Friday, April 8, 2011

അഴിമതിക്കെതിരെ അണ്ണാ ഹസാരെ

ഏപ്രില്‍ 12 മുതല്‍ ജയില്‍നിറയ്ക്കല്‍ സമരം

ലോക്പാല്‍ ബില്‍ കരടുസമിതിയുടെ രൂപവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആവര്‍ത്തിച്ചു. സമരസമിതിയുടെ പ്രതിനിധിയാണ് ചെയര്‍മാനെങ്കില്‍ കരടുസമിതിയിലെ ബാക്കിയെല്ലാവരും സര്‍ക്കാര്‍ പ്രതിനിധികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരുമായി വൈകിട്ട് മൂന്നാംവട്ട ചര്‍ച്ച നടത്തുമെന്നും സിബല്‍ വ്യക്തമാക്കി.

ഇതിനിടെ കരടു സമിതിയുടെ ചെയര്‍മാനായി ജെ.എസ് വര്‍മ, സന്തോഷ് ഹെഗ്‌ഡെ എന്നിവരില്‍ ആരെയെങ്കിലും നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് അന്നാ ഹസാരെ പറഞ്ഞു. ചര്‍ച്ചയില്‍ പുരോഗതിയില്ലെങ്കില്‍ ഏപ്രില്‍ 12 മുതല്‍ ജയില്‍നിറയ്ക്കല്‍ സമരം തുടങ്ങുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ലക്ഷ്യം നേടിയില്ലെങ്കില്‍ മരിക്കുക എന്ന പ്രഖ്യാപനവുമായി അഴിമതിക്കെതിരെ സന്ധിയില്ലാസമരം ചെയ്യുന്ന ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ നിരാഹാര സത്യാഗ്രഹം നാലാംദിവസത്തിലേക്ക് കടന്നു.

സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കാമെന്ന കേന്ദ്രത്തിന്റെ ഉറപ്പും ഹസാരെ തള്ളി.സമരം നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഹസാരെയോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഹസാരെ സോണിയക്ക് നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടു.

ഹസാരെ നയിക്കുന്ന സത്യാഗ്രഹം മൂന്നുനാള്‍ പിന്നിട്ടപ്പോള്‍ മുദ്രാവാക്യങ്ങളുമായി വിവിധ ദേശക്കാര്‍ ഇന്ത്യാഗേറ്റിലേക്കൊഴുകി. ഹസാരെയുടെ വാക്കിന്റെ ഊര്‍ജവുമായി ആയിരങ്ങള്‍ ഇന്ത്യാഗേറ്റില്‍ മെഴുകുതിരി ജ്വാല തെളിയിച്ചു. ശരീരത്തില്‍ പ്രാണനുള്ളിടത്തോളം താന്‍ സമരം തുടരുമെന്ന ഹസാരെയുടെ പ്രസ്താവന അവരെ ആവേശംകൊള്ളിച്ചു.

ജന്തര്‍മന്തറില്‍ നിരാഹാരസമരം തുടരുന്ന ഹസാരെയുടെ ആരോഗ്യത്തിന് കാര്യമായ ക്ഷീണമേറ്റിട്ടില്ല. എന്നാല്‍ തൂക്കം ഒന്നരക്കിലോ കുറഞ്ഞു. രക്തസമ്മര്‍ദം ബുധനാഴ്ച നേരിയതോതില്‍ കൂടിയിരുന്നു. ഹസാരെ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ലെന്നും സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസാരെക്കയച്ച കത്തില്‍ സോണിയ പറഞ്ഞു. കേന്ദ്ര മന്ത്രി കപില്‍ സിബലാണ് സര്‍ക്കാറിനുവേണ്ടി സാമൂഹികപ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശുമായും വിവരാവകാശ പ്രവര്‍ത്തകനായ അരവിന്ദ് കെജ്‌രിവാളുമായും വ്യാഴാഴ്ച രണ്ടുവട്ടം ചര്‍ച്ച നടത്തിയത്.

ലോക്പാല്‍ ബില്‍ കൂടുതല്‍ ഫലപ്രദമായി ഭേദഗതി ചെയ്യുന്നതിന് ഹസാരെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമിതി രൂപവത്കരിക്കാമെന്നും അതില്‍ ഈ ഭേദഗതികള്‍ക്ക് രൂപം നല്കിയ സാമൂഹികപ്രവര്‍ത്തകരെ ഉള്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് ഹസാരെയെ കൊണ്ടുവരണമെന്ന അഗ്‌നിവേശിന്റെയും കെജ്‌രിവാളിന്റെയും നിര്‍ദേശം സര്‍ക്കാര്‍ തള്ളി.

അഞ്ച് സാമൂഹികപ്രവര്‍ത്തകരും അഞ്ച് സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. നേരത്തേ സര്‍ക്കാര്‍ തള്ളിയ ഈ നിര്‍ദേശം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. എന്നാല്‍ സമിതിയുടെ അധ്യക്ഷപദവിയിലേക്ക് വരണമെന്ന ആരാധകരുടെ ആവശ്യം അന്നാ ഹസാരെ പിന്നീട് തള്ളി. ഉപദേശകസമിതിയില്‍ അംഗമാകാം പക്ഷേ, അധ്യക്ഷനാകാനില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരില്‍ ആരെയെങ്കിലും അധ്യക്ഷനാക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആദ്യത്തെ നിലപാട്. എന്നാല്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനാകട്ടെ എന്നാണ് കേന്ദ്രത്തിന്റെനിലപാട്. പിന്നീടാണ് ഹസാരെതന്നെ അധ്യക്ഷനാകണമെന്ന നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ ഹസാരെയുടെയും അഴിമതിവിരുദ്ധ പ്രവര്‍ത്തകരുടെയും നിര്‍ദേശമനുസരിച്ച് സമിതി രൂപവത്കരിക്കാമെന്ന് സര്‍ക്കാറിനുവേണ്ടി സിബല്‍ അറിയിച്ചു. സമിതിയുടെ രൂപവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് സിബല്‍ പറഞ്ഞതായി കെജ്‌രിവാള്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

ആദ്യവട്ട ചര്‍ച്ചയില്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതിന് സമയപരിധി നിശ്ചയിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മിക്കവാറും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുകിയിരിക്കുന്നതിനാല്‍ മെയ് 13-ന് മുമ്പ് സമിതി രൂപവത്കരണം നടക്കില്ലെന്നുമായിരുന്നു സിബലിന്റെ നിലപാട്. രണ്ടാംവട്ട ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പുതിരക്കില്ലാത്ത മന്ത്രിമാരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശം പ്രക്ഷോഭകരുടെ ഭാഗത്തുനിന്നുണ്ടായി. അത് സര്‍ക്കാര്‍ സമ്മതിച്ചു. പക്ഷേ, വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തയ്യാറായില്ല. ബുധനാഴ്ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മന്ത്രിസഭാംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

വിജയം അല്ലെങ്കില്‍ മരണം

2 ജി സ്‌പെക്ട്രം, ആദര്‍ശ് ഹൗസിങ് സൊസൈറ്റി, ക്രിക്കറ്റ് വിവാദം തുടങ്ങിയ ഒട്ടേറെ കുംഭകോണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. എന്നാല്‍ ഇതില്‍ കുറ്റവാളികളാരും ജയിലില്‍ പോകുന്നില്ല. അത്തരക്കാരെ ജയിലില്‍ അയയ്ക്കാനും തൂക്കിക്കൊല്ലാനുമുള്ളതാണ് ലോക്പാല്‍ നിയമം.ഗാന്ധിയനായ ഞാനെന്തിനാണ് തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് ഇത്ര കടുത്ത വാക്കുകളില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രാജ്യത്തിന്റെ അവസ്ഥ അങ്ങനെയാണ്. നമ്മള്‍ ഗാന്ധിയെമാത്രം പിന്തുടര്‍ന്നാല്‍ മതിയാകില്ല. ഛത്രപതി ശിവജിയെയും ഉള്ളില്‍ ധ്യാനിച്ചുമാത്രമേ ഇവരോട് സംസാരിക്കാനാവൂ.

അപരന് ദുഃഖമുണ്ടാക്കുന്ന കടുത്ത വാക്കുകള്‍ സംസാരിക്കുന്നതും ഹിംസയാണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഭരണാധികാരികളുടെ കൊള്ളയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ദുഃഖമുണ്ടായാലും വേണ്ടില്ല, രാജ്യത്തിന് സമാധാനമാണ് വേണ്ടത്. അതിനുവേണ്ടിയുള്ളതാണ് ഈ പോരാട്ടം. ഞങ്ങളായിട്ട് ഈ സര്‍ക്കാറിനെ പുറത്താക്കുമെന്ന് പറയുന്നില്ല. എന്നാല്‍ ജനങ്ങളുടെ ഭാഷ മനസ്സിലായില്ലെങ്കില്‍ അവര്‍ ഈ സര്‍ക്കാറിനെ വീട്ടിലിരുത്തും. പവാര്‍ മാത്രം ഒഴിഞ്ഞാല്‍പ്പോരാ, അഴിമതിക്കാരായ എല്ലാ മന്ത്രിമാരും പുറത്താകണം. ഈ അഴിമതിക്കാരുമായി തട്ടിച്ചുനോക്കിയാല്‍ പാകിസ്താനല്ല ഇന്ത്യയ്ക്ക് ഭീഷണി.

ലോക്പാല്‍ നിയമം വന്നാല്‍ എങ്ങനെ കൊള്ളയടിക്കുമെന്നാണ് സര്‍ക്കാറിന്റെ ഭയം. അതുകൊണ്ടാണ് നിയമം നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നത്. നിങ്ങള്‍ തെറ്റു ചെയ്യുന്നെന്ന് യജമാനന്മാരായ ജനങ്ങള്‍ വിളിച്ചുപറയുന്നു. ലോക്പാല്‍ നിയമം നിങ്ങളുടെ ഔദാര്യമല്ല; ജനങ്ങളുടെ അവകാശമാണ്. ഞങ്ങളുടെ പണംകൊണ്ട് നിങ്ങളെന്തു ചെയ്‌തെന്നാണ് അവരുടെ ചോദ്യം.
(മാതൃഭൂമി വാര്‍ത്തയില്‍ നിന്ന് )

No comments: