Wednesday, April 6, 2011

കേരളത്തിലെ വൈദ്യുതി മേഖലയിലെ പുരോഗതി

കെ.എസ.ഇ.ബി. ഓഫീസേര്‍സ്  അസോസിയേഷന്റെ ന്യൂസ്‌ മാഗസിനില്‍ മാര്‍ച് ലക്കത്തില്‍ വന്ന ലേഖനത്തിന്റെ പ്രധാന ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

വൈദ്യുതി രംഗത്ത് ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ക്കാണ് സംസ്ഥാനം തുടക്കം ഇട്ടത്. 2020ലെ വൈദ്യുതി ആവശ്യകത ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും തുടക്കം കുറിക്കുകയും ചെയ്യാന്‍ കഴിഞ്ഞു. 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ കമ്മീഷന്‍ ചെയ്തത് ഉള്‍പ്പടെ 209 മെഗാവാട്ടിന്റെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഒറീസ്സയിലെ കല്‍ക്കരിപ്പാടത്തെ അടിസ്ഥാനപ്പെടുത്തിയും കായംകുളം പദ്ധതി എല്‍.എന്‍.ജി അടിസ്ഥാനത്തില്‍ വിപുലീകരിച്ചും ബ്രഹ്മപുരത്ത് എല്‍.എന്‍.ജി അടിസ്ഥാനപ്പെടുത്തിയുള്ള 1000 മെഗാവാട്ട് പദ്ധതിയും ചീമേനിയിലെ നിര്‍ദ്ദിഷ്ട പ്രകൃതിവാതകാധിഷ്ടിത നിലയവും കേരളത്തിന്റെ വികസന പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ്. കേരളത്തിലെ ചെറുകിട ജല വൈദ്യുതി പദ്ധതികള്‍ നിര്‍ദ്ദേശിച്ച പ്രകാരം അതിവേഗം കമ്മീഷന്‍ ചെയ്തുവരികയാണ്. വര്‍ഷങ്ങളായി മുടങ്ങികിടന്ന കുറ്റ്യാടി ടെയില്‍ റേസ് (കെ.റ്റി.ആര്‍) പദ്ധതി പുനരുജ്ജീവിപ്പിച്ച് പൂര്‍ത്തിയാക്കിയതും പൂഴിത്തോട് പദ്ധതി കമ്മീഷന്‍ ചെയ്തതും ഇച്ഛാശക്തിയോടുള്ള പ്രവര്‍ത്തനത്തിലൂടെയാണ്.

പ്രസരണ വിതരണ നഷ്ടം ദേശീയ ശരാശരി 35 ശതമാനം ഉള്ളപ്പോള്‍ കേരളത്തിലേത് 18 ശതമാനത്തില്‍ താഴെ എത്തിക്കുന്നതില്‍ പ്രസരണ രംഗത്തെ പദ്ധതികളുടെ പങ്ക് നിര്‍ണ്ണായകമാണ്.

വിതരണ രംഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണം തന്നെയാണ്. സാധാരണകാര്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കുന്ന നയങ്ങള്‍ രാജ്യത്ത് നിലനില്ക്കുമ്പോള്‍ തന്നെയാണ് എല്ലാവര്‍ക്കും വൈദ്യുതി എന്ന നയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനകം 90 ഓളം അസ്സംബ്ലി മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ജില്ല പാലക്കാട് ആണ്. ത്രിശ്ശൂരിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ആര് മാസത്തിനകം കേരളത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാകും. ഇന്ത്യയിലെ 89000 ത്തോളം ഗ്രാമങ്ങളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല എന്ന സത്യം നിലനില്ക്കുമ്പോഴാണ് കേരള സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ ചരിത്രത്തിലേക്ക് കടക്കുന്നത്. നാം ഉയര്‍ത്തിയ ബദല്‍ നയത്തിന്റെ പ്രസക്തി ഇവിടെയാണ് കാണേണ്ടത്.

അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപനം ഏതൊരു വകുപ്പിനേയും അതിശയിപ്പിക്കുന്ന വേഗതയില്‍ ചെയ്യാന്‍ കഴിഞ്ഞതും മറ്റൊന്നുകൊണ്ടല്ല. 24 മണിക്കൂറും വാഹന സൌകര്യം ഏര്‍പ്പെടുത്തിയത് വിതരണ ഓഫീസുകള്‍ക്ക് അനുഗ്രഹമായി.

മോഡല്‍ സെക്ഷന്‍ ആഫീസ് പരിഷ്കരണത്തിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസുകളുടെ ശോചനീയ അവസ്ഥയില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിമുതല്‍ വൈകിട്ട് 6 മണിവരെ പണം സ്വീകരിക്കുന്ന സമയം ദൈര്‍ഘിപ്പിച്ചത് വലിയ ആവേശത്തോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്.

പശ്ചാത്തല സൌകര്യങ്ങളില്‍ മാത്രമല്ല നടപടി ക്രമങ്ങളിലും സമീപനത്തിലും വൈദ്യുതി ബോര്‍ഡിലുണ്ടായ മാറ്റം ചെറുതല്ല. സര്‍വ്വീസ് കണക്ഷന് സി.ഡി യും ഒ.വൈ.ഇ.സി യും ഒരുമിച്ചടയ്ക്കാന്‍ അപേക്ഷകര്‍ക്ക് കഴിയുമെന്നത് നമ്മളില്‍ തന്നെ ആരെങ്കിലും കരുതിയിരുന്നോ? വിപ്ളവകരമായ തുടക്കം എന്നുതന്നെ വിശേഷിപ്പിക്കേണ്ട ഒന്നാണിത്. 55 പേജുള്ള അപേക്ഷാഫാറം വെറും 2 പേജാക്കി മാറ്റിയതും ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോള്‍ നല്ല തുടക്കം തന്നെ.

ഇത്തരം മാറ്റങ്ങളൊക്കെ സ്വകാര്യ വല്‍ക്കരിച്ചാലെ നടപ്പാവൂ എന്ന് വാശിപിടിച്ച മാധ്യമങ്ങളും വക്താക്കളും മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ വൈദ്യുതി ബോര്‍ഡിനെപ്പറ്റി പറയുന്ന നല്ല വാക്കുകള്‍ അവഗണിക്കാന്‍ കഴിയാതെ അവര്‍ വീര്‍പ്പുമുട്ടുന്നു. ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരിക്കുകയും വിഭജിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേയും കേരളത്തിലേയും അനുഭവങ്ങള്‍ താരതമ്യം ചെയ്തുനോക്കുമ്പോള്‍ മാത്രമാണ് ഇതിന്റെയൊക്കെ പ്രസക്തി എത്രത്തോളം എന്ന് മനസ്സിലാവുകയുള്ളു.

വൈദ്യുതി വിതരണ രംഗത്ത് വോള്‍ട്ടേജ് അദാലത്ത്, റവന്യു അദാലത്ത്, വൈദ്യുതി മന്ത്രി തന്നെ പങ്കെടുത്ത ജനകീയ വൈദ്യുതി അദാലത്ത് എന്നിവ ഉപഭോക്തൃ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നാഴിക കല്ലുകളാണ്.

വിതരണ ഓഫീസുകളിലെ ബില്ലിംഗ് കമ്പ്യൂട്ടര്‍ വല്‍ക്കരണം സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനപ്പെടുത്തി സമഗ്രമാക്കിയതും മറ്റ് രംഗത്തെ കമ്പ്യൂട്ടര്‍ വല്‍ക്കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതും നേട്ടങ്ങളായി. ഉപഭോക്തൃ സൌഹൃദം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളോടെയുള്ള ഐ.ടി. വികസനമാണ് ബോര്‍ഡ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

ഏതൊരു സംസ്ഥാനത്തിനും അസൂയാവഹമായത് കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി നിരക്ക് വര്‍ദ്ധിപ്പിക്കാതെ നിലനില്ക്കുന്നു എന്നതുതന്നെയാണ്. മികച്ച ഊര്‍ജ്ജ മാനേജ്മെന്റിലൂടെ പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഒഴിവാക്കാന്‍ തന്ത്രപരമായ ഇടപെടലുകളിലൂടെ കെ.എസ്.ഇ.ബി ക്ക് കഴിഞ്ഞിട്ടുണ്ട്.

മണിക്കൂറുകളോളം ലോഡ്ഷെഡ്ഡിംഗും പവര്‍ഹോളിഡേയും പല സംസ്ഥാനങ്ങളിലും നിലനില്ക്കുമ്പോഴാണ് കേരളത്തില്‍ ഈ സ്ഥിതി കൈവരിച്ചത്. ലോഡ്ഷെഡ്ഡിംഗ് ഉള്ളപ്പോഴേ ഇക്കാര്യത്തെപ്പറ്റിനാം ചിന്തിക്കുന്നുള്ളു. സൌജന്യ നിരക്കില്‍ 1.5 കോടി സി.എഫ്.എല്‍ വിതരണം ചെയ്തതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു നടത്തിയത്.
 
വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയിലെ ഒറ്റ സ്ഥാപനമായി മുന്നോട്ടു കൊണ്ടുപോകണമെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച നയം. അതോടൊപ്പം കേരളത്തിലെ വൈദ്യുതി മേഖലയില്‍ ലോക നിലവാരത്തിലെത്തിക്കാനുള്ള നയങ്ങളും ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചും ഏറെ പ്രതീക്ഷകളോടെയാണ് ഈ നയങ്ങളെ നോക്കി കാണുന്നത്. വൈദ്യുതി പോലുള്ള തന്ത്ര പ്രധാന മേഖലകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭം ഉണ്ടാക്കാനുള്ളതല്ല എന്നുള്ളതുതന്നെയാണ് ഏറ്റവും പ്രധാനം. വൈദ്യുതി രംഗത്ത് ആവിഷ്കരിച്ചതും നടപ്പിലാക്കിയതുമായ വിപ്ളവകരമായ പദ്ധതികള്‍ തുടരേണ്ടതാണെന്നത് ഈ അവസരത്തില്‍ പരമ പ്രധാനമാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വൈദ്യുതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റ് രംഗങ്ങളിലേതെന്നപോലെതന്നെ ജീവന്‍ മരണ സമരം തന്നെയാണ്. കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ചും ഇത് ദിശ നിര്‍ണ്ണയിക്കുന്ന സമയമാണ്.

No comments: