Friday, October 8, 2010

ജനകീയ വികേന്ദ്രീകൃത വികസനം ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക.



കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തെരഞ്ഞെടുപ്പ് നിരവധി രാഷ്ട്രീയപ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്ന തെരഞ്ഞെടുപ്പാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യം കൂടുതല്‍ ദൃഢമാക്കുന്നതിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ 1957 മുതല്‍ ഇവിടെ അധികാരത്തിലിരുന്ന ഇടതുപക്ഷ ഗവമെന്റ് നടത്തിയിരുന്നു. എന്നാല്‍, അധികാരം കിട്ടുന്ന ഘട്ടങ്ങളിലെല്ലാം അത്തരം പ്രക്രിയയെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് യുഡിഎഫ്. 1990ല്‍ ജില്ലാ കൌസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും അവര്‍ക്ക് പണവും അധികാരവും നല്‍കുന്ന പ്രവര്‍ത്തനം എല്‍ഡിഎഫ് സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് ആ കൌസിലുകളെ പിരിച്ചുവിടുകയാണ് ചെയ്തത്. ലോകശ്രദ്ധയാകര്‍ഷിച്ച ജനകീയാസൂത്രണത്തെപ്പോലും തകര്‍ത്ത് കേരള വികസന പദ്ധതി നടപ്പാക്കി അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇപ്പോള്‍ കുടുംബശ്രീയെ ഇല്ലാതാക്കി ജനശ്രീയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തിലൂടെ ജനകീയമായ എല്ലാ വികസന കൂട്ടായ്മകളെയും ഇല്ലാതാക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോഗ്രസിന്റെ ഈ സമീപനം സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല. കര്‍ണാടകത്തിലും ഹരിയാനയിലും ഒക്കെ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് കോഗ്രസ് അധികാരത്തില്‍നിന്ന് പുറത്തുപോയതിനുശേഷമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് അധികാര വികേന്ദ്രീകരണ പ്രക്രിയ വീണ്ടും ശക്തിപ്പെട്ടത്. നാലുവര്‍ഷംകൊണ്ട് 6497 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ 75 ശതമാനവും ചെലവഴിക്കപ്പെടുകയുണ്ടായി. ഇതിനുപുറമെ പൊതുഗ്രാന്റായി 1390 കോടി രൂപയും ആസ്തി സംരക്ഷണത്തിന് 1624 കോടി രൂപയും ലഭ്യമാക്കുകയുണ്ടായി. ഇവയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വിഹിതവും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് ആഗോളവല്‍ക്കരണ നയങ്ങളാണ്. ഈ നയങ്ങള്‍ ജനങ്ങളുടെ ജീവിതം ഏറെ ദുരിതപൂര്‍ണമാക്കുന്നതുമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ സെപ്തംബര്‍ 7-ാം തീയതി ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്ന് നടത്തിയ പണിമുടക്ക് സമരം. കേന്ദ്രസര്‍ക്കാര്‍ ഈ നയം മുന്നോട്ടുവയ്ക്കുമ്പോള്‍ ആ നയത്തിന് ബദലുയര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഫലമായി സംസ്ഥാനത്ത് കാര്‍ഷിക-വ്യവസായ മേഖല ശക്തിപ്പെടുന്ന നിലയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാവുകയും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ച് ലാഭത്തിലേക്ക് കുതിക്കുന്ന നിലയും രൂപപ്പെട്ടിരിക്കുകയാണ്. എല്ലാ ക്ഷേമപെന്‍ഷനുകളും കുടിശ്ശികയാക്കി വയ്ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിനു ബദലായി അവ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനും ഈ സംഖ്യ ഉയര്‍ത്തുന്നതിനുമുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. അതിന്റെ ഫലമായി ക്ഷേമപെന്‍ഷനുകള്‍ 300 രൂപയായി വര്‍ധിപ്പിച്ചു. ഒരു ക്ഷേമപെന്‍ഷനും ലഭിക്കാത്ത 65 വയസ്സ് കഴിഞ്ഞവര്‍ക്ക് 100 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും നടപ്പാക്കി. പുതിയ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. സ്വര്‍ണത്തൊഴിലാളികള്‍, ഷോപ്പ് & എസ്റാബ്ളിഷ്മെന്റ് മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിലത്തെഴുത്താശാന്മാര്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് നേട്ടം സംഭാവന ചെയ്യുന്നവിധം സര്‍ക്കാര്‍ ഇടപെടുകയുമുണ്ടായി. എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തിച്ചേരാന്‍ പോവുകയാണ്. ഇ എം എസ് ഭവനനിര്‍മാണപദ്ധതിയിലൂടെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിനുള്ള പദ്ധതിയും നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയതിന്റെ ഭാഗമായി ഇതുവരെ 19 ലക്ഷം കുടുംബത്തിന് 549.7 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിക്കൊണ്ട് 806 കോടി രൂപയാണ് കേരളത്തില്‍ ചെലവഴിച്ചത്. നഗരത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്ന വിധത്തില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കിയിരിക്കുന്നു. രണ്ടുരൂപയ്ക്ക് 35 ലക്ഷം കുടുംബങ്ങള്‍ക്ക് അരി നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു. അത് 41 ലക്ഷമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പൊതുവിതരണത്തെ ശക്തിപ്പെടുത്തി വിലക്കയറ്റം തടയുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തി എന്നതിന്റെ തെളിവാണല്ലോ കഴിഞ്ഞ ഓണം, ബക്രീദ് നാളുകള്‍. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയാണ്. ഇതിന്റെ ഭാഗമായി 47 വന്‍കിട പദ്ധതിയും 190 ചെറുകിട പദ്ധതിയും പൂര്‍ത്തിയായിക്കഴിഞ്ഞു. അതുവഴി 10 ലക്ഷംപേര്‍ക്ക് പുതുതായി കുടിവെള്ളം ലഭിക്കും. 823 ശുദ്ധജല പദ്ധതിയും 57 സുനാമി പദ്ധതിയും നബാര്‍ഡിന്റെ സഹായത്തോടെ 670 കോടി രൂപ ചെലവില്‍ 36 പദ്ധതിയും ആരംഭിച്ചു. മുടങ്ങിക്കിടന്ന 37 നഗര ശുദ്ധജല വിതരണ പദ്ധതിക്ക് 139 കോടി രൂപ നല്‍കി. ഗ്രാമീണ മേഖലയില്‍ ശുദ്ധജല വിതരണത്തിനായി വിവിധ പദ്ധതികള്‍ക്ക് നല്‍കിയതാവട്ടെ 300 കോടി രൂപയാണ്. എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, വെള്ളം, വൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്താന്‍ പോവുകയാണ്. അതോടൊപ്പംതന്നെ യുഡിഎഫ് വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. നിയമന നിരോധനം പിന്‍വലിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു. ഡിഎ യഥാസമയം വിതരണംചെയ്തു എന്നു മാത്രമല്ല, ശമ്പളകമീഷനെ നിയമിക്കുകയുംചെയ്തു. ഇന്ത്യയിലെ മികച്ച ക്രമസമാധാനനില പുലര്‍ത്തുന്ന സംസ്ഥാനമായി കേരളം മാറി. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന തരത്തില്‍ വിദ്യാഭ്യാസത്തെ പുനഃക്രമീകരിച്ചു. പൊതു ആരോഗ്യസമ്പ്രദായം ശക്തിപ്പെടുത്തി. ഇത്തരത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നേരിടാനാവില്ലെന്ന് യുഡിഎഫിന് മനസിലായിരിക്കുകയാണ്. അതിനാല്‍ ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കി നേട്ടം കൊയ്യാനാകുമോ എന്ന പരിശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് ഇപ്പോള്‍ ജാതി-മത ശക്തികളുടെ കൂടാരമായിത്തീര്‍ന്നിരിക്കുകയാണ്. ന്യൂനപക്ഷ ഭീകരവാദത്തിന്റെ വക്താക്കളായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള സഖ്യം ഇപ്പോഴും യുഡിഎഫ് തുടരുകയാണ്. അധ്യാപകന്റെ കൈവെട്ടി മാറ്റിയ പോപ്പുലര്‍ ഫ്രണ്ടിലുള്ളവര്‍ക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ കോഗ്രസ് ആവശ്യപ്പെട്ട കാര്യം ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത് മുസ്ളിം ലീഗിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് സലിം ആണെന്ന കാര്യം ഇവിടെ നാം ഓര്‍ക്കേണ്ടതുണ്ട്. ശത്രുവിന്റെ ശത്രു മിത്രമാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനം യുഡിഎഫുമായുള്ള സഖ്യത്തിന്റെ പ്രഖ്യാപനമാണ്. അല്ലാതെയുള്ള പ്രചാരവേലകളെല്ലാം എല്‍ഡിഎഫിന്റെ വിശ്വാസ്യതയെ ജനങ്ങളുടെ മുമ്പില്‍ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസിലാക്കേണ്ടതുണ്ട്. ബിജെപിയുമായി വടകരയിലും ബേപ്പൂരിലുമുണ്ടാക്കിയ യുഡിഎഫിന്റെ സഖ്യം കേരളീയര്‍ ഒരിക്കലും മറക്കുകയുമില്ല. ഇപ്പോള്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി പരസ്യമായ സഖ്യം യുഡിഎഫ് സ്ഥാപിച്ചിട്ടുണ്ട്. ഉദാഹരണമായി, കാസര്‍കോട് ജില്ലയിലെ കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 19 സീറ്റില്‍ നാലിടത്ത് ബിജെപി മത്സരിക്കുന്നു; പതിനഞ്ചിടത്ത് യുഡിഎഫും. പനത്തടി പഞ്ചായത്തിലാകട്ടെ ബിജെപി മത്സരിക്കുന്നത് മൂന്ന് സീറ്റിലാണ്. ബാക്കിയിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നു; യുഡിഎഫ് തിരിച്ചും. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ ബിജെപി മത്സരിക്കുകയും ബാക്കിയുള്ളിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി സഖ്യങ്ങള്‍ സംസ്ഥാനത്തുണ്ട്. പോപ്പുലര്‍ ഫ്രണ്ട് അധ്യാപകന്റെ കൈവെട്ടിയ സംഭവം കേരളത്തിലെ മനുഷ്യസ്നേഹികളെല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടുള്ളതാണ്. അതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന പൊതു അഭിപ്രായവും കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ അവസരത്തിലാണ് അധ്യാപകനെത്തന്നെ കോളേജില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി മാനേജ്മെന്റ് സ്വീകരിച്ചത്. ഇത് കാണിക്കുന്നത് മാനേജ്മെന്റും പോപ്പുലര്‍ ഫ്രണ്ടുകാരും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. ഈ പ്രവണത മാനേജ്മെന്റ് കാണിച്ചിട്ടും അതിനെതിരായി ഒരക്ഷരം ഉരിയാടാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല എന്നതും വസ്തുതയാണ്. വര്‍ഗീയ-ഭീകരവാദശക്തികള്‍ക്ക് നാടിനെ രാഷ്ട്രീയ ലാഭത്തിനായി പകുത്തുനല്‍കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കേണ്ടതുണ്ട്. കേരളാ കോഗ്രസിന്റെ ലയനം സുറിയാനി ക്രിസ്ത്യാനികളിലെ ചില വൈദികരുടെ പരിശ്രമത്തിന്റെ ഫലമാണ് എന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഇത്തരം ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ക്രൈസ്തവ വിശ്വാസത്തില്‍പ്പെട്ടവര്‍ അവരുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ മാത്രമേ പഠിക്കാന്‍ പാടുള്ളൂ എന്ന പ്രഖ്യാപനം ഈ ദിശയിലേക്കുള്ള നീക്കമല്ലാതെ മറ്റൊന്നല്ലതന്നെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടപെടുന്ന രീതിയില്‍ ഇടയലേഖനം ഇറക്കുന്ന നടപടിയും ഈ തെറ്റായ സമീപനത്തിന്റെ തുടര്‍ച്ചയാണ്. ഇലക്ഷന്‍ കമീഷന്‍തന്നെ ഇത്തരം നടപടികള്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ കാര്യം നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇങ്ങനെ ജാതി-മത ശക്തികളുടെ കേന്ദ്രമായി യുഡിഎഫ് മാറുകയും മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്ന നിലയിലേക്ക് നാടിനെ കൊണ്ടുപോകാനുള്ള പരിശ്രമവുമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ശക്തികളെ മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഉജ്വലമായ മതനിരപേക്ഷതയുടെ പാരമ്പര്യം നമുക്ക് മുന്നോട്ടുവയ്ക്കാനാകൂ. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാനുള്ള ഇത്തരം പരിശ്രമങ്ങള്‍ക്കെതിരായി ജാഗ്രത പുലര്‍ത്താന്‍ ജനാധിപത്യബോധമുള്ള മുഴുവന്‍ ജനങ്ങള്‍ക്കും കഴിയേണ്ടതുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയണം. ഒപ്പം, ജനകീയ വികേന്ദ്രീകൃത വികസനം ശക്തിപ്പെടുത്താന്‍വേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണം.


വൈക്കം വിശ്വന്‍


No comments: