Sunday, October 17, 2010

അഴിമതിയില്‍ മുങ്ങിയ കോമണ്‍വെല്‍ത്ത് ഗെയിംസ്


കോമണ്‍വെല്‍ത്ത്  ഗെയിംസിന്റെ അഴിമതിയെക്കുറിച്ച് ഈ അടുത്ത ദിവസങ്ങളില്‍ വായിച്ച ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്. ഒരു സര്‍ക്കാറിന് സ്വന്തം ജനതയോടുള്ള ആത്മാര്‍ഥതയും പ്രതിബദ്ധതയും ആസൂത്രണവും ലോകത്തിന് കാട്ടിക്കൊടുത്ത് ലോകത്തിന്റെ ആദരവ് പിടിച്ചുവാങ്ങാന്‍ ചിലിയെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞു. ചിലിയിലെ ജനത നെഞ്ചേറ്റുന്ന ദേശീയാവേശത്തിന്റെയും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തം തന്നെ. പക്ഷേ, ഒരു ജനതയോട് ഒരു സര്‍ക്കാറിന് ഉണ്ടാകേണ്ട കൂറ്  മനസ്സിലാക്കാന്‍ ചിലിയും ഗെയിംസും തമ്മിലുള്ള താരതമ്യം ഉപകാരപ്പെടും.


70,000 കോടി രൂപ! അഴിമതിയില്‍ മുങ്ങി നാണംകെട്ടതല്ലാതെ, അത്രയും തുക ചെലവാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസുകൊണ്ട് ഇന്ത്യക്ക് എന്തു നേട്ടമുണ്ടായി? ഗെയിംസ് കൊണ്ട് സര്‍ക്കാര്‍ എന്തൊക്കെ ആസ്തികള്‍ ഉണ്ടാക്കി വെച്ചു? സര്‍ക്കാറിനും ജനത്തിനും പറഞ്ഞുനില്‍ക്കാന്‍ വക നല്‍കിയത് 101 മെഡലുകള്‍ സമ്മാനിച്ച ഇന്ത്യന്‍ കായിക താരങ്ങളാണ്. രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ ക്രെഡിറ്റ് മുതലാക്കിയാണ് സര്‍ക്കാര്‍ പിടിച്ചുനിന്നത്. ഏഷ്യന്‍ ഗെയിംസോടെയാണ് ദല്‍ഹിയുടെ കരിപിടിച്ച മുഖച്ഛായ മാറിയതെന്ന് അന്ന് ഇന്ദ്രപ്രസ്ഥത്തില്‍ ഉണ്ടായിരുന്നവര്‍ പറയും. നഗരവികസനത്തിന് ചിലതൊക്കെ ഏഷ്യന്‍ ഗെയിംസ് സംഭാവന ചെയ്തു. തുടക്കത്തില്‍ 2,000 കോടി ചെലവ് കണക്കാക്കി, ഒടുക്കത്തില്‍ 70,000 കോടിയില്‍ കുറയാത്ത തുക ചെലവിട്ട ഗെയിംസ് ഒന്നും നമുക്ക് തന്നില്ല.

ഇത്തരം രാജ്യാന്തര കായിക മേളകള്‍ക്ക് ചെലവാകുന്ന ഭാരിച്ച തുക, രാജ്യത്തിന്റെ ആസ്തിയാക്കി മാറ്റാനാണ് മറ്റു രാജ്യങ്ങള്‍ ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. 70,000 കോടി രൂപയെന്നാല്‍ കേരളത്തിന്റെ ഏഴു കൊല്ലത്തെ വാര്‍ഷിക പദ്ധതി അടങ്കലാണ്. അതുകൊണ്ട് ദല്‍ഹിയുടെ ഒത്ത നടുവില്‍നിന്ന് മാറി ഒരു കായിക ഗ്രാമം വാര്‍ത്തെടുക്കാന്‍ സര്‍ക്കാറിന് കഴിയുമായിരുന്നു. അത് നാളേക്ക് ഒരു മുതല്‍ക്കൂട്ടാകുമായിരുന്നു. പണം സൂക്ഷ്മമായി ചെലവാക്കുന്ന, ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാറുകള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് കോമണ്‍വെല്‍ത്തും ഒളിമ്പിക്‌സുമൊക്ക സംഘടിപ്പിച്ച മറ്റു രാജ്യങ്ങളിലേക്ക് നോക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. നമുക്കെന്തു കിട്ടി? ദല്‍ഹിയുടെ നഗരത്തിരക്കിലേക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് കുത്തിത്തിരുകുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദല്‍ഹിക്ക് പുറത്ത്, ഹൈദരാബാദിലോ ചെന്നെയിലോ ബംഗളൂരുവിലോ ഗെയിംസ് സംഘടിപ്പിച്ചാല്‍ക്കൂടി ഭൂമിയുടെ കറക്കം നിലച്ചു പോകുമായിരുന്നില്ല. ഗെയിംസിന്റെ പേരില്‍ ഇത്രത്തോളം കൊള്ളയടിക്കാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ കുറെക്കൂടി സുതാര്യമായിപ്പോയേനെ. അഴിമതിയുടെ ആഴവും പരപ്പും എളുപ്പം തിരിച്ചറിയാതിരിക്കണമെങ്കില്‍ പക്ഷേ, നഗരക്കടലില്‍ കാശ് കലക്കണമല്ലോ.

ആസൂത്രണത്തില്‍ പിഴച്ചുപോയ സര്‍ക്കാരാണ് ഗെയിംസ് കൊള്ളക്ക് വാതില്‍ മലര്‍ക്കെ തുറന്നിട്ടത്. ആ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ല. ഒരു കല്‍മാഡിയെ ചൂണ്ടി നില്‍ക്കുകയാണ് എല്ലാവരും. 70,000 കോടിയില്‍ സുരേഷ് കല്‍മാഡി എന്നൊരു വിരുതന് മാത്രമായി കൈയിട്ടു വാരാന്‍ കഴിയില്ല. കണ്ടുനിന്നവര്‍ക്കെല്ലാം വിഹിതം കൊടുത്ത് മൗനികളാക്കി മാറ്റിയ ശേഷം മാത്രമാണ് ഒരു വിഹിതം കല്‍മാഡി വീട്ടില്‍ കൊണ്ടുപോയത്. അവിടം കൊണ്ടും തീരുന്നതല്ല അഴിമതിയുടെ ആഴം. അഴിമതി മാമാങ്കത്തില്‍ വിദേശികള്‍ക്കും പങ്കുണ്ടെന്ന അടക്കം പറച്ചിലുകളില്‍ കഴമ്പുണ്ട്. യഥാവിധി കിട്ടേണ്ട വിഹിതം വീട്ടില്‍ ചെല്ലാതെ വന്നപ്പോഴാണ്, പോരായ്മകളെക്കുറിച്ച കഥകള്‍ പൊട്ടിയൊലിച്ചത്. അവരെ വേണ്ടവിധം കണ്ടതോടെയാണ് കുറ്റവാളിയായ കല്‍മാഡി ഗെയിംസിനൊടുവില്‍ ചില സംഘാടക പ്രതിഭകള്‍ക്ക് മഹാനായി മാറിയത്.

ഗെയിംസ് കഴിഞ്ഞ പാടേ പല വിധ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അത്, നിവൃത്തികേടിന്റെ ബാക്കി. ജനരോഷം തണുപ്പിക്കാനുള്ള എളുപ്പ വഴി. ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നതിന് മുമ്പേ പ്രതിപക്ഷത്തെ കടത്തി വെട്ടുന്ന രാഷ്ട്രീയ തന്ത്രം. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രി നിയോഗിച്ച സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കളി കഴിഞ്ഞു നടത്തുന്ന അന്വേഷണം മൂന്നു മാസം പിന്നിടുമ്പോഴേക്കും ജനം എല്ലാം മറന്നു തുടങ്ങിയിട്ടുണ്ടാവും. പിന്നെ അന്വേഷണ റിപ്പോര്‍ട്ടിന് പതിവു ഗതി. സര്‍ക്കാറിന് അതിന്റെ വഴി. അതല്ലെങ്കില്‍ കുറ്റക്കാര്‍ ആരാണെന്ന് സര്‍ക്കാറിന് അറിയാത്തതാണോ? പ്രഥമദൃഷ്ട്യാ തെറ്റുകാരായവരെ പുറത്താക്കിക്കൊണ്ടായിരുന്നു ഈ അന്വേഷണ ഉത്തരവെങ്കില്‍, അതില്‍ കുറെക്കൂടി ആത്മാര്‍ഥത കണ്ടെത്താന്‍ കഴിയുമായിരുന്നു. അതെല്ലാം വെച്ചു നോക്കുമ്പോള്‍ പല വഴിക്ക് നടക്കുന്ന അന്വേഷണങ്ങളുടെ പരിണതി എന്തായിരിക്കുമെന്ന് തികച്ചും സംശയിക്കേണ്ടിയിരിക്കുന്നു. സഹസ്ര കോടികളുടെ അഴിമതികളെക്കുറിച്ച് നേരത്തെ പ്രഖ്യാപിച്ച അന്വേഷണങ്ങളുടെ ഗതിയെന്താണ്? രണ്ട് ഉദാഹരണങ്ങളില്‍ ഉപസംഹരിക്കാം: .പി.എല്‍ കുംഭകോണത്തെക്കുറിച്ച് ഏതെല്ലാം വഴിക്ക് ഈ സര്‍ക്കാര്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചു? സ്‌പെക്ട്രം അഴിമതി അന്വേഷണം എവിടെയെത്തി?

No comments: