Sunday, May 1, 2011

പീഡനക്കേസുകളിലെ പ്രതികളെ ഷണ്ഡരാക്കണമെന്ന് കോടതി

ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിനുപകരം അവരെ ഷണ്ഡന്‍മാരാക്കുകയാണ് വേണ്ടതെന്ന് കോടതി. ഒരു പീഡനക്കേസിന്റെ വിചാരണയ്ക്കിടയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കാമിനി ലൗവാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

‘ലൈഗിക പീഡനം നടത്തുന്നവര്‍ക്ക്, പ്രധാനമായും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പകരം ഷണ്ഡനാക്കുക എന്ന ശിക്ഷ നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ നിയമമന്ത്രാലയം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.’ കാമിനി ലൗ പറഞ്ഞു.

15കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ വിചാരണ നടക്കുന്നതിനിടെയാണ് ജഡ്ജി ഈ പ്രസ്താവന നടത്തിയത്. ഇയാള്‍ക്ക് 10വര്‍ഷം ശിക്ഷ വിധിച്ചെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളെ മറ്റു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടക്കേണ്ടത് അത്യാവശ്യമാണ്. പത്ത് വര്‍ഷത്തെ തടവിന് പുറമേ ഇയാള്‍ക്ക് 25,000രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിധി പ്രസ്താവനയുടെ ഒരു പകര്‍പ്പ് നിയമമന്ത്രാലയത്തിനും, സര്‍ക്കാരിനും, വനിതാകമ്മീഷനും അയച്ചുകൊടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ പീനല്‍ കോര്‍ഡ് പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയാണ് നല്‍കാറുള്ളത്. എന്നാല്‍ യു.എസ്.എ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ജയില്‍ ശിക്ഷയ്ക്ക് പകരം വൃഷണവിച്ഛേദം നടത്താറുണ്ട്. ഇത് ലൈഗിക പീഡനം തടയാന്‍ കുറച്ചുകൂടി സഹായകമാവുമെന്നാണ് കോടതിയുടെ നിരീക്ഷണം.

No comments: