Friday, May 6, 2011

പുറത്ത് സമദൂരവും അകത്ത് യു ഡി എഫ് ബാന്ധവവും

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നേരിട്ട് പങ്കെടുക്കുന്നത് നഷ്ടകച്ചവടമാണെന്ന് കേരളത്തിലെ രണ്ടു പ്രമുഖ സമുദായസംഘടനകളായ എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ട്. എന്‍ എസ് എസും എസ് എന്‍ ഡി പിയും സ്വന്തം രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. അധികാരത്തിന്റെ പങ്കുപറ്റാനും എന്‍ ഡി പിക്കും എസ് ആര്‍ പിക്കും അവസരം ലഭിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുകയും അധികാരത്തില്‍ പങ്കാളികളാവുകയും ചെയ്തതുകൊണ്ട് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായങ്ങള്‍ക്ക് നേട്ടമൊന്നും ലഭിച്ചില്ലെന്ന് അനുഭവം തെളിയിച്ചു. നേതൃത്വത്തിലുള്ള ചുരുക്കം ചിലര്‍ക്കും അവരെ ചുറ്റിപറ്റി നില്‍ക്കുന്നവര്‍ക്കും മാത്രമേ പ്രയോജനമുണ്ടായുള്ളൂ. സമുദായാംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു പാര്‍ട്ടികളും രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയില്ലെങ്കിലും എന്‍ എസ് എസും എസ് എന്‍ ഡി പിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പല രൂപങ്ങളിലും ഇടപെടാറുണ്ട്. ഏതെങ്കിലും മുന്നണിയോടോ പാര്‍ട്ടിയോടോ ഒപ്പം നില്‍ക്കുന്നുവെന്ന ധാരണ സൃഷ്ടിക്കാതെ, സ്ഥാനാര്‍ഥികളെ നോക്കി പിന്തുണ നല്‍കുന്നുവെന്നാണ് എസ് എന്‍ ഡി പി നേതൃത്വം അവകാശപ്പെടാറ്. പിന്തുണ നല്‍കുന്ന സ്ഥാനാര്‍ഥികളുടെ പേരും എസ് എന്‍  ഡി പി നേതൃത്വം പ്രഖ്യാപിക്കാറുണ്ട്. എന്‍ എസ് എസ് ആണെങ്കില്‍ ഇരു മുന്നണികളോടും സമദൂരമാണ് പാലിക്കുന്നതെന്ന് പരസ്യമായി പറയും. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളോട് കൂറു പുലര്‍ത്തുന്നവര്‍ ഉള്‍പ്പെടുന്ന സംഘടനകളാണ് എന്‍ എസ് എസും എസ് എന്‍ ഡി പിയും. സംഘടനയിലെ അംഗങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ വിശ്വാസത്തിനനുസരിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന എന്‍ എസ് എസിന്റെ നിലപാട് പൊതുവില്‍ സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ എസ് എസ് സമദൂരത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് എന്‍ എസ് എസ് നേതാക്കന്‍മാര്‍ പ്രഖ്യാപിച്ചിരുന്നത്. പരസ്യമായി പറഞ്ഞത് സമദൂരമാണെങ്കിലും തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായ നിലപാടാണ് എന്‍ എസ് എസ് സ്വീകരിച്ചതെന്നാണ് എന്‍ എസ് എസിന്റെ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജി സുകുമാരന്‍ നായര്‍ ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. പ്രഖ്യാപിത നിലപാട് മാറ്റിയ കാര്യം വോട്ടെടുപ്പിനു മുമ്പു പരസ്യമായി പറയാന്‍ എന്‍ എസ് എസ് നേതൃത്വം തയ്യാറായില്ല. യു ഡി എഫിന് പിന്തുണ നല്‍കണമെന്ന് അഹ്വാനം ചെയ്താല്‍ എന്‍ എസ് എസ് അംഗങ്ങളില്‍ ഭൂരിപക്ഷവും അതു നിരാകരിക്കുമെന്ന തിരിച്ചറിവായിരിക്കാം വോട്ടെടുപ്പുവരെ അതു പരസ്യമാക്കാതിരിക്കാന്‍ സുകുമാരന്‍ നായരെ പോലുള്ള എന്‍ എസ് എസ് നേതാക്കന്‍മാരെ പ്രേരിപ്പിച്ചത്. പരസ്യമായി സമദൂരവും രഹസ്യമായി യു ഡി എഫിന് പിന്തുണയുമെന്ന നാണംകെട്ട നിലപാട് എടുക്കുകവഴി എന്‍ എസ് എസ് നേതൃത്വം ജനങ്ങളുടെ മുമ്പില്‍ സ്വയം പരിഹാസ്യരായിതീര്‍ന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ എടുക്കുന്ന നിലപാട് തുറന്നുപറയാനുള്ള ആര്‍ജവം എന്‍ എസ് എസ് നേതൃത്വത്തിന് നഷ്ടമായെന്നാണ് സുകുമാരന്‍ നായര്‍ തുറന്നു സമ്മതിച്ചത്.

സമദൂരം വെടിഞ്ഞ് യു ഡി എഫിനെ പിന്തുണക്കുന്നതിനു പറഞ്ഞ ന്യായമാണ് വിചിത്രം. എല്‍ ഡി  എഫിനു വോട്ടു ചെയ്താല്‍ വി എസ് അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും അതു തടയാനാണ് യു ഡി എഫിനെ പിന്തുണച്ചതെന്നുമാണ് സുകുമാരന്‍ നായര്‍ വിശദീകരിച്ചത്. വി എസ് അച്യുതാന്ദനെയും എല്‍ ഡി എഫിനെയും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യാനുള്ള അവകാശം സുകുമാരന്‍ നായര്‍ക്കുണ്ട്. എന്നാല്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ''സംസ്‌കാരമില്ലാത്ത ഒരുത്തനെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവനും എന്തു വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമാണെന്ന്''  വിശേഷിപ്പിക്കുന്നത് എന്തു സംസ്‌കാരമാണെന്ന് പി കെ നാരായണപണിക്കരെ പോലുള്ള എന്‍ എസ് എസ് നേതാക്കന്‍മാര്‍ വിശദീകരിക്കണം. എന്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സാംസ്‌കാരികമൂല്യങ്ങള്‍ക്ക് നിരക്കുന്നതാണോ സംസ്ഥാന മുഖ്യമന്ത്രിയെ സംസ്‌കാരമില്ലാത്ത ഒരുത്തന്‍ എന്ന് വിളിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം.

മത-സാമുദായിക ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയത്തില്‍ ഇടപെടുന്നതും തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നതും വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയപാര്‍ട്ടികളെ ചൊല്‍പ്പടിയ്ക്ക് നിര്‍ത്താനാണ് അവരുടെ ശ്രമം. ഇടതുപക്ഷ പാര്‍ട്ടികള്‍ ഇതിന് വഴങ്ങാത്തതുകൊണ്ട് അത്തരം ശക്തികളുടെ എതിര്‍പ്പിന്റെ കുന്തമുന എല്‍ ഡി എഫിനെതിരായാണ് തിരിച്ചുവിടുന്നത്. എല്ലാ മത-സാമുദായിക ശക്തികളെയും കൂട്ടുപിടിക്കുക നയമായി അംഗീകരിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ തങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയായാണ് അത്തരം ശക്തികള്‍ കാണുന്നത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ ഇത് ഭീഷണിയായി മാറുകയാണ്. ഇതിന്റെ അപകടം ജനങ്ങള്‍ തിരിച്ചറിയണം.

janayugom editorial 050511

No comments: