Sunday, April 17, 2011

വിഴുപ്പലക്കല്‍ തുടങ്ങി; ഇനി യു.ഡി.എഫില്‍ 'നടപടിക്കാലം'

(മംഗളം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)

വോട്ടെടുപ്പു കഴിഞ്ഞ്‌ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഘടകകക്ഷികളും വിഴുപ്പലക്കല്‍ തുടങ്ങിയതോടെ യു.ഡി.എഫില്‍ ഉരുള്‍പൊട്ടല്‍. സീറ്റ്‌ വിഭജനത്തര്‍ക്കവും ടിക്കറ്റ്‌ നിഷേധവുമാണു വിഷയം. തെരഞ്ഞെടുപ്പില്‍ മുന്നണിവിരുദ്ധ നിലപാട്‌ എടുത്തവര്‍ക്കെതിരേ അതതു പാര്‍ട്ടികള്‍ നടപടിക്കു നീക്കം തുടങ്ങി. ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കുമെതിരേ പരസ്യമായി ആരോപണമുന്നയിച്ച കെ.കെ. രാമചന്ദ്രനെതിരേ രണ്ടുദിവസത്തിനുള്ളില്‍ നടപടിയുണ്ടാകും. ഇതു സംബന്ധിച്ച്‌ എ.ഐ.സി.സിക്കു കെ.പി.സി.സി. റിപ്പോര്‍ട്ട്‌ നല്‍കി. രാമചന്ദ്രനെ പുറത്താക്കുമെന്നും സൂചനയുണ്ട്‌. വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല.

ചിറ്റൂരില്‍ സോഷ്യലിസ്‌റ്റ് ജനത ഡെമോക്രാറ്റിക്ക്‌ നേതാവ്‌ കൃഷ്‌ണന്‍കുട്ടിക്കെതിരേ കെ.അച്യുതന്‍ എം.എല്‍.എ. തുടക്കമിട്ട നീക്കത്തിനു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പിന്തുണയുണ്ട്‌. കൃഷ്‌ണന്‍കുട്ടിയെ ഒറ്റപ്പെടുത്തി പ്രശ്‌നം കൈകാര്യം ചെയ്യുകയെന്ന തന്ത്രമാണു പാലക്കാട്‌ ഡി.സി.സിയുടേത്‌. കൃഷ്‌ണന്‍കുട്ടിയെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ്‌. നേതൃത്വം ശ്രമിക്കുമ്പോള്‍ ജനതാദള്‍ (എസ്‌) അദ്ദേഹത്തെ ഇടതുമുന്നണിയിലെത്തിക്കാനും നീക്കം നടത്തുന്നു.

പി.ജെ. ജോസഫ്‌ മത്സരിച്ച തൊടുപുഴയില്‍ വോട്ട്‌ മറിച്ചെന്ന ആരോപണം കോണ്‍ഗ്രസ്‌-കേരളാ കോണ്‍ഗ്രസ്‌ (എം) ബന്ധത്തെ വീണ്ടും ഉലച്ചു. ഇവിടെ വോട്ടിംഗ്‌ ശതമാനം കുറയാന്‍ കാരണം ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ വിട്ടുനിന്നതാണെന്നാണു സൂചന. ജോസഫ്‌ തോറ്റാല്‍ യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാകും. മന്ത്രിസ്‌ഥാനംവരെ ഉപേക്ഷിച്ച്‌ ഇടതുമുന്നണി വിട്ടുവന്ന തങ്ങളെ ചതിച്ചെന്ന വികാരം ജോസഫ്‌ ഗ്രൂപ്പിലുണ്ട്‌. ജോസഫ്‌ എം. പുതുശേരിയെപ്പോലുള്ള നേതാക്കളെ ഒഴിവാക്കിയെന്ന പരാതി മാണി വിഭാഗത്തില്‍ ശക്‌തമാണ്‌. തിരുവല്ലയില്‍ പ്രചാരണത്തിനിറങ്ങാത്തതിന്റെ പേരില്‍ പുതുശേരിക്കെതിരേ നടപടിയെടുത്താല്‍ മറ്റൊരു പ്രതിസന്ധിക്കിടയാക്കും.

പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ മുസ്ലിംലീഗിലുംതലകള്‍ ഉരുളും. ഗൗരിയമ്മയുടെ ജയം ഉറപ്പാക്കാനായില്ലെങ്കില്‍ ജെ.എസ്‌.എസില്‍ പിളര്‍പ്പുണ്ടായേക്കാം. പല പ്രമുഖര്‍ക്കും സീറ്റ്‌ ലഭിച്ചില്ലെന്ന ആക്ഷേപം കോണ്‍ഗ്രസില്‍ അടങ്ങിയിട്ടില്ല. ടി. സിദ്ദിഖ്‌, എം.എം. ഹസന്‍ എന്നിവരെ ഒഴിവാക്കിയതു ഫലപ്രഖ്യാപനത്തിനു ശേഷവും ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധിയുടെ പേരു പറഞ്ഞ്‌ സിദ്ദിഖിനെ വെട്ടിയെന്ന വിമര്‍ശനം എ ഗ്രൂപ്പ്‌ ഉയര്‍ത്തുന്നു. മുന്നണിവിരുദ്ധ നിലപാടെടുത്ത പ്രാദേശികനേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ജില്ലാനേതൃത്വങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

No comments: