Sunday, June 5, 2011

മന്ത്രിപുത്രിക്കു സ്വാശ്രയ സീറ്റ്‌; കൂത്തുപറമ്പില്‍ വീണ ചോര എം.വി. ജയരാജനും മറന്നു

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്കു വന്‍തുക കോഴ വാങ്ങി പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ പി.ജി. മെഡിസിന്‍ കോഴ്‌സിനു പ്രവേശനം നല്‍കിയതു സ്വാശ്രയവിരുദ്ധ സമരത്തിലൂടെ ഉയര്‍ന്നുവന്ന സി.പി.എം. നേതാവ്‌ ചെയര്‍മാനായിരിക്കേ! സ്വാശ്രയ കോളജുകള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ചു സഖാക്കളുടെ ജീവന്‍ ബലികൊടുത്ത കൂത്തുപറമ്പു സമരത്തിന്റെ നേതാവും സി.പി.എം. സംസ്‌ഥാനസമിതിയംഗവുമായ എം.വി. ജയരാജനാണു പരിയാരം മെഡിക്കല്‍ കോളജിന്റെ ചെയര്‍മാന്‍. ഇതേ മെഡിക്കല്‍ കോളജിലാണു മുന്‍ ഇടതുസര്‍ക്കാരുമായുണ്ടാക്കിയ ധാരണയ്‌ക്കു വിരുദ്ധമായി, എം.ഡി. സീറ്റില്‍ ഒന്നുപോലും മെറിറ്റില്‍ നല്‍കാതെ കോടികള്‍ കോഴ വാങ്ങി പ്രവേശനം നടത്തിയത്‌. ഇതില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്കു പ്രവേശനം നല്‍കിയതാണു വിവാദമായത്‌. സി.പി.എം. നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ അടൂര്‍ പ്രകാശിന്റെ മകള്‍ക്കു പേമെന്റ്‌ സീറ്റില്‍ ജനറല്‍ മെഡിസിന്‍ പി.ജിക്കു ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രവേശനം നല്‍കിയെന്ന വിവരം പുറത്തുവന്നിട്ടും എസ്‌.എഫ്‌.ഐയോ ഡി.വൈ.എഫ്‌.ഐയോ പ്രതികരിച്ചിട്ടില്ല. പി.ജി. കോഴ്‌സ് സംബന്ധിച്ച്‌ എല്‍.ഡി.എഫ്‌. സര്‍ക്കാരുമായി പരിയാരം മെഡിക്കല്‍ കോളജ്‌ ഉണ്ടാക്കിയ ധാരണ അട്ടിമറിച്ച്‌, മെറിറ്റ്‌ ലിസ്‌റ്റ് പരിഗണിക്കാതെ മുഴുവന്‍ സീറ്റിലും കോഴവാങ്ങി പ്രവേശനം നടത്തുകയാണു ചെയ്‌തത്‌.

മുന്‍ എം.എല്‍.എകൂടിയായ എം.വി. ജയരാജന്‍ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന ജോയിന്റ്‌ സെക്രട്ടറിയായിരിക്കേ 1994 നവംബര്‍ 25-നാണ്‌ സ്വാശ്രയ കോളജുകള്‍ക്കെതിരേ ഡി.വൈ.എഫ്‌്.ഐയും എസ്‌.എഫ്‌.ഐയും കൂത്തുപറമ്പ്‌ സമരം നടത്തിയത്‌. പരിയാരം മെഡിക്കല്‍ കോളജ്‌ സ്‌ഥാപകനും അന്നത്തെ യു.ഡി.എഫ്‌. സര്‍ക്കാരില്‍ സഹകരണമന്ത്രിയുമായിരുന്ന എം.വി. രാഘവനെ വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിലൂടെ ജയരാജന്‍ പാര്‍ട്ടിക്കു സമ്മാനിച്ചത്‌ അഞ്ചു രക്‌തസാക്ഷികളെ. കൂത്തുപറമ്പില്‍ നടന്ന പോലീസ്‌ വെടിവയ്‌പ്പിലാണ്‌ ഈ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌. ഒരാള്‍ ഗുരുതരപരുക്കേറ്റ്‌ ഇന്നും ജീവിക്കുന്ന രക്‌തസാക്ഷി. പാര്‍ട്ടിതന്നെ സ്വാശ്രയസ്‌ഥാപനങ്ങള്‍ ആരംഭിക്കുകയും നടത്തുകയും ചെയ്‌തതോടെ സമരം പിന്നോട്ടടിച്ചു. എങ്കിലും പഴയ സമരനായകന്‍ ചെയര്‍മാനായിരിക്കെത്തന്നെ പരിയാരം മെഡിക്കല്‍ കോളജില്‍ യു.ഡി.എഫ്‌. മന്ത്രിയുടെ മകള്‍ക്ക്‌ ലക്ഷങ്ങള്‍ വാങ്ങി സീറ്റ്‌ നല്‍കിയതാണ്‌ ഇപ്പോഴത്തെ വിവാദം.

അടൂര്‍ പ്രകാശ്‌ ആരോഗ്യമന്ത്രിയായി ചുമതലയേറ്റയുടനാണ്‌ അദ്ദേഹത്തിന്റെ മകള്‍ ഡോ. ജെ. യമുനയ്‌ക്കു പരിയാരം മെഡിക്കല്‍ കോളജില്‍ പേമെന്റ്‌ സീറ്റില്‍ എം.ഡി. കോഴ്‌സിനു പ്രവേശനം ലഭിച്ചത്‌. കഴിഞ്ഞ 25 മുതല്‍ യമുന ഇവിടെ പഠിക്കുന്നു. 80 ലക്ഷം മുതല്‍ ഒരുകോടിവരെയാണ്‌ ഈ സീറ്റിന്റെ 'റേറ്റ്‌'. മന്ത്രി 80 ലക്ഷം രൂപ നല്‍കിയതിന്റെ തെളിവു പുറത്തുവന്നു.

പി.ജി. പ്രവേശനപരീക്ഷയെഴുതിയെങ്കിലും മെറിറ്റ്‌ പട്ടികയില്‍ ഇല്ലാതിരുന്ന യമുനയ്‌ക്ക് മന്ത്രിയുടെ കരുനീക്കങ്ങളിലൂടെയാണു പരിയാരത്ത്‌ സീറ്റ്‌ ഉറപ്പിച്ചതെന്ന്‌ ആരോപണമുണ്ട്‌. യു.ഡി.എഫ്‌. അധികാരത്തില്‍ വരുമ്പോള്‍ താന്‍ ആരോഗ്യമന്ത്രിയാകുമെന്നും അപ്പോള്‍ പി.ജി. സീറ്റ്‌ പ്രശ്‌നത്തില്‍ അനുകൂലനിലപാട്‌ സ്വീകരിക്കാമെന്നും ഇടനിലക്കാര്‍ മുഖേന വാക്കു നല്‍കിയാണു പരിയാരത്ത്‌ ഏകമകള്‍ക്ക്‌ സീറ്റ്‌ തരപ്പെടുത്തിയതെന്നാണ്‌ ആക്ഷേപം. മന്ത്രിപുത്രിക്കു പ്രവേശനം നല്‍കിയതിലൂടെ പരിയാരം ഉള്‍പ്പെടെ 11 സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു കോടികള്‍ ലഭിച്ചു. ആകെയുള്ള 131 പി.ജി. സീറ്റില്‍ മെറിറ്റില്‍ പ്രവേശനം നല്‍കുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരുമായി മാനേജ്‌മെന്റുകളുടെ ധാരണ.

എന്നാല്‍ ആരോഗ്യമന്ത്രിയുടെ മകള്‍ക്കു പേമെന്റ്‌ സീറ്റില്‍ പ്രവേശനം നല്‍കി 65 സീറ്റില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കായി. ഇതോടെ മെറിറ്റില്‍ പ്രവേശനം ലഭിക്കേണ്ട 65 എം.ബി.ബി.എസ്‌. ബിരുദധാരികളുടെ പി.ജി. പഠനം അനിശ്‌ചിതത്വത്തിലുമായി. 

Mangalam 05.06.2011