Friday, February 11, 2011

കാല്‍ നൂറ്റാണ്ടു നീണ്ട നിയമയുദ്ധം; ഒടുവില്‍ പിള്ളയ്ക്ക് തടവറ

പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ രാജ്യത്തിന്റെ പരമോന്നത കോടതി മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്ന് അന്തിമവിധി പ്രഖ്യാപിച്ച ഇടമലയാര്‍ അഴിമതിക്കേസില്‍ നാഴികക്കല്ലായത് ജസ്റ്റിസ് കെ സുകുമാരന്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍. കമ്മിഷനുകളുടെ ചരിത്രത്തില്‍ കുറഞ്ഞസമയംകൊണ്ട് സിറ്റിംഗ് ജഡ്ജി അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇടമലയാര്‍ വൈദ്യുതി പദ്ധതികളുടെ ക്രമക്കേടുകളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. കമ്മീഷന്റെ കണ്ടെത്തലുകള്‍ക്കുള്ള അംഗീകാരംകൂടിയായി മാറി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും കൂട്ടര്‍ക്കുമുള്ള സുപ്രിംകോടതിയുടെ ശിക്ഷ.

1982-ല്‍ ഇടമലയാര്‍ വൈദ്യുതിപദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നതായിരുന്നു കേസിനാസ്പദമായ സംഭവം. 1985 ജൂലൈ 15ന് ഇടമലയാര്‍ ഡാമില്‍ ചോര്‍ച്ച കണ്ടെത്തിയത് വിവാദമായി. തുടര്‍ന്ന് വിഷയം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് ഇടമലയാര്‍പദ്ധതി സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 1985 സെപ്തംബര്‍ 11ന് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 1985 ഡിസംബര്‍ 21ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ സുകുമാരന്‍ ഇടമലയാര്‍ എന്‍ക്വയറി കമ്മിഷനായി നിയമിക്കപ്പെട്ടു. രണ്ടരവര്‍ഷംനീണ്ട അന്വേഷണത്തിനൊടുവില്‍ ഇടമലയാര്‍ വൈദ്യുതിപദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിക്കൊണ്ട് ജസ്റ്റിസ് കെ സുകുമാരന്‍ കമ്മിഷന്‍ സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1988 ജൂണ്‍ പത്തിന് സംസ്ഥാനസര്‍ക്കാര്‍മുമ്പാകെ സമര്‍പ്പിച്ച 570 പേജ്‌വരുന്ന ഇടമലയാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ പങ്ക് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇടമലയാര്‍ വൈദ്യുതിപദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്നും കരാറുകാരനായ കേരള കോണ്‍ഗ്രസ് നേതാവ് പി കെ സജീവന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനുപിന്നില്‍ മന്ത്രിയുടെ താല്‍പര്യമായിരുന്നുവെന്നുമാണ് കമ്മിഷന്റെ കണ്ടെത്തലുകള്‍. ഇക്കാര്യത്തില്‍ മുന്‍ കെ എസ് ഇ ബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആവശ്യത്തിന് സിമന്റും സാമഗ്രികളും ഉപയോഗിച്ചിട്ടില്ല. കോണ്‍ക്രീറ്റ് സംവിധാനം ശരിയായരീതിയിലായിരുന്നില്ല, നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തി, കരാറുകാരന് വളരെയധികം ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ പദ്ധതിവഴി ഖജനാവിന് വന്‍നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും പദ്ധതി പൊതുതാല്‍പര്യത്തിന് വിരുദ്ധമായാണ് നടപ്പിലാക്കിയതെന്നും കണ്ടെത്തിയിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീതിപൂര്‍വമായിരുന്നില്ലെന്നും മന്ത്രിയായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഇതിലുള്ള പങ്ക് വ്യക്തമാണെന്നുമുള്ള കമ്മിഷന്റെ കണ്ടെത്തലുകളാണ് പിന്നീട് വന്‍വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിതെളിച്ചത്. ഇടമലയാര്‍ കേസിനുവേണ്ടി പ്രത്യേക കോടതി രൂപീകരിക്കണമെന്നുള്ള കമ്മിഷന്‍ ശുപാര്‍ശ പിന്നീട് അംഗീകരിക്കുകയും ചെയ്തു.

അഞ്ഞൂറോളം രേഖകള്‍ പരിശോധിച്ച് 53 സാക്ഷികളെ വിസ്തരിച്ച കമ്മീഷന്‍ 195 സിറ്റിംഗുകള്‍ക്കുശേഷമാണ് 570 പേജ്‌വരുന്ന  റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയെ രണ്ടുദിവസം കമ്മിഷന്‍ വിസ്തരിക്കുകയും ചെയ്തു. ക്രമക്കേട് നടന്ന ഇടമലയാര്‍ സന്ദര്‍ശിച്ച കമ്മിഷന്‍ തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട അണക്കെട്ടുകള്‍ സന്ദര്‍ശിക്കുകയും അവയുടെ നിര്‍മാണരീതികള്‍ വിലയിരുത്തുകയും ചെയ്തു. ഒരുലക്ഷത്തി എണ്‍പതിനായിരം പേജുകള്‍ വരുന്ന രേഖകള്‍ പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചുകൊണ്ടാണ് കമ്മിഷന്റെ പ്രവര്‍ത്തനം ജസ്റ്റിസ് കെ സുകുമാരന്‍ നടത്തിയത്.

ജലീല്‍ അരൂക്കുറ്റി ജനയുഗം 11.02.11

No comments: