Sunday, May 15, 2011

തിരുവനന്തപുരം ജില്ലയില്‍ ബിജെപി വോട്ട് യുഡിഎഫിന് ചോര്‍ന്നു

ബിജെപിക്ക് കഴിഞ്ഞ ലോക്സഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളേക്കാള്‍ വോട്ടു കുറഞ്ഞു. നിയമസഭയിലേക്ക് വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ എ പ്ലസ് മണ്ഡലങ്ങളും പ്രധാന നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളിലുമൊഴികെ മിക്ക മണ്ഡലത്തിലും വലിയ തോതില്‍ വോട്ടു കുറഞ്ഞു. യുഡിഎഫുമായി നടത്തിയ ഒത്തുകളി പ്രകടമാക്കുന്നതാണ് ഇത്. പത്തു ശതമാനം വോട്ടു നേടുമെന്നു പറഞ്ഞ ബിജെപിക്ക് ഇക്കുറി ലഭിച്ചത് 5.8 ശതമാനം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് ഏഴു ശതമാനമായിരുന്നു. ഒ രാജഗോപാല്‍ അടക്കം പ്രധാന നേതാക്കള്‍ മത്സരിച്ച എ പ്ലസ് മണ്ഡലങ്ങളില്‍ ലഭിച്ച വോട്ടിന്റെ കണക്കിന്റെ മറവില്‍ മറ്റു മണ്ഡലങ്ങളിലെ വോട്ടു കച്ചവടം മറച്ചുവയ്ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ശക്തമായ മത്സരം നേരിട്ട മണ്ഡലത്തിലെല്ലാം ബിജെപി വോട്ടു മറിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആറു മണ്ഡലത്തില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിക്ക് വോട്ടു കുറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 11,559 വോട്ട്ബിജെപിക്ക് ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 7508 ആയി കുറഞ്ഞു. ചിറയിന്‍കീഴില്‍ 5226 ആയിരുന്നത് 2048 ആയും വര്‍ക്കലയില്‍ 4500 ആയിരുന്നത് 3430 ആയും അരുവിക്കരയില്‍ 10,000 ആയിരുന്നത് 7694 ആയും പാറശാലയില്‍ 10,310 ആയും കുറഞ്ഞു. നെയ്യാറ്റിന്‍കരയിലും ബിജെപി വോട്ടില്‍ വന്‍ ചോര്‍ച്ചയാണ് ഉണ്ടായത്. ബിജെപി വിജയിക്കുമെന്ന് പ്രചരിപ്പിച്ചിരുന്ന നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസ് വോട്ട് ഒ രാജഗോപാലിനു മറിച്ചുനല്‍കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.

നേമം കച്ചവടം: യുഡിഎഫില്‍ കലാപം ഉയരുന്നു

നേമം മണ്ഡലത്തില്‍ സോഷ്യലിസ്റ്റ് ജനതയുടെ ചാരുപാറ രവിക്ക് ഏറ്റ ദയനീയ പരാജയം യുഡിഎഫില്‍ കലാപം ഉയര്‍ത്തുന്നു. ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉറപ്പിക്കാനായി കോണ്‍ഗ്രസ് തങ്ങളെ ബലിയാടാക്കിയെന്നാണ് സോഷ്യലിസ്റ്റ് ജനതാ നേതാക്കളും പ്രവര്‍ത്തകരും ആരോപിക്കുന്നത്. രണ്ടാംസ്ഥാനത്തെത്തിയ ഒ രാജഗോപാലിന്റെ പ്രസ്താവനയില്‍ ബിജെപി അണികളും അമര്‍ഷത്തിലാണ്. കോണ്‍ഗ്രസുകാരുടെ രഹസ്യനീക്കം സോഷ്യലിസ്റ്റ് ജനത മണത്തറിഞ്ഞങ്കിലും ഇത്ര കടുത്ത ചതിയുണ്ടാകുമെന്നു കരുതിയിരുന്നില്ല. മണ്ഡലത്തില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് മുന്‍കൈയുള്ള ബൂത്തുകളിലെല്ലാം നാമമാത്രമായ വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതെന്ന് ഒരു സോഷ്യലിസ്റ്റ് ജനതാ നേതാവ് കണക്ക് നിരത്തി വ്യക്തമാക്കി. മണ്ഡലത്തില്‍ എല്‍ഡിഎഫിന് 50,076 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് കിട്ടിയത് 20,248. ബിജെപിക്ക് 43,661. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42,122 വോട്ട് ലഭിച്ചിരുന്നു. ഇപ്പോള്‍ കുറവ് 21,874. ഇത്രയേറെ വോട്ട് യുഡിഎഫിന് കുറഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞുതന്നെയാണെന്നാണ് സോഷ്യലിസ്റ്റ് ജനതയുടെ ആരോപണം. ഇത് സാധൂകരിക്കുന്നതാണ് ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടിങ് നില.

കോണ്‍ഗ്രസിന്റെ പരമ്പരാഗത മേഖലയിലെല്ലാം യുഡിഎഫ് മൂന്നാംസ്ഥാനത്തായപ്പോള്‍ ബിജെപി ഒന്നാമതെത്തി. കോര്‍പറേഷന്‍ രൂപീകരിച്ച കാലംമുതല്‍ കോണ്‍ഗ്രസ് ജയിക്കുന്ന പൂജപ്പുരവാര്‍ഡില്‍ ഇത്തവണ യുഡിഎഫിന് ലഭിച്ചത് 923 വോട്ട്. ബിജെപിക്ക് 2768. എല്‍ഡിഎഫിന് 1571. ഇതുപോലെയാണ് കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള ബഹുഭൂരിപക്ഷം ബൂത്തുകളിലെയും സ്ഥിതി. ഇതിനായി ചില ബൂത്തുകളിലെ കണക്കും സോഷ്യലിസ്റ്റ് നേതാക്കള്‍ നിരത്തുന്നു. ബൂത്ത് 42- യുഡിഎഫ് 52, ബിജെപി 242. ബൂത്ത് 38- യുഡിഎഫ് 46, ബിജെപി 166. ബൂത്ത് 40- യുഡിഎഫ് 85, ബിജെപി 400. ബൂത്ത് 91- യുഡിഎഫ് 91, ബിജെപി 319. ബൂത്ത് 67- യുഡിഎഫ് 87, ബിജെപി 417. ബൂത്ത് 86- യുഡിഎഫ് 302, ബിജെപി 378.

ഈ ബൂത്തുകളിലെല്ലാം മുന്‍കാലങ്ങളിലെ എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വ്യക്തമായ മേല്‍കൈ ഉണ്ടായിരുന്നു. ഈ വോട്ടുകള്‍ എവിടെ പോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നാണ് സോഷ്യലിസ്റ്റ് ജനതയുടെ ആവശ്യം. നേമത്തെ വോട്ട് അട്ടിമറി കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്ന് അവര്‍ കരുതുന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നത് ഇതിന്റെ ഭാഗമായിരിക്കാമെന്നാണ് പറയുന്നത്. സംഘടനാ ദൗര്‍ബല്യമാണ് നേമത്തെ പരാജയത്തിനു കാരണമെന്ന ഒ രാജഗോപാലിന്റെ പ്രസ്താവന ബിജെപി അണികളില്‍ വ്യാപകപ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ചിട്ടയായ പ്രചാരണത്തിന് നേതൃത്വം നല്‍കിയവരെ രാജഗോപാല്‍ അപമാനിച്ചതായി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ചിലരെങ്കിലും പരസ്യമായ പ്രതികരണത്തിനും തയ്യാറായിട്ടുണ്ട്.

deshabhimani 15.05.11

No comments: