Monday, November 15, 2010

ജനത്തെ വഞ്ചിച്ച്‌ പോളിസി എടുപ്പിക്കാന്‍പുതുതലമുറ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍

മംഗളം വാര്‍ത്ത 
ജനങ്ങളെ ലോട്ടറി അടിച്ചെന്നും സമ്മാനം നേടിയെന്നും തെറ്റിദ്ധരിപ്പിച്ച്‌ സ്വന്തം ഓഫീസുകളിലേക്ക്‌ വിളിച്ചു വരുത്തി വഞ്ചനയിലൂടെ പ്രീമിയം എടുപ്പിച്ച്‌ പുതുതലമുറ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ തട്ടിപ്പ്‌. ലോകവിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ തുടങ്ങി അഭ്യസ്‌തവിദ്യര്‍ വരെ ഇവരുടെ ചതിക്കുഴികളില്‍പെടുകയാണ്‌. സമ്മാനമെന്നു കേള്‍ക്കുമ്പോള്‍ മുന്‍പിന്‍ നോക്കാതെ ചാടിയിറങ്ങുന്നവരില്‍ ഒരു വലിയ ശതമാനത്തെയും പോളിസി എടുപ്പിച്ച്‌ ഇവര്‍ വലയില്‍ കുരുക്കിയിടുകയാണ്‌. നേരിട്ടു ചെന്നാല്‍ നാട്ടുകാര്‍ പോളിസി എടുക്കാന്‍ മടിക്കുമെന്നതിനാലാണ്‌ തെറ്റിദ്ധരിപ്പിച്ച്‌ ഓഫീസിലേക്കു വിളിച്ചു വരുത്തി നിര്‍ബന്ധിച്ച്‌ പോളിസി എടുപ്പിക്കുന്നത്‌. ഇത്തരത്തില്‍ വഞ്ചിതനായ അടൂര്‍ സ്വദേശി വിജയകുമാര്‍ മംഗളം പ്ലസിനോട്‌ പറഞ്ഞത്‌.
നവംബര്‍ 12 വെളളിയാഴ്‌ച
രാവിലെ 11 മണിയോടെ അടൂരില്‍ ബിസിനസ്‌ നടത്തുന്ന വിജയകുമാറിന്റെ മൊബൈലിലേക്ക്‌ ഒരു കാള്‍.
മറുതലയ്‌ക്കല്‍ ഒരു കിളിനാദം
ഗുഡ്‌ മോണിംഗ്‌ സാര്‍, പത്തനംതിട്ടയില്‍ നിന്നാണ്‌ വിളിക്കുന്നത്‌. സാറിന്റെ ബി.എസ്‌.എന്‍.എല്‍ ലാന്‍ഡ്‌ ഫോണ്‍ നമ്പരിന്‌ നറുക്കെടുപ്പിലൂടെ ഒരുസമ്മാനമടിച്ചിട്ടുണ്ട്‌. ഇന്ന്‌ ഉച്ചയ്‌ക്ക് 2 മണിക്ക്‌ പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ബജാജ്‌ ക്യാപിറ്റല്‍സിന്റെ ഓഫീസിലെത്തി ഇത്‌ ഏറ്റുവാങ്ങണം. ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ്‌ ലഭിക്കുന്നത്‌. 2000 നമ്പരുകളില്‍ നിന്ന്‌ നറുക്കിട്ടെടുത്ത 3 നമ്പരുകളില്‍ ഒന്നാണ്‌ താങ്കളുടേത്‌. വരുമ്പോള്‍ ഭാര്യയെയും കൊണ്ടുവരണം. രണ്ടുപേരുടെയും ഐ.ഡി പ്രൂഫ്‌ എടുത്തോണം.
കേട്ടപാതി കേള്‍ക്കാത്ത പാതി ഭാര്യയെയും വിളിച്ച്‌ തിരിച്ചറിയല്‍ കാര്‍ഡും രണ്ടു ഫോട്ടോയുമെടുത്ത്‌ പത്തനംതിട്ടയ്‌ക്ക് പുറപ്പെട്ടു. പോകുന്ന വഴിക്ക്‌ വീണ്ടും ഇതേ ഓഫീസില്‍ നിന്ന്‌ വിളി വന്നു കൊണ്ടേയിരുന്നു. ഇടയ്‌ക്ക് വിളിച്ച്‌ ഒരു കോഡ്‌ നമ്പര്‍ നല്‍കി. ഈ കോഡ്‌ പറഞ്ഞെങ്കിലേ അകത്തേക്കു കടത്തി വിടുകയുളളൂവത്രേ. ഒടുവില്‍ പത്തനംതിട്ടയിലെത്തി ഓഫീസ്‌ തപ്പിപ്പിടിച്ചു. റിസപ്‌ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട്‌ കോഡ്‌ നമ്പര്‍ പറഞ്ഞു. ഉടന്‍ തന്നെ പെണ്‍കുട്ടി ഒരു ഫോമെടുത്ത്‌ നീട്ടി പൂരിപ്പിക്കാന്‍ പറഞ്ഞു. വിവരങ്ങള്‍ പറഞ്ഞു തരാം പൂരിപ്പിച്ചോളൂവെന്നായിരുന്നു വിജയകുമാറിന്റെ മറുപടി. ഫോം പൂരിപ്പിച്ചശേഷം തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും രണ്ടു ഫോട്ടോയും വാങ്ങി അതിനൊപ്പം ചേര്‍ത്തു. തുടര്‍ന്ന്‌ അകത്തേക്ക്‌ കടത്തി വിട്ടു. അവിടെ ഒരു യുവതി വീട്ടുകാര്യങ്ങളും മറ്റും ചോദിച്ച്‌ അരമണിക്കൂറോളം കളഞ്ഞു. ഒടുവില്‍ കാര്യത്തിലേക്ക്‌ കടന്നു.
നിങ്ങള്‍ക്ക്‌ സമ്മാനം അടിച്ചിരിക്കുന്നത്‌ ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്‌ പോളിസിയാണ്‌. 20000 രൂപ വീതം അഞ്ചു ഗഡുക്കളായി ഇതിന്‌ അടയ്‌ക്കണം. അതായത്‌ അഞ്ചുവര്‍ഷം. അതിന്‌ ശേഷം 20 വര്‍ഷം കഴിയുമ്പോള്‍ പോളിസി മച്വറാകും അപ്പോള്‍ നിങ്ങള്‍ക്ക്‌ വന്‍ തുക ലഭിക്കും. ആദ്യ ഗഡു ഇപ്പോള്‍ തന്നെ അടയ്‌ക്കണം. അതിനുളള ഫോമാണ്‌ ആദ്യം പൂരിപ്പിച്ചത്‌. 20000 രൂപയ്‌ക്കുളള ചെക്ക്‌ ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം വന്ന്‌ ഞങ്ങളുടെ ഒരു സ്‌റ്റാഫ്‌ വാങ്ങും. നിശ്‌ചിത തീയതിക്കകം പണം ഇട്ടാല്‍ മതി. ഇട്ടില്ലെങ്കില്‍ ചെക്ക്‌ തിരിച്ച്‌ തരും.
ഇതോടെ വിജയകുമാറിന്‌ സംഗതിയുടെ കിടപ്പ്‌ മനസിലായി. മനുഷ്യനെ വിളിച്ചു വരുത്തി പറ്റിക്കുന്നതിന്റെ ദേഷ്യം അയാള്‍ മറച്ചു വച്ചില്ല. ഏക ജീവനോപാധിയായ കട അടച്ചിട്ടാണ്‌ സമ്മാനമെന്നു കേട്ട്‌ ഇറങ്ങിപ്പുറപ്പെട്ടത്‌. ഒടുവില്‍ ഒന്നും വേണ്ട എന്നു പറഞ്ഞ്‌ ഇറങ്ങിപ്പോരാന്‍ തുടങ്ങിയ ഇവരോട്‌ പ്രൊസസിംഗ്‌ ചാര്‍ജ്‌ നല്‍കണമെന്ന്‌ യുവതി നിര്‍ബന്ധം പിടിച്ചു. ആലോചിച്ചു തീരുമാനിക്കാം എന്നറിയിച്ച്‌ ഇരുവരും ഇറങ്ങിപ്പോന്നു. പിന്നീടാണ്‌ വിജയകുമാറിന്‌ പറ്റിയ അബദ്ധം മനസിലായത്‌. തിരിച്ചറിയല്‍ രേഖയും രണ്ടു ഫോട്ടോയും കമ്പനിക്കാരുടെ കൈയിലാണ്‌. അത്‌ അവര്‍ക്ക്‌ ദുരുപയോഗം ചെയ്യാം. ഉടന്‍ തന്നെ മുമ്പു വിളിച്ച നമ്പരിലേക്ക്‌ തിരിച്ചു വിളിച്ചു. അപ്പോള്‍ മറുപടി നമ്പര്‍ നിലവിലില്ല. പിറ്റേന്ന്‌ വീണ്ടും കമ്പനിക്കാര്‍ വിളിച്ചു. തിരിച്ചറിയല്‍ രേഖയും മറ്റും തിരിച്ചു തരാം. പ്രൊസസിംഗ്‌ ഫീ നല്‍കണം. രോഷാകുലനായ വിജയകുമാര്‍ പൊട്ടിത്തെറിച്ചു. രേഖകള്‍ മടക്കി നല്‍കാത്ത പക്ഷം ഡിവൈ.എസ്‌.പിക്ക്‌ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്‌ ഇദ്ദേഹം.
ഇതു പോലെ നിരവധി പേര്‍ക്ക്‌ പത്തനംതിട്ടയില്‍ അബദ്ധം പിണഞ്ഞിട്ടുണ്ട്‌. തട്ടിപ്പ്‌ മനസിലാക്കി തിരിച്ചു പോരാന്‍ തുടങ്ങുന്നവരെ അല്‍പം ഭീഷണി കലര്‍ന്ന സ്വരത്തിലാണ്‌ കമ്പനിക്കാര്‍ അടക്കി നിര്‍ത്തുന്നത്‌. എന്നിട്ട്‌ പോളിസിയുടെ ആദ്യ ഗഡുവായി 20000 രൂപ പ്രീമിയം വാങ്ങും.


മംഗളം പ്ലസ്‌ നടത്തിയ അന്വേഷണത്തില്‍ അതിങ്ങനെ...

20000
രൂപ നല്‍കി പോളിസി എടുത്താല്‍ അതില്‍ നാല്‍പത്‌ ശതമാനം അതായത്‌ 8000 രൂപ ഏജന്റിന്റെ കമ്മീഷന്‍ പോകും. പിന്നെ ആയിരം രൂപയോളം അലോക്കേഷന്‍ ചാര്‍ജ്‌. ശേഷിക്കുന്ന 11000 രൂപ ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കും. അടുത്ത നാലുവര്‍ഷവും ഇതേ പോലെ കമ്മീഷന്‍ ഈടാക്കും. അലോക്കേഷന്‍ ചാര്‍ജ്‌ മാത്രം വ്യത്യാസമായിരിക്കും. വിപണിയിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച്‌ നിക്ഷേപം കൂടുകയോ കുറയുകയോ ചെയ്യാം.
മെഡിക്കല്‍-ഇന്‍ഷ്വറന്‍സ്‌ ബെനിഫിറ്റ്‌ ലഭിക്കുകയും ചെയ്യും. ചുരുക്കത്തില്‍ പോളിസി എടുക്കുന്നതു കൊണ്ട്‌ കുഴപ്പമില്ല. എടുപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണ്‌ കുഴപ്പം പിടിച്ചത്‌.
എല്‍..സിയിലാണെങ്കില്‍ ഏജന്‍സി കമ്മീഷന്‍ 2-7 ശതമാനം വരെ മാത്രം.


No comments: