Tuesday, December 14, 2010

പെട്രോള്‍ നിരക്കില്‍ മൂന്ന് രൂപയുടെ വര്‍ധന; ഡീസല്‍ നിരക്കും ഉയര്‍ന്നേക്കും

ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുമാറ് പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപയുടെ വര്‍ധന. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. ഡീസല്‍ നിരക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ സമിതി യോഗം തീരുമാനം കൈക്കൊള്ളും.
 പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ച് ഇരുപത്തിനാലു മണിക്കൂര്‍ തികയും മുമ്പെ, ഉയര്‍ന്ന നിരക്കുവര്‍ധന നടപ്പാക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷനാണ് ലിറ്ററിന് 2.96 രൂപ ഉയര്‍ത്താന്‍ ചൊവ്വാഴ്ച വൈകീട്ട് ആദ്യം തീരുമാനിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെുട്രാളിയം കോര്‍പറേഷന്‍ എന്നിവയും നിരക്ക് വര്‍ധന നടപ്പാക്കും.
വിലനിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ ആഗോള എണ്ണനിരക്കുമായി താരതമ്യം ചെയ്ത് നിരക്കുവര്‍ധന നടപ്പാക്കാന്‍ എണ്ണ കമ്പനികളെ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മാസം  ഒമ്പതിനാണ് ലിറ്ററിനുമേല്‍ 32 പൈസ കമ്പനികള്‍ ഉയര്‍ത്തിയത്.
ജൂണ്‍ 26നാണ് പെട്രോളിനു മേലുള്ള വില നിയന്ത്രണം സര്‍ക്കാര്‍ പൂര്‍ണമായും എടുത്തുകളഞ്ഞത്. ഭാവിയില്‍ പെട്രോളിനു തുല്യം ഡീഡലിന്റെയു വില നിയന്ത്രണം എടുത്തു കളയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം 22ന് ചേരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഉന്നതതല മന്ത്രിസഭാ സമിതിയാകും  ഡീസല്‍ വിലവര്‍ധന സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

No comments: