Tuesday, November 23, 2010

കറപുരണ്ട കൈകളുമായി നില്‍ക്കുന്ന മന്‍മോഹന്‍ സിംഗ്‌


കെ.എം.റോയി മംഗളം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം 

ആറു വര്‍ഷവും ഏഴുമാസവും എത്തിനില്‍ക്കുന്ന ഭരണത്തിനിടയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വില ഇത്രയേറെ ഇടിഞ്ഞുനില്‍ക്കുന്ന കാലഘട്ടം ഇതിനു മുമ്പുണ്ടായിട്ടില്ല. സുനാമിക്കിടയിലുണ്ടായ വലിയ വേലിയിറക്കം പോലെയാണിതും. സ്വതന്ത്രഭാരതം കേട്ട ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടിനും അഴിമതിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കൂട്ടുനിന്നു എന്ന ആരോപണമാണിപ്പോള്‍ രാജ്യമാകെ അലയടിക്കുന്നത്‌. സെല്‍ഫോണ്‍ ലൈസന്‍സ്‌ ഇടപാടില്‍ ഉണ്ടായിരിക്കുന്ന സ്‌പെക്‌ട്രം 2ജി അഴിമതിയുടെ കറ മന്‍മോഹന്‍ സിംഗിന്റെ കൈകളില്‍ പുരണ്ടിട്ടില്ലായിരിക്കാം.

അഴിമതിക്കു കുപ്രസിദ്ധി നേടിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന എ. രാജയുടെ കോടിക്കണക്കിനു രൂപ വരുന്ന അഴിമതിക്കു പ്രധാനമന്ത്രി കൂട്ടുനിന്നുവെന്നോ അല്ലെങ്കില്‍ അതിന്റെ നേരേ മൗനമവലംബിച്ചുവെന്നോ ഉള്ള ആരോപണമാണ്‌ ഉണ്ടായിരിക്കുന്നത്‌.

തനിക്കതില്‍ യാതൊരു പങ്കുമില്ല എന്നു പറഞ്ഞ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയണമെങ്കില്‍ അത്‌ അദ്ദേഹം സംശയാതീതമായി തെളിയിക്കേണ്ടിയിരിക്കുന്നു.

പുതിയ നൂറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മന്‍മോഹന്‍ സിംഗ്‌ സംശുദ്ധതയുടെ കാര്യത്തില്‍ ദൃഢചിത്തനായ ഭീഷ്‌മാചാര്യരാണെന്നും മറ്റുമാണു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളതും. ദ്രൗപദിയെ കൗരവര്‍ വസ്‌ത്രാക്ഷേപം ചെയ്‌തപ്പോള്‍ ഭീഷ്‌മര്‍ മൗനമവലംബിച്ചു ദൃക്‌സാക്ഷിയായി നിന്നതുപോലെ സ്‌പെക്‌ട്രം ലൈസന്‍സ്‌ ഇടപാടില്‍ രാഷ്‌ട്രീയ സത്യസന്ധതയുടെ വസ്‌ത്രാക്ഷേപം നടന്നപ്പോള്‍ മന്‍മോഹന്‍ സിംഗ്‌ മൗനസാക്ഷിയായി നിന്നു എന്നതാണ്‌ ഗുരുതരമായ ആരോപണം.

പുതിയ ആരോപണകാര്യത്തില്‍ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി പ്രധാനമന്ത്രി സിംഗിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ടെന്നതു ശരി. കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക വക്‌താക്കളും, എന്തിന്‌ രാഹുല്‍ഗാന്ധി വരേയും മന്‍മോഹന്‍ സിംഗിനെ ശക്‌തിയായി പിന്താങ്ങിയിട്ടുണ്ട്‌. പക്ഷേ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഡോ. സിംഗും വലിയ സംശയങ്ങളുടെ മാറാലകള്‍ക്കുള്ളിലാണ്‌. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന സാധാരണ ജനങ്ങളുടെ സംശയം പൂര്‍ണമായി ദൂരീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു മന്‍മോഹന്‍ സിംഗിന്റെയും അദ്ദേഹം നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെയും ഭാവി. കാരണം അതും അന്തിമമായി തീരുമാനിക്കുന്നതു കോടിക്കണക്കിനു വരുന്ന ഈ സാധാരണ ജനങ്ങളാണ്‌.

എന്തെല്ലാം ദാരിദ്ര്യവും കഷ്‌ടപ്പാടുമുണ്ടെങ്കിലും അഴിമതിയുമായി ഒരിക്കലും പൊരുത്തപ്പെടാനാവാത്തവരാണ്‌ സാധാരണക്കാരായ ജനകോടികള്‍. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ ഏത്‌ അഴിമതിയോടും പൊരുത്തപ്പെടുന്നവര്‍ മധ്യവര്‍ഗക്കാരും സമ്പന്നരുമാണ്‌. ഞങ്ങളുടെ കാര്യങ്ങള്‍ നടക്കുമെങ്കില്‍ രാജ്യത്ത്‌ എന്ത്‌ അഴിമതിയും നടന്നോട്ടെ എന്നു കരുതുന്നവര്‍. പക്ഷേ, സാധാരണ ജനകോടികള്‍ അഴിമതിക്കാരായ നേതാക്കളെ ഒടുവില്‍ ശിക്ഷിക്കുകതന്നെ ചെയ്യും. അതിനാണ്‌ വോട്ട്‌ എന്ന ആയുധം തങ്ങളുടെ കൈവശമുള്ളതെന്ന്‌ അവര്‍ക്കറിയാം. അത്‌ അവര്‍ ഇതിനുമുമ്പു തെളിയിച്ചിട്ടുള്ളതുമാണ്‌. രാജീവ്‌ ഗാന്ധിയുടെ പതനം തന്നെയാണ്‌ അതിന്‌ ഏറ്റവും വലിയ തെളിവ്‌.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതു കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയാണ്‌. 1984 ല്‍ ലോക്‌സഭയിലെ 520 സീറ്റില്‍ 415 സീറ്റും നേടിയാണ്‌ രാജീവ്‌ പ്രധാനമന്ത്രിപദത്തിലെത്തിയത്‌. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ബോഫോഴ്‌സ് പീരങ്കി-അന്തര്‍വാഹിനി ഇടപാടില്‍ അദ്ദേഹത്തിന്റെ മേല്‍ അഴിമതിയാരോപണമുയര്‍ന്നു. രാജ്യരക്ഷാമന്ത്രി വി.പി. സിംഗ്‌ ഈ പ്രശ്‌നത്തില്‍ രാജീവുമായി തെറ്റി മന്ത്രിപദം രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒറ്റക്കെട്ടായാണു പ്രധാനമന്ത്രിയുടെ പിന്നില്‍ അണിനിരന്നത്‌. ഇന്നു മന്‍മോഹന്‍ സിംഗിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്നതുപോലെ. സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതിനു സമഗ്രമായ അന്വേഷണം എന്ന ആവശ്യം പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി നിരാകരിച്ചു. കോണ്‍ഗ്രസ്‌ നേതാക്കളും നിരാകരിച്ചു. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും രാജീവിന്റെയും സര്‍ക്കാരിന്റെയും പിന്നിലുള്ളപ്പോള്‍ എന്തന്വേഷണം എന്ന മനോഭാവമാണു കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഉണ്ടായിരുന്നത്‌.

എന്നു മാത്രമല്ല 'മിസ്‌റ്റര്‍ ക്ലീന്‍' എന്നൊരു വിശേഷണം കൂടി രാജീവ്‌ ഗാന്ധി നേടിയെടുത്തിരുന്നതുകൊണ്ട്‌ അതു സാധാരണ ജനങ്ങളുടെ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റായി രാജീവിന്റെ സ്‌തുതിപാഠകര്‍ കരുതി. പക്ഷേ, ഇന്ത്യ കണ്ടത്‌ 415 ലോക്‌സഭാ സീറ്റുകളുമായി പ്രധാനമന്ത്രിപദത്തിലേക്ക്‌ ഇരച്ചുകയറിയ രാജീവ്‌ ഗാന്ധിയെ സാധാരണക്കാരായ ജനത അടുത്ത തെരഞ്ഞെടുപ്പില്‍ നിര്‍ദാക്ഷിണ്യം അധികാരത്തില്‍നിന്ന്‌ ഇറക്കിവിടുന്നതാണ്‌. അതാണ്‌ ഇന്ത്യ. ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും രാഷ്‌ട്രീയത്തിലെ മിസ്‌റ്റര്‍ ക്ലീന്‍ എന്ന ബഹുമതിയുണ്ട്‌. അതു സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹവും ചരിത്രത്തില്‍നിന്നു പാഠം പഠിക്കേണ്ട സ്‌ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു.

സ്‌പെക്‌ട്രം ഇടപാടില്‍ അഴിമതികാട്ടിയ കേന്ദ്രമന്ത്രി രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ അപേക്ഷയ്‌ക്കു പതിനെട്ടു മാസം കഴിഞ്ഞിട്ടും മന്‍മോഹന്‍ സിംഗ്‌ മറുപടി നല്‍കിയില്ല എന്നതു നിസാര ആരോപണമായി കാണാനാവില്ല. എന്നുമാത്രമല്ല, അതു പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്‌ഥന്മാര്‍ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു എന്നു പറഞ്ഞൊഴിയുന്നതും നീതീകരിക്കാനാവുന്നതല്ല. അതേസമയം, എല്ലാം പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണു താന്‍ ചെയ്‌തതെന്നു രാജിക്കുശേഷം കേന്ദ്രമന്ത്രി എ. രാജ പ്രസ്‌താവിച്ചതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിവാദത്തില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഉത്തരവാദിത്തമില്ലെങ്കില്‍ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റിയല്ല എന്ത്‌ ഉന്നത അന്വേഷണസമിതിയും അന്വേഷിക്കുന്നതിനോടു യോജിക്കുകയാണ്‌ മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ സര്‍ക്കാരും ചെയ്യേണ്ടതെന്ന കാര്യത്തില്‍ നീതിബോധമുള്ള ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ മന്ത്രിസഭ രാജിവച്ച്‌ ഇടക്കാല ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രധാനമന്ത്രി സിംഗ്‌ സന്നദ്ധനായി എന്നുവരെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. സിംഗ്‌ സര്‍ക്കാര്‍ രാജിവച്ചാല്‍ അധികാരമോഹികളായ ഡി.എം.കെയെയും എന്‍.സി.പിയെയുമെല്ലാം അടര്‍ത്തിയെടുത്തു ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷത്തിനു കഴിയുകയില്ലെന്നു കോണ്‍ഗ്രസിന്‌ അറിയാം. അതിനു കാരണം പ്രതിപക്ഷത്തിന്‌ ഒരു പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയില്ല എന്നതുതന്നെ. അതുകൊണ്ടുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ്‌ അനിവാര്യമായിവരുമെന്നു കോണ്‍ഗ്രസ്‌ നേതൃത്വം കണക്കുകൂട്ടി.

പക്ഷേ, പുതുതായി പ്രധാനമന്ത്രിയുടെ കൈകളില്‍ പുരണ്ടിരിക്കുന്ന അഴിമതിയുടെ കറുത്ത കറ കഴുകിക്കളയാതെ ജനങ്ങളെ അഭിമുഖീകരിച്ചാല്‍ എല്ലാ കണക്കുകളും തെറ്റിപ്പോകും. രാജീവ്‌ ഗാന്ധിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതുപോലെ. അതുകൊണ്ടുതന്നെ ആകെ അഴുക്കായിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ന തൊഴുത്ത്‌ വൃത്തിയാക്കുക എന്ന ഭഗീരഥ പ്രയത്നമാണു മന്‍മോഹന്‍ സിംഗിന്റെ ചുമലില്‍ വന്നിരിക്കുന്നതും. അതിനുവേണ്ടി മന്ത്രിസഭയില്‍ നിന്നു ഡി.എം.കെയെ ഒഴിവാക്കി പകരം മറ്റാരുടെയെങ്കിലും പിന്തുണതേടുക തുടങ്ങിയ സാഹസിക തീരുമാനങ്ങള്‍ കോണ്‍ഗ്രസിനു സ്വീകരിക്കേണ്ടിവരും.

ഇതിനിടയിലെ കൗതുകകരമായ കാര്യം പ്രധാനമന്ത്രിയെയും കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷമായ ബി.ജെ.പിയുടെ കാലുകളും അഴിമതിയാരോപണങ്ങളുടെ ചളിക്കുണ്ടില്‍ പൂണ്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്‌. കര്‍ണാടക ബി.ജെ.പി. മുഖ്യമന്ത്രി യെദിയൂരപ്പയുടെ പേരില്‍ കോടികളുടെ അഴിമതിയാരോപണങ്ങളുണ്ടായിരിക്കുന്നതും തന്റെ മന്ത്രിസഭയെ നിലനിര്‍ത്തുന്നതിന്‌ എം.എല്‍.എമാര്‍ക്കു പണംനല്‍കാന്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നും മക്കള്‍ക്കു കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തു എന്നുമുള്ള ആരോപണങ്ങള്‍. അതിനു മറുപടി നല്‍കാനാവാതെ ബി.ജെ.പി. നേതൃത്വം കുഴയുമ്പോള്‍ യെദിയൂരപ്പയുടെ ഭാവിതന്നെ ത്രാസിലാണിപ്പോള്‍.

കാര്‍ഗില്‍ വിധവകള്‍ക്കു നല്‍കാനുള്ള ഭവനപദ്ധതിയില്‍ അഴിമതികാട്ടിയെന്ന ആരോപണത്തെതുടര്‍ന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെ രാജിവയ്‌പ്പിക്കാനെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം തയാറായി. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച യോദ്ധാക്കള്‍ക്കു ശവപ്പെട്ടി വാങ്ങിയ കാര്യത്തില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപണമുയര്‍ന്നപ്പോഴും അങ്ങിനെ മറ്റു പല പ്രശ്‌നങ്ങളിലും ഇത്തരമൊരു നടപടിക്കു ബി.ജെ.പി. നേതൃത്വം തയാറായിട്ടില്ലെന്നതും മറ്റൊരു വസ്‌തുത.

ഇതുമാത്രമല്ല, വാജ്‌പേയി സര്‍ക്കാരില്‍ ഡി.എം.കെ. പ്രതിനിധിയായി മന്ത്രിയായിരുന്നപ്പോള്‍ എ. രാജ തുടങ്ങിയതാണ്‌ ഈ അഴിമതിയെന്നും അവിഹിതമായി സ്‌പെക്‌ട്രം ലൈസന്‍സ്‌ നേടിയെടുത്തവരില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു എന്നും മറ്റുമുള്ള ആരോപണം ബി.ജെ.പിക്കും അസ്വസ്‌ഥത സൃഷ്‌ടിച്ചിരിക്കുകയാണ്‌.

എന്തായാലും അഴിമതിയുടെ ദുര്‍ഗന്ധം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പടരുകയാണ്‌. അത്‌ അകറ്റണമെങ്കില്‍ ആരോപണമുണ്ടാകുമ്പോള്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണ്‌.


No comments: