Monday, February 14, 2011

യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമെന്നു കോണ്‍ഗ്രസില്‍ അഭിപ്രായം

ജുഡീഷ്യറിക്കെതിരേ കഴിഞ്ഞദിവസം നേതാക്കള്‍ നടത്തിയ ആരോപണങ്ങള്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമെന്ന്‌ ആക്ഷേപം. ഇത്‌ ബൂമറാങ്ങായി തരിഞ്ഞടിക്കാനാണു സാധ്യത. ഇതോടെ യു.ഡി.എഫ്‌ നേതാക്കള്‍ക്കെതിരേ നടന്ന ചില വെളിപ്പെടുത്തലുകള്‍ ന്യായീകരിക്കാന്‍പോലും ഇനി മുന്നണിക്കു കഴിയില്ലെന്നും പരാതിയുണ്ട്‌.

കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായവരെ സംരക്ഷിക്കാനുള്ള ശ്രമത്തിനെതിരേയും കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുകയാണ്‌.

കോണ്‍ഗ്രസിന്റെ ഈ നിലപാട്‌ വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു തിരിച്ചടിയാകുമെന്ന അഭിപ്രായവും ശക്‌തമായി. ഇതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വരും ദിവസങ്ങളില്‍ ശക്‌തമായ പ്രതികരണം ഉണ്ടാകും.

അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍. ബാലകൃഷ്‌ണപിള്ളയെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നീക്കമാണ്‌ പാര്‍ട്ടിയില്‍ അസംതൃപ്‌തി ഉളവാക്കിയത്‌. ശിക്ഷിക്കപ്പെട്ട വ്യക്‌തിയെ സംരക്ഷിക്കുക മാത്രമല്ല അദ്ദേഹത്തിന്‌ വന്‍ സ്വീകരണം നല്‍കുകയായിരുന്നു. ഇതില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌ പ്രതിനിധി കെ. സുധാകരന്‍ നടത്തിയ ചില പ്രസ്‌താവനകള്‍ പുതിയ വിവിാദങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്‌.

ജഡ്‌ജിമാര്‍ കൈക്കൂലി വാങ്ങിയതിനേക്കുറിച്ച്‌ തനിക്കു നേരിട്ട്‌ അറിയാമെന്നാണ്‌ സുധാകരന്‍ പറഞ്ഞത്‌. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കാന്‍ ജഡ്‌ജിമാര്‍ കൈക്കൂലി വാങ്ങിയെന്ന്‌ ഇന്ത്യാവിഷന്‍ തെളിവു സഹിതം ആരോപിച്ചപ്പോള്‍ അതിനെ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. ഇത്‌ ജുഡീഷ്യറിയുടെ വിശ്വാസ്യത ഇല്ലാതാക്കാനേ ഉപകരിക്കുകയുള്ളുവെന്നാണ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌. ആ സാഹചര്യത്തില്‍ കഴിഞ്ഞദിവസം സുധാകരന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ്‌. നേതാക്കള്‍ നടത്തിയ പ്രസ്‌താവനകള്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ ശരിവയ്‌ക്കുന്നുവെന്നും അവര്‍ പറയുന്നു. ഇത്‌ സി.പി.എമ്മിന്‌ വടികൊടുത്തതിനു തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

കഴിഞ്ഞദിവസത്തെ സ്വീകരണ യോഗത്തില്‍ ബാലകൃഷ്‌ണപിള്ള നടത്തിയ ചില പരാമര്‍ശങ്ങളും മുന്നണിക്കു ദോഷം ചെയ്യുമെന്നു പരാതിയുണ്ട്‌. തന്നെ ജയിലിലടച്ചാല്‍ അതിനെതിരേ ജനവിധി ഉണ്ടാകുമെന്നും തുടര്‍ന്ന്‌ താന്‍ സുഖമായി പുറത്തുവരുമെന്നും അര്‍ഥം വരുന്ന ചില പ്രസ്‌താവനകളാണ്‌ അദ്ദേഹം നടത്തിയത്‌. ഇത്‌ യു.ഡി.എഫിനെതിരെയുള്ള ശക്‌തമായ പ്രചരണായുധമായി മാറുമെന്നും കോണ്‍ഗ്രസില്‍ ഒരു വിഭാഗം സംശയിക്കുന്നു. യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരെ ജയിലില്‍ നിന്നും തുറന്നുവിടുമെന്നുള്ള പ്രചാരണത്തിന്‌ ഇടതുമുന്നണിക്കു വഴിവച്ചുകൊടുക്കുകയായിരുന്നു.

വിധി വന്നശേഷം ബാലകൃഷ്‌ണപിള്ള നടത്തുന്ന പ്രസ്‌താവനകള്‍ യാതൊരു ബോധവുമില്ലാതെയാണെന്നും ഇവര്‍ പറയുന്നു. നിലവിലെ സാഹചര്യം മുതലെടുത്ത്‌ ജനങ്ങള്‍ക്കിടയില്‍ സഹതാപ വികാരം ഉണര്‍ത്തിവിടാന്‍ ശ്രമിക്കാതെ ധാര്‍ഷ്‌ട്യം നിറഞ്ഞ രീതിയില്‍ പ്രതികരിക്കുന്നത്‌ ശരിയല്ല. ഇതിനു കോണ്‍ഗ്രസ്‌ കൂട്ടുനില്‍ക്കാനും പാടില്ല. ഇപ്പോള്‍ ബാലകൃഷ്‌ണപിള്ള ഉയര്‍ത്തിവിടുന്ന ആരോപണങ്ങള്‍ അച്യുതാനന്ദന്റെ പ്രതിച്‌ഛായ കൂടുതല്‍ മെച്ചപ്പെടുത്തുകയേ ഉള്ളു.

അഴിമതിക്കെതിരേ പോരാടുന്ന വ്യക്‌തിയെന്നു വി.എസിനുള്ള പ്രതിച്‌ഛായ ഇതിലൂടെ ശക്‌തിമാകുകയാണ്‌. 20 വര്‍ഷം കഴിഞ്ഞ്‌ ശിക്ഷിക്കപ്പെട്ടപ്പോള്‍ പിള്ള വി.എസിനെതിരേ ആരോപണം ഉയര്‍ത്തുന്നത്‌ വിശ്വസനീയമല്ലെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്‌.

ഇതുപോലെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ പ്രശ്‌നവും. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഗൂഢാലോചന നടത്തിയതിന്റെ തെളിവുണ്ടെന്നു പറഞ്ഞ്‌ ആഴ്‌ച രണ്ടു കഴിഞ്ഞിട്ടും ഇതുവരെ അതു പുറത്തുകൊണ്ടുവരാന്‍ കഴിയാത്തത്‌ സംശയം സൃഷ്‌ടിക്കുന്നുവെന്നാണ്‌ അവരുടെ അഭിപ്രായം.

ഇത്തരത്തില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത്‌ എത്രയും വേഗം പുറത്തുവിടണമായിരുന്നു. നിയമസഭയില്‍ ഉള്‍പ്പെടെ ഈ ആരോപണം ശക്‌തമാകുകയും പോലീസ്‌ നടപടി ഉണ്ടാകുമെന്ന പ്രതീതി ജനിക്കുകയും ചെയ്‌ത സാഹചര്യത്തിലും തെളിവുകള്‍ പുറത്തുവിടാത്തതുമൂലം അത്തരമൊന്നില്ലെന്ന്‌ വിശ്വസിക്കേണ്ടി വരുമെന്നുംഅവര്‍ പറയുന്നു.

യു.ഡി.എഫ്‌ ഒരു കൂട്ടായ്‌മയാണ്‌. ആ കൂട്ടായ്‌മയാണ്‌ നിലനിര്‍ത്തേണ്ടത്‌. വ്യക്‌തികളെ സംരഷിക്കാനായി ആ കൂട്ടായ്‌മയ്‌ക്കു ദോഷമുണ്ടാക്കരുതെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം. അത്തരക്കാരെ സംരക്ഷിച്ച്‌ സ്വയം അപഹാസ്യരാകരുത്‌. അധികാരത്തിന്റെ പടിവാതിക്കല്‍ വരെ എത്തിയിട്ട്‌ ഇത്തരം നിലപാടുകള്‍ മൂലം ജനങ്ങളുടെ മുന്നില്‍ കരടായി മാറരുതെന്നും ഇവര്‍ വ്യക്‌തമാക്കുന്നുണ്ട്‌. കോണ്‍ഗ്രസിന്റെ എല്ലാതലത്തിലും ഇതിനെതിരേയുള്ള വികാരം ഉണ്ടായിട്ടുണ്ട്‌. അതിന്റെ അനുരണനങ്ങളാണ്‌ കഴിഞ്ഞദിവസം തൊടുപുഴയില്‍ നടന്ന കെ.എസ്‌.യുവിന്റെ യോഗത്തില്‍ കണ്ടത്‌.

വരും ദിവസങ്ങളില്‍ യൂത്ത്‌ കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ചില വിഭാഗങ്ങളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കും.

No comments: