Thursday, January 13, 2011

വിദേശ വാര്‍ത്തകള്‍

ജാക്‌സന്റെ മരണം: ഡോക്ടര്‍ മുറെയ്‌ക്കെതിരെ വിചാരണ

ലോസ് ഏയ്ഞ്ചല്‍സ്: പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബഡോക്ടര്‍ കോണ്‍റാഡ് മുറെയെ വീണ്ടും വിചാരണ ചെയ്യാന്‍ ലോസ് ഏയ്ഞ്ചല്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. ആറുദിവസം നീണ്ടുനിന്ന വാദം കേള്‍ക്കലിന് ശേഷമാണ് ജാക്‌സന്റെ മരണത്തില്‍ ഡോക്ടര്‍ മുറെയ്ക്ക് ജാക്‌സന്റെ മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്.
2009 ജൂണില്‍ മരണമടഞ്ഞ മൈക്കല്‍ ജാക്‌സന്റെ ശരീരത്തില്‍ അമിതമായ തോതില്‍ പ്രോപ്പഫോള്‍ എന്ന മയക്കുമരുന്ന് അടങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു. കുടുംബഡോക്ടറായ കോണ്‍റാഡ് മുറെയുടെ നിര്‍ദേശപ്രകാരമാണ് ജാക്‌സണ്‍ ഇത്തരത്തിലുളള ഉറക്കമരുന്നുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ജാക്‌സണ്‍ ഇന്‍സോമാനിയ(ഉറക്കമില്ലായ്മ) നേരിട്ടിരുന്നതായും ഇതില്‍ നിന്നും മോചനം നേടാന്‍ വളരെ കുറഞ്ഞ അളവിലുളള മയക്കുമരുന്നുകള്‍ മാത്രമാണ് താന്‍ നല്‍കിയതെന്നുമായിരുന്നു മുറെയുടെ വാദം. വിവാദത്തെതുടര്‍ന്ന് മുറെയുടെ പരിശോധനാ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

ഡോക്ടര്‍ അദ്ദേഹത്തിന് ലഭിച്ച മെഡിക്കല്‍ ലൈസന്‍സ് സമൂഹത്തിന് ദോഷകരമാകുന്ന രീതിയില്‍ വിനിയോഗിച്ചതായി കേസിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായതായി പ്രത്യേക കോടതി ജഡ്ജി മൈക്കല്‍ പാസ്റ്റര്‍ പറഞ്ഞു. വിചാരണ നടപടികളില്‍ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍  മനപൂര്‍വമുളള നരഹത്യ കുറ്റം ചുമത്തപ്പെട്ട ഡോക്ടര്‍ മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാകുകയും  നാലുവര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്യും.

ജാക്‌സന് ഉയര്‍ന്ന തോതിലുളള പ്രോപഫോള്‍  മയക്കുമരുന്നുകള്‍ കുത്തിവച്ച് അദ്ദേഹത്തെ മരണത്തിലേയ്ക്ക് തളളിവിടുകയായിരുന്നു ഡോക്ടര്‍ മുറെയെന്ന് പ്രോസിക്യൂഷന്‍തെളിവുനിരത്തി ആരോപിച്ചിരുന്നു. അവസാനകാലത്ത് തീരെ അവശനായ നിലയിലായിരുന്ന ജാക്‌സന് മതിയായ ചികിത്സ നല്‍കാതെ ഡോക്ടര്‍ കൈവിട്ടതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഫോറന്‍സിക് പരിശോധനാഫലങ്ങളും ഡോക്ടര്‍ മുറെയ്ക്ക് എതിരായിരുന്നു. ജാക്‌സന്‍ താന്‍ നിര്‍ദ്ദേശിച്ചതിലും അമിതമായ അളവില്‍ ഉറക്കമരുന്ന് കഴിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന ഡോക്ടറുടെ  വാദവും കോടതി തളളിക്കളഞ്ഞു.

ആണവ ചര്‍ച്ച; ആശങ്ക ദുരീകരിക്കാനുള്ള അവസാന അവസരമെന്ന് ഇറാന്‍


ടെഹ്‌റാന്‍: ആണവപദ്ധതികളെ സംബന്ധിച്ച് പാശ്ചാത്യശക്തികള്‍ക്കുളള ആശങ്ക ദുരീകരിക്കാനുളള അവസാനത്തെ അവസരമാണ് അടുത്തയാഴ്ച ആരംഭിക്കുന്ന  ആണവചര്‍ച്ചകളെന്ന് ഇറാന്‍ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. മറ്റുളളവരുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കാന്‍ ഇറാന് സമയമില്ല. രാജ്യപുരോഗതിക്കായി ആണവശേഷി വര്‍ധിപ്പിക്കാനുളള ശ്രമത്തിലാണ് ഇറാനെന്ന് ഇറാന്റെ ന്യൂക്‌ളിയര്‍ അംബാസിഡര്‍ എന്നറിയപ്പെടുന്ന അലി അസ്ഗര്‍ സ്‌ലൊട്ടാനിയേ വ്യക്തമാക്കി.

ഈ മാസം 21-22 തീയതികളിലാണ് ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ ആണവവിഷയത്തില്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നത്. ജര്‍മനിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ ചര്‍ച്ചയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇറാനില്‍ സമൃദ്ധമായുളള യുറേനിയം സമ്പുഷ്ടീകരണത്തിനായി പുറം രാജ്യത്തേയ്ക്ക് കൊണ്ടുപോകണമെന്ന വന്‍ ശക്തികളുടെ ആവശ്യം ഇറാന്‍ നേരത്തേതന്നെ തളളിക്കളയുകയായിരുന്നു. ഇറാന്റെ യുറേനിയം സമ്പത്ത് പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. നേരത്തേ 2009 ഒക്‌ടോബറില്‍ ഇറാന്റെ സമ്പുഷ്ട യുറേനിയം പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിന് തത്തുല്യമായി ആണവറിയാക്ടറില്‍ നിറയ്ക്കാനുളള 20 ശതമാനം ഇന്ധനംലഭ്യമാക്കാമെന്ന് പാശ്ചാത്യശക്തികള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഈ വര്‍ഷത്തിന് മുന്‍പുതന്നെ സ്വന്തം റിയാക്ടറുകളിലേയ്ക്കാവശ്യമായ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുളള കഴിവ് ഇറാന്‍ നേടിയെടുത്തതായി വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹി അഭിപ്രായപ്പെട്ടു. ഇതിനായി പാശ്ചാത്യശക്തികളെ ആശ്രയിക്കേണ്ട ഗതികേട് ഇറാനില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇറാന്‍ ആണവോര്‍ജം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ചര്‍ച്ചയ്ക്ക് സന്നദ്ധമായ ഇറാന്റെ നിലപാട് ശുഭസൂചകമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജസമിതി അഭിപ്രായപ്പെട്ടു. സമിതിക്ക് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പരിശോധിക്കാമെന്നും  അന്താരാഷ്ട്രതലത്തിലുളള മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ ആണവോര്‍ജം ഉപയോഗിക്കൂവെന്നും ഇറാന്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

പിന്തുണ പിന്‍വലിക്കുമെന്ന് ഹെസ്ബുളള; ലെബനന്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍


ബെയ്‌റൂട്ട്: പ്രധാനസഖ്യകക്ഷിയായ ഹെസ്ബുളള സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കാനുളള പ്രഖ്യാപനം ഉടന്‍ കൈക്കൊളളുമെന്ന് പ്രഖ്യാപിച്ചതോടെ ലെബനന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. മുന്‍പ്രധാനമന്ത്രി റഫീക് ഹരീരിയുടെ വധവുമായി ബന്ധപ്പെട്ടുളള ഐക്യരാഷ്ട്രസഭാ സമിതിയുടെ അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം റഫീക് ഹരീരിയുടെ മകനും  പ്രധാനമന്ത്രിയുമായ സാദ് ഹരീരി തളളിക്കളഞ്ഞതാണ് ഹെസ്ബുളളയെ ചൊടിപ്പിച്ചത്. ഐക്യരാഷ്ട്രസഭാ സമിതി ഹരീരിയുടെ വധത്തില്‍ ചില ഹെസ്ബുളള നേതാക്കള്‍ക്ക് പങ്കുളളതായി കണ്ടെത്തിയിരുന്നു. ഇറാന്റെ പിന്തുണയുളള,  ഷിയാവിഭാഗത്തിന്റെ ശക്തമായ രാഷ്ട്രീയ സൈനിക വിഭാഗമാണ് ബെസ്ബുളള.

 ഹെസ്ബുളള പിന്തുണ പിന്‍വലിച്ചാല്‍ ലെബനന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. ഐക്യരാഷ്ട്രസമിതിയുടെ അന്വേഷണത്തില്‍ ഹെസ്ബുളള നേതാക്കള്‍ക്ക് ഹരീരി വധത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ ലെബനനിലെങ്ങും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. സൗദി അറേബ്യയും സിറിയയും മുന്‍കൈയെടുത്ത് നടത്തിയ സമവായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇതോടെ രാജ്യത്ത് ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി-സിറിയ സമവായചര്‍ച്ച പരാജയപ്പെട്ടയുടന്‍തന്നെ അടിയന്തിര കാബിനറ്റ് വിളിച്ചുകൂട്ടി സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രധാനമന്ത്രി സാദ് ഹരീരി തളളിക്കളയുകയായിരുന്നുവെന്ന് ഹെസ്ബുളള വിഭാഗത്തിലെ മന്ത്രിമാര്‍ പറഞ്ഞു. ഈ ആവശ്യം തളളിക്കളയപ്പെട്ടതോടെ ഹെസ്ബുളള വിഭാഗത്തിലെ 11 മന്ത്രിമാരും ഫലത്തില്‍ സര്‍ക്കാരിന്റെ ഭാഗമല്ലാതായി മാറിക്കഴിഞ്ഞതായി ആരോഗ്യമന്ത്രി മുഹമ്മദ് ജവാദ് ഖലീഫെ പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ആസൂത്രണം ചെയ്ത കണ്ടെത്തലുകളാണ് ഐക്യരാഷ്ട്രസഭയുടെ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ ഫോര്‍ ലെബനന്റെ(എസ്ടിഎല്‍) പുറത്തുവിട്ടിരിക്കുന്നതെന്ന് ഹെസ്ബുളള ആരോപിച്ചു.  2005 ല്‍ നടന്ന ഹരീരിയുടെ കൊലപാതകവുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹെസ്ബുളള നേതാവ് ഹസ്സന്‍ നസറളള ആവര്‍ത്തിച്ചു. എസ് ടി എല്ലിന് സാമ്പത്തിക സഹായം നല്‍കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും രാജ്യത്ത് നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി കഴിഞ്ഞ ദിവസം വാഷിംഗ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയെ സന്ദര്‍ശിച്ച് ഹരീരി വധത്തെക്കുറിച്ചുളള അന്വേഷണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് സാദ് തന്റെ നിലപാടുകള്‍ കര്‍ശനമാക്കിയത്.

ലെബനനിലെ പുതിയ സ്ഥിതിവിശേഷത്തെ തുടര്‍ന്ന് ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം മൂര്‍ഛിക്കുമെന്ന് കരുതപ്പെടുന്നു.  2008ല്‍ വംശീയസംഘര്‍ഷങ്ങളില്‍ 81 പേര്‍ കൊല്ലപ്പെട്ട ലെബനന്‍ മറ്റൊരാഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

No comments: