Saturday, July 9, 2011

ഇടതു ബജറ്റ്‌ പൊളിച്ചടുക്കി

ഫെബ്രുവരിയില്‍ ഡോ: തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച ബജറ്റില്‍ നിന്നുള്ള വലിയൊരു വ്യതിയാനമാണു ബജറ്റിന്റെ പ്രത്യേകത. ബജറ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന്‌ മാണി പലപ്പോഴും പറഞ്ഞിരുന്നെങ്കിലും അതിന്‌ കടകവിരുദ്ധമാണ്‌ ബജറ്റ്‌. ഐസക്കിന്റെ സ്വപ്‌ന പദ്ധതികളും അതുപോലെ തന്നെ അവസാന ബജറ്റില്‍ ഇടതുമുന്നണി വിഭാവനം ചെയ്‌ത പല ക്ഷേമ പദ്ധതികളും അപ്രത്യക്ഷമായി.

ഇതില്‍ ഏറ്റവും പ്രധാനം 40,000 കോടി രൂപയുടെ റോഡ്‌ വികസനമാണ്‌. ഇതിനുപകരം 1000 കിലോ മീറ്റര്‍ റോഡ്‌ വികസനത്തിനുള്ള മറ്റൊരു പദ്ധതിയാണ്‌ മാണി വിഭാവനം ചെയ്യുന്നത്‌. കേരളത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിന്റേയും പേരില്‍ 10,000 രൂപ എന്‍ഡോവ്‌മെന്റ്‌ ആയി നിക്ഷേപിക്കുമെന്ന ഇടതുമുന്നണിയുടെ വാഗ്‌ദാനവും യു.ഡി.എഫ്‌. അവഗണിച്ചു. പത്തു രൂപ വീതം വൈദ്യുതി മീറ്ററുകള്‍ക്ക്‌ വാടക നല്‍കിയിരുന്നത്‌ ഒഴിവാക്കുമെന്ന്‌ ഐസക്ക്‌ പ്രഖ്യപിച്ചിരുന്നു. എന്നാല്‍ മാണി ഇതു പരാമര്‍ശിച്ചിട്ടില്ല. അതുപോലെ ഇടതുസര്‍ക്കാര്‍ ആശ, അംഗന്‍വാടി ജീവനക്കാര്‍, സാക്ഷരതാ പ്രേരക്‌മാര്‍ എന്നിവര്‍ക്കു വര്‍ധിപ്പിച്ച ഓണറേറിയത്തെക്കുറിച്ചും മാണി മൗനം പാലിക്കുന്നു.

അസംഘടിതമേഖലയിലെ സ്‌ത്രീകള്‍ക്ക്‌ ഒരു മാസത്തെ ശമ്പളത്തോടെ പ്രസവാവധി നല്‍കുമെന്ന പ്രഖ്യാപനവും പുതിയ ബജറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

ശയ്യാവലംബിയായ രോഗികളുടെയും മാനസിക രോഗികളുടെയും ശുശ്രൂഷകര്‍ക്ക്‌ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച 300 രൂപയുടെ ധനസഹായവും വിസ്‌മരിച്ചു. കഴിഞ്ഞ ബജറ്റിലുണ്ടായിരുന്ന ശ്രവണ വൈകല്യമുള്ള കുട്ടികളുടെ കോക്ലിയര്‍ ശസ്‌ത്രക്രിയ്‌ക്കു രണ്ടു ലക്ഷം രൂപയുടെ സഹായം ഒഴിവാക്കപ്പെട്ടു.

അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ സ്‌കോളര്‍ഷിപ്പിനുള്ള പദ്ധതി, അണ്‍ എയ്‌ഡഡ്‌ സ്‌കൂള്‍, ട്യൂട്ടോറിയല്‍ എന്നിവയിലേയും സ്വകാര്യ ആശുപത്രി, ആശുപത്രി വികസന സമിതി എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ക്ഷേമനിധി സര്‍ക്കസ്‌ കലാകാരന്‍മാരുടെ പെന്‍ഷന്‍ 750 ആയി ഉയര്‍ത്തിയത്‌ തുടങ്ങിയ ക്ഷേമ പദ്ധതികളെല്ലാം പുതിയ ബജറ്റില്‍ ഒഴിവാക്കപ്പെട്ടു.

മത്സ്യമേഖലയിലും കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം അവഗണിച്ചു. മത്സ്യതൊഴിലാളികള്‍ക്ക്‌ എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുന്ന മാതൃകാ മത്സ്യഗ്രാമപദ്ധതി ഉദാഹരണം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി അംഗത്വവും ഇന്‍ഷുറന്‍സ്‌ പരിരക്ഷയും.

ബി.പി.എല്‍ കുടുംബങ്ങളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി തുക 3000 രൂപയായി കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയിരുന്നെങ്കിലും ഈ ബജറ്റില്‍ അതേക്കുറിച്ച്‌ മന്ത്രി മൗനം പാലിക്കുകയാണ്‌.

No comments: