Saturday, January 8, 2011

സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ് നേതാക്കള്‍ക്ക് നേരിട്ട് പങ്ക്

സംഝോത എക്‌സ്പ്രസ്, മാലേഗാവ്, അജ്മീര്‍, മെക്ക സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കു നേരിട്ടു പങ്കുണ്ടെന്ന്, മക്ക സ്‌ഫോടന കേസിലെ മുഖ്യപ്രതിയും ആര്‍ എസ് നേതാവുമായ സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തു നടന്ന വിവിധ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചെന്നും ഏതെല്ലാം വിധത്തില്‍ ഭീകരപ്രവര്‍ത്തനത്തിനു പദ്ധതിയിട്ടെന്നും വിവരിക്കുന്ന അസിമാനന്ദയുടെ കുറ്റസമ്മത മൊഴി പ്രത്യേക സി ബി ഐ രേഖപ്പെടുത്തി.
മക്ക മസ്ജിദ്, മാലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍ ഷരീഫ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നേരിട്ടു ബന്ധപ്പെട്ടെന്നാണ് ജതിന്‍ ചാറ്റര്‍ജി എന്ന അസിമാന്ദയുടെ മൊഴി. ആസൂത്രണം, പണം കണ്ടെത്തല്‍, നടപ്പാക്കല്‍ തുടങ്ങിയവയെല്ലാം ആര്‍ എസ് എസുകാരാണ് ചെയ്തത്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഭീകരപ്രവര്‍ത്തനത്തിനു പ്രതികാരമായാണ് ഈ സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് അസിമാനന്ദ മൊഴിയില്‍ പറയുന്നു. മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ 19ന് ഹരിദ്വാറിലെ ഒളിസങ്കേതത്തില്‍നിന്നാണ് അസിമാനന്ദയെ സി ബി ഐ അറസ്റ്റു ചെയ്തത്.

2007ലാണ് 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത എക്‌സ്പ്രസ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിനിരയായവരില്‍ അധികവും പാകിസ്ഥാന്‍കാരായിരുന്നു. സംഭവത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിനു മുമ്പാകെയാണ്, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസിമാനന്ദ കുറ്റസമ്മത മൊഴി നല്‍കിയത്. ഇത് തെളിവായി കണക്കാക്കും.

ബോംബിനെ ബോംബുകൊണ്ടു വേണം നേരിടാനെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സംഝോത സ്‌ഫോടന നടത്തിയതെന്ന് അസിമാനന്ദ മൊഴിയില്‍ പറയുന്നു. ഹിന്ദുക്കള്‍ ശാന്തരായി ഇരുന്നിട്ടു കാര്യമില്ല. അക്രമത്തിലൂടെ തന്നെ പ്രതികരിക്കണമെന്ന് താന്‍ എല്ലാവരെയും ഉദ്‌ബോധിപ്പിച്ചതായി അസിമാന്ദയുടെ മൊഴിയിലുണ്ട്. മെക്ക മസ്ജിദ്, അജ്മീര്‍ ഷരീശ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നു കരുതുന്ന ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറുമായുള്ള ബന്ധത്തെക്കുറിച്ചും അസിമാനന്ദ വെളിപ്പെടുത്തുന്നുണ്ട്. രാജ്യവ്യാപകമായി ഭീകരാക്രമണങ്ങള്‍ നടത്താന്‍ പ്രജ്ഞാന്‍ സിംഗ് താക്കൂര്‍, സുനില്‍ജോഷി, ഇന്ദ്രേഷ് കുമാര്‍ എന്നിവര്‍ എങ്ങനെയൊക്കെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും അസിമാനന്ദ മൊഴിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഒരു ആര്‍ എസ് എസ് പരിപാടിക്കു ശേഷം 2005ല്‍ ഇന്ദ്രേഷ് കുമാര്‍ ശബ്രി ധാമില്‍ വന്നു. മുതിര്‍ന്ന ആര്‍ എസ് എസ് നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുനില്‍ ജോഷിയും അവിടെ വന്നു. അദ്ദേഹത്തിനായിരുന്നു ബോംബ് നിര്‍മാണത്തിന്റെ ചുമതല. എന്ത് സഹായം വേണമെങ്കിലും എത്തിച്ചുതരാമെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ വാഗ്ദാനം. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് സംഘം തനിക്കു നിര്‍ദേശം നല്‍കിയതെന്ന് അസിമാനന്ദ പറയുന്നു.

സുനില്‍ ജോഷിയും ഭരത് ഭായിയും ഇന്ദ്രേഷിനെ നാഗ്പുരില്‍ വച്ച് കണ്ടിരുന്നുവെന്ന് തനിക്കറിയാമായിരുന്നു. ഭരത്ഭായിയുടെ സാന്നിധ്യത്തിലാണ് ഇന്ദ്രേഷ് സുനില്‍ ജോഷിക്ക് 50,000 രൂപ നല്‍കിയത്. ഇന്ദ്രേഷ് ഐ എസ് ഐ ഏജന്റാണെന്നാണ് കേണല്‍ പുരോഹിത് തന്നോടു പറഞ്ഞിരുന്നത്. ഇതിന്റെ രേഖകളെല്ലാം തന്റെ പക്കലുണ്ടെന്നും പുരോഹിത് അവകാശപ്പെട്ടിരുന്നു. എന്നെ ഈ രേഖകള്‍ അദ്ദേഹം ഒരിക്കലും കാണിച്ചിട്ടില്ലെന്നും അസിമാനന്ദ പറയുന്നു.

അതിനിടെ കേണല്‍ പുരോഹിതിനെതിരായ സൈനിക അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ സൈനിക ട്രിബ്യൂണല്‍ കരസേനയോട് ആവശ്യപ്പെട്ടു. മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പുരോഹിത് തനിക്കെതിരായ സൈനിക അന്വേഷണത്തിനെതിരെ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

ജനയുഗം 08.01.11

No comments: