Wednesday, May 18, 2011

എണ്ണക്കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു

അടിക്കടി ഇന്ധനവില കൂട്ടി ജനത്തിന്റെ പോക്കറ്റടിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികള്‍ നടത്തുന്നതു കോടികളുടെ ധൂര്‍ത്ത്‌. വിലവര്‍ധന ന്യായീകരിക്കാന്‍ നിരത്തുന്നതു കല്ലുവച്ച നുണകള്‍.

ഒന്നാംനമ്പര്‍ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐ.ഒ.സി)തന്നെയാണു ധൂര്‍ത്തിലും നുണയിലും ഒന്നാമന്‍. കഴിഞ്ഞ ഡിസംബര്‍ 31 വരെ ഒമ്പതുമാസത്തിനുള്ളില്‍ ഐ.ഒ.സിയുടെ വിറ്റുവരവ്‌ 23,4901.73 കോടി രൂപയാണെന്നു കമ്പനിയുടെ ബാലന്‍സ്‌ഷീറ്റ്‌ വ്യക്‌തമാക്കുന്നു. അതുവരെയുള്ള ലാഭം 35,40.32 കോടി. 2009-10ല്‍ കമ്പനിയുടെ വിറ്റുവരവ്‌ 27,1074 കോടിയും ലാഭം 10221 കോടിയുമാണെന്ന്‌ ഔദ്യോഗിക വെബ്‌സൈറ്റില്‍ കമ്പനി പറയുന്നു. മറ്റു പൊതുമേഖലാ കമ്പനികളും നേട്ടം കൊയ്‌തിട്ടുണ്ട്‌. എണ്ണവില കൂട്ടാനായി അണ്ടര്‍ റിക്കവറി എന്ന ഓമനപ്പേരില്‍ ഈ കമ്പനികള്‍ ഒത്തുചേരുകയാണു പതിവ്‌.

ഐ.ഒ.സിയില്‍ ആകെ 34,353 ഉദ്യോഗസ്‌ഥരുണ്ട്‌.ഇതില്‍ 14,644 പേരും ഓഫീസര്‍മാരാണ്‌. എ മുതല്‍ ഐ വരെയുള്ള ഗ്രേഡുകാരാണിവര്‍. എ ഗ്രേഡുകാര്‍ 4314, ബി-2697, സി-2915 ഇങ്ങനെയാണ്‌ ഇവരുടെ എണ്ണം. ഡി മുതല്‍ ഐ വരെ ഗ്രേഡുകളില്‍ ഓഫീസര്‍മാര്‍ രണ്ടായിരത്തില്‍ താഴെയാണെന്നു മാത്രം. ശമ്പളസ്‌കെയില്‍ 24,900-50,500 രൂപയില്‍ തുടങ്ങുന്നു. 80,000-12,50,00 രൂപയാണു ചെയര്‍മാന്റെ ശമ്പള സ്‌കെയില്‍. ശരാശരിയെടുത്താല്‍ ഓഫീസര്‍മാരെ പോറ്റാന്‍ മാത്രം കമ്പനിക്കു വര്‍ഷം 800 കോടിയോളം രൂപ പൊടിക്കണം. രാജ്യാന്തര വിപണിയില്‍ ഓഹരിവില ഉയര്‍ത്താനുള്ള ശ്രമത്തിലാണു കമ്പനി. വിദേശകമ്പനികള്‍ക്ക്‌ ഓഹരികള്‍ വെട്ടിമുറിച്ചു കൊടുക്കുകയാണു ലക്ഷ്യം.

അതിനായി കമ്പനി കോടികള്‍ വാരിയെറിഞ്ഞുള്ള പരസ്യപ്രചാരണമാണു നടത്തുന്നത്‌. ഐ.ഒ.സി. ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഇപ്പോള്‍ 55 തരം മാധ്യമപരസ്യങ്ങളുണ്ട്‌. കൂടാതെ പബ്ലിക്‌ റിലേഷന്‍സ്‌ പ്രവര്‍ത്തനങ്ങള്‍, ചുവര്‍പരസ്യങ്ങള്‍, റോഡ്‌ ഷോകള്‍ എന്നിവയെല്ലാം ഏജന്‍സികളെ കരാറേല്‍പ്പിച്ചിരിക്കുന്നു. കോര്‍പറേറ്റ്‌ പരസ്യങ്ങള്‍-11, ഓട്ടോഗ്യാസ്‌-5, എക്‌സ്ട്രാ റിവാര്‍ഡ്‌സ്-6, എക്‌സ്ട്രാ മൈല്‍-2, എക്‌സ്ട്രാ പ്രീമിയം-4, എക്‌സ്ട്രാ കെയര്‍-7, എക്‌സ്ട്രാ പവര്‍-7, സെര്‍വോ ലൂബ്രിക്കന്റ്‌സ്-8, ഊര്‍ജസംരക്ഷണം-5 എന്നിങ്ങനെയാണു നിലവില്‍ പരസ്യങ്ങളുടെ എണ്ണം. 2009-ല്‍ കമ്പനി സുവര്‍ണജൂബിലി ആഘോഷിച്ചത്‌ ആര്‍ഭാടമായിട്ടാണ്‌.

രാജ്യത്ത്‌ ആവശ്യമായ ക്രൂഡോയിലിന്റെ 70 ശതമാനത്തോളമാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. ബാക്കി 30% ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നു. ജനകീയ ഇന്ധനങ്ങളുടെ വില നിര്‍ണയിക്കുമ്പോള്‍ ക്രൂഡോയിലിന്റെ രാജ്യാന്തരവില മാത്രമാണു നോക്കാറുള്ളത്‌. ഇന്ത്യയില്‍ കുഴിച്ചെടുക്കുന്ന അസംസ്‌കൃത എണ്ണയ്‌ക്കും ഇതേ വിലയിട്ടാണ്‌ ഉപയോക്‌താക്കളെ ചൂഷണം ചെയ്യുന്നത്‌. പെട്രോള്‍ വിലനിയന്ത്രണം സര്‍ക്കാരില്‍നിന്ന്‌ എടുത്തുകളയുന്നതടക്കമുള്ള ജനദ്രോഹ നടപടികള്‍ക്കു ചുക്കാന്‍ പിടിച്ചത്‌ റിലയന്‍സ്‌, എസ്സാര്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളാണ്‌. എണ്ണവില കഴിഞ്ഞവര്‍ഷം ബാരലിന്‌ 50 ഡോളറായി ഇടിഞ്ഞപ്പോള്‍ നഷ്‌ടം സഹിക്കാനാകാതെ ഔട്ട്‌ലെറ്റുകള്‍ പൂട്ടിയിടേണ്ടിവന്ന അനുഭവം ഈ കമ്പനികള്‍ക്കുണ്ട്‌. പെട്രോള്‍ വില നിയന്ത്രണമില്ലാതെ കൂടിത്തുടങ്ങിയപ്പോള്‍ ഇവര്‍ക്കു കൊള്ളലാഭമായി.

സ്വകാര്യ കമ്പനികള്‍ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും അവര്‍തന്നെ കുഴിച്ചെടുക്കുന്ന ആഭ്യന്തര പെട്രോളിയമാണെന്നതാണു കാരണം. തന്ത്രം എന്തായാലും പൊതുമേഖലാ കമ്പനികളുടെയത്ര വിലവര്‍ധന റിലയന്‍സ്‌, എസ്സാര്‍ പമ്പുകളില്‍ ഇപ്പോഴില്ല. ഇവരുടെ സന്മനസുപോലും ജനങ്ങളോടു കാട്ടാതെയാണു പൊതുമേഖലാ കമ്പനികള്‍ വിലകൂട്ടിയത്‌.

എണ്ണവില വീപ്പയ്‌ക്ക് 77 ഡോളര്‍ ആയിരുന്നപ്പോഴാണു കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം നീക്കി ലിറ്ററിന്‌ 1.77 രൂപ കൂട്ടിയത്‌. തുടര്‍ന്ന്‌ ഇതുവരെ 13.21 രൂപ വര്‍ധിപ്പിച്ചു. ഒരു വീപ്പയില്‍ 160 ലിറ്റര്‍ ക്രൂഡോയിലാണുള്ളത്‌. ഇതനുസരിച്ചു ക്രൂഡോയില്‍ ലിറ്ററിന്‌ ഏഴുരൂപയേ ഇക്കാലയളവില്‍ കൂടിയിട്ടുള്ളൂ. പെട്രോള്‍ വില ഇതിന്റെ ഇരട്ടിയോളമാണു കൂടിയത്‌ (13.21).

കമ്പനികള്‍ക്കു നഷ്‌ടമാണെന്ന പ്രചാരണമാണു മറ്റൊരു നുണ. എണ്ണക്കമ്പനികളുടെ എല്ലാ ബിസിനസുകളും നോക്കുമ്പോള്‍ ലാഭമാണു കാണിക്കുന്നത്‌. ചെറിയ ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം. നികുതിനിരക്ക്‌ അയല്‍രാജ്യങ്ങളേക്കാള്‍ കുറവാണെന്ന വാദമാണു മറ്റൊരു പൊള്ളത്തരം. പെട്രോളിന്‌ ശ്രീലങ്ക 37, തായ്‌ലന്‍ഡ്‌ 24 , പാകിസ്‌താന്‍ 30 എന്നിങ്ങനെ നികുതി ചുമത്തുമ്പോള്‍ ഇന്ത്യ 51% നികുതി ഈടാക്കുന്നു. ഡീസല്‍ നികുതി യഥാക്രമം 20, 15, 15, 30% (ഇന്ത്യ) എന്നിങ്ങനെയാണ്‌.

സര്‍ക്കാരിനു ലക്ഷത്തിലധികം കോടിയുടെ വരുമാനനഷ്‌ടമെന്ന വാദമാണു മറ്റൊരു നുണ. ഇന്ധന സബ്‌സിഡിയെ നഷ്‌ടത്തിന്റെ ഗണത്തില്‍പ്പെടുത്തുന്ന ക്രൂരതയാണിത്‌. മറുഭാഗത്തു കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍നിന്ന്‌ ഇന്ധനനികുതിയായി പിരിച്ചെടുക്കുന്നതു നടപ്പുവര്‍ഷം 1,20,000 കോടിയാണ്‌. 


'അണ്ടര്‍ റിക്കവറി' എണ്ണക്കമ്പനിയുടെ നഷ്‌ടമല്ല; ചൂഷണത്തിന്റെ പുതിയ പേര്‌ 

ക്രൂഡോയില്‍ വില ഈ നിലയില്‍ തുടര്‍ന്നാല്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ അണ്ടര്‍ റിക്കവറി ഈ വര്‍ഷം രണ്ടുലക്ഷം കോടി രൂപയിലെത്തുമെന്നാണ്‌ പെട്രോളിയം സെക്രട്ടറിയുടെ പുതിയ ദുഃഖം. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയും കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ വ്യാകുലത. ഇതിനായി പറയുന്ന 'അണ്ടര്‍ റിക്കവറി' എന്ന സാങ്കേതിക പദം ശുദ്ധതട്ടിപ്പാണ്‌. കമ്പനികള്‍ക്ക്‌ ഭീമമായ നഷ്‌ടമാണെന്നു കേള്‍ക്കുന്നവര്‍ ധരിക്കും.

'അണ്ടര്‍ റിക്കവറി' എന്ന പദം എണ്ണക്കമ്പനികളുടെ ബാലന്‍സ്‌ ഷീറ്റിലില്ല. ഇതില്‍ ലാഭം മാത്രമാണ്‌ കാണിച്ചിട്ടുള്ളത്‌. 'അണ്ടര്‍ റിക്കവറി'യും നഷ്‌ടം എന്ന പദവുമായി പുലബന്ധമില്ലെന്നര്‍ത്ഥം. അസംസ്‌കൃത വസ്‌തു ഉപയോഗിച്ച്‌ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒരു ഉല്‍പ്പന്നത്തിന്‌ വിദേശവിലയ്‌ക്കു തുല്യമായ ഉയര്‍ന്ന തുക ഈടാക്കുന്നതിനു സമാനമായ തട്ടിപ്പാണ്‌ പെട്രോളിയം മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ നടക്കുന്നത്‌.

പ്രകാശ്‌ കാരാട്ട്‌ പറഞ്ഞ ഉദാഹരണം നോക്കാം: ഇറ്റാലിയന്‍ ലെതര്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഷൂസിന്‌ ഇറ്റലിയില്‍ 1000 രൂപ വിലയാണെന്നു സങ്കല്‍പിക്കുക. ഇതേ ഇറ്റാലിയന്‍ തുകല്‍ ഇന്ത്യയില്‍ കൊണ്ടുവന്നു ഷൂ നിര്‍മിക്കുമ്പോള്‍ ലാഭമടക്കം 600 രൂപയേ വിലവരൂ.

ഷൂ നിര്‍മാതാക്കള്‍ 'അണ്ടര്‍ റിക്കവറി' അവകാശപ്പെടുന്നതായി കരുതുക. വിദേശ വിലയ്‌ക്കു തുല്യമായി 1000 രൂപ ഈ ഷൂസിന്‌ ഈടാക്കും. ഉപയോക്‌താവിന്‌ മനസറിയാത്ത കാര്യത്തിന്‌ 400 രൂപ നഷ്‌ടപ്പെടുന്നു. ഇതുതന്നെയാണ്‌ 'അണ്ടര്‍ റിക്കവറി'യുടെ രീതിശാസ്‌ത്രം.

പെട്രോളിയം നിഘണ്ടുവില്‍ പണ്ടില്ലാതിരുന്ന ഈ പദം കോര്‍പറേറ്റ്‌ മാധ്യമങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചിട്ട്‌ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. പ്രധാനമായും സ്വകാര്യ എണ്ണക്കമ്പനികളുടെ കൊള്ളലാഭ അജന്‍ഡ നടപ്പാക്കുകയായിരുന്നു ഇതിലൂടെ. ക്രൂഡ്‌ വില

പെട്രോളിയം രംഗത്ത്‌ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നയത്തിനു കടകവിരുദ്ധമാണ്‌ മന്‍മോഹന്റെ നിലപാടെന്നും കാണാം. 1976 വരെ ബര്‍മഷെല്‍, കാള്‍ടെക്‌സ്, എസ്സോ തുടങ്ങിയ വിദേശ കമ്പനികള്‍ ഇത്തരത്തില്‍ ഇന്ത്യയെ കൊള്ളയടിച്ചിരുന്നു. രാജ്യാന്തര വിലയ്‌ക്കു തുല്യമായ വിലയാണ്‌ ഇവര്‍ ഈടാക്കിയിരുന്നത്‌. ഇവരെ പുകച്ചു ചാടിച്ചാണ്‌ ഇന്ദിര പെട്രോളിയം രംഗത്ത്‌ ദേശസാല്‍ക്കരണം കൊണ്ടുവന്നത്‌. ഉല്‍പന്നങ്ങള്‍ക്ക്‌ വില നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രിത സംവിധാന(എ.പി.എം.) വും കൊണ്ടുവന്നു.

പിന്നീട്‌ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ എ.പി.എം. എടുത്തുകളഞ്ഞെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്നു പുനഃസ്‌ഥാപിച്ചിരുന്നു. റിലയന്‍സ്‌ പോലുള്ള കമ്പനികള്‍ ഈ രംഗത്ത്‌ ആധിപത്യം സ്‌ഥാപിച്ചതോടെ കേന്ദ്രം സമ്മര്‍ദത്തിലായി.

ഇവരെ സഹായിക്കാന്‍ വിദഗ്‌ധ സമിതികളെ നിയമിച്ച്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളയുകയായിരുന്നു. ഡീസലിനും ഈ സംവിധാനം താമസിയാതെ പ്രാബല്യത്തിലാകും. ഇതോടെ സര്‍വത്ര വിലക്കയറ്റവുമായി ജനം വറചട്ടിയില്‍നിന്ന്‌ എരിതീയിലെത്തും.

No comments: