Tuesday, July 5, 2011

റെയില്‍വേക്കു നല്‍കുന്ന വൈദ്യുതിയുടെ നിരക്കുയര്‍ത്താന്‍ ശിപാര്‍ശ

ട്രെയിന്‍ ഓടിക്കാന്‍ നല്‍കുന്ന വൈദ്യുതിയുടെ നിരക്കു യൂണിറ്റിനു നാലുരൂപയാക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചു. ഇപ്പോള്‍ 2.90 പൈസയാണ്‌. ഓരോ കിലോവാട്ട്‌ വൈദ്യുതിക്കും പ്രതിമാസം ഈടാക്കുന്ന ഡിമാന്‍ഡ്‌ ചാര്‍ജും കൂട്ടും. നിരക്കു വര്‍ധനയുടെ ശിപാര്‍ശ ബോര്‍ഡ്‌ റെഗുലേറ്ററി കമ്മിഷനു നല്‍കി. നിരക്കു വര്‍ധനയിലൂടെ 20 കോടി രൂപയാണ്‌ ഈ വര്‍ഷം ബോര്‍ഡ്‌ ലക്ഷ്യമിടുന്നത്‌.

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ 2007 ല്‍ നിശ്‌ചയിച്ച നിരക്കാണു നിലവിലുള്ളത്‌. ഇന്ധനവില കൂടി. പുറമേനിന്നു വാങ്ങുന്ന വൈദ്യുതിയുടെ വിലയില്‍ 63.27 ശതമാനം വര്‍ധന ഉണ്ടായി. ഇതു മൂലം ബോര്‍ഡിനു കനത്ത നഷ്‌ടമാണു നേരിടുന്നത്‌. കൂടാതെ ഉയര്‍ന്ന സബ്‌സിഡി ലഭിക്കുന്ന സ്‌ഥാപനമായി റെയില്‍വേ മാറി. നഷ്‌ടം സഹിച്ചുകൊണ്ട്‌ സബ്‌സിഡി നല്‍കാന്‍ കഴിയില്ല. വാണിജ്യതത്വങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന റെയില്‍വേക്കു കേരളത്തില്‍ മാത്രമാണു കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്നത്‌. തമിഴ്‌നാടു നാലു രൂപയും കര്‍ണാടകം 4.60 രൂപയും ആന്ധ്ര 4.45 രൂപയുമാണു റെയില്‍വേയില്‍നിന്ന്‌ ഈടാക്കുന്നത്‌. എക്‌സട്രാ ഹൈടെന്‍ഷന്‍(ഇ.എച്ച്‌.ടി) ഉപയോക്‌താക്കളില്‍നിന്ന്‌ ഈടാക്കുന്ന നിരക്കാണു റെയില്‍വേക്കുള്ളത്‌. ടി.ഒ.ഡി. താരിഫ്‌ ബാധകമാക്കിയിട്ടില്ലാത്തതിനാല്‍ ഈ നിരക്കു നല്‍കേണ്ടി വരുന്നില്ല. വാണിജ്യ ആവശ്യത്തിനായി വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇ.എച്ച്‌.ടി. താരിഫാണ്‌ ബാധകം. അതിനാല്‍ റെയില്‍വേയും ഈ നിരക്കു നല്‍കാന്‍ ബാധ്യസ്‌ഥമാണ്‌.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിലൂടെ ഓരോ വര്‍ഷവും കോടികളുടെ അധിക ബാധ്യതയാണു ബോര്‍ഡിനുണ്ടാകുന്നത്‌. ഇതു ചെലവില്‍ കൊള്ളിക്കുകയാണു ചെയ്യുന്നത്‌.

തിരുവനന്തപുരം, പാലക്കാട്‌ റെയില്‍വേ ഡിവിഷനുകളിലായി തമിഴ്‌നാടിന്റെ നിരവധി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌.

കന്യാകുമാരി വരെയുള്ള പ്രദേശം തിരുവനന്തപുരം ഡിവിഷന്റെ കീഴിലും ഈറോഡ്‌ വരെയുള്ള പ്രദേശം പാലക്കാട്‌ ഡിവിഷന്റെ കീഴിലുമാണ്‌. ഈ സ്‌ഥലങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന്‌ ഉപയോഗിക്കുന്നതു കേരളത്തില്‍നിന്നുള്ള വൈദ്യുതിയാണ്‌. തമിഴ്‌നാട്ടില്‍നിന്നുള്ള വൈദ്യുതിക്കു വില കൂടുതലായതിനാലാണു കേരളത്തില്‍നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നത്‌.

ഈ സ്‌ഥലങ്ങളിലേക്കുള്ള യാത്രക്കാരില്‍ കൂടുതല്‍ പേരും തമിഴ്‌നാട്ടുകരാണ്‌. ഇങ്ങനെ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നതിനു പകരമായി കേരളത്തിലുള്ളവര്‍ക്കു യാത്രാനിരക്കില്‍ ഒരിളവും റെയില്‍വേ നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണു വൈദ്യുതിനിരക്കു വര്‍ധിപ്പിച്ച്‌ തമിഴ്‌നാട്ടിലെ നിരക്കുമായി ഏകീകരിക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചത്‌. 

(മംഗളം ദിനപത്രത്തില്‍ വന്ന വാര്‍ത്ത)

No comments: