Saturday, May 14, 2011

വൈദ്യുതി മുടക്കുന്ന താരിഫ് നയം

എല്ലാം കച്ചവടാടിസ്ഥാനത്തില്‍ കാണുകയും ജനങ്ങള്‍ ക്ഷേമം വിലകൊടുത്ത് വാങ്ങണമെന്ന് ശഠിക്കുകയുംചെയ്യുന്ന നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയാണ്, കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിപദ്ധതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി. വൈദ്യുതിക്ഷാമം പരിഹരിക്കുമെന്നും വിലകുറഞ്ഞ വൈദ്യുതി ജനങ്ങള്‍ക്ക് നല്‍കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും പറഞ്ഞവര്‍ തന്നെ, പുതിയ താപനിലയങ്ങളില്‍നിന്ന് കമ്പോളാധിഷ്ഠിതമായിമാത്രമേ വൈദ്യുതി നല്‍കൂ എന്നാണ് ഇപ്പോള്‍ ആവര്‍ത്തിച്ചുപറയുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് പുതിയ ജലവൈദ്യുതിപദ്ധതികള്‍ വരുന്നത്. കേന്ദ്രവിഹിതം നല്‍കുന്നത് മേഖലാടിസ്ഥാനത്തിലായതിനാല്‍ ആ പദ്ധതികളില്‍നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കാനുള്ള സാഹചര്യവും അടയുകയാണ്. ചുരുക്കത്തില്‍ കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് വലിച്ചിടുകയാണ് യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ . വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് യുപിഎയുടെ ലക്ഷ്യം. അതിന് അനുരോധമായ നിയന്ത്രണങ്ങളും സമ്മര്‍ദവുമാണ് സംസ്ഥാനങ്ങള്‍ക്കുമേല്‍ ചെലുത്തുന്നത്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അത്തരം സമ്മര്‍ദങ്ങളെയും അനാവശ്യ വിലക്കുകളെയുമെല്ലാം അതിജീവിച്ചാണ് സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കിയത്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് 1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. 1008 മെഗാവാട്ടിന്റെ ഉല്‍പ്പാദനശേഷിയാണ് ആ കാലഘട്ടത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ , 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും പുനഃസ്ഥാപിക്കപ്പെട്ടു. വൈദ്യുതിയുടെ കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നടപടികള്‍ മുന്നോട്ടുനീക്കുന്നതില്‍ ഗുരുതരമായ പോരായ്മയാണ് ആ അഞ്ചുവര്‍ഷം ഉണ്ടായത്. യുഡിഎഫില്‍നിന്ന് വ്യത്യസ്തമായ സമീപനവും ഉറച്ച തീരുമാനങ്ങളുമായാണ് 2006ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് ഈ മേഖലയില്‍ ഇടപെട്ടത്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും 96ലെ സര്‍ക്കാരിന്റെ കാലത്തെന്നപോലെ ഇപ്പോഴും ഇല്ലാതാക്കി. ഡല്‍ഹിയില്‍ രണ്ടും യുപിയില്‍ 6-8ഉം മഹാരാഷ്ട്രയില്‍ 8ഉം കര്‍ണാടകത്തില്‍ 2-5ഉം ആന്ധ്രയില്‍ നാലും മണിക്കൂര്‍ വൈദ്യുതി മുടക്കം പതിവാക്കിയ സ്ഥാനത്താണ് ലോഡ് ഷെഡിങ്ങിനോടും പവര്‍കട്ടിനോടും സന്ധിചെയ്യാതെ ഇവിടെ മുന്നോട്ടുപോകാനായത്. തമിഴ്നാട്ടില്‍ 2-6 മണിക്കൂര്‍ ദൈനംദിന ലോഡ്ഷെഡിങ്ങിനുപുറമെ പവര്‍ ഹോളിഡേ എന്ന പേരില്‍ ആഴ്ചയില്‍ ഒരു ദിവസം വ്യവസായങ്ങള്‍ അടച്ചിടുന്നു. ഇതൊന്നും കേരളത്തിലുണ്ടായിട്ടില്ല എന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്തുണ്ടാക്കിയ നേട്ടങ്ങളുടെ ഫലമാണ്. അതാകട്ടെ, കേന്ദ്രത്തിന്റെ കടുത്ത അവഗണനയെയും നിഷേധ നയങ്ങളെയും അതിജീവിച്ചുകൊണ്ടാണ്. കേന്ദ്രപൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ വിലയില്‍ യൂണിറ്റിന് 90 പൈസയും നാഫ്ത്ത, ഡീസല്‍ എന്നിവയുടെ വിലയും വന്‍തോതില്‍ വര്‍ധിച്ചിട്ടും ഗാര്‍ഹിക ഉപയോക്താക്കളില്‍ ബഹുഭൂരിപക്ഷത്തിനും വൈദ്യുതി വിലവര്‍ധനയില്ലാത്ത നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയതിന്റെ ഭാഗമായി പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ച ഇന്ത്യയിലെ രണ്ടാമത്തെ സ്ഥാപനമായി കെഎസ്ഇബിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് കേരളത്തിനാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ വൈദ്യുതി മേഖലാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ മൂന്നാംസ്ഥാനത്ത് കേരളമാണ്. ഇതില്‍ത്തന്നെ റവന്യൂ കാര്യക്ഷമത, സാങ്കേതിക മികവ് എന്നീ കാര്യങ്ങളില്‍ കേരളം ഒന്നാമതാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പാലക്കാട് മാറി. ഇപ്പോഴിതാ സംസ്ഥാനമാകെ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്കെത്തുന്നു. എല്ലാവര്‍ക്കും വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണ്. ഇങ്ങനെയെല്ലാമുള്ള അസൂയാവഹമായ മുന്നേറ്റം നടത്തിയ കേരളത്തിന് അക്ഷരാര്‍ഥത്തില്‍ ഇരുട്ടടി നല്‍കുകയാണ് പുതിയ തീരുമാനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ . അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാതിരുന്നാല്‍ സംസ്ഥാന വൈദ്യുതി ആസൂത്രണം അട്ടിമറിക്കപ്പെടും. പുതിയ കേന്ദ്രനിലയങ്ങളില്‍നിന്ന് ടെന്‍ഡര്‍ അടിസ്ഥാനത്തിലാകും സംസ്ഥാനത്തിന് ഇനി വൈദ്യുതി ലഭിക്കുക.

ജനങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുക എന്ന പ്രാഥമികമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് കച്ചവടാധിഷ്ഠിതമാക്കി മാറ്റുകയാണ് യുപിഎ സര്‍ക്കാര്‍ . കമ്പോളത്തില്‍ മത്സരം കനക്കുമ്പോള്‍ വൈദ്യുതിയുടെ വില വന്‍ തോതില്‍ ഉയരും. സ്വാഭാവികമായും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും നല്‍കുന്ന വൈദ്യുതിയുടെ നിരക്ക് കുതിച്ചുയരും. വിലക്കയറ്റത്തിന്റെ തോത് രൂക്ഷതരമാക്കുന്നതിലേക്കും ജനങ്ങളുടെ ദുരിതങ്ങള്‍ ഇരട്ടിക്കുന്നതിലേക്കുമാണ് ഇത് നയിക്കുക. വൈദ്യുതിമേഖലയില്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ താരിഫ് നയം അതിന്റെ അപകടം മനസിലാക്കി തിരുത്താന്‍ കേന്ദ്രം തയ്യാറായേ തീരൂ. പൂയംകുട്ടി, അതിരപ്പിള്ളി അടക്കമുള്ള കേരളത്തിന്റെ ജല വൈദ്യുതിപദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. കാസര്‍കോട് ചീമേനിയിലെ കല്‍ക്കരിനിലയവും അനിശ്ചിതത്വത്തിലാണ്. ഇതിനിടെയാണ് 1970കളില്‍ തുടക്കമിട്ട കേന്ദ്രപൂള്‍ സമ്പ്രദായം നിര്‍ത്തുന്നത്. വൈദ്യുതി വിതരണരംഗത്തെ സാമൂഹ്യ പ്രതിബദ്ധതയാണ് പരിപൂര്‍ണമായും ഇതോടെ ഇല്ലാതാകുന്നത്. ബഹുരാഷ്ട്ര ഭീമന്‍മാര്‍ രാജ്യത്തിന്റെ വൈദ്യുതി മേഖലയില്‍ അതീവ തല്‍പ്പരരാണ്. ആണവ കരാറിന്റെ ഭാഗമായി അമേരിക്കന്‍ കോര്‍പറേറ്റുകള്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ എത്തുന്നുണ്ട്. ഇന്നാട്ടിലെ കോര്‍പറേറ്റുകള്‍ക്കും ബഹുരാഷ്ട്ര ഭീമന്‍മാര്‍ക്കും വേണ്ടിയുള്ളതാണ് പുതിയ താരിഫ് നയം. അത് നാട്ടിലെ ജനങ്ങളുടെ പോക്കറ്റില്‍ കൈയിടാനുള്ളതാണ്. ചെറുത്തുതോല്‍പ്പിക്കേണ്ട ഈ നയത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയര്‍ന്നേ മതിയാകൂ.

 (ദേശാഭിമാനി 12.05.2011)

No comments: