും സാക്ഷിയായെങ്കില്‍ അതില്‍ സുധാകരനും പങ്കുണ്ടാകാതിരിക്കാന്‍ വഴിയില്ല. കേസില്‍ സുപ്രീംകോടതിയെ സമീപിച്ച ബാറുടമകളില്‍ ചിലരും കെ സുധാകരനും തമ്മില്‍ നിലനില്‍ക്കുന്ന അടുത്ത ബന്ധം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കണ്ണൂരിലെ ഒരുബാറുടമയാണ് ഇവരില്‍ പ്രധാനി. അടുത്തയാളും സഹായിയുമായ ഈ ബാറുടമയുടെ ദല്ലാളായിട്ടാണ് സുധാകരന്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ഡല്‍ഹിയില്‍ പോയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ജഡ്ജിക്ക് കൊടുത്ത തുക സംബന്ധിച്ച് ഇത്ര കൃത്യമായ കണക്ക് വെളിപ്പെടുത്തുന്നത്.

സുപ്രീംകോടതി ജഡ്ജി ബാര്‍ ലൈസന്‍സിനുള്ള അനുകൂലവിധി പുറപ്പെടുവിക്കുന്നതിന് 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്ന് ശനിയാഴ്ച കൊട്ടാരക്കരയില്‍ യുഡിഎഫ് പൊതുസമ്മേളനത്തിലാണ് സുധാകരന്‍ പ്രസംഗിച്ചത്. ഗുരുതരമായ ഈ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സുധാകരന്‍ പിന്നീട് ആവര്‍ത്തിക്കുകയുംചെയ്തു.

1992 ഒക്ടോബറില്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ കെ രഘുചന്ദ്രബാല്‍ എക്സൈസ് മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ 21 ബാര്‍ ലൈസന്‍സാണ് വിവാദമായത്. ലൈസന്‍സ് നല്‍കിയതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അടുത്തമാസംതന്നെ ഈ ബാര്‍ ലൈസന്‍സുകള്‍ ഗവമെന്റിന് റദ്ദാക്കേണ്ടിവന്നു. ഇതിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയെങ്കിലും അനുകൂലവിധി ലഭിച്ചില്ല. തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി ബാറുടമകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ജസ്റിസുമാരായ എസ് രത്നവേല്‍ പാണ്ഡ്യന്‍, ആര്‍ എം സഹായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് 1993 നവംബര്‍ അഞ്ചിനാണ് വിധി പ്രസ്താവിച്ചത്. ഈ രണ്ട് ജഡ്ജിമാരും വിരമിച്ചിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഏറെയായി. സുപ്രീംകോടതിയെ സമീപിച്ച ബാറുടമകളില്‍ പ്രധാനിയായ ആര്‍ വിജയകുമാര്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കിയെന്നത് നിഷേധിച്ചിരിക്കുകയാണ്. ഇനി വിധി പുറപ്പെടുവിച്ച ജഡ്ജിമാരും നിഷേധപ്രസ്താവനയുമായി രംഗത്തുവന്നാല്‍ പിന്നെ ജഡ്ജിമാരില്‍ ആര്‍ക്കാണ് കൈക്കൂലി നല്‍കിയതെന്ന് തെളിയിക്കേണ്ട ബാധ്യത സുധാകരന് മാത്രമാകും. 

ദേശാഭിമാനി 15.02.11

No comments: