Friday, October 22, 2010

കോടതിയിലെത്തിയപ്പോള്‍ വക്കീലില്ല; അഞ്ചുദമ്പതിമാര്‍ ഒന്നിച്ചു

തിരുവനന്തപുരം: കുടുംബകോടതിയില്‍ അഞ്ചു കുടുംബങ്ങള്‍ അഭിഭാഷകരുടെ അസാന്നിധ്യം കൊണ്ടുമാത്രം ഒന്നിക്കാന്‍ തീരുമാനിച്ചു. രണ്ടു ദിവസങ്ങളായി തുടരുന്ന കോടതി ബഹിഷ്‌കരണം കാരണം അഭിഭാഷകര്‍ കുടുംബകോടതിയില്‍ കയറാതെ വിട്ടുനിന്ന സമയത്താണ് ദമ്പതിമാര്‍ ഒന്നിച്ചത്.

ബുധനാഴ്ച നാലുദമ്പതിമാരും വ്യാഴാഴ്ച ഒരു കുടുംബവും തര്‍ക്കങ്ങള്‍ മറന്ന് ഒന്നാകാന്‍ തീരുമാനിച്ചു. വഞ്ചിയൂര്‍ കോടതിവളപ്പിലെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ ജില്ലയിലെ കോടതികള്‍ ബഹിഷ്‌കരിച്ചത്.

ദമ്പതിമാര്‍ക്കു വേണ്ടി അഭിഭാഷകര്‍ കോടതിയിലെത്തിയില്ല. ഈ അവസരം അഞ്ചു ദമ്പതിമാര്‍ക്കും അനുഗ്രഹമായി. പരസ്​പരം കാര്യങ്ങള്‍ തുറന്ന് സംസാരിച്ചു. കുടുംബകോടതി ജഡ്ജി ഇ.എം.മുഹമ്മദ് ഇബ്രാഹിമിന്റെ മധ്യസ്ഥതയില്‍ ദമ്പതിമാര്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി കോടതി കയറി യിറങ്ങിയവരാണ് പിണക്കം മറന്ന് ഒന്നിച്ചത്.

അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരെയും മര്‍ദിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലയിലെ മുഴുവന്‍ കോടതികളും അഭിഭാഷകര്‍ ബഹിഷ്‌കരിച്ചു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ ഡി.സി.പി. നാഗരാജുവിനെയും, ഒരു അഭിഭാഷകനെ കള്ളക്കേസ്സില്‍ കുടുക്കിയ മാറനല്ലൂര്‍ എസ്.ഐ.യെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. കോടതി ബഹിഷ്‌കരണം പൂര്‍ണമായിരുന്നു.

അഭിഭാഷകര്‍ കേസ്സില്‍ ഹാജരാകാത്തതിനാല്‍ അഞ്ചു സിവില്‍ ഹര്‍ജികള്‍ മുന്‍സിഫ് എസ്.സുധീപ് തള്ളി. കക്ഷിക്കുവേണ്ടി അഭിഭാഷകര്‍ ഹാജരാകാത്തതിനാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എഫ്. അഷിദ, ഇരുപതോളം കേസ്സിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

1 comment:

UNNI said...

അഭിഭാഷകരും കോടതിയും മറ്റും സാധാരണ ജനങ്ങള്‍ക്ക്‌ നീതി നിഷേധിക്കാനുള്ള വേദി ആകാന്‍ പാടില്ല. നമ്മുടെ ചില അഭിഭാഷക സുഹൃത്തുക്കളങ്ങിലും ജനവിരുദ്ധരാകുന്നുണ്ട്. അടുത്തകാലത്തുണ്ടായ കോടതികളിലെ പല വിധിന്യായങ്ങളും ജനപക്ഷത്ത് നില്‍ക്കുന്നവയല്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരും ആശരനരുമായ ജനവിഭാഗങ്ങള്‍ക്കും ഉപകാരപ്രദമാവുന്ന രീതിയില്‍, അവര്‍ക്ക് കുറഞ്ഞ ചിലവില്‍ നീതി ലഭിക്കാന്‍ ഉതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കോടതികള്‍ക്ക് കഴിയട്ടെ......