Sunday, October 24, 2010

കുതിച്ചു കയറുന്ന സിമന്റ്‌ വില: ബില്‍ഡര്‍മാര്‍ പാക്കിസ്ഥാനില്‍നിന്ന് സിമന്റ് ഇറക്കുമതി ചെയ്യുന്നു


ആഭ്യന്തരവിപണിയില്‍ സിമന്റ് വിലയിലുണ്ടായ കുതിച്ചുകയറ്റം മറികടക്കാന്‍ തമിഴ്‌നാട്ടിലെ ഒരു വിഭാഗം ബില്‍ഡര്‍മാര്‍ പാക്കിസ്ഥാനില്‍നിന്ന് സിമന്റ് ഇറക്കുമതി ചെയ്യുന്നു. കൊച്ചി തുറമുഖം വഴിയാണ് ഇറക്കുമതി. ആദ്യഘട്ടമായി 20 ടണ്‍ സിമന്റ് വീതമുള്ള 20 കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്തെത്തിക്കഴിഞ്ഞു. ഇവ റോഡുമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുപോകും. 50 കിലോ ചാക്കൊന്നിന് ഇറക്കുമതിച്ചെലവും നികുതിയുമുള്‍പ്പെടെ 190 രൂപയാണ് വിലവരുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആഭ്യന്തര സിമന്റ് നിര്‍മാതാക്കള്‍ ഈടാക്കുന്ന 300 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറെ ലാഭകരമാണ്.

ഏറ്റവും കൂടുതല്‍ സ്വകാര്യ സിമന്റ് ഫാക്ടറികളുള്ള തമിഴ്‌നാട് ലോബിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സിമന്റ് വില നിര്‍ണയിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 30 ശതമാനം വിലവര്‍ധനയാണ് തമിഴ്‌നാട്ടിലുണ്ടായത്. തമിഴ്‌നാട്ടില്‍നിന്ന് വന്‍തോതില്‍ സിമന്റ് ഇറക്കുമതി ചെയ്യുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇതിന് ആനുപാതികമായ വിലവര്‍ധനയുണ്ടായി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലോ വേതനത്തിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നിരിക്കേ, തികച്ചും അകാരണമായ വിലവര്‍ധന തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ 22 ലക്ഷം കുടിലുകള്‍ കോണ്‍ക്രീറ്റ് വീടുകളാക്കി മാറ്റാനുള്ള കലൈജ്ഞര്‍ ഭവനപദ്ധതി പ്രഖ്യാപിച്ചതോടെയാണ് കൊള്ളലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സിമന്റ് നിര്‍മാതാക്കള്‍ വില ഉയര്‍ത്തിയത്. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഉപയോഗിച്ച് ഉപഭോക്താവാണ് വീട് നിര്‍മിക്കേണ്ടത്. വീടുകളുടെ നിര്‍മാണം തുടങ്ങിയതോടെ സിമന്റിനൊപ്പം ഇഷ്ടിക, കമ്പി തുടങ്ങിയവയുടെയും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ മാസം 3.50 രൂപയുണ്ടായിരുന്ന ഇഷ്ടികക്ക് ഇപ്പോള്‍ ഏഴു രൂപയാണ് വില.

ലക്കും ലഗാനുമില്ലാതെ വിലകൂട്ടിയാല്‍ സിമന്റ് ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി കരുണാനിധി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു മാസത്തിനിടെ 30 ശതമാനത്തോളം വിലവര്‍ധിപ്പിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

No comments: