Monday, May 16, 2011

കോണ്‍ഗ്രസ് അകപ്പെട്ടത് വിഷമവൃത്തത്തില്‍

ജനവിധിയുടെ അര്‍ഥതലങ്ങള്‍-2

കേരളത്തില്‍ കോണ്‍ഗ്രസ് വലിയൊരു ധര്‍മ്മസങ്കടത്തിലാണ്. യു ഡി എഫ് ജയിച്ചിട്ടും ഒന്നു മനസുതുറന്നു സന്തോഷിക്കാന്‍ വയ്യാത്ത ദുരവസ്ഥ. ഇന്ത്യയിലാകെ നോക്കുമ്പോഴും സന്തോഷിക്കാന്‍ വലിയ വകയില്ല. അസം ഒഴിച്ചെങ്ങും ജയമില്ല. ബംഗാളില്‍ കോണ്‍ഗ്രസ് മമതയുടെ ജൂനിയര്‍ പാര്‍ട്‌നറാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സംഭവിച്ച തകര്‍ച്ച സഹിക്കാനാവാത്തതാണ്.

ഇതിനിടയില്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരിന്റെ നിലനില്‍പുതന്നെ അപകടത്തിലാകുമോ എന്ന സംശയം ജനിപ്പിക്കുന്ന സംഭവവികാസങ്ങള്‍ ക്രമേണ ഈ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഉരുണ്ടുകൂടുകയാണ്. മമതയ്ക്ക് ഇപ്പോള്‍തന്നെ യു പി എ സര്‍ക്കാരിന്റെ പല നയങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. അതൊന്നും അവര്‍ ഒളിച്ചുവയ്ക്കാറുമില്ല. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ പാര്‍ട്ടി യു പി എ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ വോട്ടുചെയ്യുക പോലും ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ മമത കേന്ദ്രത്തിനുമേല്‍ കൊണ്ടുവരുന്ന സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ കോണ്‍ഗ്രസ് നിസഹായമായി നോക്കിനില്‍ക്കേണ്ടിവരും.ജനപിന്തുണ പൂര്‍ണമായി നഷ്ടപ്പെട്ട ഡി എം കെയുടെ എം പിമാരുടെ പിന്തുണ യു പി എ യുടെ നിലനില്‍പിനനുപേഷണീയമാണ്. ഈ സൗകര്യം മുതലാക്കികൊണ്ട് തന്നെ ജയലളിതയുടെ ഗവണ്‍മെന്റിനെതിരെ ഡി എം കെ, കേന്ദ്രത്തിലെ തങ്ങളുടെ സ്വാധീനമുപയോഗിച്ചു നടത്തുവാന്‍ പോകുന്ന രാഷ്ട്രീയ നാടകങ്ങള്‍ പുതിയ പിരിമുറുക്കം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ സൃഷ്ടിക്കുവാനിടയുണ്ട്.

ഇതിനുപുറമെയാണ് ആന്ധ്രയില്‍  നടന്ന ചില സുപ്രധാന സംഭവങ്ങള്‍. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങളെ തുടര്‍ന്നുണ്ടായ നാടകീയമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയില്‍, രാജ്യത്തിന്റെ ശ്രദ്ധയില്‍ വേണ്ടത്ര പെടാതെ പോയി അത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചുപോയ രാജശേഖര്‍ റെഡ്ഢിയുടെ അഭാവം ആന്ധ്ര രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍കൈ, ഒരു വലിയ പരിധിവരെ നഷ്ടപ്പെടുത്തുകയുണ്ടായി. ഇതിനിടയിലാണ് മരിച്ച രാജശേഖര റെഡ്ഢിയുടെ മകന്‍ ജഗന്‍ റെഡ്ഢി, സഹതാപതരംഗത്തിന്റെയും പണാധിപത്യത്തിന്റെയും പിന്തുണയോടെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് രാജശേഖര റെഡ്ഢിയുടെ ദുരന്തത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ നിന്നു ചുമതലയെടുത്ത് തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയേ മതിയാകൂ എന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസിനെ ആന്ധ്രയില്‍ പിളര്‍ക്കാന്‍ ശ്രമിച്ചത്.

ഈ വെല്ലുവിളി കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമത്തിലാക്കി. ഒരു വര്‍ഷം മറ്റൊരു മുഖ്യമന്ത്രിയെ അധികാരത്തിലിരുത്തി, കോണ്‍ഗ്രസ് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചു. സോണിയയും രാഹുലും ഇടപെട്ടു. പക്ഷേ ജഗന്‍ റെഡ്ഢി ആരേയും വകവച്ചില്ല, വഴങ്ങിയുമില്ല. മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞ മറ്റൊന്നും, തന്നെ തൃപ്തിപ്പെടുത്തുകയില്ല എന്ന കാര്യം അദ്ദേഹം ആവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ജഗന്‍ രാജിവയ്ക്കുകയും ചെയ്തു.

ബി ജെ പി നേതാക്കളായ കര്‍ണാടകത്തിലെ കുപ്രസിദ്ധ കോടീശ്വരന്‍മാരായ ഖനി രാജാക്കന്‍മാരായ, റെഡ്ഢി സഹോദരന്‍മാരുമായി കൂട്ടുകച്ചവടം നടത്തുന്നയാളാണ് ജഗന്‍ റെഡ്ഢി. നൂറുകണക്കിനു കോടി സമ്പത്തിനുടമയായ ജഗന്‍ റെഡ്ഢിയുടെ ആസ്ഥി റോക്കറ്റു വേഗത്തിലാണ് വളരുന്നത്. ''സാക്ഷി'' എന്ന ടെലിവിഷന്‍-പത്ര ശൃംഖലയുടെ ഉടമയുമാണ് ജഗന്‍ റെഡ്ഢി.

തന്റെ സാമ്പത്തികശക്തിയും മീഡിയ സ്വാധീനവും ആയുധമാക്കി സോണിയയെയും രാഹുലിനെയും തൃണവല്‍ക്കരിച്ച്, കോണ്‍ഗ്രസിനെതിരെ കലാപത്തിന്റെ കൊടിയുയര്‍ത്തിയ ജഗന്‍ റെഡ്ഢിയുടെ പിന്നില്‍ നിരവധി കോണ്‍ഗ്രസ് എം എല്‍ എമാരും എം പിമാരുമണിനിരന്നു. കടപ്പയിലെ കോണ്‍ഗ്രസ് എം പിയായ ജഗന്‍ എം പി സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പ് വരുത്തിവച്ചു. ഒരു എം എല്‍ എ സ്ഥാനത്തേക്കും ഈ സന്ദര്‍ഭത്തില്‍ ഉപ തിരഞ്ഞെടുപ്പുണ്ടായി. അവിടെ രാജശേഖര്‍ റെഡ്ഢിയുടെ വിധവയെ ജഗന്‍ റെഡ്ഢിയുടെ അമ്മയെ, കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി കടപ്പയില്‍ ജഗന്‍ നേരിട്ടു മത്സരിച്ചു.

''രാജശേഖര്‍ റെഡ്ഢിയുടെ കുടുംബത്തോട് കോണ്‍ഗ്രസ് നീതികാണിച്ചില്ല. രാജശേഖര്‍ റെഡ്ഢിയുടെ സ്മരണയെ അധിക്ഷേപിച്ചു'' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജഗനും അമ്മയും കോണ്‍ഗ്രസിനെതിരെ അങ്കം കുറിച്ചു.

ഇതു നേരിടുകയല്ലാതെ കോണ്‍ഗ്രസിനു മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ദയനീയമായ പരാജയം അവിടെ കോണ്‍ഗ്രസ് ഏറ്റുവാങ്ങി.

ജഗന്‍ ഇന്നുയര്‍ത്തുന്ന ഭീഷണി അതീവ ഗൗരവതരമാണ്. അദ്ദേഹം പറയുന്നത് താന്‍ തീരുമാനിക്കുന്ന ദിവസം ആന്ധ്രയിലെ കോണ്‍ഗ്രസ് മന്ത്രിസഭ മറിഞ്ഞുവീഴും എന്നാണ്. അതിനു വേണ്ടത്ര എം എല്‍ എമാര്‍ ജഗനോടൊപ്പമുണ്ട്. ജഗന്റെ കൂടെ എം പിമാരുമുണ്ട്. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എം പിമാരുടെ പിന്തുണയുള്ള സംസ്ഥാനമാണ് ആന്ധ്ര. ജഗന്റെ എം പിമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ആടിയുലയാന്‍ സാധ്യതയുണ്ട്. ഈ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ നേരെ കോണ്‍ഗ്രസിനു കണ്ണടയ്ക്കാന്‍ ഒരു തരത്തിലും കഴിയില്ല.

വിലക്കയറ്റത്തിന്റെയും നാണയപ്പെരുപ്പത്തിന്റെയും നീര്‍ക്കയത്തില്‍ മുങ്ങി ജനം മരിക്കുമ്പോഴാണ് കേന്ദ്രം പെട്രോളിന് അഞ്ച് രൂപ വര്‍ധിപ്പിച്ചത്. തീര്‍ന്നില്ല ഇനി വരാനിരിക്കുന്നത് ഇതിനേക്കാള്‍ വലുത്. മണ്ണെണ്ണ, ഡീസല്‍, പാചക വാതകം എല്ലാറ്റിന്റെയും വിലകൂട്ടും. എത്ര വലിയ അനീതിയാണിത്, വഞ്ചനയും. വോട്ടെടുപ്പു കഴിഞ്ഞ് ഫലം പുറത്തുവന്നതേയുള്ളൂ. വോട്ടു ചെയ്തവനെ ശിക്ഷിക്കുകയാണ്. ഈ വഞ്ചന ജനങ്ങള്‍ പൊറുക്കുമോ.

സോണിയയും രാഹുലും മന്‍മോഹനും കേരളത്തില്‍ വന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണ് എന്നു പറയുമ്പോള്‍ ഇവിടെ ജനം ചിരിക്കും. അഴിമതിയുടെ ലോക റെക്കാഡുകള്‍ സൃഷ്ടിച്ചവരാണ് ഇവിടെ വന്ന് അഴിമതിയെക്കുറിച്ച് ഗിരി പ്രഭാഷണം നടത്തുന്നത്. 2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ്, ഐ എസ് ആര്‍ ഒ അഴിമതി ഇവയൊക്കെ ജനം മറന്നു എന്നാണോ അവര്‍ കരുതിയത്.

ഇതൊക്കെ പാവം പൊതുജനമെന്ന കഴുത മറന്നുപോകും എന്ന വിശ്വാസത്തിലാണ്. നൂറു സീറ്റു കിട്ടും, സെന്‍ച്വറി നേടും എന്നൊക്കെ അവകാശവാദം മുഴക്കിയത്. ഇപ്പോള്‍ ആന്റണി ആശ്വാസം കണ്ടെത്തുന്നതിങ്ങനെ ''അമിതമായ ആത്മവിശ്വാസമാണ്'' അപകടം വരുത്തിവച്ചതെന്ന്.

ഡല്‍ഹിയില്‍ നിന്ന് സോണിയയുടെ സന്ദേശവാഹകനായി കേരളത്തിലെത്തുന്ന മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ''പ്രതീക്ഷിച്ചത്ര എന്തേ വിജയിക്കാതിരുന്നത് എന്നതിനെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസിനോട് സോണിയ റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്''.

സാത്വികനായ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ വിലപിച്ചു. പ്രതീക്ഷിച്ച വിജയം എന്തേ ഉണ്ടായില്ല എന്നതിനെക്കുറിച്ചന്വേഷണം നടത്തണമെന്ന്.

അഴിമതിയെ ഉത്തുംഗങ്ങളില്‍ എത്തിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍, അവതന്നെയാണ് നാട്ടില്‍ വിലക്കയറ്റവും പട്ടിണിയും ദാരിദ്ര്യവും സൃഷ്ടിച്ചത്. ഇതു കാണാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഇതു കാണാന്‍ കഴിയാത്തിടത്തോളം കാലം കോണ്‍ഗ്രസിനെ ജനം വെറുക്കും. പരാജയം വേട്ടയാടും. ഇനിയെങ്കിലും ഈ യാഥാര്‍ഥ്യം തിരിച്ചറിയുവാന്‍ ശ്രമിക്കുകയായിരിക്കും നല്ലത്. അല്ലെങ്കില്‍ രക്ഷപ്പെടുകയില്ല.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 16.05.11

No comments: