Thursday, November 18, 2010

സ്വര്‍ണ വില്‍പനയില്‍ 79 ശതമാനം വളര്‍ച്ച


രാജ്യത്തെ സ്വര്‍ണ വില്‍പനയില്‍ ജനുവരി മുതല്‍ സെപ്‌റ്റംബര്‍വരെയുള്ള 9 മാസം 79 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 363 ടണ്ണാണ്‌ വിറ്റതെങ്കില്‍ ഈ വര്‍ഷം ഇത്‌ 650.4 ടണ്ണാണ്‌.
മൂല്യത്തിലുണ്ടായ വര്‍ധന 53196 കോടി രൂപയില്‍ നിന്ന്‌ 113302 കോടിയായി കുതിച്ചുയര്‍ന്നതായി വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ അവലോകനത്തില്‍ പറയുന്നു. ലോകത്തു വിറ്റഴിക്കപ്പെടുന്ന സ്വര്‍ണാഭരണങ്ങളുടെ 35 ശതമാനവും ഇന്ത്യയിലാണ്‌.

9 മാസക്കാലത്ത്‌ സ്വര്‍ണ നിക്ഷേപത്തിലുണ്ടായ വളര്‍ച്ച 108 ശതമാനമാണ്‌. 65.8 ടണ്ണില്‍ നിന്ന്‌ 136.9 ടണ്ണായി വര്‍ധിച്ചു. 2001 ജൂലൈ മുതല്‍ 2002 സെപ്‌റ്റംബര്‍ വരെയുള്ള പാദത്തില്‍ സ്വര്‍ണാഭരണ വില്‍പനയില്‍ ആഗോളതലത്തില്‍ ഇന്ത്യയാണ്‌ ഒന്നാംസ്‌ഥാനത്തെന്നു വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ വ്യക്‌തമാക്കി.
ഈ മൂന്നു മാസക്കാലത്ത്‌ ആഭരണ വില്‍പന 135.2 ടണ്ണില്‍ നിന്ന്‌ 184.5 ടണ്ണായി ഉയര്‍ന്നു. 36 ശതമാനം വര്‍ധന.
മൂല്യത്തിലുണ്ടായ വളര്‍ച്ച 67 ശതമാനമാണ്‌. രാജ്യത്തെ സ്വര്‍ണനിക്ഷേപത്തില്‍ ഈ കാലയളവില്‍ ഒരു ശതമാനം വളര്‍ച്ചയേ ഉണ്ടായുള്ളൂവെങ്കിലും മൂല്യത്തിലുണ്ടായ വര്‍ധനവ്‌ 30 ശതമാനമാണ്‌.

ചെറുകിട നിക്ഷേപകര്‍ ഇനിയും സ്വര്‍ണവില കയറുമെന്ന പ്രതീക്ഷയില്‍ കൈയിലുള്ളത്‌ വില്‍ക്കാന്‍ കൂട്ടാക്കുന്നില്ല എന്നാണ്‌ ഈ പ്രവണത കാണിക്കുന്നതെന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ച നേടുമെന്നു കണക്കാക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ സ്വര്‍ണ ഡിമാന്‍ഡ്‌ ഇനിയും വര്‍ധിക്കുമെന്നാണ്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്‌.
കഴിഞ്ഞ മൂന്നു വര്‍ഷമായി ശരാശരി 2000 കോടി ഡോളര്‍ രാജ്യത്തു സ്വര്‍ണത്തില്‍ നിക്ഷേപിച്ചുവരുന്നു. ഓഹരിബന്ധിത ഇന്‍ഷുറന്‍സ്‌ പദ്ധതികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കപ്പെടുന്നതിനേക്കാള്‍ കൂടുതലാണിത്‌.

No comments: