Monday, November 22, 2010

കോര്‍പറേറ്റ് അഴിമതി: ഇടനിലക്കാരായി മാധ്യമപ്രവര്‍ത്തകരും


രണ്ടാം തലമുറ സ്പെക്ട്രം ഇടപാടുള്‍പ്പെടെ കോടികള്‍ മറിയുന്ന കോര്‍പറേറ്റ് അഴിമതികള്‍ക്ക് ഇടനിലക്കാരായി പ്രമുഖ മാധ്യമപ്രവര്‍ത്തകരും. കൊടിയ അഴിമതിക്ക് ചില മാധ്യമപ്രവര്‍ത്തകര്‍ കൂട്ടുനിന്നതായി വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. കോര്‍പറേറ്റ് ലോബിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന നിര റാഡിയ എന്ന സ്ത്രീയുമായി ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി, പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക ബര്‍ക്കദത്ത് എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് എന്നിവരെ ഏതൊക്കെ വിധത്തില്‍ സ്വാധീനിക്കാന്‍ കഴിയുമെന്ന വിവരണമാണ് സംഭാഷണങ്ങളിലുള്ളത്. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മുകേഷ് അംബാനിക്കുവേണ്ടിയുള്ള ചരടുവലി, രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണകാലത്ത് ഡിഎംകെയിലെ തല്‍പ്പരകക്ഷികളെ മന്ത്രിയാക്കാനുള്ള നീക്കം എന്നിവയായിരുന്നു ചര്‍ച്ച. വാതകതര്‍ക്കത്തില്‍ മുകേഷ് അംബാനിക്ക് അനുകൂലമായി വാര്‍ത്തകള്‍ തയ്യാറാക്കാനും വീര്‍ സാങ്വിയോട് അഭ്യര്‍ഥിക്കുന്നു. ദയാനിധി മാരനെ ഒഴിവാക്കി എ രാജയ്ക്ക് ടെലികോംവകുപ്പ് ലഭിക്കുമെന്ന് ഉറപ്പാക്കാനും മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കുന്നു. സോണിയയും പ്രധാനമന്ത്രിയും അഹമ്മദ് പട്ടേലുമൊക്കെ കടന്നുവരുന്നത് ഈ സംഭാഷണത്തിലാണ്.
വൈഷ്ണവി കമ്യൂണിക്കേഷന്‍ എന്ന പബ്ളിക് റിലേഷന്‍സ് സ്ഥാപനത്തിന്റെ ഉടമയാണ് നിര റാഡിയ. മുകേഷ് അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും ഇടനിലക്കാരിയായാണ് ഇവര്‍ അറിയപ്പെടുന്നത്. 2008ലും 2009ലും നിരയുടെ ഫോണ്‍ ആദായനികുതിവകുപ്പ് ചോര്‍ത്തി. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നല്‍കിയ ചില സൂചനകളെ തുടര്‍ന്നാണ് ഇത്. സ്പെക്ട്രം കേസില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷ കഴിഞ്ഞ ദിവസം സംഭാഷണങ്ങളടങ്ങുന്ന രേഖ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

കോണ്‍ഗ്രസ്- ഡിഎംകെ വകുപ്പുതര്‍ക്കം പരിഹരിക്കുന്നതിന് 2009 മേയിലാണ് നിര റാഡിയ വീര്‍ സാങ്വിയുടെയും ബര്‍ക്കയുടെയും സഹായം തേടിയത്. ഡിഎംകെയുടെ പ്രതിനിധി ദയാനിധി മാരനാണെന്ന തെറ്റിദ്ധാരണ കോണ്‍ഗ്രസിനുണ്ടെന്നും ഈ തെറ്റിദ്ധാരണ നീക്കണമെന്നും റാഡിയ അഭ്യര്‍ഥിക്കുന്നുണ്ട്. റാഡിയ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഏറ്റെന്ന് സാങ്വി മറുപടി നല്‍കി. അതേ ദിവസം ബര്‍ക്ക ദത്തിനോടും റാഡിയ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. ടി ആര്‍ ബാലു മന്ത്രിയാകരുതെന്നു മാത്രമാണ് കോണ്‍ഗ്രസിന്റെ താല്‍പ്പര്യമെന്നും രാജയും അഴഗിരിയും വരുന്നതിനോട് പ്രശ്നമില്ലെന്നും ബര്‍ക്ക അറിയിക്കുന്നുണ്ട്.

(
എം പ്രശാന്ത്)
ദേശാഭിമാനി 211110

No comments: