Saturday, May 14, 2011

കണ്ണൂരും പാലക്കാടും ഇടതുപക്ഷത്തിന് എന്തുപറ്റി?

കണ്ണൂരിലെയും പാലക്കാട്ടെയും ചുവപ്പുകോട്ടകളില്‍ വിള്ളല്‍വീണപ്പോള്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്‌ടമായതു ഭരണത്തുടര്‍ച്ചയെന്ന ചരിത്രനേട്ടം. പാലക്കാട്‌ 2006-ല്‍ ആകെയുള്ള 11 സീറ്റില്‍ ഒമ്പതിടത്തു ജയിക്കാന്‍ എല്‍.ഡി.എഫിനായപ്പോള്‍ ഇത്തവണ അതു മണ്ഡലം ഒന്നു കൂടിയിട്ടും ഏഴിലൊതുങ്ങി. കണ്ണൂരില്‍ 2006-ല്‍ ആകെയുള്ള 10 മണ്ഡലങ്ങളില്‍ എട്ടിടത്തു സി.പി.എം. ജയിച്ചപ്പോള്‍ ഇത്തവണ 11 മണ്ഡലത്തില്‍ ആറിടത്തേ ജയിക്കാനായുള്ളൂ. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴുമെരിയുന്ന വിഭാഗീയതയുടെ കനലുകളും മണ്ഡല പുനര്‍നിര്‍ണയത്തിലെ അപാകതകളുമാണു കണ്ണൂരിലെ പാര്‍ട്ടിക്കോട്ടകളെ ചീട്ടുകൊട്ടാരമാക്കിയത്‌. കണ്ണൂരിലും പാലക്കാട്ടും സി.പി.എം. കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ മുന്നണിക്കു നഷ്‌ടപ്പെട്ടതു മൂന്നു സീറ്റ്‌ വീതം. ഈ രണ്ടു ജില്ലകളിലായി കുറവുവന്ന ആറു സീറ്റുണ്ടായിരുന്നെങ്കില്‍ സി.പി.എമ്മിന്‌ ഒരു തവണകൂടി കേരളം ഭരിച്ചു ചരിത്രം തിരുത്താമായിരുന്നു.

സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജന്‍ മത്സരിച്ച മട്ടന്നൂര്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ സി.പി.എമ്മിനു സമീപത്തെ മൂന്നു മണ്ഡലങ്ങളിലാണു നിര്‍ണായകസ്വാധീനം നഷ്‌ടമായത്‌. ഇരിക്കൂര്‍, പേരാവൂര്‍, കൂത്തുപറമ്പ്‌ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ്‌. പഞ്ചായത്തുകള്‍ വെട്ടിമാറ്റിയാണു മട്ടന്നൂര്‍ രൂപീകരിച്ചത്‌. അതോടെ ഇരിക്കൂറിനു പിന്നാലെ പേരാവൂരും കൂത്തുപറമ്പും യു.ഡി.എഫ്‌. സ്വാധീനമണ്ഡലങ്ങളായി. മൂന്നിടത്തും യു.ഡി.എഫ്‌. ജയിക്കുകയും ചെയ്‌തു.

ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്‌ഥാന അധ്യക്ഷ കെ.കെ. ശൈലജ മത്സരിച്ച കണ്ണൂരിലെ പേരാവൂര്‍, സിറ്റിംഗ്‌ എം.എല്‍.എകൂടിയായ എം. പ്രകാശന്‍ മത്സരിച്ച അഴീക്കോട്‌, എന്‍.എന്‍.എല്ലിനു വിട്ടുകൊടുത്ത കൂത്തുപറമ്പ്‌ എന്നിവിടങ്ങളിലാണ്‌ എല്‍.ഡി.എഫ്‌. തോറ്റത്‌.

പാലക്കാട്ട്‌ പാര്‍ട്ടിയിലെ വിഭാഗീയതയോടു കൂട്ടിവായിക്കേണ്ടിവരും തൃത്താലയിലെയും പാലക്കാട്ടെയും പരാജയം. ഇ.എം.എസ്‌. ഉള്‍പ്പെടെയുള്ള പ്രമുഖരെ നിയമസഭയിലേക്കയച്ച പട്ടാമ്പി മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തി.

സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ ഇക്കുറി കൂടുതല്‍ ദിവസം ക്യാമ്പ്‌ ചെയ്‌തു പ്രവര്‍ത്തിച്ചതിലൂടെ വി.എസിന്റെ സാന്നിധ്യം പാലക്കാട്‌ ജില്ലയില്‍ അധികനാള്‍ ഉണ്ടായിരുന്നിട്ടും ഫലം പാര്‍ട്ടിക്കെതിരായി. തെരഞ്ഞെടുപ്പിനു ശേഷം ജില്ലാകമ്മറ്റി നടത്തിയ കണക്കെടുപ്പിലും പാലക്കാട്‌ പരുങ്ങലിലാണെന്ന സൂചനയായിരുന്നു.

പാലക്കാട്‌ മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ വോട്ടിംഗ്‌ ശതമാനത്തിലെ വര്‍ധന തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍. 7,403 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ഷാഫി പറമ്പില്‍ ജയിച്ചത്‌. കഴിഞ്ഞതവണ കെ.കെ. ദിവാകരന്‍ പാലക്കാട്‌ പിടിച്ചെടുത്തതു 1,344 വോട്ടിനായിരുന്നു. പാര്‍ട്ടി വിജയമുറപ്പിച്ച മണ്ഡലമായിരുന്നു തൃത്താല. ഇവിടെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയേക്കാള്‍ ജനസ്വാധീനം പാര്‍ട്ടി സ്‌ഥാനാര്‍ഥിക്കുണ്ടെന്നായിരുന്നു വിലയിരുത്തല്‍. പ്രചാരണരംഗത്തും മുന്നിട്ടുനിന്നെന്നു വിലയിരുത്തിയെങ്കിലും ഫലം തിരിച്ചടിച്ചു. 6,949 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ്‌. കഴിഞ്ഞതവണ നിലനിര്‍ത്തിയ തൃത്താല ഇത്തവണ യു.ഡി.എഫിന്റെ വി.ടി. ബല്‍റാം പിടിച്ചെടുത്തതു 3,197 വോട്ടിന്റെ വ്യക്‌തമായ ഭൂരിപക്ഷത്തിനാണ്‌. സി.പി.എം. വോട്ടുകളിലുണ്ടായ ചോര്‍ച്ചയാണു പി. മമ്മിക്കുട്ടിയുടെ തോല്‍വിയിലേക്കു നയിച്ചതെന്നാണു പ്രാഥമികനിഗമനം.

ജില്ലയില്‍ സി.പി.ഐക്കു നല്‍കിയ സീറ്റുകളും മുന്നണിക്കു തിരിച്ചടിയായി. സി.പി.ഐയുടെ സിറ്റിംഗ്‌ സീറ്റായ മണ്ണാര്‍ക്കാട്‌ മുസ്ലിംലീഗിന്റെ എന്‍. ഷംസുദ്ദീന്‍ 8270 വോട്ടിനാണു ജയിച്ചത്‌. പട്ടാമ്പിയില്‍ യു.ഡി.എഫിന്റെ സി.പി. മുഹമ്മദ്‌ 12,475 വോട്ടിനാണു ജയിച്ചത്‌. കഴിഞ്ഞതവണ വെറും 566 വോട്ടിനു നിലനിര്‍ത്തിയ പട്ടാമ്പി മികച്ച ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്‌ പിടിച്ചുനിര്‍ത്തിയപ്പോള്‍ സി.പി.ഐ. സ്‌ഥാനാര്‍ഥിക്കു വോട്ടിംഗ്‌ നിലയില്‍ വന്‍കുറവുണ്ടായി.

No comments: