Tuesday, May 10, 2011

യു പിയിലെ കര്‍ഷക സമരം

എക്‌സ്പ്രസ് ഹൈവേയ്ക്കും മറ്റ് പദ്ധതികള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തിപ്പെട്ടുവരികയാണ്. ഡല്‍ഹിയോട് തൊട്ടുകിടക്കുന്ന ഗ്രേറ്റര്‍ നോയിഡയിലെ ഭട്ടാപരസുല്‍ ഗ്രാമത്തില്‍ തുടങ്ങിയ സമരം ആഗ്രയിലേക്കും അലിഗഡിലേക്കും വ്യാപിച്ചിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ഫലഭൂയിഷ്ടമായ കൃഷി ഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൃഷിക്കാര്‍ സമരം നടത്തുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ ഗ്രേറ്റര്‍ നോയിഡ മേഖലയിലെ കൃഷിക്കാര്‍ സമരത്തിലാണ്. കൃഷിക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചൊതുക്കാനാണ് യു പി യിലെ മായാവതി സര്‍ക്കാര്‍ മുതിര്‍ന്നത്. രണ്ടു കര്‍ഷകരും രണ്ടു പൊലീസുകാരും ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനും വ്യാപകമായ അക്രമങ്ങള്‍ക്കും വഴിവെച്ചത് സര്‍ക്കാരിന്റെ സമീപനമാണ്.

എക്‌സ്പ്രസ് ഹൈവേയ്ക്കും മറ്റ് പദ്ധതികള്‍ക്കും വേണ്ടി ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് ഏറ്റെടുക്കുന്നത്. ഡല്‍ഹിയോട് തൊട്ടടുത്തു കിടക്കുന്ന യു പിയിലും ഹരിയാനയിലുമാണ് ഏറ്റവും കൂടുതല്‍ കൃഷി ഭൂമി ഏറ്റെടുത്തിരിക്കുന്നത്. യു പിയില്‍ മായാവതി സര്‍ക്കാര്‍ 7500 ചതുരശ്ര മൈല്‍ ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. കൃഷിക്കാര്‍ക്ക് തുഛമായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്ന കൃഷി ഭൂമി പലമടങ്ങ് അധികവിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ കൊള്ളലാഭത്തിന്റെ വിഹിതം രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മേധാവികളും വീതംവെച്ച് എടുക്കുകയും ചെയ്യുന്നു. ഈ പകല്‍ കൊള്ളയാണ് രണ്ടും കല്‍പിച്ചുള്ള സമരത്തിന് യു പിയിലെ കര്‍ഷകരെ പ്രേരിപ്പിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമുപയോഗിച്ചാണ് സര്‍ക്കാര്‍ കൃഷി ഭൂമി ഏറ്റെടുക്കുന്നത്. ''പൊതു താല്‍പര്യ''ത്തിന്റെ പേരില്‍ ഏതു ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാരിനു അധികാരം നല്‍കുന്നതാണ് ഈ നിയമം. നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ തോത് നിശ്ചയിക്കാനുള്ള അധികാരവും സര്‍ക്കാരിനാണ്. 1894 ലെ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യത്തിനുനേരെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്. കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി വിവേചനരഹിതമായി ഏറ്റെടുക്കുന്നത് തടയാനും സമഗ്രമായ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരണമെന്നാണ് കര്‍ഷക സംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. വിവിധ പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍, സര്‍ക്കാര്‍ ഏകപക്ഷീയമായി വില നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണം. കര്‍ഷകരുമായി കൂടിയാലോചിച്ചായിരിക്കണം വില നിര്‍ണയിക്കേണ്ടത്. വന്‍കിട സ്വകാര്യ കമ്പനികളുടെ പദ്ധതികള്‍ക്കുവേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. കോര്‍പ്പറേറ്റുകളുടെ ദല്ലാള്‍ പണിയാണ് യഥാര്‍ഥത്തില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. വന്‍കിട സ്വകാര്യ കമ്പനികളും സര്‍ക്കാരും തമ്മിലുള്ള ഈ അവിശുദ്ധ സഖ്യം വന്‍ അഴിമതിക്ക് ഇടനല്‍കുകയും ചെയ്യുന്നു.ഏ

ഫലഭൂയിഷ്ടമായ കൃഷിഭൂമി ലക്കുംലഗാനുമില്ലാതെ വ്യവസായങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റിനും മറ്റും ഏറ്റെടുക്കുന്നത് കൃഷിക്കാരെ തെരുവാധാരമാക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും അപകടത്തിലാക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പാദനം കുറയാനാണ് ഇത് ഇടവരുത്തുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ കൃഷിക്കാര്‍ക്ക് തുഛമായ തുകയാണ് നഷ്ടപരിഹാരമായി കിട്ടുന്നത്. തലമുറകളായി തങ്ങളുടെ ജീവിതോപാധിയായ കൃഷി ഭൂമി അവര്‍ക്ക് നഷ്ടമാകുന്നു. മറ്റു തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരാവുന്ന അവരില്‍ നല്ലൊരു പങ്കിന്റെ ജീവിതം അതോടെ വഴിമുട്ടുന്നു. കൃഷിക്കാരെക്കാള്‍ കഷ്ടമാണ് കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതി. കൃഷിഭൂമി ഇല്ലാതാകുന്നതോടെ അവര്‍ അക്ഷരാര്‍ഥത്തില്‍ തെരുവാധാരമാകുന്നു. നഗരങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുന്ന അവര്‍ തെരുവോരങ്ങളിലും ചേരികളിലും അഭയം തേടുന്നു. ഒരുതരത്തിലുള്ള ജീവിത സുരക്ഷിതത്വവും അവര്‍ക്കില്ല. മനുഷ്യത്വമില്ലാത്ത വികസന നയത്തിന്റെ ബലിയാടുകളായി അവര്‍മാറുന്നു.

യു പിയിലും ഹരിയാനയിലും കൃഷിഭൂമി ഏറ്റെടുത്തു വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 'വികസന' നയമാണ്  ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഫലപ്രദമായി നടപ്പാക്കുന്നത്. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളേയും കണ്ണീരു കുടിപ്പിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നയം പുനപ്പരിശോധിക്കുന്നതിനു ഭരണാധികാരികളെ നിര്‍ബന്ധിതരാക്കാന്‍ യു പിയിലെ സമരം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം.

janayugom editorial 100511

No comments: